പുനർജ്ജനി

അന്ന് ഒരു മഴയുള്ള രാത്രിയായിരുന്നു. മഴയുടെ ഇരമ്പൽ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. തനിച്ചായിരുന്നതിനാൽ ഭയം കൂടിക്കൂടി വന്നു. മനസ്സും ശരീരവും തളരുന്നതു പോലെ. പുറത്തേക്കിറങ്ങി ഓടിയാലോ എന്ന് തോന്നിപ്പോയി. അല്പനേരം മൂകയായിരുന്നു. മഴ തോർന്നു. പ്രകൃതി ശാന്തം. അവിടെയുമിവിടെയും ചീവീടുകളുടെ ശബ്ദം മാത്രം. ഉറക്കം വരുന്നില്ല, മനസ്സ് അത്രയും അസ്വസ്ഥമായിക്കഴിഞ്ഞിരിക്കുന്നു, എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്നുപോയ അവസ്ഥ. ഫോണ് റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ.. കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേൾക്കാതെ നടിച്ചു. ഫോണിന്റെ റിംഗ് നിലയ്ക്കുന്നില്ല. ആ ശബ്ദം അരോചകമായി തോന്നി. തനിച്ചാണെന്നും ഇനി ആരുമില്ലെന്നും സ്വയം മനസ്സിനെ പാകപ്പെടുത്തുവാൻ ശ്രമിച്ചു. ജനൽപാളികൾ തുറന്നുകിടക്കുന്നു. ഒരു അരണ്ടവെളിച്ചം ജാലകത്തിലൂടെ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ജനലരികിലേക്ക് പതിയെ നടക്കുവാനൊരുങ്ങി. പുറത്ത് ആരോ നിൽക്കുന്നതുപോലെ.

ജാലകത്തിലൂടെ നോക്കി.. ആരുമില്ല. എന്തിനാണിത്ര പ്രതീക്ഷ, ആരെയാണ് താനിനി പ്രതീക്ഷിക്കേണ്ടത്.? ഒന്നുമറിയാതെ ആ ജനാല കൊട്ടിയടച്ചു തിരികെ മുറിയിലേക്ക് നടന്നു. ഒന്ന് പൊട്ടിക്കരയുവാൻ മനസ്സ് വെമ്പുന്നു, കഴിയുന്നില്ല. ഒരിറ്റു കണ്ണുനീരുപോലും ആ മനുഷ്യജന്മത്തിന്റെ പേരിൽ താനിനി പൊഴിക്കില്ലായെന്ന് ഉറപ്പിച്ചതല്ലേ. എന്നിട്ടുമെന്തിന് മനസ് വിഷമിപ്പിക്കുന്നു, സ്വയം ഉരുകിത്തീരുന്നു..

ഇത്രയും നാൾ ആ മനുഷ്യന് വേണ്ടി ഉരുകി തീർക്കുകയായിരുന്നല്ലോ തന്റെ ജന്മം. ഇനിയെന്തിനാണ് ജീവിതം അവനെയോർത്ത് സ്വയം നശിപ്പിക്കുന്നത്. മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒന്നു മയങ്ങിയാൽ ഈ വിഷമതകൾ മറക്കുവാനായേനെ. കിടക്ക കണ്ടാൽ മയക്കത്തിലേക്ക് വീണിരുന്ന തനിക്കിന്ന് കണ്ണുകൾ കൂട്ടിപിടിച്ച് മയക്കം നടിക്കേണ്ട ഗതി വന്നിരിക്കുന്നു എന്ന് ബോധ്യമായി. കുറച്ചു വിശ്രമിക്കണമെന്നു കരുതി ജനലരികിലെ ചാരുകസേരയ്ക്കരികിലേക്ക് നടന്നു. കസേരയിൽ നിറയനെ മുഷിഞ്ഞ വസ്ത്രങ്ങൾ. അതാ മനുഷ്യൻ മാറിയിട്ടവയാണ്. ദേഷ്യം കടിച്ചമർത്തി അത് കൈകളിൽ എടുത്തു. എന്തിനീ വസ്ത്രങ്ങളയാൾ ഇവിടെ ഉപേക്ഷിച്ചു പോയി, അറിയില്ല. തന്നെപ്പോലെ തന്നെയായിരിക്കാം അയാളയാളുടെ വസ്ത്രങ്ങളെയും കണ്ടത്. ഉപയോഗശേഷം ഉപേക്ഷിക്കാവുന്ന സാധനം.

മനസിപ്പോൾ കുറച്ചൊക്കെ ശാന്തമായിട്ടുണ്ട്. ഒരു നെടുവീർപ്പിട്ടുകൊണ്ടാ കസേരയിലിരുന്നു. കൈകളിൽ ആ വസ്ത്രങ്ങളുമുണ്ട്. അതെന്തൊക്കെയോ ഓർമകൾ സമ്മാനിക്കുന്ന ഒന്നാണ് തനിക്ക്. ഉടനെയൊന്നും നശിപ്പിച്ചു കളയാൻ കഴിയില്ലാത്തൊന്നാണെന്നു കരുതി ചേർത്തു പിടിച്ചു. കണ്ണുകൾ മുറുക്കി അടച്ചു. നല്ല ക്ഷീണം തോന്നുന്നുണ്ട്. കണ്ണുകളിൽ ഇരുട്ട് മാത്രം.

ജീവിതത്തിലെ കുറച്ചു നല്ല നിമിഷങ്ങളെ ഓർത്തെടുക്കുവാൻ ശ്രമിച്ചു. എന്നാൽ ജീവിതത്തിൽ മറക്കാനാഗ്രഹിച്ചവ കടന്നുവരുന്നു. ഇപ്പോൾ നടക്കുംവിധം. ഒഴിഞ്ഞ കോടതി വരാന്തയിലെ ചാരി നിന്ന ആ തൂണും അന്നു രാവിലെ ആർത്തു പെയ്ത മഴയും തന്റെ കണ്ണു നീരും അയാൾ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയ ആ ചിത്രവും ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്നായിരിക്കും ജീവിക്കുന്നിടത്തോളം കാലം.

ഒറ്റപ്പെടാൻ മാത്രം എന്തു തെറ്റാണ് ചെയ്തതെന്ന ഒരു ചോദ്യം മാത്രം മനസ്സിൽ അവശേഷിക്കുന്നു. തെറ്റു ചെയ്തില്ലേ.. മാപ്പർഹിക്കാത്ത വിധത്തിലുള്ള എത്രയോ തെറ്റുകൾ ചെയ്തു കഴിഞ്ഞിരിക്കുന്നു. അതെല്ലാം ആ ഒരു മനുഷ്യന് വേണ്ടി. അയാളുടെ സന്തോഷങ്ങൾക്കു വേണ്ടി മാത്രമായിരുന്നില്ലേ. അയാൾക്കു വേണ്ടി ജീവിച്ചിട്ടും എന്തിനയാൾ വേണ്ടെന്ന് വെച്ചു. എല്ലാം തന്റെ മാത്രം പ്രശ്നമായിരുന്നോ… മടുപ്പിക്കും വിധമായിരുന്നോ അയാളോടൊപ്പമുള്ള ജീവിതം.

ഹിന്ദു മതത്തിൽ വളർന്ന താൻ തലയിൽ മക്കനയിട്ടതും പേരു മാറ്റിയതും സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു അയാൾക്കൊപ്പം ഇറങ്ങിപ്പോന്നതുമെല്ലാം അയാൾക്ക്‌ വേണ്ടിയായിരുന്നില്ലേ, അയാളുടെ നിർദ്ദേശപ്രകാരം മാത്രം. എന്നിട്ടും…സത്യത്തിൽ അവയെല്ലാം തന്റെ എടുത്തു ചാട്ടത്തിൽ സംഭവിച്ച വീഴ്ചകളായിരുന്നില്ലേ.. .ഒന്ന് ചിന്തിച്ചാൽ മതിയായിരുന്നു…. അയാൾ പറഞ്ഞതെല്ലാം അനുസരിക്കാൻ താനൊരു ബൊമ്മയായിരുന്നില്ലല്ലോ… മനുഷ്യജന്മം തന്നെയായിരുന്നില്ലേ…

ഒരുമിച്ചു ജീവിക്കുന്നതിൽ മതമൊരു വേലിക്കെട്ടല്ലായിരുന്നു. എന്നിട്ടും അയാൾ എന്തിനാണ് അയാളുടെ മതം സ്വീകരിക്കാൻ നിർബന്ധിച്ചത്. രണ്ടു മതങ്ങളിലെ വിശ്വാസത്തിൽ പരസ്പരസ്നേഹത്തിൽ ജീവിക്കാമായിരുന്നല്ലോ. എന്നിട്ടും അവിടെ അയാളുടെ വാശി നിറവേറി. തുടർന്നും എല്ലാത്തിനും നിര്ബന്ധിച്ചു കൊണ്ടിരുന്നല്ലോ.

തന്റെ ജീവിതം മാറ്റുകയായിരുന്നോ അയാളുടെ ലക്ഷ്യം. അല്ലെങ്കിൽ ഞാൻ എന്ന എന്നെ ഇല്ലാതാക്കുകയോ. സ്നേഹിക്കാൻ വേണ്ടിയാണോ അയാളിങ്ങനെ നിർബന്ധിച്ചു കൊണ്ടിരുന്നത്. അല്ലായിരിക്കും. യഥാർഥ പേരു തന്നെ മറന്നിരിക്കുന്നു. വീടിനുള്ളിൽ അടയ്ക്കപ്പെട്ട് ജീവിതം ഇവിടെവരെയെത്തിച്ച താനൊരു വിഡ്ഢിയായിരുന്നില്ലേ.

ആരുമില്ലായെന്ന തോന്നൽ മനസിനെ വല്ലാതെ അലട്ടുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങിയാലോ. അവിടെ അച്ചനുമമ്മയും സഹോദരങ്ങളുമുണ്ടല്ലോ. വേണ്ട., ഒരിക്കലവരുടെ മനസ്സിൽ നിന്നും ഇറങ്ങിപ്പോന്നതല്ലേ. ഇനിയവിടെ സ്ഥാനമുണ്ടാകാനിടയില്ല. വീട്ടുകാരിൽ നിന്നും അകന്നു ജീവിക്കാനായിരുന്നല്ലോ അയാളുടെ നിർദ്ദേശവും. അതുപോലെ ഇത്രയും നാൾ ജീവിച്ചിട്ടും അയാൾ തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു. മറ്റൊരു കളിപ്പാവ അയാളുടെ ജീവിതത്തിൽ വന്നു കഴിഞ്ഞിരിക്കുന്നു. അയാളവളുടെ കൈ മുറുകെ പിടിച്ചുകൊണ്ട് പോകുന്ന ആ കാഴ്ച വല്ലാതെ അസ്വസ്ഥമാക്കുന്ന ഒന്നായിരുന്നു. എങ്കിലും കണ്ടു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

അല്ല.. എന്തിനാണാ ഓർമകളെ വീണ്ടും ഓർമിക്കുന്നത്. പോയവരാരും തിരികെ വരില്ലല്ലോ. ജീവിതം തിരിച്ചു നൽകുകയുമില്ല. ജീവിതം ഇവിടെ ആരംഭിക്കാം. മറ്റൊരാളായി. മറ്റൊരു ജീവിത സാഹചര്യത്തിൽ…

എറണാകുളം ജില്ലയിൽ എടവനക്കാട് സ്വദേശിനിയാണ്. കേരള മീഡിയ അക്കാഡമിയിലെ ജേർണലിസം വിദ്യാർത്ഥിനിയാണ്. ഡിഗ്രി പഠനം മഹാരാജാസിൽ ആയിരുന്നു.