പാരമ്പര്യ വഴികളിലെ കഥകൾ

റിജാം വൈ റാവുത്തർ

പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റേഴ്സ്, സെക്രട്ടറിയേറ്റിൽ പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസർ. കൊല്ലം സ്വദേശി. നീണ്ട പാലായനങ്ങളുടെ ചരിത്രമുള്ള റാവുത്തർ സമുദായത്തിന്റെ മിത്തും യാഥാർഥ്യവും ഇടകലർന്ന ജീവിത ചരിത്രമായ മൗനത്തിന്റെ പാരമ്പര്യ വഴികൾ ആദ്യ പുസ്തകം.


കൂമൻകൊല്ലിയും കരിമ്പനയുമൊക്കെ മിത്തുകളെന്ന ചിലരുടെയെങ്കിലും  മിഥ്യാധാരണ ഇല്ലാതാക്കുന്നത് പാലക്കാട്ടെ തസറാക് എന്ന പൈതൃക ഗ്രാമമാണ്. ഇതിഹാസത്തിന്റെ ആ ഓർമ്മവഴികളിലേക്ക് വീണ്ടും നമ്മെയെത്തിക്കുന്നത് മൗനത്തിന്റെ പാരമ്പര്യവഴികളിലൂടെ റിജാം വൈ റാവുത്തർ ആണ്. സാമൂഹ്യ മാധ്യമരംഗത്ത സൂഫികഥകളുടെ വശ്യതയുമായി സജീവമാണ് റിജാം. റാവുത്തർമാരുടെ ചരിത്രഭൂമികയെ കുറിച്ച് പാരമ്പര്യമായി കൈമാറിവരുന്ന കഥകൾ വെച്ച് അദ്ദേഹം എഴുതിയ  പുസ്തകമാണ് ‘ മൗനത്തിന്റെ പാരമ്പര്യ വഴികൾ.’

മുൻവാക്കായി കഥാകൃത്തു കുറിക്കുന്നു: ‘മൗനത്തിന്റെ വിശാല ഭൂമികയിൽ അവിടവിടെ അല്പാല്പം തെളിഞ്ഞു കാണുന്ന ഒറ്റയടിപ്പാതകൾ മാത്രമാണ് റാവുത്തർമാരുടെ പാരമ്പര്യ വഴികൾ.” കഴിഞ്ഞ തലമുറവരെ അപ്പൂപ്പൻകഥകളായി വാമൊഴികളിലൂടെ പകർന്നുവന്ന കഥകൾ നിലച്ചുപോയതിലുള്ള വികാര വിക്ഷുബ്ധതയാണ്  ഇവയെ കടലാസിലേക്ക് പകർത്താൻ തനിക്ക്  പ്രേരകമായത് എന്നദ്ദേഹം സൂചിപ്പിക്കുന്നു. ചെറുപ്പത്തിൽ തന്റെ അപ്പൂപ്പൻ ‘നന്ന ‘ പാടിക്കൊടുത്ത  ഇശലുകളും സൂഫി കഥകളും ഒക്കെ സമന്വയിപ്പിച്ചുകൊണ്ടുള്ള കഥാവേളകൾ റിജാമിനെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ടെന്നു ഈ പുസ്തകം വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിലെ മധുരയിൽ പതിനാലാം നൂറ്റാണ്ടിലുണ്ടായ തുർക്കി ഭരണകാലത്ത ഉത്തരേന്ത്യയിൽ നിന്നും എത്തിച്ചേർന്ന മുസ്ലിം റാത്തോർമാരാണ് പിന്നീട് ഉച്ചാരണ ഭേദത്തോടെ റാവുത്തർമാർ എന്നറിയപ്പെടുന്നത്. രാജസ്ഥാനിലും മറ്റുമുള്ള റാത്തോർ ജാതിയിൽ വ്യത്യസ്തമായ ഹിന്ദു – മുസ്‌ലിം വിഭാഗങ്ങൾ ഇന്നും നിലനിൽക്കുന്നു. മധുരയിലെ തുർക്കി ഭരണം ക്ഷയിച്ചപ്പോൾ ദ്രാവിഢ ശക്തിയുടെ തിരിച്ചു വരവ് കൂടിയായപ്പോൾ തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് ചിതറിത്തെറിച്ച റാവുത്തർ കുടുംബങ്ങളിലുള്ളവർ പിന്നീട് തെങ്കാശി വഴി കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിലും, പളനി വഴി പാലക്കാട്ടും എത്തുകയുണ്ടായി.

മീനാക്ഷി , ചരിത്രാന്വേഷണം , മൗനത്തിന്റെ പാരമ്പര്യ വഴികൾ,  ഞണ്ടൻ ചക്കര റാവുത്തർ, പതിനെട്ടാം ഭാഷ, ആനറാഞ്ചി പരുന്ത, വസൂരിക്കാലത്തെ ഓർമ്മകൾ, ആദ്യത്തെ മോട്ടോർ വണ്ടി, അശ്വമേധ പുരാണം, എന്റെ വല്ല്യുപ്പാപ്പക്ക് ഒരു പടച്ചവൻ ഉണ്ടായിരുന്നു, പൊന്മാൻ പാത്തു എന്നീ കഥകളാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്. 

പൊട്ടൽ പുത്തൂർ യാത്രക്കിടയിൽ  മകൻ രാസപ്പന് സമ്മാനമായി കിട്ടിയ മീനാക്ഷിയെന്ന ആട്ടിൻകുട്ടിയുടെ കഥയിലൂടെ ഒരു വലിയ മിത്തിനെ നമുക്ക് മുമ്പിലേക്ക് അനാവരണം ചെയ്യുന്നുണ്ട്.  വിശ്വാസപരമായി മനുഷ്യൻ  എങ്ങനെയൊക്കെ മാറിയാലും അന്ത്യനിമിഷങ്ങളിൽ തന്റെ അടിസ്ഥാന വിശ്വാസങ്ങളിലേക്ക് തിരിച്ചെത്തുമെന്നതിന്റെ തെളിവായി ഈ കഥയെ കാണാം..  റാവുത്തർ കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ കഥാകൗതുകത്തെ തൊട്ടുണർത്തുന്ന അമ്മൂമ്മ മൊഴിയായി കഥാകൃത്ത് വിശേഷിപ്പിക്കുന്ന ‘ഏഴു ആങ്ങളമാരുടെയും ഒരു കുഞ്ഞിപ്പെങ്ങളുടെയും’ ദുരന്ത കഥയിലൂടെ  വർത്തമാനകാലത്തും നിലനിൽക്കുന്ന ചില ഗോത്ര സ്മൃതികൾ പങ്കുവെക്കുന്നുണ്ട് ‘ചരിത്രാന്വേഷണത്തിൽ’. 

മധുരയിലെ തുർക്കി അധീശാനന്തരം മാനാ മധുരയിൽ വസിച്ചിരുന്ന ഒരു പ്രാമാണിക റാവുത്തർ കുടുംബത്തിന്റെ ദുരന്തകഥയിലെ ഫാത്തിമ, വായനക്ക് ശേഷവും ഒരു നൊമ്പരമായി ഉള്ളിലവശേഷിക്കുന്നു. മൗനത്തിന്റെ വാല്മീകത്തിൽ പുതച്ചുറങ്ങുന്നവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് പാരമ്പര്യ വഴികളിലെ നോക്കുഭാഷയുടെ നിഗൂഢാർത്ഥങ്ങളെ അനാവരണം ചെയ്യാൻ ശ്രമിക്കുന്നതാണ് പുസ്തകത്തിന്റെ പേരിലുള്ള കഥ. അധികാരത്തിന്റെയും പ്രതികാരത്തിന്റെയുമൊക്കെ തന്തുക്കൾ ഇഴകിച്ചേർന്ന ‘ഞണ്ടൻ ചക്കര റാവുത്തർ’ മുതയിൽ ദേശത്തേക്ക് വന്ന റാവുത്തർമാരുടെ ചരിത്രം കൂടിയാണ്. പ്ലാച്ചിറവട്ടത്ത് വൈദ്യരുടെ ‘പതിനെട്ടാം ഭാഷയ്ക്കു’ പിന്നിലെ നിഗൂഢമായ കുറെ കഥകളും’ ആനറാഞ്ചി പരുന്തിലൂടെ’ ഒരു വേട്ടക്കാരന്റെ കയ്യടക്കവും ഏറെ ഉദ്വേഗത്തോടെ പറഞ്ഞു വെച്ച ഈ കൃതിയിൽ ‘വസൂരികാലത്തെ ഓർമ്മകളിലൂടെ’ നാടിനെ വസൂരി നക്കിത്തുടക്കുമ്പോഴും അഞ്ചുനേരവും കാനൂർ പള്ളിയിൽ ബാങ്കുവിളിച്ചു ഒരു നിയോഗം പോലെ ജീവിച്ച  മൊയ്തീൻപിച്ചയും ഒടുവിൽ വസൂരിക്ക് കീഴടങ്ങിയ ഹൃദയസ്പൃക്കായ കഥയുമുണ്ട്. 

‘ആദ്യത്തെ മോട്ടോർവണ്ടി’ ഈ പ്രദേശത്തിന്റെ തന്നെ ചരിത്രം കൂടിയാണ്. ‘അശ്വമേധ പുരാണം’ നർമ്മം ചാലിച്ച ഒരു റാവുത്തർ കല്യാണക്കഥയും ‘പൊന്മാൻ പാത്തു’വിൽ എടത്തറ വീട്ടിലെ വായാടിക്കിളിയുടെ ജീവിതവും ഇഴയിട്ടപ്പോൾ, ദൈവമെന്ന  സ്വത്വത്തിനു മനുഷ്യരൂപം സങ്കൽപ്പിക്കുന്ന കൊച്ചുകുട്ടിയുടെ ചിന്തകളിലൂടെ വർത്തമാനവും ചരിത്രവും മിത്തും കൂട്ടിയിണക്കി ‘എന്റെ വല്ല്യുപ്പാപ്പയ്ക്ക് ഒരു പടച്ചവൻ ഉണ്ടായിരുന്നു’ എന്ന് പറഞ്ഞു വെക്കുമ്പോൾ  കയ്യടക്കത്തോടെ എഴുത്തിന്റെ ലോകത്ത് വിസ്മയം തീർക്കാൻ റിജാമിന് സാധിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

കുന്നിൻ മുകളിലെ കുടിലിലിരുന്നു മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിലേക്ക് നോക്കിയിരുന്നു ചന്ദനത്തിരിയുടെ ഗന്ധമാസ്വദിച്ചു കഥകേൾക്കാനിരുന്ന നമ്മോട്, ഭാവനസമ്പന്നനായ ഒരാൾക്ക് മിത്തുകൾ മികച്ച അസംസ്കൃതവസ്തുവാണെന്നും,  അവ കൊണ്ട മനോഹരമായ കഥാ വേളകൾ സൃഷ്ടിക്കാൻ കഴിയുമെന്നും  ഈ പുസ്തകം പറയുന്നു

കവിത, യാത്രാവിവരണങ്ങൾ, പുസ്തകാസ്വാദനം എന്നിവയെഴുത്തുന്നു. കാസർഗോഡ് പടന്ന സർവീസ് സഹകരണ ബാങ്കിൽ ജോലി ചെയുന്നു.