പുത്രകാമേഷ്ട്ടി

അവളൊക്കെ തിരിച്ചറിയുന്നുണ്ട് മോനേ. സമ്മതിച്ചു തരാത്തത് വാശി കൊണ്ടാണ്. നിന്റെ പിടിവാശിയിൽ തീർത്തതല്ലേ ഈ ജീവിതം. ചേച്ചിയുടെ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ കഴിയാതെ വരുന്ന നിസ്സഹായത എന്നിൽ ചൂഴ്ന്നിറങ്ങാൻ തുടങ്ങിയിട്ട് എത്രയോ നാളുകളായി. ഇന്നലെ വന്ന ഫോൺ ശബ്ദത്തിൽ നിറഞ്ഞ പതർച്ചയിൽ ഒരു ഒഴുകി നടക്കൽ; വീണ്ടും ഓർമ്മകളിലേക്ക്.   ആശാൻ സാഹിത്യവേദി പുരസ്കാര ജോതാവ് ആർ ഷഹിനയുടെ കഥ: പുത്രകാമേഷ്ട്ടി

ഒന്ന്

നേരിയ മഞ്ഞിന്റെ പുതപ്പണിഞ്ഞ ജനാല പതുക്കെയടച്ചു കൊണ്ട് ഞാൻ എന്നിലേക്ക് ചുരുങ്ങി നിന്നു. വളരെയകലെ നിന്നുള്ള ജീവന്റെ പിടച്ചിൽ എന്നിലേക്ക് ഏൽക്കാതിരിക്കാൻ കഴിയും വിധം. കാഴ്ചകൾക്ക് മങ്ങലേറ്റ് തുടങ്ങിയെങ്കിലും.. ഓർമ്മകൾ ഒരു ശരംകുത്ത് പോലെ.

അവളൊക്കെ തിരിച്ചറിയുന്നുണ്ട് മോനേ. സമ്മതിച്ചു തരാത്തത് വാശി കൊണ്ടാണ്. നിന്റെ പിടിവാശിയിൽ തീർത്തതല്ലേ ഈ ജീവിതം.

ചേച്ചിയുടെ ചോദ്യങ്ങൾക്ക് പോലും ഉത്തരം നൽകാൻ കഴിയാതെ വരുന്ന നിസ്സഹായത എന്നിൽ ചൂഴ്ന്നിറങ്ങാൻ തുടങ്ങിയിട്ട് എത്രയോ നാളുകളായി:

ഇന്നലെ വന്ന ഫോൺ ശബ്ദത്തിൽ നിറഞ്ഞ പതർച്ചയിൽ ഒരു ഒഴുകി നടക്കൽ വീണ്ടും ഓർമ്മകളിലേക്ക്.

‘നിങ്ങളുടെ മകൻ ഇത്തവണയും കാനഡയിൽനിന്നും വന്നില്ല കൃഷ്ണാ. ജോലി സംബന്ധമായി തിരക്കിൽ ആകും അവൻ. ഒരുപാട് മാറിപ്പോയി. ബാല ഇപ്പോൾ അവനൊരു ബാദ്ധ്യതയാണ്. ഞങ്ങൾക്കാർക്കും അവളെ ഏറ്റെടുക്കുവാൻ പറ്റാത്ത പരിതസ്ഥിതിയിലും. വൃദ്ധസദനത്തിലേക്ക് മാറ്റുന്നതിനെ പറ്റിയാണ് ഇപ്പോൾ അവന്റെ ആലോചന. അവൻ കൃത്യമായി മാസാമാസം പൈസ കൊടുക്കാമെന്ന് ചെറിയമ്മയോട് പറയുന്നതും കേട്ടു. എന്താ ചെയ്യണ്ടത്? ‘

വെറുതെ ഞാൻ മൂളിനിന്നു. ഞങ്ങൾക്കിടയിലെ അകലം സൃഷിക്കപ്പെട്ടതാണ്. ഞങ്ങൾ എന്നു പറഞ്ഞാൽ കൃഷ്ണകുമാർ എന്ന ഞാനും ബാലയെന്ന എന്റെ മുൻഭാര്യയും.

ചേച്ചിയുടെ ശബ്ദത്തോടൊപ്പം ചില ഓർമ്മകൾ ചേർന്ന് വലിഞ്ഞു മുറുകി മനസ്സിലേക്ക് തിങ്ങി വരും.

ദേ ഒരു കുഞ്ഞുവിരൽ എന്റെ മുഖത്താകെ പരതി നടക്കുന്നു.

നമുക്കൊരുയാത്രപോയാലോ….? കൃഷ്‌ണേട്ടാ

ഹോസ്പിറ്റലിലെ മനം മടുപ്പിക്കുന്ന ഗന്ധം അസഹ്യമാകുന്നു. ഈ കോർട്ടേഴ്‌സിന്റെ പൂപ്പൽ പിടിച്ച വായു ശ്വസിച്ച് എനിക്കൊരിക്കലും ഒരു അമ്മയാകാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഓരോ മാസത്തിലും ചുമന്നു കലങ്ങിയ കണ്ണുകളുമായി എന്നെ നേരിടാനാവാതെ ചുരുങ്ങി കൂടിയിരിക്കുന്നയെന്റെ ബാല.

അവൾക്കുള്ളിൽ ഒരു കുഞ്ഞികൃഷ്ണനുണരാൻ വേണ്ടിയെത്രയെത്ര നേർച്ചകൾ. ശമ്പളത്തിന്റെ പകുതിയും ചികിത്സക്കായി. അതോടെ ബാലയുടെ ലോകം ചെറുതായി കൊണ്ടേയിരുന്നു. എന്നിലേക്ക് മാത്രം. പക്ഷേ എന്റെ ദേഷ്യവും സങ്കടവും അവളിലെ നിരാശയും ഒന്നും രാത്രികളെ അത്ര വേഗം അവസാനിപ്പിച്ചില്ല ഒരിക്കലും.  എത്ര പിണക്കങ്ങൾക്കൊടുവിലും അവൾ എന്റെ പുരുഷനെ ഉണർത്തിക്കൊണ്ടേയിരുന്നു എല്ലാ രാത്രികളിലും. ഞങ്ങൾക്ക് പങ്കുവയ്ക്കുവാൻ ഞങ്ങൾ മാത്രം. എന്നാൽ ചികിത്സ ഇൻഫെർട്ടിലിറ്റി ക്ലിനിക്കിന്റെ മുന്നിൽ എത്തിയപ്പോൾ അവളെന്റെ കയ്യിലൊന്ന് അമർത്തി പിടിച്ചു. കൃഷ്‌ണേട്ടാ ഇതും പരാജയമായാൽ എന്നെ ഉപേക്ഷിച്ചോളൂ.

കൈക്കുള്ളിൽ ആ കൈയ്യും ചേർന്നു പടി കയറി.

ഡോക്ടറുടെ ചോദ്യങ്ങളെല്ലാം  അവളുടെ മറുപടി യിൽ പൂർണ്ണതയിൽ.

നിങ്ങൾ തമ്മിലുള്ള ശാരീരികബന്ധം എങ്ങനെയാണ് എന്ന ചോദ്യത്തിൽ അവൾ എന്നെ നോക്കി മറുപടി പറഞ്ഞു, പൂർണ്ണതൃപ്തിയിൽ.

മൂക്കുത്തിയിലേക്ക് വീണുകിടക്കുന്ന ഈ മുടിപോലും എന്നിലെ പുരുഷനെ ഉണർത്തുമെന്നത് എത്രയോ സത്യം.

എങ്കിൽ ഒന്നുകൊണ്ടും പേടിക്കണ്ട: ടെസ്റ്റുകളുടെ റിസൽട്ട് വരട്ടെ. ഇവിടെ വന്നവർ ആരും വിഷമിച്ചു തിരികെ പോയിട്ടില്ല. ഡോ. കൃഷ്ണകുമാറും അങ്ങനെയാകും.

റിസൽട്ട് വന്നു. ഊഹിച്ചതുതന്നെ. ഊറിവന്ന കണ്ണീര് ഉള്ളിലേക്ക് തന്നെ പെയ്തിറക്കി.

ട്രീറ്റ്‌മെന്റിനു ഫലം കണ്ടു. ബാല അമ്മയായി എന്നിൽ ഒതുങ്ങിയ അവളുടെ ലോകം അതിലും ചെറുതായി മോനിലേക്ക്.

എന്നെ കാത്തിരിക്കാൻ ആരും ഇല്ലാതായി. എന്നിലെ പുരുഷനെ തേടി വരാൻ. അവളുടെ കാച്ചിയ എണ്ണ ഗന്ധമുള്ള വിരികളിലെ കുട്ടി പൗഡറിന്റെ മണം എന്നിലെ അച്ഛനെ ഇടയ്ക്കിടെ തൊട്ടു നനച്ചു കൊയേിരുന്നു. എങ്കിലും എന്നിൽ ഉണ്ടായ നിരാശയാകാം ഈ യാത്രയിലേക്ക് നീളുന്ന കാലഘട്ടം വരെ നൽകിയത്..

വെറുതെ ഞാൻ പുറത്തേക്കിറങ്ങി നടന്നു. അപ്പോഴും ചേച്ചിയുടെ വിളി. കൃഷ്ണാ നിനക്ക് ക്ഷമിച്ചൂടെ ഞാൻ ഫോൺ നിശബ്ദമാക്കി.

ക്ഷമിക്കേണ്ടത് ഞാൻഅല്ല ചേച്ചി.  അവൾ എന്നോട് ആണ്.

രണ്ട്

കുട്ടൻ വന്നു വിളിച്ചപ്പോൾ ആണ് ഉണർന്നത്. പുലർച്ചയിലെപ്പോഴോ ആണ് ഉറങ്ങിയതെന്നു തോന്നുന്നു. സാധാരണ പത്രം വലിച്ചെറിയുകയാണ് പതിവ്. ചാറ്റൽമഴ ഉള്ളതുകൊണ്ടാകാം ഈ അലറി വിളിക്കൽ. ഡോക്ടർ സാറേയെന്നു നീട്ടി വിളിക്കുന്നുണ്ട്. എത്ര പറഞ്ഞാലും സാറേ വിളി കളയില്ല ഈ ചെക്കൻ.

ചെന്ന് ഗെയ്റ്റ് തുറന്നു പത്രം വാങ്ങി. വാർത്തകളിൽ പ്രതിപത്തിയേതുമില്ലെങ്കിലും ഒരു ദിനത്തിന്റെ തുടക്കം ചെറുപ്പം മുതൽ ഇങ്ങനെയാണ്. വാർത്തകളിലേക്ക് വെറുതെ കണ്ണോടിച്ചു. ക്ലിനിക്കിൽ ഒൻപത് മണിക്ക് എത്തണം.

ഓർമ്മകൾക്ക് ഒരു അവധി കൊടുക്കാമെന്നുകരുതി ഞാൻ കുളിമുറിയിലേക്ക് കയറി. എന്നാലോ?

നരകൾക്കിടയിലെവിടെയോ ഒക്കെ ചില കറുത്ത മുടികൾ.  ദേ ഇപ്പോൾ മിഴികൾക്ക് താഴെ കറുത്ത പാടുകൾ, ചുളിവുകൾ. വിരലിൽ കോർത്ത് വലിച്ച മറ്റൊരു സ്പർശനത്തിനായി വെറുതെ പരതൽ.

ഷവറിനടിയിൽ നിന്നു മിഴിനീരിൽ കൂടികലർത്തി ഒരു കുളി.

ഏട്ടാ. ദേ മുടി നരച്ചു. നോക്ക് ഒരെണ്ണം ഞാൻ പിഴുതു കളയാം. അല്ലെങ്കിൽ ഇതാകും ഇനി കളിയാക്കൽ. ഭാരം കൂടിയ ഒരു കണ്ണടയും വെച്ചിട്ടു  മറ്റുള്ളവരെ കൊണ്ട് പ്രായം പറയിപ്പിക്കാൻ. നരപിഴുതുകളയാൻ കണ്ണടച്ചു ഞാൻ ചേർന്നു നിന്നു കൊടുക്കും.

അവളുടെ ഉടയാത്ത മാറിലേക്ക് ഇടകണ്ണിട്ട് നോക്കി. വയറിൽ ദേഹം അമർത്തി.  ഇടയ്‌ക്കെപ്പോഴോ തോളിലേക്ക് തല ചേർത്തു വച്ചും. അവളുടെ കുഞ്ഞാകാൻ വേണ്ടി. ആ ഹൃദയത്തിന്റെ അടങ്ങാത്ത ദാഹം അറിഞ്ഞിട്ടും. എന്നാൽ…

അമ്മയായതിനുശേഷം അവളുടെ ആവലാതികൾ എന്നിലേക്ക് പരാതിയായി വന്നു തുടങ്ങിയത്. എന്നിലുണ്ടാക്കിയത് അസ്വസ്ഥതകളാണ്. പൂർണ്ണ തൃപ്തിയിൽ ഉള്ള ദാമ്പത്യ ജീവിതം അപൂർണ്ണതയിലേക്ക് വീണുപോകാൻ അധിക താമസമുണ്ടായില്ല. ചില രാത്രികളിൽ അവളുടെ താരാട്ടിന്റെ ശബ്ദത്തിൽ ഞെട്ടിയുണരും ഞാൻ വല്ലാത്ത ശബ്ദത്തിൽ കതകും വലിച്ചടയ്ക്കും.  അവളുടെ കണ്ണിൽ കത്തുന്ന ദേഷ്യം ഒരു അമ്മയുടേത് മാത്രമായിരുന്നു. എല്ലാ തർക്കങ്ങളുടെയും തുടക്കവും അവസാനവും കുഞ്ഞിൽ വന്നു നിൽക്കും. എനിക്കാകട്ടെ എല്ലാ അസ്വസ്ഥതകളും ഏറ്റുപറയാൻ കൂടപ്പിറപ്പ് മാത്രമായി. മനസിന്റെ ഭാരം കുറയ്ക്കാൻ മദ്യത്തിലേക്ക് യാത്ര ചെയ്തു തുടങ്ങി. പൊട്ടിതെറികൾ, കുറ്റപ്പെടത്തലുകൾ. അങ്ങനെയൊരു പുലർച്ചയിൽ അവൾ കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി.

പിന്നീട് കോടതി വരാന്തയിൽ തിരിഞ്ഞുപോലും നോക്കാതെ അവൾ മോനുമായി നടന്നു നീങ്ങി. ഞാനും യാത്രയായി എങ്ങോട്ടൊക്കെയോ. അലഞ്ഞുതിരിഞ്ഞ് ഈ കബനിയുടെ തീരത്ത് പർണ്ണശാലയിൽ ഒരു ഭിഷഗ്വരനായി.  സന്യാസിയെ പോലെ. ഇടയ്ക്കുളള ചേച്ചിയുടെ ആവലാതി നിറഞ്ഞ ഫോൺ വിളികളിൽ അവളുടെ ദയനീയത എന്നെ ശ്വാസം മുട്ടിക്കുമ്പോഴും എന്റെ മനസ്സിലെ കുറ്റവാളിയുടെ കുനിഞ്ഞ മുഖം വ്യക്തമായി തുടങ്ങി.

ഇനിയൊരു നേർകാഴ്ചയ്ക്ക് എനിക്ക് ധൈര്യമില്ല ബാലാ.. തോറ്റു നിൽക്കുന്ന നിന്റെ മുൻപിൽ.

മൂന്ന്

ക്ലിനിക്കിൽ പതിവിലും തിരക്ക്. വായിൽ നിറയുന്ന കഫത്തെ കാർക്കിച്ചും തുപ്പിയും ഇറക്കിയും ജീവിതത്തിന്റെ ഒരു ഭാഗം തീർത്തു  കൊണ്ടിരിക്കുന്ന കുറെ പാവങ്ങൾ. കുറേ സന്നദ്ധ സംഘടനയുടെ സഹായത്താൽ  ഈ ക്ലിനിക്ക് എങ്ങനെയൊക്കെയോ ഉന്തി തള്ളി പോവുകയാണ്. ഫോൺ നിർത്താതെ ബെല്ലടിക്കുന്നു. ചേച്ചിയാണ്. ഞാനത് ഓഫാക്കി വച്ചു.

തിരക്കൊഴിഞ്ഞ് കണ്ണടച്ച് ഇരുന്നപ്പോൾ മുന്നിൽ ഒരു കത്ത്. വിറയലോടെ തന്നെ ഞാൻ പൊട്ടിച്ചു.

പ്രിയപ്പെട്ട കൃഷ്‌ണേട്ടന്

ചേച്ചി, ഫോൺ ചെയ്യുന്നത് എന്റെ താങ്ങാനാവാത്ത വേദന കണ്ടാണ്. എന്റെ ജീവിതം ഹോമിക്കപ്പെടുന്നത് കണ്ടാണ്. അമ്മയാകണമെന്ന എന്റെ തീവ്ര ആഗ്രഹത്തിന് കൃഷ്‌ണേട്ടൻ എനിക്ക് നൽകിയ ദാനം ഞാൻ തിരിച്ചറിഞ്ഞതാണ് വർഷങ്ങൾക്കു മുൻപേ.  മദ്യത്തിന്റെ ലഹരിയിൽ ചൂണ്ടുവിരലിൽ നിർത്തിയത് ഞാനെന്ന സ്ത്രീത്വത്തെയാണ്. എന്നാൽ എനിക്ക് വേണ്ടിയിരുന്നത് നമ്മുടെ കുഞ്ഞിനെ ആയിരുന്നു. അതു നൽകാൻ കഴിയാത്ത ഒരാൾ എന്ന അറിവിൽ കൂടുതൽ ഞാൻ വേദനിച്ചില്ലേ പിന്നീട്.

ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിൽ ആരുടേയോ ബീജം എന്നിലേക്ക് ചേർക്കാൻ സമ്മതം നൽകിയ ഡോ. കൃഷ്ണകുമാർ എന്ന വിശാലഹൃദയന് ഒരിക്കലും ആ കുഞ്ഞിന്റെ അച്ഛനാകാൻ കഴിയാതെ ആയപ്പോൾ നഷ്ടപ്പെട്ടത് എനിക്കാണ്. പിതൃത്വം ഒരു വിശ്വാസമാണ്. അമ്മ ചൂണ്ടികാണിക്കുന്ന വിശ്വാസം. ഇവിടെ ഞാൻ എന്ന അമ്മ ഒരു പരാജയമല്ലേ? അടഞ്ഞുപോയ, ഒരുക്കലും ഭേദിച്ചു വരാൻ കഴിയാത്ത സത്യത്തിന് മുൻപിൽ ഞാൻ അമ്മയായി.

ചൂണ്ടികാണിക്കാൻ മുന്നിൽ ആരുമില്ലാതെ.

കുറ്റപ്പെടുത്താൻ ആകാതെ.

ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട്.

ജീവിതം ഹോമിച്ചു സ്‌നേഹിച്ച മകനാൽ ഉപേക്ഷിക്കപ്പെട്ട്.

വാർദ്ധക്യത്തിന്റെ കൊടും തണുപ്പിൽ വിറച്ച് വിറച്ച്.

ഇനിയൊരു കുമ്പസാരം വേണ്ട. എന്റെ മുൻപിൽ തല കുനിഞ്ഞുകൊണ്ട് വരികയും വേണ്ട. നമുക്കിടയിലെ തെറ്റും ശരിയും വിവേചിച്ചറിയാനാവാതെ പോയിരിക്കുന്നു.

എന്ന് സ്വന്തം

ബാല

അക്ഷരങ്ങളായി വന്ന പ്രകമ്പനങ്ങളിൽ ചുഴറ്റിയെറിയപ്പെട്ട വാർത്തയ്ക്ക് മുൻപിൽ ഞാൻ പുറപ്പെടുകയാണ് തിരികെ. ഫോൺ ഓണാക്കിയതും ഒരു മെസേജ്. ചേച്ചിയുടേത്.

‘നീയിനി വരേണ്ടതില്ല കൃഷ്ണ. എന്റെ മകനുണ്ട് ഇവിടെ.

ചിതയിൽ അവളെ അഗ്നി ശുദ്ധി വരുത്തുവാൻ.’

ആദ്യ ചെറുകഥാ സമാഹാരം ഭാവങ്ങൾ. ആശാൻ സാഹിത്യവേദി പുരസ്കാരം, കേരള കലാകേന്ദ്രയുടെ കമലസുരയ്യ സ്പെഷ്യൽ ജൂറി സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചു. പെണ്മഴയോർമ്മകൾ, പലവഴിക്ക് ഒഴുകുന്ന പുഴകൾ,എന്റെ പുരുഷൻ തുടങ്ങിയ ആന്തോളജിയിൽ സൃഷ്ട്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതുന്നു. അഭിഭാഷകയാണ്. പെരുമ്പാവൂർ സ്വദേശി..