പാസ്സീവ് പാർട്ണർ

“നീ ഇപ്രാവശ്യം കാച്ചിത്തന്ന എണ്ണക്ക് എന്തോ കുഴപ്പമുണ്ട് എന്റെ മുടിയുടെ ഉള്ളു വല്ലാതെ കുറയുന്നു.”

കണ്ണാടിയുടെ മുമ്പിൽ നിന്നു കൊണ്ട്  ചാഞ്ഞും ചെരിഞ്ഞും നോക്കി മുടി ചീകുന്നതിനിടയിൽ അയാൾ പറഞ്ഞുകൊണ്ടിരുന്നു.

“അസോസിയേഷൻന്റെ പിരിവിനു ചെന്നപ്പോൾ കുര്യച്ചന്റെ ഡോളി പറയുന്നു എന്നെ കണ്ടാൽ മുപ്പത്തഞ്ചിനപ്പുറം മതിക്കില്ലെന്നു.”

അവൾ പക്ഷെ ഉറങ്ങി പോയിരുന്നു. പിന്നെ മയക്കത്തിന്റെ ചില്ലകൾ ഉമ്മവെച്ചു മൂടുന്ന മിഴികൾ ആയാസപ്പെട്ട് തുറക്കാൻ ശ്രമിച്ചു. അവൾ അലസമായി   മൂളി.

അടഞ്ഞ ഇമകൾക്കുള്ളിൽ താനെ തളിർത്തു പൂക്കുന്ന പൂവള്ളികളിൽ പിടിച്ചു തൂങ്ങി അവൾ അപ്പോഴേക്കും ഒരു കടൽത്തീരത്ത് എത്തി കഴിഞ്ഞിരുന്നു. തീവ്രവിഷാദിയായ ഒരോർമ പോലെ കടലിന്റെ ആകാശത്തു ഇരുട്ട് പെയ്തിറങ്ങി.

അവൾ വീണ്ടും ഉറങ്ങിപ്പോയി.

അയാൾ അരികിൽ വന്നു കിടന്നപ്പോൾ അവൾ വീണ്ടും ഞെട്ടിത്തെറിച്ചുണർന്നു. ഉറക്കത്തിന്റെയും ഉണർവിന്റെയും ഇടയിലെ നോ മാൻസ് ലാന്റിന്റെ ആകാശത്തു തിരിച്ചറിവുകളുടെ കൊള്ളിയാനുകൾ  ഉദാസീനമായി മിന്നിപ്പൊലിഞ്ഞു. ഇപ്പോൾ ഉടലിലേക്ക് എടുത്തെറിയപ്പെടുന്ന അയാളുടെ കൈകാലുകൾക് ഒരു യന്ത്രത്തിന്റെ ആസുരതയുണ്ട് നിർദയത്വവും.

“നീ ആ വത്സമ്മയെ അടുത്തെങ്ങാനും കണ്ടിരുന്നോ. അവളുടെ ആ അരക്കെട്ടിന്റെ വടിവ് ഒന്ന് കാണണം. അവൾ ഈയിടെ ഒന്ന് മിനുങ്ങിയിട്ടുണ്ട് അല്ലെ ?ചില പെണ്ണ്ങ്ങൾ അങ്ങനെയാ മെനോപോസിലാണ് മിനുക്കം കൂടുക.”

ഉപയോഗിച്ചുപയോഗിച്ചു തേഞ്ഞു തീർന്ന ഒരു വീട്ടുപകരണത്തെയെന്ന പോലെ അലസമായി അയാൾ അവളെ തൊട്ടു. പിന്നെ ‘പുതിയതൊന്നുമില്ല, ഒക്കെ പ്രതീക്ഷിച്ചത് തന്നെ’ എന്ന ഒരു ഉദാസീനതയോടെ അവളെ വിവസ്ത്രയാക്കാൻ തുടങ്ങി.

“ആട്ടെ ഓഫീസിൽ നിന്നും വന്നിട്ട് നീയെന്താണിത്രനേരം ചെയ്തത്? പതിവുപോലെ വെറുതെ ഇരുന്നു സ്വപ്നം കണ്ടു കാണും അല്ലെ? ഇന്ന് നീ അത്താഴത്തിനു വിളമ്പിയ മെഴുക്കുപുരട്ടിക്ക് പഴക്കച്ചുവയുണ്ടായിരുന്നു.”

സ്വപ്നമോ? അതെന്താണ്? തിരസ്‌കൃതരുടെ ജ്വരനിദ്രകളിലെ വെളിപാടുകൾക്ക് സ്വപ്നമെന്നോ പേര്?

അവൾ വീണ്ടും ഉറങ്ങി തുടങ്ങിയിരുന്നു.

വേലിയേറ്റം നനച്ചു മിനുസപ്പെടുത്തിയ മണലിൽ കാലടിപ്പാടുകൾ ശേഷിപ്പിച്ചുകൊണ്ടു ഒരു രണ്ടുവയസുകാരൻ കടലിന്റെ നേർക്ക് നടന്നു പോകുന്നത് അവൾ കണ്ടു. ഇടയ്ക്കിടെ തിരിഞ്ഞുനോക്കി. അവൻ അവളെ നോക്കി ചിരിച്ചു.

“എന്തെങ്കിലും ക്രീയേറ്റീവ് ആയി ചെയ്യരുതോ നിനക്ക്. ആ സുനിത തയ്ചിട്ടു വരുന്ന ചൂരിദാർ സൂട്ടുകൾ കാണണം. ഹോ എന്താ ഒരു ബോഡി ഷേപ്പ്.”

മുലകളിലേക്ക് മുഖമമർത്തി അയാൾ നിശ്വസിച്ചു.

“ഒന്ന് പെറ്റിരുന്നെങ്കിൽ നിന്റെ മുലകൾ കുറെ കൂടി മൃദുലങ്ങളാകുമായിരുന്നു.”

അവളുടെ അടഞ്ഞ കണ്ണുകൾക്കുള്ളിലെ ഇരുട്ടിൽ തിരമാലകളുടെ വെള്ളിച്ചിറകുകൾ ഭ്രാന്തമായി ഉയർന്നു താണുകൊണ്ടിരുന്നു.

“അരുതു ഉണ്ണി അത് കടലാണ്.” ഉറക്കത്തിൽ അവൾ ശബ്ദമില്ലാതെ കരഞ്ഞു.

“നിന്നെ പോലെയൊരു പാസിവ് പാർട്ണറെ വേറെ എവിടേം കാണില്ല.” ആദ്യത്തെ ആഴലിൽ ഞെട്ടിയുണർന്നപ്പോൾ അയാൾ പറയുന്നത് അവൾ കേട്ടു. തങ്ങൾക്കിരുവർക്കും ഇടയിൽ ഒരു പെൺ ശരീരത്തിന്റ സൺഡയഗ്രം ആരോ വരച്ച്‌ വെച്ചിട്ടുണ്ടെന്നവൾക്ക് തോന്നി. ഓരോ രശ്മിയും ഓരോ ആഴൽ

പാസ്സീവ് പാർട്ണർ, ഇറോട്ടിക്, മെനോപോസ്, ഓർഗാസം.

ഇപ്പോൾ ഉടലിനു മുകളിൽ ആർത്തിരമ്പുന്നത് ഒരു കൂറ്റൻ യന്ത്രപ്പാവയാണ്. ജാലകത്തിനരികിൽ നിന്ന് നിർനിമേഷം നോക്കുന്ന നിലാവില്ലാത്ത രാത്രിയെ നോക്കി അവൾ വിരസമായി  ചിരിച്ചു. പ്രാണൻ കൂടു വിട്ടുപോയ ഉടലിനു ഇനി എന്ത് വേദന? ആത്മനിന്ദ?

“നാളെയെനിക്ക് നേരത്തെ പോകണം ബ്രേക്ഫ സ്റ്റിന് നേരമുണ്ടാകില്ല. അത് ലഞ്ച് നോടൊപ്പം പാക്ക് ചെയ്‌താൽ മതി. ഷർട്ട് ഇസ്തിരിയിട്ടു വെച്ചിട്ടുണ്ടല്ലോ.” കിതപ്പുകൾ അവസാനിക്കുന്നതിനു മുമ്പേ അയാൾ പറഞ്ഞു. അവസാനത്തെ വാക്കുകൾ കൂർക്കം വലിയിൽ മുങ്ങിപ്പോയിരുന്നു.

രാത്രി ജനലഴികളിലൂടെ കൈകൾ നീട്ടി അവളെ അലിവോടെ തൊട്ടു. ഇപ്പോൾ ചങ്ങലയഴിഞ്ഞ ഉന്മാദിനീയെപ്പോലെ ഉറക്കം തനിക്ക് ചുറ്റും പമ്പരം കറങ്ങുകയാണ്. രാത്രിയുടെ ഗന്ധങ്ങളും ഒച്ചകളുമെല്ലാം ആ ഉന്മാദിനിയോടൊപ്പം വട്ടം കറങ്ങിക്കൊണ്ടിരുന്നു.

“നീ ആരെയാണ് സ്വപ്നം കാണുന്നത്.” അരികിൽ കിടക്കുന്നയാൾ ഉറക്കത്തിൽ പിറുപിറുക്കുന്നു. നെഞ്ചിൽ അലിവിന്റെ ഒരു കുഞ്ഞു തിര ഓളം വെട്ടുന്നത് അവൾ അറിഞ്ഞു. പാവം നക്ഷത്ര വെളിച്ചത്തിൽ കാണുമ്പോൾ ആ മുഖത്തിന് അലിവ് തോന്നിക്കുന്ന ഒരു പാവത്തമുണ്ട്. രാത്രി തണുത്ത വിരലുകൾ നീട്ടി വീണ്ടും വീണ്ടും തൊട്ടുവിളിച്ചു വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ ദീർഘവിരഹത്തിനു ശേഷം കാണുന്ന ആവേശത്തോടെ ഇരുട്ടിന്റെ കൈകൾ വാരിയണക്കുന്നു. പിൻ നീലാവിന്റെ രാത്രിയായിരുന്നു അത്. വെളുക്കുന്നതിനു അല്പം മുമ്പ് മാത്രമേ ഈ രാവിൽ ചന്ദ്രനുദിക്കൂ. മൂൺ ഓർക്കിഡ് വിരിയുന്ന യാമം

“പ്രാവിന്റെ രൂപത്തിൽ ഒരു പുഷ്പമുണ്ടുപോൽ. കറുത്ത പക്ഷത്തിലെ അവസാന രാത്രിയുടെ ഒടുവിലത്തെ യാമത്തിൽ നിലാവുദിക്കുമ്പോഴാണ് അത് വിരിയുക.” സ്പെസിമെൻ വരുന്നതും കാത്തു ലാബിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് അവൻ അത് പറഞ്ഞത്.

എത്ര കാലം മുമ്പായിരുന്നു അത് ?ഒക്ടോബർ വെയിൽ തട്ടി തിളങ്ങിയ ആ അപരാഹ്നം ഈ ജന്മത്തിലേതു തന്നെയായിരുന്നുവോ?

” നോക്കിയിരിക്കെ പൂമൊട്ടിനുള്ളിൽനിന്നും ഇതളുകൾ വേർപെടുന്ന ഒരു മർമരം കേൾക്കും. പിന്നെ ഒന്നൊന്നായി ദളങ്ങൾ വിടർന്നു വിരിയാൻ തുടങ്ങും. അപ്പോൾ ഉള്ളിൽ പ്രാവിൻകുഞ്ഞിനെപ്പോലെ ചിറകൊതുക്കിയിരിക്കുന്ന കേസരം കാണാം. ഒരു രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞിരുന്നു നമുക്കൊരിക്കൽ ആ പൂവ് വിടരുന്നത് കാണണം.”

ഉമ്മറത്തൂണ് ചാരി നിന്നുകൊണ്ട് അവൾ ഇരുട്ടിനോട് ചിരിച്ചു. മോഹങ്ങളുടെ പൂവള്ളികൾ അവളെ വീണ്ടും ആ കടൽക്കരയിൽ എത്തിച്ചിരുന്നു.

അന്ന് കവിയരങ്ങു നടക്കുന്ന ടൗൺഹാളിൽ നിന്നുമിറങ്ങി പെയിന്റിംഗ് പ്രദർശനം കാണാൻ വേണ്ടി ആർട്ഗാലറിയിലേക്ക് നടക്കുന്നതിനിടയിൽ അവൻ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. ഇടക്കിടക്ക്  നേർത്ത ചിരിയോടെ നീളുന്ന നോട്ടങ്ങൾക്ക് തീർത്ഥത്തുള്ളികളുടെ തണുപ്പും നനവും. അതിനിടെ, ഏറെക്കാലമായി വായിക്കാൻ മോഹിച്ച പുസ്തകമൊന്നു മുറിയിലെ ഷെൽഫിൽ ഇരിക്കുന്നുവെന്നു അവൻ പറഞ്ഞു. അന്നേരം കൂടെ പോകാൻ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

കടലിനു നേർക്ക്  തുറക്കുന്ന ജാലകത്തിലൂടെ സായാഹ്നരശ്മികളുടെ തുടുത്തുനീണ്ട വിരലുകൾ നീണ്ടുവന്നു. ലവണം ചുവയ്ക്കുന്ന ഈറൻ കാറ്റിൽ കടൽപക്ഷികളുടെ കൂജനം. നിനച്ചിരിക്കാതെ, കാറ്റിൽ വാതിൽ അടഞ്ഞപ്പോൾ ഒന്ന് പകച്ചു. ഉദ്വേഗത്തിന്റെ ചെറുതിരകൾ ആ കണ്ണുകളിലും അലയടിക്കുന്നുണ്ടെന്നു തോന്നി. മിഴികൾ ഇടയാതിരിക്കാൻ ശ്രദ്ധിച്ച്‌, വാക്കുകളത്രയും മറന്ന്, വിരൽത്തുമ്പു പോലും കൂട്ടിതൊടാതിരിക്കാൻ മനസ്സിരുത്തി, ഒരു ചെറുനിശ്വാസം പോലും ഇടയിലെ മൗനത്തിനു തീ കൊളുത്തുമെന്നു പേടിച്ച്, മുഖമുയർത്താതെ അങ്ങനെ നിന്നപ്പോൾ നെഞ്ചിലെ മിടിപ്പുകൾ താളം തെറ്റുന്നുവെന്നു മാത്രം അറിഞ്ഞു.

എപ്പോഴാണ് തൃഷ്ണയുടെ വിദ്യുല്ലതകൾ ഒന്നിച്ചു പൂത്തത് എന്ന് ഓർമ്മിക്കാനാകുന്നില്ല. കുഴിച്ചെടുക്കുന്തോറും പെരുകുന്ന മോഹജ്യോതികളൊളിപ്പിച്ച രത്നഗർഭയായ ഖനിയാണ് ഉടൽ എന്ന് തിരിച്ചറിയുകയായിരുന്നു. തൊടുന്നിടത്തെല്ലാം ചെരാതുകൾ തെളിഞ്ഞുകത്തി, ചെരാതുകളല്ല ഉറക്കം ഞെട്ടിയ അഗ്നിശൈലങ്ങൾ. ഫണം വിരിച്ചാടാൻ ആസക്തമായി കാത്തുകൊണ്ട് ഒരു പെൺസർപ്പം ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്നു എന്ന കണ്ടെത്തൽ ഒരേസമയം ആഹ്ലാദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു.

പിന്നീട് അനുരാഗിയായ  സായാഹ്നം രാത്രിയിലേക്ക് പടർന്നു കയറുന്നതു നോക്കികൊണ്ടു ജനവാതിൽക്കൽ നിൽക്കുമ്പോൾ സന്ധ്യയുടെ തുടുത്ത നെറ്റിയിൽ വിയർപ്പുമുത്തു പോലെ ഒരു നക്ഷത്രം പൊടിഞ്ഞു

“ഇന്ന് പിറന്ന ഉണ്ണിക്ക് താരകൻ എന്നാണു പേർ.” പിൻകഴുത്തിൽ ചുണ്ടമർത്തി അവൻ മന്ത്രിച്ചു.

അവൻ,

കടൽ പോലെ എന്നെ ചൂഴുന്നവൻ.

എന്റെ ഉള്ളിൽ ഞാൻ വഹിക്കുന്ന അലയാഴി.

എന്റെ പിറവിയുടെ ഉണ്മ.

എന്റെ ഖബർ.

എന്റെ മാത്രം ദുരന്തം.

കിഴക്കേ ആകാശത്തു ഏറെനേരം നിന്ന്  കരഞ്ഞതിനാൽ  മെലിഞ്ഞു വിളറിയപ്പോയ ഒരു പെൺകിടാവിന്റെ തളർന്ന ചിരിപോലെ നിലാവ് തെളിഞ്ഞു.

പ്രകാശവർഷങ്ങൾക്കപ്പുറത്തൊരിടത് ഒരു പൂച്ചെടിയിലെ പൂമൊട്ടിലേക്ക് കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ഒരു മുഖം അവൾക്കിപ്പോൾ കാണാം. അവനും അവൾക്കുമിടയിൽ കോടാനുകോടി പ്രപഞ്ചങ്ങൾ ഉരുവാകുകയും അഴിഞ്ഞു വീഴുകയും ചെയ്തുകൊണ്ടിരുന്നു.

ഏണസ്റ്റ് ഹെമിങ്‌വേയുടെ ആയുധങ്ങൾക്കൊരു യാത്രാമൊഴി എന്ന കൃതി മലയാളത്തിലേക്ക് തർജമ ചെയ്തു പ്രസിദ്ധീകരിച്ചു. നെരൂദ, മോപ്പസാങ്, ലോർക്ക, റിൽക്കെ, കമലാദാസ് എന്നിവരുടെ സൃഷ്ടികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പാലക്കാട് സ്വദേശിനി.