പരിചിതനായൊരപരിചിതൻ

പ്രകാശേട്ടൻ മരിച്ചു, ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌. .! രാവിലെ കടയിൽ ചെന്നപ്പോൾ അവിടെ കൂടിനിന്ന വിരലിലെണ്ണാവുന്ന ആൾക്കാരിൽ പരിചിതമുഖമുള്ള ആരോ ഒരാൾ എന്നോട് പറഞ്ഞു.

ഞാൻ താമസിക്കുന്ന ഫ്ലാറ്റിൻ്റെ ചേർന്നുള്ള റോഡിൽ നിന്നും ഇറങ്ങുന്ന ഒരു വഴിയിൽ ഒരു സ്റ്റേഷനറി കടയുണ്ട്. അതിൻ്റെ നടത്തിപ്പുകാരനാണ് പ്രകാശേട്ടൻ. എൻ്റെ നഗരജീവിതത്തിലെ പകലുകൾ ആരംഭിക്കുന്നതും രാത്രികൾ അവസാനിക്കുന്നതും പ്രകാശേട്ടൻ്റെ കടയുടെ പിന്നാമ്പുറത്തെ കാലിളകിയ മരസ്റ്റൂളിലാണ്. രാവിലെ എഴുന്നേറ്റാൽ നടക്കുന്ന ഒരു പതിവുണ്ട്. ആ നടത്തത്തിൻ്റെ അവസാനമാണ് ആ സ്റ്റൂൾ. ഒരു ലൈറ്റ്‌സ് ഒരു ചായ. എൻ്റെ പകലാരംഭം. രാത്രി ജോലി കഴിഞ്ഞെപ്പോൾ തിരിച്ചെത്തുമെന്ന് അറിയില്ലെങ്കിലും കടയിലെ അവസാനത്തെ ഉപഭോക്താവ് എപ്പോഴും ഞാനായിരിക്കും. രാത്രി രണ്ടുമണിക്ക് കടയടച്ചു കഴിഞ്ഞാലും കടയുടെ ഗ്രില്ലിൽ തട്ടി പ്രകാശേട്ടാ എന്നൊന്ന് നീട്ടി വിളിച്ചാൽ ഗ്രില്ലിനിടയിലൂടെ എനിക്കു നേരെ ഒരു ലൈറ്റ്‌സ് നീണ്ടുവരും. പതിവ്..!

കടയുടെ പിന്നിൽ തന്നെയുള്ള ഒരു മുറിയിലാണ് അയാളുടെ കിടപ്പ്. കടയിലെ സാധനങ്ങൾ അടുക്കി വെച്ച ആ മുറി പുറത്തു നിന്നും ഒന്നു രണ്ടുവട്ടം കണ്ടതെനിക്ക് ഓർമയുണ്ട്. ഇരിട്ടി ഭാഗത്ത് എവിടെയോ ആണ് വീടെന്നും അവിടെ ഭാര്യയും രണ്ടു മക്കളും ഉണ്ടെന്ന് സംസാരത്തിനിടയിൽ അയാൾ പറഞ്ഞിട്ടുണ്ട്. അവരെ കാണാൻ മാസത്തിൽ രണ്ടു തവണ ഇരിട്ടിക്ക് പോകാറുമുണ്ട്. ആ ദിവസങ്ങളിൽ കടയുടെ ഉത്തരവാദിത്തം തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന മറ്റൊരു പ്രകാശനാണ്. കടയിലെ സ്ഥിരം വരവുകാർക്ക് ആ ദിവസങ്ങളിലും പേര് മാറ്റി വിളിക്കേണ്ടി വരുന്നില്ല എന്നത് ഒറിജിനൽ പ്രകാശേട്ടൻ്റെ കണ്ടുപിടുത്തം. എന്നാലും ഒറിജിനലിൻ്റെയത്രയും പ്രകാശം കണ്ടുപിടുത്തത്തിനില്ലാത്തതിനാൽ രാവിലെ ചെല്ലുമ്പോൾ ഒരു ലൈറ്റ്‌സ് ഞാൻ അധികം വാങ്ങി എൻ്റെ പോക്കറ്റിൽ ഇടും. ഇതും പതിവുകളിൽ പെടുന്നു.

മുറി പരിശോധിച്ചപ്പോൾ കുറെ ബസ് ടിക്കറ്റുകളും, ട്രെയിൻ ടിക്കറ്റുകളുമല്ലാതെ വേറൊന്നും കിട്ടിയില്ലെന്നു പോലീസുകാരൻ എന്നോട് പറഞ്ഞു. ഞാനും പോലീസുകാരനും മോർച്ചറിയുടെ മുന്നിൽ നിൽക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞു സ്വീകരിക്കാൻ ആളില്ലാത്തതിനാൽ ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. കാണണം എന്നുണ്ടെങ്കിൽ മോർച്ചറിയിൽ കയറി കാണാം എന്ന് പോലീസുകാരൻ എന്നോട് പറഞ്ഞു. അയാളുടെ വേഷത്തിന് അതിനുള്ള പ്രാപ്തിയുണ്ടെന്ന് തെളിയിക്കാൻ കൂടി വേണ്ടിയാണ് അയാൾ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നി. കുറച്ചധികം വർഷങ്ങളായി ഞാൻ മരിച്ചവരെ കാണാൻ പോകാറില്ലായിരുന്നു. പരിചയമുള്ളവരോ പ്രിയപ്പെട്ടവരോ ആരെങ്കിലും മരിച്ചാൽ കരണമില്ലെങ്കിലും ഞാൻ തിരക്കാണെന്ന് പറഞ്ഞൊഴിയും. അതുകൊണ്ട് ഞാനതു നിരസിച്ചു. ഇന്നെന്താണ് പരിപാടിയെന്ന ചോദ്യത്തിന് ഒന്നുമില്ലെന്ന്‌ പറഞ്ഞപ്പോൾ ഫ്‌ളാറ്റിലേക്ക് ഞാനും വരാം എന്ന് പോലീസുകാരൻ എന്നോട് പറഞ്ഞു. അപ്പോഴേക്കും സമയം ഉച്ച കഴിഞ്ഞിരുന്നു. നഗരത്തിൽ വെയിൽ ആറിതുടങ്ങി. മരണവിവരം അറിഞ്ഞപ്പോൾ തന്നെ താൻ ലീവെടുത്തെന്ന് അയാൾ പറഞ്ഞു. ഒരു കുപ്പി ഒപ്പിച്ചിട്ടു വരാം എന്നും പറഞ്ഞു പോലീസുകാരൻ വണ്ടിയെടുത്തു പോയി.

മോർച്ചറിയിലേക്ക് ഒരു സ്ത്രീയും മകനും വേറൊരു പോലീസുകാരനൊപ്പം കയറിപോകുന്നതും കുറച്ചു നിമിഷങ്ങൾക്കുള്ളിൽ സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതോടെ ധൃതിയിൽ ഞാൻ വണ്ടിയെടുത്ത് പുറത്തേക്കിറങ്ങി.

ഇന്നീ നഗരത്തിൽ പ്രകാശൻ എന്ന് പറയുന്ന വ്യക്തിയെ ഓർമ്മിക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല. കാരണം, അയാൾക്ക് ചുറ്റിലും കറങ്ങിക്കൊണ്ടിരിക്കുന്ന ഉപഗ്രഹങ്ങളെക്കുറിച്ചു എനിക്ക് അത്ര വലിയ ധാരണയില്ല. പക്ഷെ, ഞാനും നഗരത്തിലെ ഒരു പോലീസുകാരനും പ്രകാശൻ എന്ന വ്യക്തിയെ സ്മരിച്ചു കൊണ്ട് അയാൾക്കത്രയും പ്രിയപ്പെട്ട മദ്യം ഞങ്ങളുടെ പതിവ് ബാൽക്കണിയിൽ ഇരുന്ന് കഴിക്കുന്നു. പരേതൻ്റെ അല്പമാത്രമായ ഓർമ്മകളുടെ സാന്നിധ്യത്തിൽ.

പ്രായം അൻപത് കഴിഞ്ഞെങ്കിലും ഒരു ചെറുപ്പക്കാരൻ്റെ ചുറുചുറുക്കോടെയായിരുന്നു പ്രകാശേട്ടൻ്റെ ജീവിതം മുന്നോട്ട് പോയിരുന്നത്. കടയിലെ സ്ഥിര സാന്നിധ്യങ്ങൾ അധികവും ചെറുപ്പക്കാരായതു കൊണ്ടാവണം അയാളിലെ യുവത്വം ഒട്ടും കെടാതിരുന്നതെന്നു തോന്നുന്നു. നഗരത്തിലെ ഐ ടി കേന്ദ്രങ്ങളുടെ ഫലഫൂയിഷ്ടമായിരുന്ന ഇടത്താണ് കട സ്ഥിതി ചെയ്യുന്നത് എന്നത് കൊണ്ട് കൂടെ അവിടം ചെറുപ്പക്കാരുടെ ഒരു താവളമായിരുന്നു. റോഡിൽ നിന്ന് മാറി നിൽക്കുന്നു എന്ന കാരണം കൊണ്ട് തന്നെ അവിടം അവർ കയ്യടക്കി വെച്ചു.

പടർന്നു പന്തലിച്ച തലമുടിയിൽ ഒരെണ്ണം പോലും വാർദ്ധക്യത്തിൻ്റെ വെളുപ്പ് അപഹരിച്ചിരുന്നില്ല. ആ മുടിയിഴകൾ എപ്പോഴും വെളിച്ചെണ്ണ ചേർത്ത് ഒതുക്കി വയ്ക്കും. വൃത്തിയായി ഷേവ് ചെയ്ത മുഖം , വസ്ത്രധാരണം. പ്രകാശേട്ടനെ നമ്മൾ രാവിലെ എങ്ങനെയാണോ കാണുന്നത് അതെ പ്രസരിപ്പോടെ രാത്രിയിലും കാണാൻ കഴിയും. ഒരിക്കലും കെടാത്ത പ്രകാശം കണക്കെ.

ആദ്യത്തെ ലോക്ക്ഡൗൺ കാലത്താണ് ഞാനും പ്രകാശേട്ടനും അടുത്ത് പരിചയപ്പെടുന്നത്. നഗരത്തിൽ വന്നടിഞ്ഞ മനുഷ്യരിൽ ഭൂരിഭാഗം പേരും ഇനിയെന്ത് എങ്ങനെ എന്നൊന്നും അറിയാതെ നഗരം വിട്ടു പോയപ്പോൾ അവശേഷിച്ചിരുന്നവരുടെ കൂട്ടത്തിൽ പെട്ടതാണ് ഞങ്ങൾ രണ്ടുപേരും. കൂടെ റൂമിൽ താമസമുണ്ടായിരുന്ന സുഹൃത്ത് നാട്ടിലേക്ക് പോയപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നു. എൻ്റെ കമ്പനിയിൽ കൂടെ വർക്ക് ചെയ്തിരുന്നവരെല്ലാം തന്നെ (ആകെ അഞ്ചപേരാണുള്ളത്) ഒരു മുന്നറിയിപ്പും കൂടാതെ പോയപ്പോൾ എനിക്കിവിടെ നിൽക്കേണ്ടി വന്നു. ഞാൻ ചെയ്തിരുന്ന ജോലിയുടെ സ്വഭാവം എന്നെ ഇവിടെ നിർത്തുകയായിരുന്നു. നഗരത്തിലെ ഹോസ്പിറ്റലുകളിൽ മനുഷ്യഹൃദയങ്ങളുടെ തുടിപ്പുകൾ അറിയുന്ന ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കേണ്ടുന്ന ജോലിയായിരുന്നു എന്റെത്. അതുകൊണ്ട് ലോക്ക്ഡൗൺ കാലത്ത് വീട്ടിലേക്കുള്ള യാത്രയെ എനിക്കും കമ്പനിക്കും വിലക്കേണ്ടി വന്നു.

പൊലീസുകാരൻ്റെ സാന്നിധ്യം കൊണ്ടാവണം ലോക്ക്ഡൗണിലും പ്രകാശേട്ടൻ്റെ കട തുറന്നിലെങ്കിലും തുറന്നു കിടന്നു. പതിവുകാരോക്കെ പതിവ് തെറ്റിച്ചു വരാൻ തുടങ്ങിയെങ്കിലും ഞാനും പോലീസുകാരനും പതിവുപോലെ കടയിൽ എത്തി. നടപ്പു ദൂരം കുറവായത് കൊണ്ട് പതിവുകളിൽ അങ്ങനെ കോട്ടം സംഭവിച്ചില്ല. പതിവായി വലിച്ചിരുന്ന സിഗരറ്റിൻ്റെ ലഭ്യതക്കുറവ് മൂലം പല പല ബ്രാൻഡുകളിലേക്ക് എനിക്ക് പരിണമിക്കേണ്ടി വന്നെങ്കിലും പതിവ് പതിവായി തന്നെ തുടർന്നു.

ആ ദിവസങ്ങളിലാണ് ഞാൻ പോലീസുകാരനെ പരിചയപ്പെടുന്നത്. എൻ്റെ ജോലിയെപ്പറ്റി ചോദിച്ചു കൊണ്ടാണ് ഞങ്ങൾ സംസാരം ആരംഭിക്കുന്നത്. കമ്പനിയുടെ പേര് പറഞ്ഞപ്പോൾ നിങ്ങൾ മിക്സിയും ബൾബും ഉണ്ടാക്കുന്നവരല്ലേ, ഈ സമയത്ത് ഇവിടെ നിക്കാതെ നാട്ടിൽ പോകാൻ പാടില്ലേ എന്ന് പോലീസുകാരൻ്റെ ചോദ്യവും വന്നു. കൃത്യമായ വിശദീകരണം കൊടുത്തപ്പോഴാണ് പോലീസുകാരന് ഞാൻ ചെയ്യുന്ന ജോലിയുടെ ഊടുവഴികൾ മനസിലായത്.

ലോക്ക്ഡൗൺ കാലത്ത് പോലീസുകാരന് പതിവിലധികം ജോലിയുണ്ടെങ്കിലും അയാൾ സമയം കിട്ടുമ്പോഴൊക്കെ കടയുടെ അവിടെ പ്രത്യക്ഷപ്പെട്ടു. നഗരത്തിൻ്റെ സന്താനമായതിനാൽ പോലീസുകാരന് നഗരത്തിലെ ഉന്നതരുമായി നല്ല സൗഹൃദം ഉണ്ടെന്നു അയാൾ തൻ്റെ സംസാരങ്ങളിലൂടെ ഇടക്കിടക്കു വെളിപ്പെടുത്തിക്കൊണ്ടിരുന്നു.

അങ്ങനെ ആ ഇടത്ത് വെച്ച് രൂപപ്പെട്ട സൗഹൃദത്തിൻ്റെ പുറത്താണ് ഒരു ദിവസം ഞങ്ങൾ മൂന്നുപേരും കൂടെ ആദ്യമായി എന്റെ ബാൽക്കണിയിൽ കൂടിയത്. പോലീസുകാരൻ നഗരത്തിലെ തൻ്റെ സൗഹൃദവലയത്തിൽ നിന്നും ഒപ്പിച്ച വിലകൂടിയ മദ്യം ആ രാത്രി ഞങ്ങൾക്ക് കൂട്ടിരുന്നു. ഒരു സൗഹൃദവലയം രൂപപ്പെടുകയായിരുന്നു. പ്രകാശേട്ടൻ നല്ലൊരു പാചകക്കാരൻ കൂടെയാണെന്ന് അയാളുണ്ടാക്കിയ നെയ്ച്ചോറും ചിക്കൻ സ്റ്റൂവും കഴിച്ചപ്പോൾ എനിക്ക് ബോധ്യപ്പെട്ടു. തേങ്ങാപ്പാലിൽ കുതിർന്ന ചിക്കൻ്റെ ബലത്തിൽ ഞാൻ ആദ്യത്തെ പെഗ്ഗിനു നിറയൊഴിച്ചു. പോലീസുകാരനും വിട്ടില്ല. പക്ഷെ, പ്രകാശേട്ടൻ വളരെ പതുക്കെയായിരുന്നു. മുലപ്പാൽ നുണച്ചിറക്കുന്ന കുഞ്ഞിനെപ്പോലെ പതുക്കെ ആസ്വദിച്ച്.

കള്ളന്മാരുടെയും കുറ്റവാളികളുടെയും സ്വഭാവത്തിലെ ചലനങ്ങളെക്കുറിച്ചായിരുന്നു പോലീസുകാരൻ സംസാരിച്ചു തുടങ്ങിയത്. അതിനയാൾ താൻ കൂടെ ഭാഗമായ കേസുകൾ നിരത്തിയിട്ടു. ഓരോ കള്ളന്മാർക്കും തൻ്റെതായ മോഷണരീതിയുണ്ടെന്നും അതിനെയാണ് മോഡസ് ഓപ്പറാണ്ടി എന്ന് പറയുന്നതെന്നും അയാൾ പറഞ്ഞു. അതിനയാൾ നഗരത്തിലെ പേരുകേട്ട തസ്കരന്മാരുടെ കഥകൾ ഓരോന്നായി കെട്ടഴിച്ചിട്ടു. അപ്പോഴൊന്നും ഒരു കേൾവിക്കാരനപ്പുറത്തേക്ക് പ്രകാശേട്ടൻ വളർന്നില്ല. ഞാനാണെങ്കിൽ ഈ അടുത്ത കാലങ്ങളിൽ യൂട്യൂബിൽ ഒക്കെ നിറഞ്ഞു നിന്ന പോലീസുകാരുടെയൊക്കെ അനുഭവകഥകൾ ഒന്നുവിടാതെ കണ്ടുകൊണ്ടിരിക്കുന്ന സമയവുമായിരുന്നു. അതുകൊണ്ട് പോലീസുകാരൻ്റെ കഥപറച്ചിലിനെ എവിടെയും മുഷിപ്പിച്ചില്ല.

ഒരു സമയം കഴിഞ്ഞപ്പോൾ പോലീസുകാരന് വീട്ടിൽ നിന്നും വിളി വന്നപ്പോൾ അയാൾ യാത്ര പറഞ്ഞിറങ്ങി. ബാൽക്കണിയിൽ ഞാനും പ്രകാശേട്ടനും അവസാനത്തെ രണ്ടു പെഗ്ഗും ബാക്കിയായി. നഗരത്തിലെ റോഡുകളിൽ എപ്പഴൊക്കെയോ ഒരിറ്റു വെളിച്ചത്തിൻ്റെ ഉറവ വീണു. മഹാമാരി വിതച്ച ഭയത്തിൻ്റെയോ അല്ലെങ്കിൽ അധികാരികൾ സൃഷ്‌ടിച്ച ചങ്ങലകളുടെയോ, തിരക്കിൽ അമർന്നു കിടന്ന നഗരം ആളൊഴിഞ്ഞ ഉത്സവപ്പറമ്പ് പോലെ തോന്നിച്ചു. മനുഷ്യർ കൂടിയിരുന്ന ഇടങ്ങൾ, ചിരികളാലും ശബ്ദഘോഷങ്ങളാലും ആഘോഷമായിരുന്ന തെരുവിലെ ഇടങ്ങൾ ഇപ്പോൾ എന്താവും ആലോചിക്കുന്നത്. അവസാനത്തെ പെഗ്ഗിനെ ചുണ്ടോട് ചേർത്ത് വെക്കുമ്പോൾ ഞാൻ ആലോചിച്ചു.

ഈ നഗരത്തിൽ ഇപ്പോൾ മദ്യപിക്കാൻ കഴിയാത്ത എത്രയോ ആത്മാക്കൾ ഉണ്ടാകും ? അവർക്കു വേണ്ടി ഞാനീ അവസാനത്തെ പെഗ്ഗ് ഈ രാത്രിയുടെ തൊണ്ടക്കുഴലിലേക്ക് ഒഴിച്ച് കൊടുക്കുന്നു. എന്ന് പറഞ്ഞുകൊണ്ട് അയാൾ തൻ്റെ കയ്യിലിരുന്ന ഗ്ലാസിലെ മദ്യം പന്ത്രണ്ടാം നിലയിൽ നിന്നും താഴേക്ക് കമഴ്ത്തി. ഒരു ചാറ്റൽ മഴ പോലെ അതങ്ങനെ ഊർന്നു പോയിരിക്കാം. എന്നിട്ടയാൾ എന്നെ നോക്കി ചിരിച്ചു. അധികാരത്തിൻ്റെ എച്ചിൽ പാത്രം നീട്ടിയ വീഞ്ഞാണ് നമ്മൾ നുകർന്നതെന്നു പറഞ്ഞപ്പോൾ നിങ്ങളൊരു സാഹിത്യകാരനാണോ എന്ന് ഞാൻ അയാളോട് ചോദിച്ചതാണ്. അതിനൊരു ചിരി മാത്രമായിരുന്നു അയാളുടെ മറുപടി. ഇരിട്ടിയിൽ ഭാര്യയും രണ്ടു മക്കളും ഉണ്ടെന്നും അവരാണ് എൻ്റെ സാഹിത്യസൃഷ്ടിയെന്നും ചോദിച്ചിട്ടാണോ ചോദിക്കാതെയാണോ എന്നറിയില്ല പ്രകാശേട്ടൻ പറഞ്ഞുവെന്നാണ് ഓർമ. കൊറോണ മാറി ആകാശം തെളിയുകയാണെങ്കിൽ അവരെ ഈ നഗരത്തിൽ കൊണ്ടുവരണമെന്ന് ഞാൻ അയാളോട് പറഞ്ഞു.

അയാൾക്ക് അങ്ങനെയൊരു കുടുംബമില്ലെടോ ..! സ്വന്തമായി ഒരു ഫോൺ നമ്പർ പോലുമില്ല. ഇരിട്ടിയിൽ ഉണ്ടെന്നു പറഞ്ഞ കുടുംബത്തെ അന്വേഷിക്കുന്നുണ്ട്. അങ്ങനെയൊരു കുടുബത്തെക്കുറിച്ചൊന്നും അയാൾ താമസിച്ചിരുന്ന മുറിയിൽ നിന്നും ഒരു വിവരവും കിട്ടിയില്ല. ആദ്യത്തെ പെഗ്ഗ് കമഴ്ത്തിയപ്പോൾ തന്നെ പോലീസുകാരൻ പറഞ്ഞു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രകാശേട്ടൻ തൻ്റെ കുടുംബത്തെക്കുറിച്ചു എത്രവട്ടം പറഞ്ഞിരിക്കുന്നു. ഒരിക്കലെങ്കിലും അയാളോട് അവരുടെ ചിത്രങ്ങൾ കാണിച്ചു തരാൻ ആവശ്യപ്പെടേണ്ടതായിരുന്നു. അപ്പോൾ അയാൾ എന്തിനാണ് മാസത്തിൽ രണ്ടുതവണ ഇരിട്ടിയിലേക്ക് പോയിരുന്നത്. ഒരുതവണ എൻ്റെ കൂടെ വടകര വരെ വന്നതുമാണ്. ഞാൻ ഓർത്തെടുത്ത് പോലീസുകാരനോട് പറഞ്ഞു. ഇരിട്ടി പോലീസ് സ്റ്റേഷനിൽ നിന്നും വിവരം കിട്ടട്ടെ. അയാൾ പറഞ്ഞു. അതുവരെ ശവം മോർച്ചറിയിൽ സൂക്ഷിക്കുമെന്നും ആരും സ്വീകരിക്കാൻ ഇല്ലെങ്കിൽ എല്ലാ അനാഥശവങ്ങളുടെയും വിധി തന്നെ പ്രകാശൻ എന്ന വ്യക്തിക്കും സംഭവിക്കുമെന്ന് പോലീസുകാരൻ ചേർത്ത് പറഞ്ഞു.

പോലീസുകാരൻ പോയപ്പോൾ ഞാൻ ബാൽക്കണിയിൽ ഒറ്റയ്ക്കായി. രാത്രിനഗരം മഹാമാരിയെ കടന്ന് വീണ്ടും സജീവമായിരുന്നു. ഞാൻ അയാളെക്കുറിച്ചു തന്നെ ചിന്തിക്കുകയായിരുന്നു. പോലീസുകാരൻ പറഞ്ഞതുപോലെ അയാൾക്ക് പ്രിയപ്പെട്ട ആരും ഇല്ലെങ്കിൽ അയാളുടെ ജീവിതം പോയ വഴി ഏതായിരിക്കും? ഇരിട്ടിയിൽ അയാൾ അന്വേഷിച്ചത് എന്തായിരിക്കും ? ഞാൻ കയ്യിലെ അവസാനത്തെ പെഗ്ഗ് പരേതന് വേണ്ടി രാത്രിയുടെ ഹൃദയത്തിലേക്ക് ഉതിർത്തു. ഈ ബാൽക്കണിയിൽ ഞങ്ങൾക്കൊപ്പം പരേതനും ഉണ്ടായിരുന്നു എന്ന് സങ്കല്പിച്ചു കൊണ്ട്.

ഫ്‌ളാറ്റിൽ നിന്നിറങ്ങി ഞാൻ ഒന്ന് നടന്നു. നടത്തത്തിനിടയിൽ ഞാൻ റൂം മേറ്റ് ഗൗതമനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. അവൻ തിരക്കിലായത് കൊണ്ട് ഞാൻ പറഞ്ഞതത്രയും മൂളി കേട്ടു എന്നല്ലാതെ കൂടുതലൊന്നും പറഞ്ഞില്ല. ഫ്രീയായിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ അവൻ ഫോൺ കട്ട് ചെയ്തു. നടത്തം ഞാൻ പ്രകാശേട്ടൻ്റെ കടയുടെ അടുത്തേക്ക് തിരിച്ചു. അവിടം ആളൊഴിഞ്ഞു കിടന്നു. വ്യാപാരികളിൽ ആരോ മരണവിവരം ഫോട്ടോ സഹിതം പ്രിൻറ് ചെയ്ത് കടയുടെ മുന്നിൽ വെച്ചിരുന്നു. പതിവുകാർക്കുള്ള അറിയിപ്പെന്നോണം അതവിടെ കിടക്കുന്നത് ഞാൻ നോക്കി നിന്നു. കുറച്ചു നേരം അവിടെ നിന്ന് ഞാൻ അടുത്തുള്ള കടയിലേക്ക് സിഗരറ്റ് മേടിക്കാൻ നടന്നു.

അയാളുടെ മരണത്തിൻ്റെ ഗന്ധം ചുറ്റിലും പരന്നു കിടക്കുന്നത് കൊണ്ടാവണം സിഗരറ്റിനു പ്രകാശേട്ടൻ തരുന്നതിൻ്റെയത്രയും രുചി തോന്നാത്തത് കൊണ്ട് ഞാൻ രണ്ടു പുകയെടുത്ത് അതിനെ തൊട്ടരികിലെ തോട്ടിലേക്ക് വലിച്ചെറിഞ്ഞു. സിഗരറ്റിൻ്റെ കനൽ രാത്രിയിലൂടെ ചീറിപ്പാഞ് കായലിൽ എവിടെയോ അപ്രത്യക്ഷമായി.

ഇതാരാ ഇവിടെ പുസ്തകങ്ങൾ വായിക്കുന്നത് ? ഗൗതമന്റെ റൂമിൽ കണ്ട പുസ്തകങ്ങൾ കണ്ട് പ്രകാശേട്ടൻ ചോദിച്ചു. മറ്റൊരു മദ്യപാന സദസ്സിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു അത്. ഗൗതമൻ നല്ലൊരു വായനക്കാരനാണ്. ഈ നഗരത്തിൽ ഇപ്പോൾ കൂടി വരുന്ന സിനിമാമോഹികളുടെ കൂട്ടത്തിൽ പെടുന്ന ഒരുവൻ. സിനിമകളിൽ സഹസംവിധായകനായി ജോലി ചെയ്യുന്നു. ഒരു ഹർത്താൽ ദിവസത്തിൻ്റെ ആദ്യ പകുതിയിലായിരുന്നു അത്. പോലീസുകാരൻ്റെ അസാന്നിധ്യത്തിലായിരുന്നു അന്നത്തെ ദിവസത്തെ വെള്ളമടി. ഗൗതമനോട് എന്തോ ഇഷ്ടം തോന്നിയത് കൊണ്ട് പ്രകാശേട്ടൻ അവനോട് സംസാരിച്ചിരിക്കുകയായിരുന്നു. ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും അവരുടെ സംസാരം നീണ്ടുപോയി. ഇടയ്ക്കൊക്കെ ഞാൻ വെറുമൊരു കേൾവിക്കാരൻ മാത്രമായി ഇരുന്നു.

എന്തിനാണ് എഴുത്തുകാർ എഴുതുന്നത് ? ചോദ്യം ഗൗതമനോടായിരുന്നു. അവൻ അതിന് അവൻ്റെതായ രീതിയിൽ മറുപടി പറഞ്ഞു. ചില്ലർ ആത്മസംതൃപ്തിക്ക്, ചിലർ സമൂഹത്തിൽ സ്വീകാര്യത കിട്ടാൻ. എന്നാലും എല്ലാവരും അടിസ്ഥാനപരമായി എഴുത്തിലൂടെ അറിയപ്പെടാൻ ആഗ്രഹിക്കുന്നു അവൻ പറഞ്ഞു. എൻ്റെ നേർക്ക് ചോദ്യത്തിൻ്റെ അറ്റം നീണ്ടുവന്നപ്പോൾ ഞാൻ കൈ മലർത്തി. എന്തായാലും ഈ ലോകത്ത് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി ഒരുപാട് എഴുത്തുകാർ ഉണ്ടെന്നു പറഞ്ഞു ഞാൻ ഒരു പെഗ്ഗ് കൂടെ അകത്താക്കി.

ഇരിട്ടി പോലീസ് സ്റ്റേഷനിൽ നിന്നും വിവരം കിട്ടിയിട്ടുണ്ട്. മൂന്നു ദിവസം കഴിഞ്ഞപ്പോൾ പൊലീസുകാരൻ്റെ വിളി വന്നു. ചിലർക്ക് മുഖപരിചയമുണ്ട്. അയാൾക്ക് അവിടെ ബന്ധുക്കളൊന്നും ഇല്ല. ഇവിടെ നിന്ന് പോയാൽ അവിടെ ഒരു ലോക്കൽ ലോഡ്ജിൽ തങ്ങും. രണ്ടുദിവസം അവിടെ ചിലവഴിച്ചു തിരികെ വരുന്നു. എന്തിനാണ് അയാൾ ഇരിട്ടിയിൽ പോകുന്നതെന്ന് ചോദിച്ചാൽ കൃത്യമായ വിവരങ്ങൾ ഒന്നുമില്ല. അത്രയും പറഞ്ഞു പോലീസുകാരൻ ഫോൺ കട്ട് ചെയ്തു.

ദൂരെ ഒരു ദേശത്ത് ഒരാൾ ഒരു മുറിയെടുത്ത് താമസിക്കുന്നുവെങ്കിൽ അയാൾക്ക് ആ ഇടത്തിനോട് എന്തെങ്കിലും ബന്ധം വേണ്ടേ ? ഞാനീ ചോദ്യം ചോദിച്ചത് ഗൗതമനോടായിരുന്നു. തിരക്കിനിടയിൽ അവൻ ഞാൻ പറഞ്ഞത് കേൾക്കുക പോലും ചെയ്യാതെ ഫോൺ കട്ട് ചെയ്തു. രാത്രി തൊട്ടപ്പുറത്തെ ഫ്‌ളാറ്റുകളിലെ വെളിച്ചങ്ങൾ ഓരോന്നായി കെടാൻ തുടങ്ങി. ഞാൻ ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു. അജ്ഞാതമായ ഒരു ദേശത്തേക്ക് തനിച്ചു നടന്നു പോകുന്ന ഒരു മനുഷ്യൻ എൻ്റെ മുന്നിൽ തെളിഞ്ഞു. ഞാൻ ഫോണെടുത്ത് പോലീസുകാരനെ ഒന്നുകൂടെ വിളിച്ചു. ഇനിയെന്തായാലും മോർച്ചറിയിൽ ശവം സൂക്ഷിക്കില്ലെന്നും അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അയാൾ പറഞ്ഞു. ഇരിട്ടിയിൽ അയാൾ താമസിച്ചിരുന്ന ലോഡ്ജിലെ അഡ്രസ് വാങ്ങി ഞാൻ ഫോൺ കട്ട് ചെയ്തു.

രണ്ടാമതൊരു ആലോചനയ്ക്ക് പുറപ്പെടാൻ സമയം കൊടുക്കാതെ ഞാൻ രാത്രി തന്നെ കാറെടുത്ത് യാത്ര തിരിച്ചു. ഇരിട്ടിയിലെ പോലീസുകാർക്ക് അയാളൊരു പേര് മാത്രമാണ്. എനിക്ക് അയാൾ ഒരു പരിചിത മുഖമായിരുന്നു. ചിലപ്പോൾ ആരുമറിയാത്ത, ആരോടും പറയാത്ത എന്തെങ്കിലും അയാൾക്ക് അവിടെ ബാക്കി കിടക്കുന്നുണ്ടെങ്കിൽ ..!

വടകരയിൽ വീട്ടിൽ കയറിയിട്ട് രാവിലെയാണ് ഇരിട്ടിയിലേക്ക് പോയത്. അന്നൊരു ദിവസം ഇരിട്ടിയിൽ ഉള്ള ഒരാൾ എൻ്റെ കൂടെ ഇവിടെ വന്നിരുന്നില്ല?, അയാൾ മരിച്ചു പോയി. ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു. പ്രകാശേട്ടൻ വീട്ടിൽ വന്ന ദിവസത്തെ അവർ രണ്ടുപേരും ഓർത്തെടുത്തു. ആ ഓർത്തെടുക്കലിൽ പരേതനുള്ള ഒരു അനുശോചനക്കുറിപ്പും ഉണ്ടായിരുന്നു.

അന്നത്തെ ദിവസം വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞപ്പോൾ പ്രകാശേട്ടൻ ആദ്യം സമ്മതിച്ചില്ല. പക്ഷെ എല്ലാം ഞാൻ നേരത്തെ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നതിനാൽ തീരുമാനം മാറ്റേണ്ടി വന്നു.

അച്ഛൻ നാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തകൻ ആണെന്ന് പറഞ്ഞപ്പോൾ പ്രകാശേട്ടൻ ഒന്ന് ചിരിച്ചു. ഏത് പാർട്ടിയിലാണെന്ന അച്ഛൻ്റെ ചോദ്യത്തിന് മറുപടിയനും പറഞ്ഞില്ല. ചിലപ്പോൾ അച്ഛൻ വിശ്വസിക്കുന്ന പാർട്ടിയായിരിക്കില്ല പ്രകാശേട്ടൻ്റെത്. സംസാരം കുറച്ചു മുന്നോട്ട് പോയപ്പോൾ അച്ഛന് നേരെ ഒരു ചോദ്യം വന്നു. ബസ് സ്റ്റാൻഡിലേക്ക് വിടാൻ ഞാൻ കാറിൻ്റെ കീ തിരയുകയായിരുന്നു അപ്പോൾ. അപ്പോഴാണ് ആ ചോദ്യം കേട്ടത്. പാർട്ടിക്ക് വേണ്ടി നിങ്ങൾക്ക് ആരെയെങ്കിലും കൊല്ലേണ്ടി വന്നിട്ടുണ്ടോ ? അങ്ങനെയൊരു ചോദ്യം അച്ഛൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചു സമയമെടുത്താണ് അച്ഛൻ ഇല്ല എന്ന് പറഞ്ഞത്. ഇവിടെ എല്ലാ പാർട്ടിക്കും ഒരുപാട് രക്തസാക്ഷികൾ ഉണ്ടാകുന്നുണ്ടല്ലോ. എന്നും പറഞ്ഞു പ്രകാശേട്ടൻ മുറ്റത്തേക്കിറങ്ങി.

“പോലീസുകാര് വന്നു ചോദിച്ചപ്പോൾ ഞാൻ മുറി തുറന്നു കൊടുത്തു. മുറിയിൽ ഒന്നുമുണ്ടായിരുന്നില്ല. കൊറേ കടലാസിൽ എന്തെല്ലോ എഴുതി വെച്ചിട്ടുണ്ടെനും. അവരതൊന്നും കൊണ്ട് പോയില്ല. “

പ്രകാശേട്ടൻ താമസിച്ച ലോഡ്ജിലെ നടത്തിപ്പുകാരൻ പറഞ്ഞു. കഴിഞ്ഞ പത്തുപന്ത്രണ്ടു വർഷമായി അയാൾ ഇവിടെ വരാറുണ്ടെന്നും രണ്ടുദിവസം താമസ്സിച്ചാണ് പോകുകയെന്നും അയാൾ പറഞ്ഞു. വരുന്ന വിവരമറിയിച്ചു വിളിക്കും. കുറച് നോട്ട്ബുക്കുകളും പേപ്പറുകളും വാങ്ങി വയ്ക്കും. എന്തൊക്കെയോ ഇരുന്നെഴുതുന്നത് കാണാം. നടത്തിപ്പുകാരൻ അയാൾ കണ്ട പ്രകാശനെക്കുറിച്ചു പറഞ്ഞു.

പ്രകാശേട്ടൻ ഒരു എഴുത്തുകാരനായിരുന്നോ ? അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഒരു എഴുത്തുകാരൻ. തൻ്റെ ആത്മാവിനെ തൃപ്തിപ്പെടുത്താൻ അയാൾ ഇരിട്ടിപോലൊരു ചെറു പട്ടണത്തിൽ വന്ന് സ്വന്തമായൊരു എഴുത്തുമുറി തീർത്ത് എഴുതുന്നു. എന്തിനായിരിക്കും ? എന്തായിരിക്കും അയാൾ ഇത്രയും കാലം എഴുതിയിട്ടുണ്ടാകുക ? മുറിയിലേക്ക് കയറുന്നതിനു മുൻപ് എൻ്റെ മനസിലൂടെ ഒരുപാട് ചോദ്യങ്ങൾ പാഞ്ഞുപോയി.

“സാറേ ഇപ്പൊ ആ മുറിയിൽ ഒന്നുല്ല. അയാള് മരിച്ചെന്ന് പറഞ്ഞപ്പോ ഞാൻ അത് ഒഴിച്ചു. “

മുറിയിലേക്കുള്ള ഇടനാഴിയിൽ എത്തിയപ്പോൾ നടത്തിപ്പുകാരൻ പറഞ്ഞു. ശരിയാണ്. ഇനിയൊരിക്കലും തിരിച്ചു വരാത്ത ഒരാൾക്ക് വേണ്ടി ആ മുറി കാത്തുവെക്കുന്നതിൽ കാര്യമില്ലെന്ന് അയാൾക്കറിയാം. ഒരാൾക്കു മാത്രം താമസിക്കാനുള്ള ഒരു കുഞ്ഞുമുറി. ജനാലയിലൂടെ നോക്കിയാൽ ഇരിട്ടിപ്പുഴ കാണാം. ഈ ജാലകത്തിനടുത്തായിരിക്കണം പ്രകാശൻ എന്ന എഴുത്തുകാരൻ തൻ്റെ എഴുത്തുകളെ ആവാഹിച്ചിരുത്തിയത്.

“എഴുതിയതൊക്കെ എന്ത് ചെയ്തു ?”

“ഞാനതൊക്കെ ഒരു ചാക്കിൽ കെട്ടി വെച്ചിട്ടുണ്ട്. മാസത്തിൽ ഇവിടെ കുപ്പിയൊക്കെ എടുക്കാൻ വരുന്ന ഒരുത്തനുണ്ട്. ഓന് കൊടുക്കാന്നു കരുതി”

ചാക്കിൽ കെട്ടി വിൽക്കാൻ വെച്ചിരുന്ന എഴുത്തുകൾ മുഴുവൻ അയാളോട് പറഞ്ഞു വീണ്ടും പ്രകാശേട്ടൻ്റെ മുറിയിലെത്തിച്ചു. എന്നിട്ട് ആ ദിവസത്തേക്ക് ഞാനാ മുറി വാടകയ്‌ക്കെടുക്കയും ചെയ്തു. രണ്ടു ചാക്ക് നിറയെ പേപ്പറുകൾ. അത്രയും വായിച്ചു പ്രകാശൻ എന്ന വ്യക്തിയുടെ മരണത്തിൻ്റെ ചുരുൾ നിവർത്തേണ്ടെന്ന് പോലീസുകാർ കരുതിക്കാണും. കെട്ടുകൾ അഴിച്ചു എഴുത്തുകൾ പുറത്തെടുക്കുമ്പോൾ ഞാൻ ഓർത്തു. കുറെയേറെ കഥകളായിരുന്നു. കുറെ കവിതകളും. ജീവിതത്തിൽ ഇന്നുവരെ കുറച്ചു പുസ്തകങ്ങൾ മാത്രം വായിച്ചിട്ടുള്ള ഞാൻ അറിയപ്പെടാത്ത എഴുത്തുകാരൻ്റെ എഴുത്തുജീവിതത്തിലൂടെ ആ രാത്രി മുഴുവൻ സഞ്ചരിച്ചു.

അയാളുടെ ചിന്തകളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഞാൻ അനുഭവിച്ചു. ചിലപ്പോൾ മറ്റൊരാൾക്ക് അനുഭവിക്കാൻ പറ്റാത്തത്രയും ആഴത്തിൽ. കൂട്ടത്തിൽ ഒരു നോട്ട്ബുക്കിൽ ആത്മകഥനം പോലെ കുറെ എഴുത്തുകൾ കിടന്നിരുന്നു. കുറച്ചു പേജുകൾ മാത്രമുണ്ടായിരുന്ന കുറിപ്പുകൾ. അത് അയാളുടെ അറിയപ്പെടാത്ത ജീവിതത്തിലേക്കുള്ള ചുഴികളായാണ് എനിക്കനുഭവപ്പെട്ടത്. വായിച്ചു തീർന്നപ്പോൾ ഞാൻ ചെന്ന് നിന്നത് പ്രകാശേട്ടൻ ചോദിച്ച രണ്ടു ചോദ്യങ്ങളിന്മേൽ ആയിരുന്നു. എന്തിനാണ് ഒരാൾ എഴുതുന്നത് ? പാർട്ടിക്ക് വേണ്ടി ആരെയെങ്കിലും കൊന്നിട്ടുണ്ടോ ? ആ രണ്ടു ചോദ്യങ്ങളുടെയും ഉത്തരം ആയിരുന്നു പ്രകാശൻ എന്ന എഴുത്തുകാരൻ. ചെയ്തുപോയ പാപത്തിൻ്റെ കുറ്റബോധത്തിൽ നിന്നും ഉടലെടുത്തതായിരുന്നു അയാളുടെ എഴുത്തും ജീവിതവും .

90 കളിലാണ് പ്രകാശൻ എന്ന പാർട്ടി പ്രവർത്തകൻ പാർട്ടിക്ക് വേണ്ടി ഒരാളെ കൊല്ലുന്നത്. അയാൾക്കൊപ്പം വേറെയും മൂന്നു പേരുണ്ടായിരുന്നു. കൊല ചെയ്ത രാത്രിയിൽ തന്നെ അവർ നാട് വിടുന്നു. അവർക്കു പകരം പാർട്ടിയിലെ തന്നെ കുറെ ചെറുപ്പക്കാർ കുറ്റം ഏറ്റെടുത്ത് ജയിലിൽ പോകുന്നു. ശേഷം പ്രകാശൻ നാട്ടിലേക്ക് തിരികെ വരുന്നു. അയാൾ വീണ്ടും സജീവമായി രാഷ്ട്രീയപ്രവർത്തനം തുടരുന്നു. എപ്പോഴാണ് മനുഷ്യർക്ക് തിരിച്ചറിവുകൾ ഉണ്ടാകുന്നത് ? ആ തിരിച്ചറിവുകൾ മനുഷ്യരെ എങ്ങോട്ടാണ് നയിക്കുന്നത് ?

പിന്നീടെപ്പോഴോ അയാൾ കുറ്റബോധത്തിൻ്റെ ഭാണ്ഡവും പേറി നാട് വിടുന്നു. എവിടെയൊക്കെയോ സഞ്ചരിച്ചു വീണ്ടും അയാൾ രണ്ടു നഗരങ്ങളിൽ പുതിയ രണ്ടുപേരായി പിറന്നു വീഴുന്നു. ജീവിക്കുന്നു. ഒന്ന് ഒരു കച്ചവടക്കാരനായി മറ്റൊന്ന് ഒരു എഴുത്തുകാരനായി. ഏതായിരിക്കും അയാളുടെ യഥാർത്ഥ ജീവിതം ? ചിലപ്പോൾ ചെയ്ത പാപങ്ങളുടെ മുഴുവൻ വേദനയും ഈ എഴുത്തുമുറിയിൽ ഛർദ്ദിച്ചു കാണണം.

രാത്രി ഇരിട്ടിപ്പുഴയുടെ ശീൽക്കാര ശബ്ദങ്ങളെ ജനലിലൂടെ അകത്തേക്ക് തള്ളിവിട്ടു. ഞാൻ അയാളുടെ എഴുത്തുകൾ മുഴുവൻ വീണ്ടും ചാക്കുകെട്ടിലേക്ക് നിറച്ചു. ഒരു മനുഷ്യജീവിതം നിറച്ച രണ്ടു ചാക്കുകെട്ടുകൾ.

ഞാൻ പ്രകാശേട്ടനെക്കുറിച്ചോർത്തു. എന്തിനായിരിക്കും അയാൾ ജീവിതം കൊണ്ട് ഇങ്ങനെയൊരു സമസ്യ തീർത്തത് ? ആലോചന ചെന്നുടക്കിയത് അയാൾ കുറിച്ചിട്ട ഒരു കവിതാശകലത്തിലാണ്

മുറിഞ്ഞുപോയ മനുഷ്യർ
മുറിച്ചിട്ടവരുടെ ചിരി.
മുറിവേറ്റ് ബാക്കിയായ ഞാൻ…!!!!

ആനുകാലികങ്ങളിൽ കഥ കവിതയും എഴുതുന്നു. സിനിമയിലും ടിവി പരിപാടികളിലും സഹസംവിധായകനായി പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട്‌ വടകരയാണു സ്വദശി.