പുസ്തകങ്ങളുടെ വീട് : ഷാഹിന ഇ കെ

ഒൻപത് ചെറു കഥകളാണ് പ്രസ്തുത പുസ്തകത്തിലുള്ളത്. എല്ലാ കഥകളും മികച്ചതെങ്കിലും ചിലവ ഇവിടെ പരാമർശിക്കുന്നു.

ആദ്യ കഥയായ “ചിന്ന ബുദ്ധൻ” എന്ന കഥയിലെ ആപ്പീസിനെ കുറിച്ചുള്ള വിവരണം വളരെ നന്നായിരിക്കുന്നു. “ആ മുറിച്ചതുരത്തിനുള്ളിൽ ചതുരമേശപ്പുറത്ത്, ചതുരവടിവുള്ള നയങ്ങളുടെയും നിയമങ്ങളുടെയും മാറാല കെട്ടിയ ഫയലുകൾ എടുത്തു വച്ച് ചതുരം വിട്ടു പോകാനധികാരമില്ലാത്ത പണികൾ തുടങ്ങി”. കഥാകാരിയുടെ വ്യത്യസ്തമായ നിരീക്ഷണപാടവമാണ് ഇത്തരമൊരു വാചകത്തിന്റെ സൃഷ്ടിക്ക് കാരണം. മുതിർന്നവരെ ചിന്തിപ്പിക്കാൻ “ചിന്നബുദ്ധൻ” എന്ന് കഥാകാരി പേരിട്ട ആ ചെറിയ കുട്ടിയ്ക്ക് തീർച്ചയായും സാധിക്കും.

“ലളിതം ചില ചോദ്യങ്ങൾ”- സാധാരണ കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഇതിവൃത്തം ഉള്ള കഥയാണ്. ഈ പേരിലെന്തിരിക്കുന്നു എന്ന് സാധാരണയായി തോന്നാവുന്ന ഒരു പേരാണ് “ലളിത” എന്ന പേര്. ഒരു കുട്ടി ജനിക്കുന്നു ആ കുട്ടിയ്ക്ക് “ലളിത” എന്ന് പേരിടുന്നു. അസ്വാഭാവികമായതോ കേട്ടുകേൾവിയില്ലാത്തതോ ഒന്നും അല്ല ആ പേര് എന്നിട്ടും ലളിത എന്ന പേര് കാരി ആ പേരിനെ ചൊല്ലി എന്തെല്ലാം പഴി കേൾക്കുന്നു.

“ചരിത്രാതീത കാലത്തെ അപ്പാപ്പൻ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും”- മതമുണ്ടായ കാലത്തിനും മുൻപു പാറയിൽ പതിഞ്ഞ കാൽപ്പാടും അതിനെ ചൊല്ലി, അതേതു ദൈവത്തിന്റേതായിരിക്കും എന്നതിനെ ചൊല്ലി രണ്ടു വിഭാഗക്കാർ വഴക്കിടുന്നു കഥയിൽ. എന്തിനാണ് മതം എന്ന ചോദ്യം സ്വയമേവ ആരും ചോദിക്കും വിധമുള്ള തുറന്നെഴുത്തിൽ ചരിത്രവും മതവും തമ്മിലുള്ള അന്തരവും ദൈവം ഏതു വിഭാഗത്തിന്റേതാണ് എന്ന മനുഷ്യരുടെ ബാലിശമായ ചിന്തയും എല്ലാം വ്യക്തമായി തുറന്നു കാട്ടാൻ എഴുത്തുകാരിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കാലിക പ്രസക്തമായ, ഇരുത്തി ചിന്തിപ്പിക്കുന്ന കഥ. മതത്തെ ചൊല്ലി ഇന്ന് കാണുന്ന ഓരോ തർക്കവും എത്ര ബാലിശമാണ് എന്ന് വ്യക്തമാക്കുന്നുണ്ട് ഈ കഥ.

“ഇത്തരവൃത്താന്തങ്ങൾ”- സമൂഹത്തിലെ പൊയ്മുഖങ്ങളുള്ള മനുഷ്യരിലേക്കുള്ള ചൂണ്ടുപലകയാണ് ഇക്കഥ. വൈകൃത വിനോദമുള്ള ഒരു മനുഷ്യൻ ആ വൈകൃതസ്വഭാവങ്ങൾ, ശീലങ്ങൾ പുറത്തറിയിക്കാതെ മുഖം മൂടിയണിഞ്ഞു ഒരു ചെറിയ സമൂഹത്തെ നയിക്കുന്ന ഒരു ചെറു നേതാവായിപ്പോലും ആ സമൂഹത്തിൽ ജീവിക്കുകയും തന്റെ വൈകൃതം പുറത്തറിയും എന്ന ഘട്ടത്തിൽ പോലും തഞ്ചത്തിൽ ആ പ്രശ്നത്തിൽ നിന്നൂരിപ്പോരുകയും ചെയ്യുന്നു. എന്നിട്ടും അയാൾക്ക് അയാൾ ഏർപ്പെടുന്ന ആ പ്രവൃത്തിയിൽ നിന്നും പിന്മാറാൻ യാതൊരു ഉദ്ദേശവുമില്ല എന്നയിടത്തിൽ കഥാകാരി കഥ ചുരുക്കുമ്പോൾ നമ്മുടെയിടയിലെ മനുഷ്യർ യഥാർത്ഥത്തിൽ അവർ തന്നെയാണോ അതോ അവരിൽ ആരെയുമറിയിക്കാതെ അവർ ഒളിപ്പിച്ചിരിക്കുന്ന മറ്റൊരു വ്യക്തിത്വം കൂടിയുണ്ടോ എന്ന ചിന്തയിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുന്നു എഴുത്തുകാരി.

“പുസ്തകങ്ങളുടെ വീട് ” – നിറയെ പുസ്തകങ്ങളുള്ള ഒരു വീട് നല്ലൊരു വായനക്കാരന്റെ സ്വപ്നമായിരിക്കും; തിരക്കു ജീവിതത്തിൽ ഇഷ്ട പുസ്തകം വായിക്കാൻ ചില മണിക്കൂറുകൾ ഏതു വായനക്കാരന്റെയും ആഗ്രഹമായിരിക്കും. എന്നാൽ വായിക്കാൻ മാത്രമായി ഒരു ചെറുപ്പക്കാരൻ ജീവിതവും ദിവസങ്ങളും മുഴുവനായി ചിലവഴിക്കുക; ആ അവസ്ഥ ഏതൊരു തരത്തിലുളള സബ്സ്റ്റന്സ് അഡിക്ഷനെയും പൊലെ തന്നെ ദുർഘടം പിടിച്ച ഒന്നാണ്. അതിൽ നിന്നയാളെ പിന്തിരിപ്പിക്കുക എന്നത് ഒരു ഹെർകുലീയൻ ടാസ്ക് തന്നെയാണ് എന്ന് മനസ്സിലാക്കിയ ഹതാശയായ ആ അമ്മയേക്കാൾ അത്ഭുതപ്പെടുത്തിയ കഥാപാത്രം ആ ചെറുപ്പക്കാരന്റെ ജീവിതത്തെ കുറിച്ച് അറിഞ്ഞ ചെറുപ്പക്കാരി വെളിച്ചത്തിലേക്കാകർഷിക്കപ്പെടുന്ന ഈയാംപാറ്റയെ പോലെ അയാളുടെ തികച്ചും അനാരോഗ്യകരമായ ആ ജീവിതരീതിയിൽ ആകൃഷ്ടയാകുന്നതാണ്. ശെരിയെക്കാൾ തെറ്റിലേക്കാണ് മനുഷ്യർ അതിവേഗം ആകൃഷ്ടരാകുന്നത് എന്നൊരു സന്ദേശം ഈ കഥയിലുണ്ട്.

മലപ്പുറത്തിന്റെ മലയാള ശൈലി, തനതായ ചില വാക്കുകൾ എന്നിവ പുസ്തത്തിലുടനീളം ദർശനീയമാണ്. ചാരുതയും ലാളിത്യവുമാർന്ന ഭാഷാ സൗന്ദര്യം ഈ പുസ്തകത്തിനെ ആകർഷണീയമാക്കുന്ന മറ്റൊരു സവിശേഷതയാണ്. ഇനിയും ഇനിയും വൈവിധ്യമാർന്ന, ഉൾക്കാഴ്ചയുള്ള കഥകൾ വായനക്കാർക്കായി ഒരുക്കുവാൻ സാധിക്കട്ടെ.

പുസ്തകങ്ങളുടെ വീട്
ഷാഹിന ഇ കെ
മാതൃഭൂമി ബുക്സ്

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം