(പ്രിയ കവി ഒ.എൻ.വി. യെ ഓർത്തുകൊണ്ട്)
കൺകളിലേക്ക് കൂർത്തൊന്ന് നോക്കി
പുഞ്ചിരിച്ച് പുലർവെയിൽ നീട്ടി
എൻറെ മേശപ്പുറത്തൊരു ചെണ്ടായ്
കൊണ്ടുവച്ചു പലതരം പൂക്കൾ.
നിന്നെ ഞങ്ങൾ കവിയെന്നു ചൊല്ലി
നിർമ്മമം നിലാച്ചിന്തെന്ന് വാഴ്ത്തി
നിത്യസത്യങ്ങളാകും മനുഷ്യ-
മുഗ്ദ്ധ സംഗീത സാധകനാക്കി.
ഈ മലരിനെ നോക്കൂ, നിറങ്ങൾ-
ക്കത്ര ചാരുതയുണ്ടോ ജഗത്തിൽ?
ഈ തളിരിനെ തൊട്ടുനോക്കൂ, മൺ-
വീണയല്ലേ തുടിക്കുന്നതുള്ളിൽ?
പൂക്കളോരോന്നു ഗന്ധിച്ചു നോക്കൂ
ഭ്രൂണമുള്ളിൽ തളിർക്കുകയല്ലേ?
പൂക്കുമാത്മാവിനോട് ചോദിക്കൂ
ഭൂമിയുള്ളിൽ തിളയ്ക്കുന്നതില്ലേ?
വാടി നില്ക്കും ചൊടികളെ നോക്കൂ
പ്രാണവേദന നീറ്റുന്നതില്ലേ ?
മഞ്ഞുറഞ്ഞൊരിലകളിൽക്കാണും
കന്നിമണ്ണിൻ കനലൊത്ത കണ്ണീർ.
ഈ മുളങ്കാട് പാടും സ്വരത്തിൽ
ഈണമേറ്റും പുഴ തൻറെ വക്കിൽ
വീക്കു ചെണ്ടകൾ കേൾക്കും പറമ്പിൽ
തേക്കുപാട്ടിൻ അലയൊലിച്ചിന്തിൽ
നീയുണർത്തിയ കൽപ്പനാജാലം
നീളെ നീളെ നിറഞ്ഞു നിളയായി
ഉച്ചി പൊട്ടുന്ന വേനലിൽ ഞങ്ങൾ
സ്വച്ഛമാം തണൽ കണ്ടിങ്ങു വന്നു.
ഈ മണലിലെ മിന്നും തരികൾ-
വിണ്ണിൽ നിന്നും കവർന്ന സ്വർണ്ണത്തിൻ
താരകാശോഭയാലൊരു കാലം
നിൻറെ പുഞ്ചിരിക്കൊപ്പം നടന്നു.
മണ്ണിന്നീരിലക്കൈകളിൽ വീഴും
വർഷ ബിന്ദുക്കളായ് നിൻറെ ഗാനം
ഒട്ടുമെങ്ങും തുളുമ്പി വീഴാതെ
മുഗ്ദ്ധലാസ്യയായ് നിൻ മലയാളം.
ആദിമസ്സൂര്യ ചുംബനമെൽക്കെ
ആഴജലധിതൻ നീൾശ്രുതി കേൾക്കെ
നിൻ മണിവേണു പാടുന്നോരീണം
വന്നുണർത്തുന്നു പഞ്ചമം പോലെ.
ആർത്തു പാഞ്ഞെത്തിയെതോ ദിനാന്ത
ദീർഘവാതം ചുഴികുത്തി നിൽക്കെ
ചിന്നി വീഴുന്നു മേശമേൽ മിന്നി-
ത്തെന്നി നിന്ന വസന്തോൽസവശ്രീ.