പിൻ നടത്തം

ചുമരിലെ ഘടികാരം പിറകോട്ട് നടക്കുന്നതാണാദ്യം
ശ്രദ്ധയിൽ പെട്ടത്.
അതത്ര കാര്യമാക്കാതെ
കവിതയുടെ അവസാന വരി
എഴുതി പൂർത്തിയാക്കാൻ തീരുമാനിച്ചു.

കവിതയുടെ വരികളെല്ലാം മാഞ്ഞ്
ശീർഷകത്തിൽ എത്തിയിരിക്കുന്നത് കണ്ടതപ്പോൾ
കൈയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കി
സമയം പിറകോട്ട് പായുകയാണ്.

സന്ധ്യ പിറകോട്ട് നടന്ന്
നട്ടുച്ചയിലേക്ക് കത്തിപ്പടരുന്നു
ഇപ്പോൾ കവിതയുടെ ശീർഷകവും
മാഞ്ഞു പോയിരിക്കുന്നു.
കടലാസ്, പുസ്തകത്തിലേക്കും,
പുസ്തകത്തിൽ നിന്ന് മരത്തിലേക്കും
പിന്തിരിഞ്ഞു പോകുമായിരിക്കും

എൻ്റെ വെളുത്ത താടിയും മുടിയും കറുത്ത്,
കറുപ്പ് മീശയിലേക്ക് വ്യാപിക്കുന്നു.
ചുളിഞ്ഞ നെറ്റിത്തടം നിവർന്നു,
കവിളിൽ തുടിപ്പ് തിരിച്ചെത്തിയിരിക്കുന്നു.

ഞാൻ ഇളയ മകനെ വാരിയെടുത്തുമ്മ വെച്ചു.
അവനാകും ആദ്യം പൈതലായി
അമ്മയുടെ ഗർഭപാത്രത്തിലേക്ക്
തിരിച്ചു പോകുക,
പിന്നെ അതിനു മൂത്തത്
പിന്നെ അതിനും മൂത്തത്.

മക്കളെല്ലാരും തിരിച്ചുപോയി കഴിഞ്ഞ്
അവളും എന്നെ ഉപേക്ഷിച്ച് പോകുമല്ലോ
എന്നോർത്തപ്പോൾ സങ്കടം തോന്നി
“എന്നെ വിട്ട് പോകരുത് ” എന്ന് പറയാൻ മാത്രം
അടുപ്പം അന്ന് ഞങ്ങൾക്കുണ്ടാകുമോ!

കുറച്ച് കാലങ്ങൾകൊണ്ട്
മരിച്ചു പോയ അച്ഛൻ തിരിച്ചു വരും
ചായ്പ്പിലെ മരുന്നുമണമുള്ള
കട്ടിലിൽ എഴുന്നേൽക്കാനാകാതെ കിടക്കും
പിന്നെ എഴുന്നേറ്റ്
ഉമ്മറത്തെ ചാരുകസേരയിലേക്ക് ,
ഒരു ദിനം കറുത്ത മീശ ചുരുട്ടി
കലപ്പയും ചുമലിൽ വെച്ച്
വയലിൽ നിന്ന് ചളിച്ചെരുപ്പിട്ട് കയറി വരും.

അയൽപക്കത്ത്
പണി തീർന്ന കെട്ടിടങ്ങളുടെ
പെയിൻ്റ് മാഞ്ഞു തേപ്പ്തേഞ്ഞ്
ചെങ്കല്ലുകൾ
പുറത്ത് കാട്ടിത്തുടങ്ങിയിരിക്കുന്നു.
പണി പൂർത്തിയാകാത്തവ
ചുമരിൽ നിന്ന് തറയിലേക്കും,
തറ മാത്രം പണിതവ
കാലി സ്ഥലമായും മാറും,

എൻ്റെ വീട് ടെറസിൽ നിന്ന്
ഓലമേഞ്ഞ കുടിലിലേക്ക് തിരിച്ചു പോകും
മുറ്റത്ത് മുല്ലയും പനിനീരും കോളാമ്പിപ്പുവും ചെമ്പരത്തിക്കാടും…
നല്ല ഭംഗിയുണ്ടാകും കാണാൻ
തൊടിയിൽ തുമ്പയും, കുറുന്തോട്ടിയും, ചേമ്പും, ചേനയും, കുവ്വയും –
എന്നോ മുറിച്ച മാവും
പ്ലാവും, കശുമാവും തിരിച്ചെത്തും

നികത്തിയ വയലുകളൊക്കെ
നിരന്ന് വരമ്പിട്ട്
ചെളി നിറഞ്ഞു,
ഞാറ്റുപ്പാട്ടിൻ്റെ പഴയ ഈണം വീണ്ടും ഉയരും.

ഇംഗ്ലീഷ് മീഡിയം സ്കൂളുകളെല്ലാം
ഓല മേഞ്ഞ പള്ളിക്കൂടങ്ങളായി തീരും
ബസ്സും ട്രക്കുമില്ലാത്ത ചെമ്മൺ പാതയിലൂടെ
കുട്ടികൾ വീണ്ടും നടന്ന് പോകും
തലച്ചുമടുമായി പോകുന്നവരും,
കാവടിയേന്തിയ മീൻകാരും
മൂരി വണ്ടിയും തിരിച്ചു വരും

വറ്റിപ്പോയ പുഴ
തെളിഞ്ഞു തുള്ളി ഒഴുകും
മൂരിക്കാരൻ കുഞ്ഞവറാനവിടെ
മൂരികളെ തേച്ചു കുളിപ്പിക്കും.
പെണ്ണുങ്ങളുടെ കിന്നാരവും,
അലക്കുന്ന ഒച്ചയും പുഴ നിറക്കും,

ഞാൻ പൈതലായി
അമ്മയുടെ ഗർഭപാത്രത്തിലേക്ക് പോയതിൽ പിന്നെയാകും
ഗാന്ധിജി വെടി കൊണ്ട നെഞ്ച് തടവി
എഴുന്നേറ്റ് വരുന്നത്
ഗോദ്സെയെ നോക്കി ഗാന്ധി ചിരിക്കുമോ?
വെള്ളക്കാരെ പറഞ്ഞയച്ചതിൽ
സങ്കടപ്പെടുമോ?

പിന്നെയും കാലം പിറകോട്ട് …
ഹിറ്റ്ലർ ആത്മഹത്യയിൽ നിന്നുണർന്ന് വന്ന്
ക്രൂരത തുടരും.
എങ്കിലും,
കുട്ടിത്തത്തിലേക്ക് തിരിച്ച് പോയി
അമ്മയിലേക്ക് മടങ്ങും മുമ്പ്
എല്ലാം വെറുതെയായിരുന്നു എന്ന്
ഹിറ്റ്ലറും തിരിച്ചറിയും

കോഴിക്കോട് ജില്ലയിൽ വാണിമേൽ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. സുനാമി, ചുവന്ന മഷി കൊണ്ടൊരടി വര എന്നീ കഥാ സമാഹാരങ്ങൾ. ആനുകാലികങ്ങളിൽ ധാരാളം കഥകളും, കവിതയും, അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്