കണ്ണാടിവിരലുകളിൽ കോർത്തെടുത്ത്
മഴവിളിച്ചു…. വരൂ
വേനലിന്റെ വിരഹപ്പായയിൽ
വിയർത്തവളേ വരിക..
മഴയിൽ വിരിഞ്ഞത് രാത്രിമുല്ലകൾ
മഴയിൽ നിറഞ്ഞത് മൺവേർപ്പ്…
പനിയോർമ്മകൾ പിൻവിളിക്കുന്നു.
എങ്കിലും, മഴേ.. നീവിളിക്കുകിൽ
വരാതെ ഞാനെങ്ങനെ…..?
വിരൽത്തുമ്പിൽ മഴച്ചൂടിന്റെയുന്മാദം
മഴയെന്നിലേക്കോ
ഞാൻ മഴയിലേക്കോ പെയ്തുനിറയുന്നു.
മഴവേഗങ്ങൾക്ക് ദുന്ദുഭിതാളം
മഴചുംബനങ്ങൾക്ക് മിന്നൽ ചൂട്
മഴയൊഴുക്ക് പുഴപോലെ
ഓളങ്ങളുടെ ചുഴികളിൽ നിറഞ്ഞത്, ഞാൻ.
വെയിൽ ചിരിയിൽ മഴയൊടുങ്ങി
തുള്ളിവിറച്ച മഴയോർമ്മകൾക്ക് പനിച്ചൂട്.
ശ്വാസവഴികളിൽ വലകെട്ടിയ
കഫ നൂലിഴകളിൽ
ജീവശ്വാസം പിടഞ്ഞു മുറുകുന്നു
നീട്ടിത്തുപ്പിയ കഫത്തുണ്ടിൽ ചോരപ്പാട.
എങ്കിലുമെന്നിലെ മഴക്കിനാവുകളൊരു
വസന്തത്തിനായി കൈകൂപ്പി നിൽപ്പൂ,
പുവുകളായി പുനർജനിക്കാൻ.