വിരസമായ ദിനചര്യകൾക്കിടയിൽ മനസ്സിന് സന്തോഷം പകരാൻ ഉതകുന്ന ഒന്നാണ് വായന. വായനകൾ പലതരം ഉണ്ട്. ബൗദ്ധികവും ആത്മീയവുമായ വായനകൾ മാത്രമല്ലവ. കേവലമായ മനോവ്യാപാരങ്ങളിൽ നിന്നു കൊണ്ടു മനസ്സുകൊണ്ടുള്ള വായനയുണ്ട്. അത് പലപ്പോഴും വായനയുടെ ശരിക്കുള്ള അനുഭൂതി നല്കുന്നു. എന്തെഴുതുന്നു എന്നതാണല്ലോ എഴുത്തുകാരന് മുഖ്യം. എന്നാലെന്ത് വായിക്കണം എന്ന് വായനക്കാരന് തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ട് . കഥ പറയുന്ന മനുഷ്യർ നല്ല ഭാവനയുള്ളവരും ജീവിതാനുഭവങ്ങളെ ആഴത്തിൽ അനുഭവിച്ചവരോ, അറിഞ്ഞു കണ്ടു പരിചയിച്ചവരോ ഒക്കെയാകും. വളരെ ഒഴുക്കോടെ ചിലർ കഥ പറഞ്ഞു പോകും. ചിലരാകട്ടെ പറഞ്ഞു ബോറടിപ്പിക്കും. ചിലർക്ക് പറയുന്നത് ദുരൂഹമായ ബിംബങ്ങളിലൂടെ വാചക കസർത്തുകളിലൂടെ ആകണം എന്ന് നിർബന്ധമാണ്. മിക്കവാറും അത്തരക്കാർക്കാണ് അവാർഡുകൾക്ക് യോഗം. കാരണം എഴുതിയവനോ അതെന്തെന്നറിയില്ല. വായിക്കുന്നവനും. അങ്ങനെ അത് സമ്മതിച്ചു കൊടുത്താൽ തങ്ങളുടെ ബുദ്ധിജീവി പട്ടം നഷ്ടമാകും എന്നു തോന്നി അവർ ആടിനെ പട്ടിയും പേപ്പട്ടിയും ആക്കും. ഇത് കണ്ട് മൂക്കത്ത് വിരൽ വയ്ക്കുന്നവരിൽ മുന്നിൽ എഴുത്തുകാരനും ഉണ്ടാകും എന്നതാണ് രസം. അടുത്തിടെ ഒരെഴുത്തുകാരി കുറച്ചു കഥകൾ ഒരു പുസ്തകമാക്കി ഇറക്കി. അതിലെ കഥകൾ വായിച്ചു (?) ഒരു സാഹിത്യ കാരണവർ വലിയ വാക്കുകൾ എഴുതി. എഴുത്തുകാരിയോട് കഥയുടെ കാര്യമോ കഥാപാത്രങ്ങളുടെ പേരോ ഒരു ചർച്ചയിൽ ഒരു വായനക്കാരൻ പ്രതിപാദിച്ചപ്പോൾ എഴുത്തുകാരിക്കു പോലുമറിയില്ല ആ പേര് ആ കഥാപാത്രത്തിന് തന്നെയാണോ എന്ന്. പാവം എഴുത്തുകാരി കുട്ടിക്കാലം മുതൽ എഴുതിത്തുടങ്ങിയ ആളായതിനാൽ മറന്നു പോയതാകാം എന്നാശ്വസിക്കാം. സ്വന്തം എഴുത്തുകൾ വായനക്കാരിലേക്ക് പകർന്നിട്ടു കഴിഞ്ഞാൽ പിന്നെയതോർത്തു വ്യാകുലപ്പെടുന്നവരല്ല എഴുത്തുകാർ . കാരണം അവർ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇനി അവരെ തള്ളേണ്ടതും കൊള്ളേണ്ടതും വായനക്കാരാണ്.
എഴുത്തിന്റെ ഈ മർമ്മം അറിഞ്ഞ ഒരെഴുത്തുകാരിയാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുകാരിയായ ശ്രീമതി ഷാമില ഷൂജ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ ഈ എഴുത്തുകാരി ഒരു തികഞ്ഞ വീട്ടമ്മയും പാതി സമയ സാഹിത്യ പ്രവർത്തകയും ആണ് . തിരുവനന്തപുരത്തെ ഒട്ടുമിക്ക സാഹിത്യ സദസ്സുകളിലും സ്ഥിരസാന്നിധ്യമായ ഷാമില ഒരു കവിയെന്ന നിലയിലാണ് അറിയപ്പെടുന്നത്. അവർ ആറ്റുകാൽ ദേവിയുടെ സ്തുതിഗീതങ്ങൾ കാസറ്റായി ഇറക്കി പ്രശസ്തയുമാണ്. കവിതാ പുസ്തകം മാത്രമല്ല കുട്ടികൾക്ക് വേണ്ടിയും പുസ്തകങ്ങൾ ഇറക്കിയിട്ടുള്ള ഷാമിലയുടെ പുതിയ പുസ്തകം ആണ് ” പാൽ ഞരമ്പുകൾ ” എന്ന കഥാസമാഹാരം. 19 കഥകൾ അടങ്ങിയ ഈ പുസ്തകം കെട്ടിലും മട്ടിലും എഡിറ്റിംഗിലും നല്ല നിലവാരം പുലർത്തുന്ന ഒന്നാണ്.
പലപ്പോഴും കഥാകാരന്‍ മുന്നേ നടക്കുന്നവന്‍ ആണ് . തന്റെ ഭാവനകളും ചിന്തകളും കാഴ്ചകളും. നവീകരണത്തിന്റെ , പുരോഗമന ചിന്തയുടെ പച്ചപ്പിലൂടെ മേയാന്‍ വിടുന്ന കഥകള്‍ ആകും അത്തരക്കാര്‍ കാഴ്ച വയ്ക്കുക. ഒരു സാധാരണ വീട്ടമ്മയുടെ തലത്തില്‍ നിന്നുകൊണ്ട് , സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ തികച്ചും വേറിട്ട് കാണാന്‍ ശ്രമിക്കുന്ന ഒരു ശൈലി ഷാമില കൈക്കൊള്ളുന്നതായി കാണാന്‍ കഴിയും . മാനുഷികമായ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് ,വ്യക്തികളെ അവരവരുടെ സ്വതബോധത്തില്‍ നിര്‍ത്തിക്കൊണ്ട് ചിന്തിപ്പിക്കുന്ന എഴുത്തുകാരി അതിനാല്‍ത്തന്നെ നിലവിലുള്ള സദാചാര ചിന്തകളെ ശരിക്കും കുടഞ്ഞെറിയുന്ന ചിന്താഗതികള്‍ കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുന്നു. കുടുംബിനി ആയിരിക്കുകയും അതേസമയം തനിക്കിഷ്ടപ്പെട്ട ഒരു പുരുഷന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കൊതിക്കുകയും ചെയ്യുന്ന ഒരുവള്‍ക്ക് അത് വളരെ എളുപ്പമാണ് എന്നിടത്ത് വലിയ വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. പക്ഷെ അതിനു തന്റെ ജീവിത പങ്കാളിയുടെ സമ്മതം ചോദിക്കുകയും അദ്ദേഹത്തിന്‍റെ കൂടി അറിവോടെ അങ്ങനെ ഒരു കുട്ടിക്ക് ജന്മം നല്‍കുകയും അതിനെ മറ്റു കുട്ടികള്‍ക്കൊപ്പം വളര്‍ത്തുകയും ഒരു പരാതിയുമില്ലാതെ പഴയത് പോലെ ജീവിതം സന്തോഷകരമായി കൊണ്ട് പോകുകയും ചെയ്യുന്ന ഒരു കുടുംബത്തെ തീര്‍ച്ചയായും ഇന്നത്തെ സമൂഹത്തിലും അനുകൂലിക്കുന്നവര്‍ കുറവാകും എന്ന തിരിച്ചറിവ് എഴുത്തുകാരിക്ക് ഉണ്ടാകാതെ തരമില്ല. അപ്പോഴും വ്യത്യസ്തമായ ആ ചിന്ത പങ്കു വയ്ക്കാന്‍ ഉള്ള ധൈര്യം സ്വാഭാവികമായ ഒരു വസ്തുതയല്ല. എഴുത്തുകാര്‍ മുന്നേ നടക്കുന്നവര്‍ ആണെന്നത് ശരിയെന്നു കരുതുന്ന ഒരാള്‍ ആകണം എന്നു മാത്രം കരുതാം. അതുപോലെ തന്നെ ‘പെണ്ണരശു നാട്ടില്‍’ എത്തുന്ന ഒരാളുടെ കാഴ്ചകള്‍ സ്വപ്നത്തില്‍ എങ്കിലും കാണുന്ന ഒരു നായിക ഉണ്ട് . പറഞ്ഞു പഴകിയ ഒരു വിഷയം ആണെങ്കിലും അതിനെ വലിയ പരിക്കുകള്‍ ഇല്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുന്നു ഷാമിലയിലെ എഴുത്തുകാരിക്ക്.
സ്ത്രീയുടെ മാനസിക വ്യാപാരങ്ങളെ പങ്കുവയ്ക്കാന്‍ സ്ത്രീ തന്നെ വേണം എന്നൊരു ധാരണ പൊതുവേ ഉണ്ട് . ചിലപ്പോഴൊക്കെ അത് ശരിയാണെന്ന് തോന്നുന്ന എഴുത്തുകള്‍ കാണാറുണ്ട്. ‘പാല്‍ ഞരമ്പുകള്‍’ എന്ന കഥ അതുപോലെ തോന്നിപ്പിക്കുന്നതാണ്. കഠിനമായ ജീവിതപാതയിലൂടെ നടന്നു വന്ന അമ്മയും മകളും .ഗാര്‍ഹികപീഡനപര്‍വ്വങ്ങളുടെയും സഹനത്തിന്റെ സ്ത്രീ മനസ്സുകളുടെയും സ്ഥിരം കാഴ്ചകള്‍ ആണ് ആ കഥയെങ്കില്‍ അതിനെ വ്യത്യസ്ഥമാക്കുന്നത് ആദ്യ വേതനം കിട്ടുമ്പോള്‍ മകള്‍ അമ്മയ്ക്ക് നല്‍കുന്ന സമ്മാനം ആണ് . ഒരു ബാല്യത്തിലേക്ക് അമ്മയെ നടത്തിക്കൊണ്ടു, ഉടലിലാകെ പാല്‍മണം നിറഞ്ഞ അമ്മയില്‍ നിന്നും മകള്‍ അമ്മയും അമ്മ മകളുമായി പരാവര്‍ത്തനം നടത്തുന്ന ആ കാഴ്ച വേറിട്ടത് തന്നെയാണ് വായനയില്‍. ഒരു കാലത്ത് സുലഭമായിരുന്ന കഥകള്‍ ആയിരുന്നു മുസ്ലീം കുടുംബപശ്ചാത്തലത്തില്‍ ഉള്ള ഉമ്മമാരുടെ അടുക്കള വിശേഷങ്ങളും മധുരവും നൊമ്പരവും പിടച്ചിലും വേവലാതികളും ഒക്കെ. അടുത്തിടെ അവ നഷ്ടപ്പെട്ട ഒരു ഓര്‍മ്മ. അതിനെ തിരികെ പിടിക്കുന്നു ഷാമില തന്റെ ചില കഥകളില്‍. വായനക്കാരെ ആ ഉമ്മമാരുടെ സ്നേഹത്തിനും വേദനയ്ക്കും ഒപ്പം സഞ്ചരിക്കാന്‍ കഴിയുന്ന വിധത്തില്‍ അവയെ പറഞ്ഞപ്പോള്‍ പഴയകാല എഴുത്തുകാരുടെ വിരലൊപ്പുകള്‍ ഷാമിലയില്‍ പതിഞ്ഞിരിക്കുന്നത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. മനുഷ്യത്വം എന്നത് മാനവികത എന്നത് മതത്തില്‍ അല്ല പരസ്പരം ഉള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ആണ് എന്ന് എഴുത്തുകാരി നിസ്സംശയം പറയുനുണ്ട് തന്റെ കഥകളില്‍. ജീവിതഗന്ധിയായ കഥകള്‍ ആണ് എല്ലാം തന്നെ.
കഥകള്‍ എല്ലാം മികച്ചതെന്ന അഭിപ്രായം ഇല്ല . പറഞ്ഞു പഴകിയതും വായിച്ചു പോയതുമായ പല സങ്കേതങ്ങളും കഥകളും ഇവയിലും തുടരുന്നുണ്ട് എങ്കിലും വേറിട്ട ചിന്തകള്‍ കൊണ്ട് ചില കഥകള്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നുണ്ട് . വായന മുഷിവു ഉണ്ടാക്കുന്ന ഒന്നാക്കി മാറ്റാതിരിക്കാന്‍ എഴുത്തുകാരി ശ്രദ്ധിച്ചിരിക്കുന്നു എന്നത് നല്ല കാര്യമാണ്. വലിച്ചുനീട്ടി പഴമ്പുരാണം പറയാതെ ആറ്റിക്കുറുക്കി പറയാന്‍ എഴുത്തുകാരിക്ക് കഴിയുന്നുണ്ട്. കൂടുതല്‍ കഥകള്‍ പറയാന്‍ തനിക്കുണ്ട് എന്ന് ധ്വനിപ്പിക്കുന്ന ഒരു നിശബ്ദത കഥകളില്‍ അവശേഷിപ്പിക്കുന്ന ഈ എഴുത്തുകാരിയില്‍ നിന്നും ഇനിയും കഥകള്‍ പ്രതീക്ഷിക്കുന്നു .