ഒഴിയുന്ന സങ്കേതങ്ങളിൽ
ഓർമ്മകളുടെ ശേഷിപ്പുകൾ
വിയർപ്പു മണം വറ്റാത്ത
ചുളിഞ്ഞ ഭാണ്ഡത്തിൽ
സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ
കൂടണയാൻ
മാപിനികളില്ലാത്ത യാത്ര
ചിന്നി ചിതറാൻ മാത്രം
ചുട്ടെടുത്ത റൊട്ടിക്കഷണങ്ങൾ
പാട്ടക്കുപ്പിയിൽ ജീവജലം
ഏറ്റ വെയിലും
വിശപ്പാറിയ തണലും കടന്ന്
കാതങ്ങൾ കാൽനടയായ്..
നിലച്ചു പോയ തെരുവുകൾ
ചൂളം വിളിക്കാത്ത പാളങ്ങൾ
അന്തിയുറക്കം കഴിഞ്ഞ്
ഇരുണ്ട് വെളുക്കുമ്പോൾ
വെളിച്ചമറ്റ നയനങ്ങൾ
താവളങ്ങളില്ല,
കടവ് ചീട്ടുകളില്ല,
തണുത്തു മരവിച്ച്-
ബന്ധങ്ങളറ്റ ശവങ്ങൾ മാത്രം,
അതിഥികളാണത്രേ !
അടക്കം കഴിഞ്ഞ്
നടപ്പിലാക്കാൻ
ജനമന്ദിരത്തിലൊരു സി.എ.എ
ടെലിവിഷനിൽ കോടികളുടെ
കരുതൽ പ്രഖ്യാപനം,
ദൈനംദിനങ്ങളിനാധിയിൽ
ദിവസക്കൂലികൾ,
ക്വാറന്റീനിൽ ദൈവങ്ങൾ
അഭയാർത്ഥി പട്ടികയിലില്ലാതെ
ആശ്രയമറ്റ അന്നംതേടികൾ
അടുത്ത പുലരിയിൽ
കൂടണയാൻ പലായനങ്ങൾ
കുടിലോ മരണമോ
കൂട്ടം കൂട്ടമായിപ്പോഴും
സ്വന്തം നാട്ടിടവഴികളിൽ,
നഗര വീഥികളിൽ
പലായനങ്ങൾ……
പലായനങ്ങൾ……!