പഠിക്കാത്ത പാഠങ്ങൾ

അറിയേണ്ടതായിട്ടൊന്നും
അറിയില്ലയെങ്കിലും ഞാൻ
ഗുണപരീക്ഷണങ്ങളിൽ
ജയിക്കയായി.

പലനാളിൽ പലനാട്ടിൽ
പലമർത്ത്യർ പിറന്നതും
പതനത്തിൽ പതിച്ചതും
പഠിക്കയായി.

വിരസമാം വിവരങ്ങൾ-
തൻ വാരിധിയെന്റെ
ഭാവനാനൗകയെ
അപഹരിച്ചു.

ഇതിവൃത്തം നഷ്ടമാ-
യിതിനിടയിൽ വിസ്മരി-
ച്ചതുമുഖ്യമാം ചില
വിഷയങ്ങളും.

മനുഷ്യത്വമെന്നതിൻ
പൊരുളെന്താണെന്നും
മകരന്ദമൂറുന്ന
പൂവേതാണെന്നും,
അപരനെ തുല്യനായ്
കാണാനും, അപജയം
അപലപിക്കാനുള്ള-
തല്ലെന്ന പാഠവും,

ദിവസങ്ങൾ മാസങ്ങൾ
കൊല്ലങ്ങൾ കടന്നിട്ടും
പഠിച്ചതുമില്ല
പറഞ്ഞതുമില്ല!