പരീക്ഷ

മഴയത്ത്
ഒരില ചൂടി
നടന്നുപോകുന്നു രണ്ടുപേർ
അവരിലാർക്കാണു കൂടുതൽ
സ്നേഹമെന്ന്
എങ്ങനെയറിയാനാകും?

കൂടുതൽ നനഞ്ഞതാരെന്നു
നോക്കിയാൽ മതി.

രണ്ടുപേർ
ഇഷ്ടത്തോടെ
ഒരപ്പം പങ്കിട്ടു കഴിക്കുന്നു
അവരിൽ
ആർക്കാണു കൂടുതൽ പ്രേമമെന്ന്
എങ്ങനെയറിയും?

അപ്പത്തിൻ
ചെറുപാതിയ്ക്കായ്
തിടുക്കപ്പെടുന്ന വിരലുകൾ
ആരുടേതെന്നു
നോക്കിയാൽ മതി.

തങ്ങളിലെ
സ്നേഹത്തെപ്രതി
തർക്കിക്കുന്നു
രണ്ടുപേർ.
അതിൽ
ഏറ്റവും പ്രണയമാർക്കെന്ന്
അറിയാനെന്തു വഴി?

അവരിൽ
തോൽക്കുന്നതാരെന്നറിയാൻ
കാത്തിരുന്നാൽ മതി.

ജലഭൂപടം, മാന്ത്രികൻ, ഓട്ടോഗ്രാഫ്, മൺവീറ്, വീരാൻ കുട്ടിയുടെ കവിതകൾ, മിണ്ടാപ്രാണി Always In Bloom, A Stroll Grazing Each Other എന്നിവ കവിതാസമാഹാരങ്ങൾ. ഉണ്ടനും നൂലനും, നാലുമണിപ്പൂവ്, കുഞ്ഞൻപുലി കുഞ്ഞൻമുയലായ കഥ എന്നിവ ബാലസാഹിത്യകൃതികൾ. കവിതകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വീരാൻ കുട്ടിയുടെ കവിതകൾ എന്ന സമാഹാരം ഗലേറിയ ഗാലന്റ് അവാർഡ് നേടി. ചെറുശ്ശേരി അവാർഡ്, പി കുഞ്ഞിരാമൻ നായർ കാവ്യപുരസ്കാരം, അയനം എ അയ്യപ്പൻ അവാർഡ്, വിടി കുമാരൻ കാവ്യ പുരസ്കാരം, കെ എസ് കെ തളിക്കുളം അവാർഡ്, തമിഴ് നാട് സി ടി എം എ സാഹിത്യ പുരസ്കാരം, അബുദാബി ഹരിതാക്ഷര പുരസ്കാരം എന്നിവ നേടി. ബാലസാഹിത്യത്തിന് എസ് ബി ടി അവാർഡ് ലഭിച്ചിട്ടുണ്ട്. മടപ്പള്ളി ഗവ.കോളജിൽ മലയാള വിഭാഗം മേധാവിയാണ്