പുഴയ്ക്ക് ഒരു പൂവും നീരും ( എം. ടി. രവീന്ദ്രൻ )

‘ഈ പുഴ ഞങ്ങളുടെ അമ്മയാണ്’ …. എന്നു പറഞ്ഞു കൊണ്ടാണ് രവിയേട്ടന്‍റെ ( എം.ടി .രവീന്ദ്രന്‍ )‘പുഴയ്ക്ക് ഒരു പൂവും നീരും ’ എന്ന ഓര്‍മ്മപുസ്തകം വായനക്കാരനെ പോയകാലത്തിന്‍റെ സുഗന്ധം വിശുന്ന ഓര്‍മ്മകളിലേക്ക് ക്ഷണിക്കുന്നത്.

രവിയേട്ടനോടൊപ്പം ഭാരതപ്പുഴയുടെ തീരങ്ങളിലൂടെ ഗ്രാമനന്മയുടെ ഇളവെയില്‍ വീണു കിടന്ന കൂടല്ലൂരിന്‍റെ ഇന്നലെകളിലേക്കുള്ള ഒരു യാത്രയാണിത്‌ .

ഭാരതപ്പുഴയുടെ തീരത്തു ജനിക്കാനും വളരാനും കഴിഞ്ഞു എന്നത് രവിയേട്ടനെപ്പോലെ എന്‍റെയും സുകൃതമാണ് . എന്‍റെ പൂര്‍വികരെപ്പോലെ ഒരു നാള്‍ ഈ പുഴയില്‍ അലിഞ്ഞു ചേരണം എന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത് ….. ഭാരതപ്പുഴയോരത്ത് വെച്ച് ഇത്തിരി ചാരമാകുന്നതും ഒരു പുണ്യമാണ്.

നിര്‍ഭാഗ്യമെന്നു പറയട്ടെ , ദൂരദേശങ്ങളില്‍ നിന്നു വരാനുള്ള ഏതോ ഒരു ബന്ധുവിനെയും കാത്ത് കിടക്കുന്ന മൃതദേഹം പോലെ വെളുത്ത ആറ്റു വഞ്ചികളാല്‍ മൂടിപുതച്ചുക്കിടക്കുകയാണ് ഞങ്ങളുടെ പുഴ …

ശവദാഹത്തിനു തിരക്ക് കൂട്ടുന്നുണ്ട് മണല്‍ മോഹികള്‍…
ആര്‍ത്തിയുടെ നീരാളി കൈകള്‍ താന്നിക്കുന്നിനെയും നരിമാളന്‍ കുന്നിനെയും കേവലം കല്ല് വെട്ടു കുഴികളാക്കി…

നരിയും കുറുക്കനുമൊക്കെ ദേശം വിട്ടു പോകുന്ന കാഴ്ച സങ്കടത്തോടെ നോക്കി നില്‍ക്കാനേ കഴിയു….

കണ്ണാന്തളിപ്പൂക്കള്‍ കാണാനെത്തുന്നവര്‍ക്കു മുന്നില്‍ വേദനയോടെ കൈമലര്‍ത്തി നില്‍ക്കുകയാണ് കൂടല്ലൂര്‍ ……

നീലത്താമര വിരിഞ്ഞു നില്ക്കുന്ന രവിയേട്ടന്‍റെ മലമക്കാവിലേക്ക് ഒരിക്കല്‍ ഞാനും പോയി. പുതിയ കാലത്തിന്‍റെ കാപട്യക്കാരന്‍ വരുന്നുണ്ടെന്നറിഞ്ഞു താമരമൊട്ടുകള്‍ വെള്ളത്തിനടിയില്‍ തന്നെ ഒളിച്ചിരുന്നു ……

കൂടല്ലൂരിനപ്പുറം തൂത പുഴയുടെ കരയില്‍, കീഴാള ജനതയോട് അലിവു കാണിച്ച കണക്കര്‍ കാവ് ഭഗവതിയെയും മനസ്സു കൊണ്ട് തൊഴുതു ……..

ആണ്ടിലൊരിക്കല്‍ കുടുംബസമേതം കൊടിക്കുന്നത്ത് ഭഗവതിയെ ചെന്നുകണ്ട് തൊഴാറുണ്ട്. അപ്പൂപ്പനാണ് എന്നെ ആദ്യമായി കൊടിക്കുന്നിലേക്ക് കൊണ്ട് പോയത്. അതും ഒരു മകര ചൊവ്വക്ക് ………

രവിയെട്ടനെപ്പോലെ ഞാനും കൊടിക്കുന്നത് തട്ടകക്കാരനാണ് …………

നാട്ടു നന്മയുടെ വറ്റാത്ത ഉറവ പൊട്ടിവരുന്നത് കാവുകളില്‍ നിന്നാണ് … സര്‍പ്പ കാവുകളെ പാടിയുണര്‍ത്താന്‍ പുള്ളുവനും പുള്ളോത്തിയും പള്ളിപ്പുറത്തുനിന്നു പുഴകടന്ന് വന്നിരുന്നു …..വില്പനയ്ക്ക് വെച്ചിരിക്കുന്ന കാവുകളെ കണ്ട്‌ അവരും പുഴപ്പോലെ എങ്ങോട്ടോ പോയ്മറഞ്ഞു ………..

എങ്കിലും വായനക്കാര്‍ക്ക് ചെവിയോര്‍ത്താല്‍ കേള്‍ക്കാം നാവേറും പുള്ളുവന്‍ പാട്ടും, അകകണ്ണില്‍ കാണാം കളമെഴുത്തും സര്‍പ്പംതുള്ളലും ……..

നാട്ടു തൊടികളിലെ കൊടപ്പനോലകള്‍ കൊണ്ട് മഴക്കാലത്ത് ചൂടാന്‍ തോപ്പികുടകള്‍ ഉണ്ടാക്കിയിരുന്ന പറയനും, ചകിരി നാര് കൊണ്ട് ഉറിയുണ്ടാക്കിയ നായാടിയും പുത്തന്‍ കമ്പോളങ്ങളില്‍ കാലിടറി വീണു ………

പകിടകളി ഒരോ കൂടല്ലൂര്‍ക്കാരന്‍റെയും സ്വകാര്യ അഹങ്കാരമാണ്. തങ്ങളുടെ ദേശം തോറ്റു തൊപ്പിയിട്ടു നില്‍ക്കുന്നത് കാണാന്‍ അവര്‍ തയ്യാറല്ല. പുഴയില്‍ മുങ്ങി നിവര്‍ന്ന് പകിടക്കളി സ്ഥലത്തേക്ക് നടന്നു വരുന്ന കോന്തുണ്ണി നായര്‍ എല്ലാവരുടെയും ഉള്ളില്‍ ഇന്നും ഉണ്ട്……

തല ചുമടായി മണ്‍പാത്രങ്ങളുമായി മങ്കേരിക്കടവില്‍ വന്നിറങ്ങിയിരുന്ന കുഭാര സ്ത്രികളെയും മറ്റു യാത്രക്കാരെയും കാത്ത് കിടന്നിരുന്ന തോണിയും തോണിക്കാരനും കടങ്കഥകളായി മാറി …………

ചിങ്ങമാസത്തോടൊപ്പം ദേശത്ത് വന്നിരുന്ന വസന്തം ഇനി ഒരിക്കലും തിരിച്ചു വരില്ലയെന്ന്‍ രവിയേട്ടന്‍ പറയുബോള്‍ ഉള്ളില്‍ എവിടെയോ നേരിയ ഒരു വേദന രവിയേട്ടനോടൊപ്പം വായനക്കാരനും അനുഭവിക്കുന്നുണ്ട് …….

പലതും ദേശത്തു നിന്നും പടിയിറങ്ങി പോയെങ്കിലും അന്യ നാടുകളില്‍ നിന്നു ഇന്നും ആളുകള്‍ കൂടല്ലൂരില്‍ വന്നിറങ്ങും ……..

മലയാളിയുടെ മനസ്സില്‍ കഥയുടെ സര്‍ഗ്ഗ വസന്തം വിരിയിച്ച, അവരുടെ പ്രിയപ്പെട്ട എഴുത്തുക്കാരന്‍റെ നാടാണ് കൂടല്ലൂര്‍ ..

എം .ടി യുടെ നാടാണ് കൂടല്ലൂര്‍…….ര വിയേട്ടന്‍റെയും ….

പുഴയ്ക്ക് ഒരു പൂവും നീരും
എം.ടി .രവീന്ദ്രന്‍
റെഡ് ചെറി ബുക്സ്
കോഴിക്കോട്

തൃത്താല സ്വദേശി. മലപ്പുറം നവോദയ വിദ്യാലയത്തില്‍ ലൈബ്രറിയന്‍. പറയജീവിതത്തിന്‍റെ അടയാളങ്ങള്‍ - (ഫോക്ക് ലോര്‍ പഠനം ,കേരള ഫോക്ക് ലോര്‍ അക്കാദമി,കണ്ണൂര്‍ ) തൂമങ്ങള്‍- (നോവല്‍ ) എന്നിവയാണ് പ്രസിദ്ധികരിച്ച കൃതികള്‍ .