പുഴയിലൊരുവട്ടം

മേഘശകലങ്ങളേ
പ്രണയകാലത്തെ നിങ്ങളെടുത്തുകൊൾക.

കാറ്റിലെഴുതിയ കാമനകൾ
ശലഭച്ചിറകുകളേപ്പോൾപാറട്ടെ.

പുഴയുടെ അനന്തതയിലേക്ക് ഒരിലയിൽ വച്ച് ഉടലോടൊഴുക്കട്ടെ
പ്രണയനിരാസങ്ങളെ,
ഉടലുരുക്കങ്ങളിലെതിടുക്കവും
മിഴിയനക്കം പോലുമില്ലാത്തമടക്കവും
പാഴ് വാക്കുകളോടൊപ്പം പുഴയെടുക്കട്ടെ,

പുഴയിലൊരുവട്ടം ഒഴുകിപ്പോയ
ജീവിതമേ,
മിന്നൽപ്പിണർ പോലെ മാഞ്ഞുപോയ
പ്രണയമേ,
സത്യമായും മിഥ്യയായുംചിറകടിച്ചു പറന്നു പോയ പക്ഷികളേ,
ചുവപ്പു മാഞ്ഞു പോയ ചക്രവാളം സാക്ഷി
കാറ്റിൽ കൺചിമ്മുന്ന നക്ഷത്രങ്ങൾ
സാക്ഷി,
ഇതാ ഒറ്റയ്ക്കൊരു മരം
മഴുപ്പാടുകളേന്തുന്നു.

ആലപ്പുഴ സെൻറ് മേരീസ് ആർ. സി. സ്ക്കൂളിൽ ലൈബ്രേറിയൻ ആയി ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ കവിതകളും പുസ്തകക്കുറിപ്പുകളും എഴുതാറുണ്ട്