പനച്ചോത്തി

മോദ്യാക്കേന്റെ മീന്‍പെട്ടിക്കരികില്‍
പൊതിഞ്ഞു കിട്ടാന്‍വേണ്ടി നില്‍ക്കുന്ന
തേക്കിലകള്‍.

സ്‌കൂള്‍ ഗ്രൗണ്ടിനപ്പുറത്തുനിന്ന് പെറുക്കി
തോട്ടിലിട്ട് നനച്ച്
അവിടെ എത്തിച്ചാല്‍ കിട്ടും
ഒരു പൊതി മത്തി.

സ്ഥിരമായി വരുന്ന പൂച്ചകള്‍ക്കും
അപ്പുറത്തെ വീട്ടിലെ പട്ടിക്കും
കാക്കക്കും അവരുടെ വിഹിതം കൊടുത്തേ
മോദ്യാക്ക എന്നെ നോക്കൂ.

കാക്കയോട് സംസാരിക്കുമ്പോള്‍
മോദ്യാക്ക ഒരു കാക്കയാണ്
പൂച്ചയോട് സംസാരിക്കുമ്പോള്‍ ഒരു പൂച്ചയും.
എന്നെ നോക്കുമ്പോള്‍ ഞാന്‍
മോദ്യാക്കേന്റെ മാവുണ്ണിയും.

മീന്‍ പൊതി കെട്ടുന്നതിനു മുന്‍പ്
പനച്ചോത്തി പറിക്കണം.
എട്ടുകാലി ചുരുണ്ടു കിടക്കുന്നതുപോലെയുള്ള
പനച്ചോത്തിയുടെ മൊട്ടു പറിച്ച്
കാലുകള്‍ പിഴുതെടുത്ത് തിന്നണം.
പല്ല് പുളിച്ച അകം കുളിര്‍ക്കണം.

കൊളാമ്പി പോലുള്ള മഞ്ഞപ്പൂവിന്റെ
നടുവിലുള്ള കാപ്പിക്കണ്ണിലേക്ക്
തുറിച്ചു നോക്കി ഇല പറിക്കണം.

പൊതിഞ്ഞു കെട്ടിയ പനച്ചോത്തിയും
വരിഞ്ഞുകെട്ടിയ മത്തിപ്പൊതിയും
അമ്മയെ ഏല്‍പ്പിക്കുമ്പോള്‍
ഒരു ഗൃഹനാഥന്റെ തലക്കനം
സ്വാഭാവികമായും വന്നുചേരണം.

പനച്ചോത്തിയില്ലാതെ എന്ത് മീന്‍ കറി?
എന്ന് മനസ്സില്‍ പറയണം.
പിന്നെ, കളിക്കണ്ടത്തിലേക്ക് പായുമ്പോള്‍
അവന്‍ ഒരു പത്തുവയസ്സുകാരനാവണം.

(*പനച്ചോത്തി – പനച്ചികം എന്നും പേരുള്ള ഒരു ചെടി. ചെടിയുടെ തണ്ടിലും ഇലയിലും വരെ ചെറിയ മുള്ളുകളുണ്ടാവും. ഇതിന്റെ ഇല കറിവെയ്ക്കാനും ചമ്മന്തിയരയ്ക്കാനും മറ്റും പുളിക്ക് പകരമായി പണ്ട് ഉപയോഗിച്ചിരുന്നു.)

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത ഒളവട്ടൂരില്‍ സ്വദേശി. ഇപ്പോള്‍ എം.ഇ.എസ് മമ്പാട് കോളേജില്‍ മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്‌ലോര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമാണ്. കലിവാക്കും ചില താളപ്പിഴകളും (കവിതാസമാഹാരം), ചിന്തകളുടെ വര്‍ത്തമാനം (ലേഖനങ്ങള്‍), മലയാളസാഹിത്യവും അനുബന്ധങ്ങളും, ദൃശ്യസംസ്‌കാരം ഇന്നും ഇന്നലെയും (ചലച്ചിത്രപഠനം), മലയാളകവിത പൂര്‍വ്വഘട്ടം, മാതൃഭാഷാബോധനം സിദ്ധാന്തവും പ്രയോഗവും, ദൃശ്യകാലത്തിന്റെ പുതുബോധങ്ങള്‍, കവിതയുടെ വേരുകള്‍, നവീന മലയാളകവിത, പരുത്തിമല പാക്കേജ് (നോവല്‍ - ബാലസാഹിത്യം), തുടങ്ങി ഇരുപതോളം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്