
എന്നോ തന്നിൽ നിന്നും
പുറപ്പെട്ടു പോയൊരു വാക്കിനെ
തിരിച്ചു പിടിയ്ക്കാൻ അയാൾ
തീരുമാനിച്ചു..
രാവും പകലും
നിർത്താതെ തിരഞ്ഞു ,
ഉണ്ണാതെ, ഉറങ്ങാതെ
തീക്ഷ്ണമായി .
വന്നവഴികൾ ,ചെന്നിടങ്ങൾ ഒക്കെ
വീണ്ടും വീണ്ടും കയറിയിറങ്ങി,
ആരോടുമൊന്നും പറയാതെ
വീടും നാടും വിട്ടു .
കണ്ടില്ല…കേട്ടില്ല…
വാക്കിന്റെ നിഴലുപോലും
അയാളിൽ വീണില്ല .
തോൽവിയുടെ നിശബ്ദതയിൽ
തിരികെ നടക്കുമ്പോൾ
പൊടിമണലുകൾ കാൽച്ചുവട്ടിൽ
കളം വരച്ചു .
കാറ്റൊരോ കളങ്ങളിലും
കഴിഞ്ഞ കാലത്തിന്റെ
നെന്മണികൾ പോലെ ഓരോന്ന്
ഉഴുതുമറിച്ചു കണ്ടെടുത്തു .
ചാറ്റൽമഴ പൂക്കുന്നയൊരു വാക ,
നിലാവ് പെയ്യുന്നയൊരു മേഘത്തുണ്ട് ,
കടലുതൊട്ടയൊരു തിരയുടെ വിരൽത്തുമ്പ് ,
എഴുത്താണിയുടെ മുനകൊണ്ട് കീറിയൊരു ഓല ,
കടം കൊടുത്ത ചിരികൾ…
അയാൾ അവിടെ നിന്നും നിർത്താതെ ഓടി..
അയാളിൽ തന്നെ ഒളിച്ചിരുന്നു .
തന്നിൽ നിന്നിറങ്ങിപ്പോയ വാക്കിലേക്കു
അയാളൊരിക്കലും ചെന്ന് കയറിയില്ല .
ദൂരെയൊരു വാകയുടെ ചുവട്ടിൽ അപ്പോഴും
നിലാവ് പെയ്യുകയായിരുന്നു…
ചിരിയുടെ വിരൽത്തുമ്പുകൾ
എഴുത്താണിമുനപോലെ കൂർത്തു തിളങ്ങി .
