ചെറുതേനീച്ചക്കുഞ്ഞുങ്ങൾ
തേനുണ്ണാൻ വന്നെത്തുമ്പോൾ
പത്തുമണിപ്പൂ വിടരാതെ
മൊട്ടുകളായി നിൽക്കുന്നു
വട്ടം ചുറ്റിപ്പാറിയവർ
ബഹളം വച്ചൊരു നേരത്തു,
പുലരിപ്പെണ്ണ് മൊഴിഞ്ഞെല്ലോ
പത്തുമണിക്കേ വിടരുള്ളൂ.
മാരുതനാലോലം പാടി
മൊട്ടുകൾ കണ്ണു മിഴിച്ചപ്പോൾ, ആർത്തിമുഴുത്ത തേനീച്ച
കൂട്ടത്തോടെ പറന്നെത്തി.
സ്വാഗതമരുളി പത്തുമണി
തേനുവിളമ്പിയ നേരത്തു
സ്വാദു നുകർന്നു രസിച്ചവരാ
മലരിന്നുള്ളിലുറങ്ങിപ്പോയ്..
പകലോൻ പോയി മറഞ്ഞപ്പോൾ
കുറ്റാംകുറ്റിയിരുട്ടെത്തി
ആരുംകാണാതാരാവിൽ
പൂവും വണ്ടും പ്രണയിച്ചു.
പുലരിക്കതിരുകളെത്തുമ്പോൾ
പൂമിഴിയൊന്നു തുറന്നപ്പോൾ
പൂമ്പൊടി വാരിക്കൊണ്ടെങ്ങോ
പാട്ടുംപാടി പോയവനും.