”ഇപ്പോൾ സമയം എന്തായി?'”. വണ്ടി ജോൺ എഫ് കെന്നഡി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പാർക്കിംഗ് ഏരിയായിലേക്ക് കടന്നപ്പോൾ ദേവൻ ചോദിച്ചു.
” ആറു മണി ” നേർത്ത ശബ്ദത്തിൽ ഉമ മറുപടി പറഞ്ഞു.
“ടെർമിനൽ ത്രീ യിലാണ് ബോർഡു ചെയ്യേണ്ടത്. ” മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ എയർലൈൻസിൻ്റെ ടിക്കറ്റിൽ നോക്കി ഒന്നുകൂടി ഉറപ്പു വരുത്തിക്കൊണ്ട് ഉമ ആത്മഗതം ചെയ്തു.
“ടെർമിനലുകളിലേക്കുള്ള ട്രെയിനുകൾ അപ്പുറത്തെ ട്രാക്കിൽ നിർത്തിയിട്ടിട്ടുണ്ട്. എന്നാൽ പിന്നെ വേഗം പൊയ്ക്കോ? ഇമിഗ്രേഷൻ ഫോർമാലിറ്റീസ് കഴിഞ്ഞ് വിളിച്ചാൽ മതി. ഞാൻ പുറത്ത് വെയ്റ്റ് ചെയ്യാം.”
ഡിക്കിയിൽ നിന്നും ഉമയുടെ ചെറിയ ട്രോളിബാഗ് എടുത്ത് നീട്ടിക്കൊണ്ട് സുദേവൻ പറഞ്ഞു.
“അപ്പോൾ ശരി ബൈ” ബാഗ് നിലത്ത് ഉരച്ചു കൊണ്ട് ഉമ കൈവീശിക്കാണിച്ചു.
“ശരി ഉമാ”
സുദേവൻ പ്രതിവചിച്ചു. അവളുടെ നനവൂറുന്ന കണ്ണുകളിലെ ആകുലതകൾ അയാളെയും ശരിക്കും നോവിപ്പിക്കുന്നുണ്ട്.
ന്യൂയോർക്കിൽ നിന്നും രാവിലെ 10 മണിക്ക് പുറപ്പെടുന്നനെ ഫ്ലൈയറ്റിൽ ദോഹയിൽ ഇറങ്ങിയ ശേഷം തിരുവനന്തപുരത്തിനുള്ള കണക്ഷൻ ഫ്ലൈയറ്റിൽ നാട്ടിലേക്ക് യാത്ര പോവാനായി വന്നതായിരുന്നു ഉമ.
ഉമയും, സുദേവനും ന്യൂയോർക്കിൽ എത്തിയിട്ട് ഏകദേശം നാലു മാസങ്ങൾ മാത്രമെ ആയിട്ടുള്ളു. അവിടെ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടിയുള്ള തത്രപ്പാടിലായിരുന്നു ഇരുവരും ഇതുവരെ.
എന്നാൽ നാട്ടിലുള്ള അച്ഛമ്മയുടെ പെട്ടെന്നുണ്ടായ മരണം സത്യത്തിൽ ഉമയെ പിടിച്ച് ഉലച്ചു കളഞ്ഞു. അച്ഛമ്മയെ അവസാനമായി ഒന്നു കണ്ടില്ലെങ്കിൽ പിന്നീടുള്ള കാലം മുഴുവൻ അവരുമൊത്തുള്ള അനേകമനേകം ഓർമ്മകളുടെ അഗ്നി തന്നെ ചുട്ടുപൊള്ളിക്കുമെന്ന് ബോധ്യമായതോടു കൂടി നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ എമർജൻസി ടിക്കറ്റും തരപ്പെടുത്തി യാത്ര തിരിക്കുകയായിരുന്നു ഉമ.
അവളുടെ എല്ലാ ഇഷ്ടങ്ങൾക്കും കൂട്ടുനിൽക്കുന്ന ദേവൻ എപ്പോഴത്തേയും പോലെ ഇത്തവണയും അവളെ ചേർത്ത് പിടിക്കുക തന്നെ ചെയ്തു.
ട്രെയിനിറങ്ങി മൂന്നാം നമ്പർ ടെർമിനലിൽ എത്തിയപ്പോൾത്തന്നെ മുമ്പിൽ കുറച്ചധികം ബാഗേജുകളുമായി നിൽക്കുന്ന വെളുത്ത് മെലിഞ്ഞ നീല തലമുടിക്കാരിയെ ഉമ ശ്രദ്ധിച്ചിരുന്നു. അവളുടെ തുടുത്ത മുഖത്തെ ഉത്സാഹവും, പ്രതീക്ഷയും ചുറ്റും നിൽക്കുന്നവരിലേക്കു കൂടി പ്രസരിക്കുന്നതു പോലെ…
ബോർഡ് ചെയ്യാൻ രണ്ടു മണിക്കൂർ കൂടി ബാക്കിയുള്ളതുകൊണ്ട് ദേവനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും അയാളുടെ ആശ്വാസവാക്കുകളിലൊന്നും സ്വന്തം മനസ്സിനെ ഉറപ്പിച്ചു നിർത്താൻ ഉമയ്ക്ക്കഴിഞ്ഞില്ല
കണ്ണടയ്ക്കുമ്പോൾ തെളിയുന്ന അച്ഛമ്മയുടെ മെലിഞ്ഞു നീണ്ട രൂപം അവളെ ഇപ്പോൾ വല്ലാതെ ഹോണ്ടു ചെയ്യുകയാണ്.
“ശരി ഉമാ ബി കെയർ ഫുൾ ആൻഡ് സ്റ്റേ സേഫ്” എന്ന് ഒരു മന്ത്രം പോലെ ഉരുവിട്ടു കൊണ്ട് ദേവൻ ഫോൺ കട്ടു ചെയ്തു.
അതോടെ ഓർമ്മയുടെ ഒരു പാട് വാതിലുകൾ ഉമയുടെ മനസ്സിൽ ശരവേഗത്തിൽ തുറന്നടയുകയായിരുന്നു.
അമ്പലത്തിലും ആശാൻ പള്ളിക്കൂടത്തിലുമൊക്കെ ഒരു നിഴലുപോലെ തന്നെ പിൻതുടർന്നിരുന്ന അച്ഛമ്മ പെട്ടെന്നൊരു ദിവസം നിശബ്ദയായിപ്പോയത് എന്തുകൊണ്ടാവും.?’ അവൾ പിന്നെയും ചിന്തിച്ചു.
പഴയ സംഭവങ്ങളൊക്കെ ഓർക്കും തോറും കണ്ണീരിൻ്റെ സ്ഫടിക നിറമുള്ള ഒരു പാട വന്ന് കാഴ്ചയെ മറയ്ക്കുന്നതു പോലെ…..
കാത്തിരിപ്പിന് ദൈർഘ്രം പിന്നെയും ഏറുകയാണ്…. ഒരുനിമിഷാർദ്ധത്തിൽ പിറവിയെടുക്കുകയും പെട്ടെന്നു തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്ന, പുകമഞ്ഞു പോലെ മനസ്സിനുള്ളിലേക്ക് ഓടിക്കയറി വരുകയും പെട്ടെന്നു തന്നെ മാഞ്ഞു പോകുകയും ചെയ്യുന്ന ഓർമ്മകളുടെ ഭാരത്താൽ ഉമ പിന്നെയും പലവട്ടം തപിച്ചു.
ഫ്ലൈറ്റ് അനൗൺസ് ചെയ്യുന്നത് കേട്ടാണ് അവർ ചിന്തയിൽ നിന്നും ഉണർന്നത്.
വേഗം തന്നെ ട്രോളി ഉരുട്ടി ഫ്ലൈറ്റിനുള്ളിൽ കയറി എയർഹോസ്റ്റസ് ചൂണ്ടിക്കാണിച്ച സീറ്റിൽ ഇരുന്ന് തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ കണ്ട നീല മുടിക്കാരി അതാ തൻ്റെ തൊട്ടടുത്ത സീറ്റിൽ.
“ഹലോ ഐ ആം നിസ്സ ഫ്രം പാകിസ്ഥാൻ” പെൺകുട്ടി സൗഹൃദത്തോടെ കൈ നീട്ടി.
“ഉമ ,ഫ്രം ഇന്ത്യ” വളരെ പതിഞ്ഞ ശബ്ദത്തിൽ ഉമയും മറുമൊഴിചൊല്ലി.
“ഇനിയുള്ള 12 മണിക്കൂറുകൾ നമ്മൾ ഒന്നിച്ചാണ്. എൻ്റെ സൗഹൃദം ഞാൻ നിങ്ങൾക്കു തരട്ടെ ?” നിസ്സ ഉത്സാഹത്തോടെ ചോദിച്ചു.
അവളുടെ തുറന്ന പെരുമാറ്റവും ,സംസാരത്തിലെ ലാളിത്യവും ഉമയ്ക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു.
“ആവാം. ഏതു ഭാഷ നമ്മൾ ഉപയോഗിക്കും?” അവർ ചോദിച്ചു
“ഇംഗ്ലീഷ് മതിയോ, ?”
“തീർച്ചയായും “
രണ്ടു പേരും വളരെ പെട്ടെന്നാണ് സുഹൃത്തുക്കളായത്. അല്ലെങ്കിലും ശുദ്ധമായ സൗഹൃദത്തിൻ്റെ അതിർവരമ്പുകൾ ഭാഷയ്ക്കും വംശത്തിനുമൊക്കെ അതീതമായിരിക്കുമല്ലോ!
കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ എൺവയൺമെൻ്റ് എഞ്ചിനീയറിംഗിൽ റിസർച്ച് പൂർത്തിയാക്കിയ നിസ്സ എട്ടുവർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. അതിൻ്റെ ഉത്സാഹത്തിമർപ്പും ആകാംഷയും അവളുടെ ഓരോ വാക്കിലും ജ്വലിച്ചു നിൽക്കുന്നത് കൗതുകത്തോടെയാണ് ഉമ നോക്കി കണ്ടത്.
ഇരുവരും തമ്മിലുള്ള സംസാരത്തിൻ്റെ ഇടവേളകളിലെല്ലാം അച്ഛമ്മയുടെ ഓർമ്മകൾ വല്ലാതെ നോവിച്ചെങ്കിലും ഉമ നീരസം ഭാവിച്ചതേയില്ല. ഇടയ്ക്ക് എപ്പളോ അവൾ ചോദിച്ചു.
“നിസ്സ മാരീഡ് ആണോ?”
“അല്ല. പക്ഷേ അമേരിക്കൻ വംശജനായപങ്കാളിയുമൊത്താണ് താമസം. വിവാഹം വൈകാതെയുണ്ടാവും. വീട്ടിൽ നിന്നും അതിനുള്ള സമ്മതം വാങ്ങാനും വേണ്ടി ക്കൂടിയാണ് ഈ യാത്ര.”
നേരിയ നാണത്തോടെ നിസ്സ മറുപടി പറഞ്ഞു. അപ്പോൾ അവളടെ വെളുത്ത മുഖം പിന്നെയും കൂടുതൽ തുടുക്കുകയും ചുവക്കുകയും ചെയ്തു.
“ഞങ്ങളുടെ വീട്ടിൽനാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. ബാക്കിയുള്ള 5 പേരും വിവാഹം കഴിച്ച് നേരത്തെ തന്നെ സെറ്റിൽഡ് ആയവരാണ്. ചേട്ടന്മാർ എല്ലാവരും തന്നെ അച്ഛൻ്റെ പരമ്പരാഗത ബിസിനസ്സിൻ്റെ പങ്കാളികളാണ്. പിന്നെ ഒരു വിശേഷമുള്ളത് എന്താണെന്നു വച്ചാൽ ….”
ഒന്നു നിർത്തിയിട്ട് നിസ്സ പിന്നെയും തുടരുകയാണ്. അന്നേരം അവളുടെ മുഖത്ത് വാത്സല്യവും ആകാംഷയും കലർന്ന മറ്റൊരു ഭാവം വിരിഞ്ഞു വരുന്നത് ഉമ കൗതുകത്തോടെ നോക്കിയിരുന്നു.
“കഴിഞ്ഞ 8 വർഷത്തിനിടയ്ക്ക് എൻ്റെ അഞ്ച് സിബ്ളിങ്ങ്സിനുമായി ഒമ്പത് മക്കൾ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിട്ടുണ്ട്. അവരെയെല്ലാം ആദ്യമായി കാണുക എന്നതാണ് എൻ്റെ ഈ യാത്രയുടെ ഏറ്റവും വലിയ എക്സൈറ്റ്മെൻ്റ്. ഞാൻ കൊണ്ടുവന്ന ബാഗേജുകൾ നിറച്ച് അവർക്കായി വാങ്ങിക്കൂട്ടിയ സമ്മാനങ്ങളാണ്.” നിസ്സ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
“ഇത്രയും നേരം നോൺ സ്റ്റോപ്പായി സംസാരിക്കുന്നതിനിടയ്ക്ക് ഉമയുടെ വിശേഷങ്ങൾ ചോദിച്ചില്ല” ഒരു ക്ഷമാപണം പോലെ നിസ്സ പിന്നെയും പറഞ്ഞു.
“മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയാകാൻ വേണ്ടിയാണ് എൻ്റെയീ യാത്ര.” സംസാരത്തിൽ കഴിയുന്നത്ര സ്വാഭാവീകത വരുത്തി ഉമ പറഞ്ഞു.
അത്ര നേരവും ഉത്സാഹപ്പൂമ്പാറ്റകൾ പാറി നടന്ന നിസ്സയുടെ മുഖം ശോകാർദ്രമായി. ഒരു മുന്നറിയിപ്പും നൽകാതെ ഉമയുടെ കൈകൾ രണ്ടും ചേർത്തു പിടിച്ചു കൊണ്ട് അവൾ പതുക്കെ പറഞ്ഞു.
“സോറി ഉമാ .താങ്കളുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ ഇത്ര നേരവും ഞാൻ നിങ്ങളെ സംസാരിച്ച് ശല്യപ്പെടുത്തുകയായിരുന്നു”കണ്ണുകളിൽ ക്ഷമാപണം നിറച്ചു വച്ചിരുന്ന അവരുടെ ശരീരം ചെറുതായി വിറയ്ക്കുകയും മുഖം വിളറുകയും ചെയ്തിരുന്നു.
ഉമയുടെ മുഖം തൻ്റെ വലത്തു തോളിൽ ചേർത്തുവച്ചു കൊണ്ട് അവർ പിന്നെയും പലവിധ ആശ്വാസവാക്കുകളും ചൊരിഞ്ഞു കൊണ്ടിരുന്നു.
സഹയാത്രികയിൽ നിന്നും പെട്ടെന്നുണ്ടായ സ്നേഹസ്പർശനത്തിൻ്റെ നിറവ് ഒരു സാന്ത്വനം പോലെ തനിക്കുമേൽ പതിച്ചപ്പോൾ സുദീർഘമായ തൻ്റെ യാത്രയുടെ ക്ലേശങ്ങൾ പങ്കു വയ്ക്കാൻ പ്രിയപ്പെട്ട ആരൊക്കെയോ കൂടെയുള്ളതു പോലെയുമുള്ള സുരക്ഷിതത്വബോധമാണ് ഉമയ്ക്ക് തോന്നിയത്.
രണ്ടു പേരുംഎത്ര നേരം അങ്ങന്നെ ഇരുന്നു എന്ന് അറിയില്ല. പഴയ നാട്ടുവഴികളും അമ്പലവും കാവുമൊക്കെ ഉമയുടെ ഓർമ്മയിലൂടെ മിന്നി മറഞ്ഞു. അവിടേയ്ക്കുള്ള യാത്രകളിൽ എപ്പോഴും തന്നെ ചേർത്തു നിർത്തുകയും പൊതിഞ്ഞു പിടിക്കുകയും ചെയ്തിരുന്ന ഞൊറിവീണ രണ്ടു കൈകളുടെ സ്മരണ പിന്നെയും പലവട്ടം അവളെ ചുട്ടുപൊള്ളിക്കുകയും ആ നൊമ്പരത്തീക്കനൽ താങ്ങാനാവാതെ കണ്ണുകൾ നിറയുകയും ചെയ്തു.
അപ്പോഴൊക്കെ തൊട്ടടുത്ത സീറ്റുകളിലെ കാഴ്ചകളിലേക്ക് ഉമയുടെ മനസ്സിനെ തിരിച്ചുവിട്ടു കൊണ്ട് അവളുടെ മനസ്സിലെ സംഘർഷങ്ങളുടെ ഭാരം ലഘൂകരിക്കാൻ നിസ്സ വല്ലാതെ ബദ്ധപ്പെടുന്നുണ്ടായിരുന്നു.
അവരുടെ എതിർവശത്തിരുന്ന് ഏണിയും പാമ്പും കളിച്ച് രസിക്കുന്ന വൃദ്ധ ദമ്പതികളെ ചൂണ്ടിക്കാണിച്ചു കൊണ്ട് നിസ്സ പിന്നെയും പറഞ്ഞു.
“ഒന്നു ചിന്തിച്ചാൽ ഭൂമിയിലെ എല്ലാത്തരം ജീവിതങ്ങളുടെയും മിനിയേച്ചർ രൂപങ്ങൾ നമ്മുടെ ഈ വാഹനത്തിൽ തന്നെയുണ്ട് ഉമാ. ഒരാൾ കഠിനവൃഥയാൽ വേവുമ്പോൾ മറ്റൊരാൾ അമിതാവേശം കൊണ്ട് ട്രില്ലടിച്ചിരിക്കുകയാവും. വേറൊരാളാവട്ടെ കടുത്ത ആകാംഷ കൊണ്ട് ആശങ്കാകുലനായിരിക്കും.
മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരേ ലക്ഷ്യത്തിലേക്കു പോകുന്ന ഈ വാഹനത്തിലെ മുന്നൂറ്റി നാല്പതു പേരും വ്യത്യസ്തമായ മുന്നൂറ്റി നാല്പത് ലോകങ്ങളിൽ വിഹരിക്കുന്നവരാണ്. ഓരോരുത്തരുടെയുള്ളിലും കൂടുകൂട്ടിയിരിക്കുന്ന വേദനയും സംഘർഷവും സന്തോഷവുമെല്ലാം അവർക്കു മാത്രം സ്വന്തം. ഇങ്ങനെയൊക്കെ ത്തന്നെയാണ് നമ്മുടെ എല്ലാവരുടെയും ജീവിതവും. “
“സമാന സംഭവങ്ങൾ എല്ലാവരുടേയും ജീവിതത്തിൽ എന്നെങ്കിലുമൊക്കെ ഉണ്ടായേക്കാം. പക്ഷേ ഓരോരുത്തരും അതിനെ സമീപിക്കുന്ന രീതി, എടുക്കുന്ന പെയിൻ ഒക്കെയാണ് നമ്മെയെല്ലാം വ്യത്യസ്തരാക്കുന്നത്. ഇപ്പോൾത്തന്നെ പ്രിയപ്പെട്ട ഒരാളുടെ വേർപാടിൽ നിങ്ങളനുഭവിക്കുന്ന വേദന അത് നിങ്ങളുടെ മാത്രം സ്വകാര്യതയാണ് ” ഒന്നു നിർത്തിയിട്ട് നിസ്സ പിന്നെയും തുടർന്നു.
“ഒരിക്കലും മലാല യൂസഫ്സായിക്ക് നിസ്സയാവാൻ കഴിയില്ല. നിസ്സക്ക് ബിലാവൽ ഭൂട്ടോ ആവാനും കഴിയില്ല. ഒരോരുത്തരും അവരവരുടെ ശരിതെറ്റുകളിലേക്ക് ആണ്ടു പോകുന്നത് എത്ര സ്വാഭാവികതയോടെയാണ്! “
“ജനനത്തിലും മരണത്തിലുമൊക്കെയുള്ള ഭാരതീയരുടെ കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളുടെ പുരാണങ്ങളിൽ പറയുന്ന കർമ്മബന്ധങ്ങളും മോക്ഷവുമൊക്കെ തീർച്ചയായും വളരെയധികം കാല്പനികത നിറഞ്ഞതു തന്നെയാണ്.”
നിസ്സ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
എപ്പഴോ ഉറക്കം അപഹരിച്ച കണ്ണുകൾക്കുള്ളിൽ മൂന്നു തിരിയിട്ടു കത്തിച്ച ഒരു നിലവിളക്കും ഹരിനാമകീർത്തനത്തിൻ്റെ പതിഞ്ഞ ഈരടികളും വന്നു നിറഞ്ഞതും അതിലൂടെ മോക്ഷമാർഗ്ഗങ്ങളുടെ പൊരുളുകൾ ചുരുളഴിഞ്ഞു വരുന്നതും ഒരു സ്വപ്നത്തിലെന്ന പോലെ ഉമ അറിഞ്ഞുകൊണ്ടിരുന്നു.