പട്ടുനൂൽപ്പുഴുജീവിതങ്ങൾ

നമ്മുടെ ബാല്യം ഒരു പ്രത്യേക നിമിഷത്തിൽ തീർന്നു പോയി എന്ന് എപ്പൊഴെങ്കിലും തോന്നിയിട്ടുണ്ടോ? എസ്. ഹരീഷിൻ്റെ നോവൽ പട്ടുനൂൽപ്പുഴുവിലെ മുഖ്യ കഥാപാത്രമായ സാംസ എന്ന കുട്ടിയുടെ ബാല്യം അങ്ങനെ ഒരു നിമിഷത്തിൽ പെട്ടെന്നങ്ങു അവസാനിച്ചു പോയി. അത് വരെ ഉണ്ടാവാതിരുന്ന എല്ലാവരുടെയും ശ്രദ്ധ ആദ്യമായി അവനിലേക്ക് വന്നതും അന്നാണ്. ഫ്രാൻസ് കാഫ്കയുടെ മെറ്റമോർഫോസിസിലെ ഗ്രിഗർ സാംസ, തൻ്റെ സ്വപ്നത്തിൽ നിന്നുണർന്ന് ഷഡ്പദമായി മാറിയതു പോലെ, ഇവിടെ പതിമൂന്നുകാരനായ സാംസ പതിയെപ്പതിയെ ഒരു പട്ടുനൂൽപ്പുഴുവിൻ്റെ ജീവിതചക്രം പോലെ രൂപാന്തരീകരണം പ്രാപിച്ച് മറ്റൊരു വ്യക്തിയായി മാറുന്നു. ബാല്യത്തിൻ്റെയും കൗമാരത്തിൻ്റെയും ഇടയ്ക്ക് നില്ക്കുന്ന അവൻ ആദൃശ്യനാണ്. ഒരിടത്ത് നിൽക്കുമ്പോൾ മറ്റൊരിടത്തായിരിക്കാൻ അവനറിയാം. അവൻ്റെ കൂടെ മറ്റൊരാൾ കൂടിയുണ്ട്. അവർ ഒരുമിച്ചാണ് സ്വപ്നം കാണുന്നത്. വളർത്തുനായ ഇലു കുരയ്ക്കുന്നത് ഈ രണ്ടു പേരെയും നോക്കി കൂടിയാണ്. “മരിച്ചു പോയ പെൺകുട്ടീ” എന്ന് സാംസ അവളെ അഭിസംബോധന ചെയ്യുന്നുണ്ട്. പിന്നീട് മാർക്ക് സാറാണ് അവളെ നടാഷയാക്കുന്നത്. സാംസയുടെ ഒപ്പം നടാഷയും നോവലിലുടനീളം ആദൃശ്യ ജീവിതം നയിക്കുന്നു.

ഈ ഭൂമിയിലെ ആദ്യ വർഷങ്ങളാണ് സാംസയുടെ സ്വഭാവത്തെ നിർമ്മിച്ചെടുത്തത് എന്ന് അവൻ്റെ അമ്മ ആനി കരുതുന്നു. ആനിയുടെ വിഷാദം മുലപ്പാലിലൂടെ സാംസ എല്ലാക്കാലത്തേക്കുമായി വലിച്ചു കുടിച്ചു. അവളുടെ ഉള്ളിലെ പണ്ടെങ്ങോ മരിച്ചു പോയ നടാഷയോടാണ് സാംസ നിരന്തരം സംസാരിച്ചു കൊണ്ടിരുന്നത്. നടാഷയും ആനിയും ഒന്നാണെന്ന തിരിച്ചറിവിൽ, ആരംഭിച്ചിടത്ത് തന്നെ നോവൽ അവസാനിക്കുന്നു, ജീവിതം ഒരു പൂർണ്ണ വൃത്തമാകുന്നു. സാംസയും ആനിയും നടാഷയും ഒന്നായി മാറുന്നു. ഈ നോവലിൽ കഥാകൃത്തിൻ്റെ ജീവിതം എത്രത്തോളമുണ്ടോ അത്രയും തന്നെ ഓരോ വായനക്കാരൻ്റെ ജീവിതവും ബന്ധിക്കപ്പെടുന്നുണ്ട്. സാംസയോട് അടുപ്പമുള്ള ഓരോരുത്തരും, സ്റ്റീഫനും ഇലുവും മാർക്ക് സാറും വിജയനുമെല്ലാം പതിയെപ്പതിയെ അവൻ്റെ ജീവിതത്തിൽ നിന്ന് മാഞ്ഞു പോകുമ്പോൾ സാംസയെ പൊതിയുന്ന വേദനയുടെ കൊക്കൂൺ നമ്മളെയും വന്നു മൂടുന്നു. പട്ടുനൂൽപ്പുഴുവിൻ്റെ എഴുത്തിനു വേണ്ടി എസ്. ഹരീഷ് തൻ്റെ ഉള്ളിലേക്ക് നിരന്തരം സഞ്ചരിച്ചിരുന്നു എന്ന് മുഖവുരയിൽ പറയുന്നുണ്ട്. ഇതിലെ കഥാപാത്രങ്ങളിൽ ആ യാത്ര വെളിപ്പെടുന്നുണ്ട്. അതു കൊണ്ടു തന്നെ വായനക്കാരുമായി ഒരു വൈകാരിക താദാത്മ്യം പ്രാപിക്കൽ ഇതിൽ സംഭവിക്കുന്നുണ്ട്.

ഒരു സെൻ കഥയിൽ പറയുന്ന പോലെ, താൻ ഒരു ചിത്രശലഭമായി സ്വപ്നം കാണുന്ന മനുഷ്യനാണോ അതോ ഒരു ചിത്രശലഭം ഒരു മനുഷ്യനായി സ്വപ്നം കാണുന്നതാണോ എന്ന ചോദ്യം തങ്ങളുടെ ജീവിതത്തെക്കുറിച്ച് സാംസയും ആനിയും ഒരു പോലെ ചിന്തിക്കുന്നു. അകത്ത് വേറൊരു ലോകമുള്ള മനുഷ്യരെയാണിതിൽ കാണാൻ സാധിക്കുന്നത്. ഏകാന്തതയും ഉന്മാദവും നിറഞ്ഞ ഒരു രഹസ്യലോകത്തിലാണ് ഈ കഥാപാത്രങ്ങളെല്ലാം എന്ന് നമുക്ക് തോന്നിപ്പോകുന്നു. നഷ്ടപ്പെടലുകളുടെ കഥ കൂടിയാണ് പട്ടുനൂൽപ്പുഴു. ആനിക്ക് തൻ്റെ ഉള്ളിലെ കാമുകിയെയും സാംസയ്ക്ക് അച്ഛനെന്ന സുരക്ഷയും ഈന്തു മരത്തിന് സ്റ്റീഫനെന്ന ഭ്രാന്തനെയും നഷ്ടമാകുന്നു.

പരാജയപ്പെട്ടവർക്കും കൂടി അവകാശപ്പെട്ടതല്ലേ ഈ ലോകം എന്ന ചോദ്യം ഇവിടെ ഉയരുന്നു. ലക്ഷ്യത്തിലെത്താൻ സാധ്യതയല്ലാത്ത ഒരു ദേശാടനപ്പക്ഷിയെപ്പോലെ അപ്രത്യക്ഷനായ വിജയനും അയാളുടെ അപൂർണ്ണമായ വീടും ചങ്ങലയിൽ കിടന്നു തൂങ്ങിമരിച്ച ഇലുവും നിസ്സഹായ ജീവിതങ്ങളായ സാംസയും ആനിയും മരിച്ചു പോയ പെൺകുട്ടിയുമെല്ലാം പട്ടുനൂൽപ്പുഴു ജീവിതങ്ങളായി മാറുന്നു. അസാധാരണമായി ഒന്നുമില്ലാത്ത സാംസയുടെ ലോകം വായനക്കാരുടെ ചുറ്റും രൂപപ്പെടുന്നു. മരിച്ചു പോയ പെൺകുട്ടിയോട് സംസാരിക്കാനായി അവൻ വേഗത്തിൽ നടക്കുന്നു. അവന് വേറെ ആരാണുള്ളത്?