പന്ത്രണ്ടാമത്തെ അധ്വാനം

ഇത് സെർബറോസ്….

കൂർത്ത ദ്രംഷ്ട മുനകളാലവൻ
പച്ചമാംസം കീറിയെടുക്കവേ
ഊറിയ രക്തം നീട്ടിയ നാവാൽ
ആർത്തിയിൽ നക്കിയെടുത്തു രുചിച്ചു.

തണുത്ത മണ്ണിൻ ഹൃദയം തോണ്ടിയവൻ
ചെവികൾ മെല്ലെ കൂർപ്പിച്ചു…
അന്ധകാരത്തിനൊരു തുളയിട്ടത് പോലവനുടെ
കണ്ണുകൾ നിന്നു കത്തി.

ഇരുണ്ട ഗുഹയുടെ ചുമര് മണത്താ
കൂറ്റൻ നായ കുരച്ചു….

അവനുടെ….
കഴുത്തിൽ മുറുകും ചങ്ങല വലിച്ചു
നിൽക്കും നിഴലിൻ കണ്ണിൽ
കാമം, മോഹം, അധികാരകൊതി തെളിഞ്ഞു കത്തുന്നു


ചുണ്ടിലെ ചുരുട്ടിൽ മതത്തിൻ ലഹരിയെരിഞ്ഞു
പുകച്ചുരുളുകൾ തിങ്ങിപ്പൊങ്ങി

ആ നിഴലിൻ കാലിൻ
താളം നോക്കി വാലും ചുരുട്ടി
നരകചുഴിയിൽ മരണം കൊയ്യും
സെർബറോസ് നിന്നു കുരച്ചു;
തണുത്ത ഗുഹയുടെ
കരിങ്കൽ ചീളുകളവനുടെ കുരയിൽ
പൊളിഞ്ഞു വീഴുമ്പോഴതിൻ കീഴിൽ
ഞെരിഞ്ഞമർന്നു മാനുജർ….,
ഇയ്യാംപാറ്റ കണക്കെ.

അവരുടെ തളർന്ന രോദനമലിഞ്ഞ വായു
സിറിയയിൽ, യമനിൽ അഫ്ഗാനിൽ
പിന്നീ ഇന്ത്യതൻ
പലപല നരകച്ചുഴികളിലലിഞ്ഞുയർന്നു കേൾപ്പു.

അവരുടെ മാംസം മണത്തു നടന്നവൻ സെർബറോസ്
നീണ്ടു കൂർത്ത ദ്രംഷ്ട മുനകളാലാ പാവം മാനുജരുടെ
ജീവൻ കീറിയെടുക്കവേ
ഊറിയ രക്തം നീട്ടിയ നാവാൽ നക്കിയെടുത്തു രുചിച്ചു.

അവരുടെ ചിതറിയ രക്തതുള്ളികൾ കിനിഞ്ഞിറങ്ങി
മണ്ണിൻ മാറു തുറന്നു
കന്നിക്കതിരത് പൊട്ടിയ പോലെ
വന്നു ഹെരെയുടെ പുത്രൻ അവൻ ഹെർക്കുലീസ്.

അവൻ….
ചുവന്ന കച്ചതോർത്തു മുറുക്കി
പുലരികതിരുകൾ പിന്നല് കെട്ടിയ
വെള്ളകുതിരയിലേറി
കയ്യിൽ കത്തും പന്തവുമായി
മിന്നലു പോലെ കുതിച്ചു

അവൻ….
കയ്യിൽ കത്തും പന്തവുമായി
മിന്നലു പോലെ കുതിച്ചു

കണ്ണുകൾ കത്തി നാവുകൾ നീട്ടിയാ ഗുഹയുടെ
കറുത്ത കോണിൽ സെർബറോസ് നിന്നു കുരച്ചു
കുരച്ച നാവാത് നെടുകയരിഞ്ഞവനുടെ
വാളിൻ തുമ്പ് ചിരിച്ചു.

അവനുടെ കാലടി കേട്ടു കിതച്ചു
നിഴലുകൾ വിറച്ചവരുടെ കൈയ്യിൽ
മുറുകിയ നായുടെ ചങ്ങല വെട്ടിയെറിഞ്ഞവൻ പതറി
നിഴലുകൾ കത്തിയമർന്നു.

ബലിയാടുകളുടെ രക്തം ചീന്തിയ
ചെഞ്ചോരകച്ച ചുഴറ്റി
അവനാ കൂറ്റൻ നായുടെ കഴുത്തു മുറുക്കിയൊതുക്കി.

അവനുടെ നീട്ടിയ വാളിൻ നെഞ്ചിൽ
നിറയെ ചെങ്കതിരുകൾ വീണു ചിതറി.

ഇരുണ്ട ഗുഹയുടെ കറുത്ത കോണിൽ
പുലരി പടർന്നുചുവന്നു.

വിവരണം : ഗ്രീക്ക് കഥകളിലെ നായ സെർബേറസ്. നരകത്തിലെ കാവൽക്കാരനായ ഈ നായയെ എറുസ്തയെസിന്റെ മുന്നിലെത്തിക്കാനായി വരുന്ന ഹെർക്യൂലീസ്. അധികാരം, മതം, എന്നിവ സെർബറോസ് എന്ന നരകത്തിലെ നായയുടെ രണ്ടു തലകൾ പോലെയാണ്. അവഹേഡാസിന്റെ (മരണത്തിന്റെ ദേവത) മുന്നിലെന്നതു പോലെ സമ്പന്ന വർഗ്ഗത്തിന്റെ മുന്നിൽ വാലാട്ടി നിൽക്കുന്ന കാഴ്ച ആണിന്നു നാം കാണുന്നത്. ഈ തലകളെ അടക്കി ജനതയെ രക്ഷിക്കുന്ന മനുഷ്യർക്കു ചേർന്ന പേരാണ് ഹെർക്കുലീസ്…. ഇരുണ്ട നരകചുഴിയിൽ പുതിയ പ്രതീക്ഷയുടെ ചുവന്ന പ്രഭാതത്തെ അവൻ വരവേറ്റു.

തിരുവനന്തപുരം സ്വദേശിയാണ്, ഇപ്പോൾ താമസം ഗുജറാത്തിലെ ബറോഡയിൽ. ഫുഡ്‌ കോര്പറേഷൻ ഓഫ് ഇന്ത്യയിൽ ക്വാളിറ്റി കൺട്രോളർ ആയി ജോലി നോക്കുന്നു. ആനുകാലികങ്ങളിലും മറ്റും കവിതകൾ എഴുതാറുണ്ട്.