
മൂന്നാംക്ലാസ്സുകാരി
അതിരാവിലേയുണർന്നു.
കോഴികളെ തുറന്നുവിട്ട്
തീറ്റ കൊടുത്തു.
പുഴയിൽ പോയി വെള്ളമെടുത്ത്
ചുമന്നുകൊണ്ടു വന്നു.
ഇത്തിരിപ്പോന്ന മുറ്റമടിക്കാനും
ചോറും കൂട്ടാനും വെക്കാനും
അമ്മയെ സഹായിച്ചു.
പിന്നെ, ഒരു കാട്ടുമുയലിനേപ്പോലെ
കുഞ്ഞനിയനു പാലുവാങ്ങാൻ
കുന്നിൻമുകളിലേക്ക് പറക്കുമ്പോൾ
പുഴക്കരയിലെ പള്ളിക്കൂടത്തിൽ
ഒന്നാം മണി അടിച്ചു.
അരലിറ്ററിന്റെ പ്ലാസ്റ്റിക്കു കുപ്പി
ഒരുകൈയ്യിൽ മുറുകെപ്പിടിച്ച്
കുടിലുകൾക്കു മുകളിലൂടെ
കുന്നിൻറെ അങ്ങേച്ചെരുവിലെ
രാധേച്ചിയുടെ വീട്ടിലേക്ക് കുതിച്ചു,
മൂന്നാംക്ലാസ്സുകാരി — മിനിയാന്ന്
മരത്തിൽ നിന്നു വീണുമരിച്ച
അച്ഛന്റെ പകരക്കാരി.
അപ്പോൾ ഗ്രാമം ശാന്തമായിരുന്നു.
ചന്തയിൽ ഉണക്കമീൻ വിൽക്കുന്ന
മമ്മദിക്കയുടെ വീടുകടക്കുമ്പോൾ
രണ്ടാം മണിയടിച്ചു.
സഞ്ചിയിലെ പുസ്തകങ്ങൾക്കിടയിൽ
ചോറ്റുപാത്രം തിരുകുന്ന
സഹപാഠിയായ ജാഫറിനെ കണ്ട്
അവൾ വിളിച്ചു പറഞ്ഞു: “ജഫു,
ഞാൻ വന്നിട്ടേ പോകാവൂട്ടോ.”
വെള്ളം ചേർക്കാത്ത പാലു പോലെ
പതഞ്ഞു തുടങ്ങുന്ന പുലരിസൂര്യനെ
തോരാനിട്ട വാനം മുറിച്ചുകടന്ന്
ഒരു തീനൂലുപോലെ അവൾ പാഞ്ഞു.
റബ്ബർ ബാൻഡിട്ട പുസ്തകക്കെട്ട്
തോളത്തു ചാരി നിർത്തി,
കമുകിൽ നിന്ന് അടക്കയടർത്തുന്ന
മാത്തുച്ചാച്ചന് ടാറ്റാ പറയുന്ന
ജോണിക്കുട്ടിയോടും അവൾ പറഞ്ഞു:
“താന്നിച്ചോട്ടിൽ നിക്കണോട്ടോ.”
പട്ടണത്തിലെ ഹോട്ടലിൽ
പാത്രം മോറാൻ പോകുന്ന
സീതേടത്തിയുടെ വീടായി.
ഇറയത്തെ മുളഭിത്തിയിലൊട്ടിച്ച
പൊട്ടുതൊടുകയായിരുന്ന ജാനകി
അഴുക്കു കട്ടപിടിച്ച കണ്ണാടിയുടെ
പൊട്ടിയ മൂലയിലൂടെ പറന്നു പോകുന്ന
ചോന്ന പൊട്ടു കണ്ടു ചോദിച്ചു:
“നീ എങ്ങോട്ടാടീ, ഇന്നു വരണില്ലേ?”
“ദാ വരണു ജാനൂ, പോവല്ലേട്ടോ,
താന്നിച്ചോട്ടിൽ നിക്കണേടീ.”
മൂന്നാം മണിയടിച്ചിട്ടും
ജാഫറും ജോണിയും ജാനകിയും
താന്നിച്ചോട്ടിൽ കാത്തിരുന്നു.
അവൾ വന്നില്ല, അവൾ വന്നില്ല,
പകരം അലർച്ചകൾ പുഴമുറിച്ചും
നിലവിളികൾ കുന്നിറങ്ങിയും വന്നു.
പാതികരിഞ്ഞൊരു പാൽക്കുപ്പി
പാറക്കല്ലുകളിൽ തല തല്ലിത്തല്ലി
പുഴയിൽ മുഖം കുത്തി വീണു
പെട്രോൾ മണക്കുന്ന താന്നിപ്പൂക്കളായി
ജാഫറും ജോണിയും ജാനകിയും–
പാൽക്കുപ്പിക്കൊപ്പം അവരുമൊഴുകി.
സ്കൂളിൽ കൂട്ടമണിയടിച്ചു,
സൈറണുകൾ മുഴങ്ങി,
ആംബുലൻസുകൾ ചീറിപ്പാഞ്ഞു.
അന്നേരം, രാധേച്ചിയും
സീതേടത്തിയും മമ്മദിക്കയും
മാത്തുച്ചാച്ചനും അവരുടെ വീടുകളും
ചുരയൊഴിയാത്ത പുള്ളിപ്പശുവും
തൊടിയിലെ കമുകുമരങ്ങളും
നിന്നുകത്തുകയായിരുന്നു.
എവിടെയോ, ഏതോ താരാപഥങ്ങളിൽ
ദൈവങ്ങൾ തമ്മിൽ തീവെച്ചുവെന്നും
അവരുടെ പകയുടെ പുകയാണ്
താൻ ചുമന്നുകൊണ്ട് പോകുന്നതെന്നും
കുന്നിൻപുറത്തു നിരത്തിയ ചിതകൾ
കെടുത്തിക്കരയുന്ന കാറ്റു പറഞ്ഞു.
അപ്പോൾ, പരോളിലിറങ്ങിയ
മതവെറിയുടെ ഉത്സവാഘോഷത്തിൽ
കൈകാലുകൾ ഛേദിക്കപ്പെട്ട ഗ്രാമം
അഭയകേന്ദ്രത്തിൻറെ തണുത്ത തറയിൽ
ഒറ്റമനസ്സായി, ഒറ്റശരീരമായി
പുണർന്നു കിടക്കുകയായിരുന്നു .
അവൾ മാത്രം തിരിച്ചു വന്നില്ല,
അവളെ മാത്രം കണ്ടെത്തിയില്ല.
അവളുടെ അമ്മ അപ്പോഴും
സീതേടത്തിക്കൊപ്പം ഹോട്ടലിൽ
പാത്രം കഴുകുകയായിരുന്നു.
ആശുപത്രികളിലേക്ക് പോകുന്ന
ആംബുലൻസുകളുടെ തുടർച്ചയായ
നിലവിളി അവൾ കേട്ടിരുന്നു.
ശ്രദ്ധിക്കുവാൻ എവിടെ സമയം!
അവൾ എവിടെപ്പോയി?
രാധേച്ചിയുടെ മുറ്റത്തെങ്ങാനും
കരിപ്പൊടിയായി കിടപ്പുണ്ടാകുമോ?
ഇനി ഒരുനാൾ സ്കൂൾ തുറക്കുമ്പോൾ
മൂന്നാം ക്ലാസ്സിലെ മുൻബെഞ്ചിൽ
മൂന്നാംമണി അടിക്കുന്നതിനു മുൻപ്
ഓടിക്കിതച്ചവൾ വന്നിരിക്കുമോ?
ഇനി രാധേച്ചിയുടെ വീട്ടിലിറങ്ങാതെ
പറന്നു പറന്ന് സ്വർഗത്തിലെത്തിയോ?
അതിനല്ലേ കൂടുതൽ സാധ്യത?
അവിടേയ്ക്ക് പോകാൻ
മേഘങ്ങളെ വകഞ്ഞുമാറ്റുമ്പോൾ
താഴേയ്ക്കു വീണുപോയതാവില്ലേ
ആ കുഞ്ഞു പാൽക്കുപ്പി?
അങ്ങനെ വിശ്വസിക്കാനാണ്
അവളുടെ അമ്മക്കിഷ്ടം, എനിക്കും.
