ഓരോ രചനകളും വ്യത്യസ്തമാകുന്നത് അവയുടെ രചനാ സവിശേഷതകൾ കൊണ്ടും വിഷയ സമീപനം കൊണ്ടുമൊക്കെയാണ്. പലപ്പോഴും വായനക്കാരെ വിസ്മയിപ്പിക്കുന്ന എഴുത്തുകൾ പിറക്കുന്നത് ആരും അറിയാത്ത ചിലരിൽ നിന്നാകും. ഓർക്കാപ്പുറത്ത് കാണുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ചില പുസ്തകങ്ങൾ അത്ഭുതകരമായ വായന നല്കി ആനന്ദിപ്പിക്കുക സംഭവിക്കാറുണ്ട്. അടുത്തിടെ നാട്ടിലെ ഒരു പുസ്തകമേളയിൽ നിന്നാണ് വിചിത്രമായ ഒരു പേരുള്ള പുസ്തകം കണ്ടെടുത്തത്. “പിപീലിക” എന്നും “യമ” എന്നും കണ്ടു. പുസ്തകം എടുത്ത് വായനക്കായി കൂടെക്കൊണ്ടു വന്നു. തിരക്കും വായനയും എഴുത്തും തകൃതിയായി പോകുന്നതിനിടെ അടുത്ത വായനയ്ക്കായി കൈകളിൽ തടഞ്ഞത് ഈ പുസ്തകമാണ്. വീണ്ടുമതേ അത്ഭുതം പേരിൽ!
പുസ്തകം തുറക്കും വരെ നോവലിൻ്റെ പേര് യമ എന്നും എഴുത്തുകാരിയുടെ പേര് പിപാലിക എന്നും വായിച്ചു. പുറംപേജിൽ നിന്നും അകത്ത് എഴുത്തുകാരിയുടെ ബയോഡേറ്റ വായിക്കുമ്പോൾ ആണ് യമ എന്ന കലാകാരിയുടെ പേര് ശ്രദ്ധിക്കുന്നത്. ആനുകാലികങ്ങളിൽ കഥ എഴുതുന്ന ആൾ എന്നത് കൂടി വായിച്ചപ്പോൾ ഇതുവരെ എന്തുകൊണ്ട് ഈ പേര് കേട്ടില്ല എന്നല്ല ചിന്ത വന്നത്. വായനയുടെ ലോകത്തിൽ എത്ര ശുഷ്കമായ ഒരു തലത്തിലാണ് നില്പ് എന്ന തോന്നലിൻ്റെ ജാള്യതയാണ്. അകത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവതാരികയിൽ കണ്ണുടക്കി. പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളായ ആനന്ദ്.! തീർച്ചയായും ഈ നോവലിന് എന്തെങ്കിലും പ്രത്യേകതയുണ്ടാകും എന്ന തോന്നൽ അതോടെ ദൃഢമായിക്കഴിഞ്ഞിരുന്നു.
നമ്മുടെ സാഹിത്യത്തിൽ എപ്പോഴും നാം ഉപയോഗിക്കുന്ന പശ്ചാത്തലം നമ്മുടെ കാലം ദേശം ഭാഷ സംസ്കാരം എന്നിവയാണ്. അതിനപ്പുറം നമുക്ക് മറ്റൊരു സംസ്കാരത്തെ വരച്ചു കാട്ടാൻ വളരെ ബുദ്ധിമുട്ടാണ്. മറ്റൊരു ഭാഷയുടെ , ചിന്തയുടെ , വ്യവഹാരങ്ങളുടെ ചിത്രം വരയ്ക്കുന്നത് എപ്പോഴും തർജ്ജമകളുടെ വായനകളിലാണ്. മലയാളി ഒരു പ്രവാസിയാണ്. കേരളത്തിന് പുറത്ത് അവനില്ലാത്ത നാടുകൾ ഇല്ല. അതിനാൽത്തന്നെ അവനെക്കുറിച്ച് എഴുതുമ്പോൾ ഒക്കെ അവൻ ഏത് നിലപാട് തറയിലാണോ ആ തലം വരച്ചുകാട്ടാനുള്ള വ്യഗ്രതയാണ് കാണുക. ആനന്ദ് തൻ്റെ നോവലിൽ കാണിച്ചത് ബോംബെയുടെ ജീവിതം മലയാളിയുടെ ചുമലിൽ വച്ച കണ്ണാടിയിലൂടെയാണ്. മുകുന്ദൻ്റെ ഡൽഹിക്കാഴ്ചകളും അതുപോലെ തന്നെയായിരുന്നു. ഇവിടെ യമ പി പാലികയിലൂടെ വരച്ചിടുന്നത് തുലോം വിരുദ്ധമായ ഒരു തലമാണ് എന്നതാണ് ഈ നോവലിൻ്റെ പ്രാധാന്യവും ശക്തിയും .
കേരളം ഇന്ന് പ്രവാസികളുടെ നാട് മാത്രമല്ല ഇതര സംസ്ഥാന മനുഷ്യർക്ക് പ്രവാസ ഭൂമി കൂടിയാണ്. ഒരു കാലത്ത് കേരളത്തിലെ ലയങ്ങളിലും കന്നുകാലി വളർത്തലിലും ഒക്കെ സർവ്വസാധാരണ കാഴ്ചയായി തമിഴ് ജനതയുണ്ടായിരുന്നു. പതിയെ അവർ പാത്രക്കച്ചവടവും തുണി, ഇലക്ട്രോണിക്സ് സംഗതികളും വട്ടിപ്പലിശയും തവണ വ്യവസ്ഥയുമായി വ്യവസായികൾ ആയി മാറുന്നത് നാം കണ്ടു. പിന്നെ ഒരു കുതിച്ചു കയറ്റം പോലെ ഉത്തരേന്ത്യൻ തൊഴിലന്വേഷകർ മലയാള മണ്ണ് തേടി വന്നു. മലയാളി ഉപേക്ഷിച്ചു പോയതോ ചെയ്യാൻ മടിച്ചു തുടങ്ങിയതോ ആയ ആ തൊഴിലുകളിലേക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ കടന്നു കയറി. അവരുടെ ജീവിതം വളരെ വിചിത്രമായിരുന്നു മലയാളിക്ക്. ഒരു വലിയ തകരഷീറ്റ് മുറിയുണ്ടെങ്കിൽ അതിലൊരു പത്തിരുപത് ബംഗാളികൾ താമസം ഉണ്ടാകും എന്നും കുറച്ചു പരിപ്പും, റൊട്ടിയും സവാളയും കൊണ്ടവർ വിശപ്പു മാറ്റി മാടിനെപ്പോലെ പണിയെടുക്കുമെന്ന് മലയാളികൾ തമാശ പറഞ്ഞു. നാട്ടിലെ എന്ത് കുറ്റവും ചാർത്തിക്കൊടുക്കുവാൻ തക്ക രൂപവും ചരിത്ര പിന്നാമ്പുറങ്ങളും മലയാളിക്ക് എലിയും പൂച്ചയും കളിക്ക് പറ്റിയ ഒന്നായി ഉത്തരേന്ത്യൻ തൊഴിലാളികളെ കണക്കാക്കി. പുകയില ഉത്പന്നങ്ങളും മയക്കുമരുന്നും മദ്യവും അവർക്ക് വിറ്റും അവരെക്കൊണ്ട് തുച്ഛമായ വേതനത്തിൽ പണിയെടുപ്പിച്ചു കമ്മീഷൻ പറ്റിയും അവരെക്കൊണ്ട് ക്വൊട്ടേഷൻ പണി ചെയ്യിപ്പിച്ചും മലയാളി മുതലാളികളായി വിലസി.
ഇത്തരം ചുറ്റുപാടുകളിൽ നിൽക്കുന്ന കേരള സമൂഹത്തിൽ, അവരെക്കുറിച്ചു അവർ തന്നെ പറയുന്ന, ചിന്തിക്കുന്ന ഒരു നോവൽ ഉണ്ടാകുക എന്നത് തീർച്ചയായും സ്വാഗതാർഹമാണ്. യമ ഈ നോവലിൽ (പിപാലിക എന്നാൽ ഉറുമ്പ് എന്ന് ബംഗാളി ഭാഷ) കൂടി ബംഗാളിൽ നിന്നും കേരളത്തിൽ ജോലി തേടി വന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ പറയുന്നു. നേരോടെ, വ്യക്തമായും അവരെക്കുറിച്ച് കുറച്ചെങ്കിലും പഠിച്ച് എഴുതിയ ഒരു നോവലെന്ന് ബോധ്യമാക്കുന്ന എഴുത്തു ശൈലിയാണ് ഇതിനുള്ളത്. അയാൾ കാണുന്ന മലയാളികളും അവരുടെ പെരുമാറ്റവും ചിന്തകളും അയാൾകൂടി ഭാഗമാകുന്ന ചില പ്രശ്നങ്ങളും ഒക്കെക്കൂടി ചേർന്ന ഒരു കഥയാണ് ഈ നോവലിൻ്റെ ഇതിവൃത്തം. ശക്തവും മനോഹരവുമായ ഭാഷയിൽ അത് പറയാൻ കഴിഞ്ഞു എന്നതാണ് ഈ നോവലിൻ്റെ വിജയം.
ഇത്തരം പരീക്ഷണങ്ങൾ കൂടുതൽ വായിക്കപ്പെടേണ്ടതാണ് എന്നു കരുതുന്നു. തീർച്ചയായും കാമ്പുള്ള ഒരു നോവൽ. കുറച്ചു കൂടി പറയാമായിരുന്നു. എന്നാൽ ഫിക്ഷനു കൂടി സ്ഥാനം നല്കി അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദവും വെളിച്ചവും എന്നും ഉറുമ്പുകളെപ്പോലെ അവ്യക്തവും അവഗണനയും ഏറ്റുവാങ്ങുന്ന ഒന്നാണെന്ന സത്യം യമ അടിവരയിട്ടു പറയുന്നു. ഒരു പാട് പറയാൻ ഇനിയുമുള്ള ഒരാൾ എന്നൊരു അർദ്ധ മൗനം ഒളിപ്പിച്ച പിപീലിക തീർച്ചയായും വായനക്കാർക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്യും.
പിപീലിക (നോവൽ)
യമ
മാതൃഭൂമി ബുക്സ് ( 2018)
വില: ₹ 70.00