*’ഭാരതസീമ’ യിലേറി
കരക്ക് വന്നിരുന്നു
ഒരു സുൽത്താൻ
ആയിരം താരകൾ
മിന്നണ നാട്ടീന്നു
പതിനായിരം പൂക്കൾ
ചിരിക്കണ ദ്വീപീന്നു
ലക്ഷോപലക്ഷം മുത്തുകൾ
മുളയ്ക്കണ മണ്ണീന്നു
കാതരമാമൊരു സ്വപ്നവും പേറി
കരയിലേക്കു വരുമായിരുന്നു
കളിച്ചങ്ങാതി
എന്നെക്കാണാൻ,
പടച്ചോന്റെ മൊഞ്ചുള്ള
ചങ്ങാതി…
വന്നാലുടനവൻ
ഭാണ്ഡക്കെട്ടഴിക്കും
കൊപ്പരയുമുണക്കച്ചൂരയും
ചൊറുക്കയും
മധുരംകിനിയും ചക്കരയുണ്ടയും
നിറപൂത്താലം പോലെ
വച്ചുനീട്ടും
ആ നൈവേദ്യം
ഞാനേറ്റുവാങ്ങും…
പിന്നെ
ഓന്റെ ഖൽബിലെ
നൊമ്പരത്തിന്റെ
കെട്ടുമഴിക്കും
കരയിലിട്ട ചൂര പോലെയോൻ
പെടയ്ക്കും
താങ്ങാൻ പറ്റില്ല
ഏറ്റുവാങ്ങാൻ വയ്യാതെ
ചങ്ങാതിയെ ചേർത്തുപിടിക്കും
അന്നേരമെന്റെ നെഞ്ചും
പെടയും…
ഭൂമിയൊന്നു
വട്ടംകറങ്ങിയ നേരം
കാലമൊരു സമുദ്രമായി
ഞാനൊരു വൻകരയായി
അവനൊരു ബിന്ദുവായ്
അകലെ
അങ്ങകലെ!
എങ്കിലും
പറന്നങ്ങു ചെന്നാൽ
ഇന്നും കടലുതാണ്ടി
എന്നെ തേടി നീന്തിയെത്തുമീ
പടച്ചോനിക്ക്
എന്റെ വീട്ടിലേക്കുള്ള ദൂരം
ഒരു വിളിപ്പാടകലം മാത്രം!
* ഭാരതസീമ ഒരു കപ്പലിന്റെ പേര്