കഥകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍!!!. കഥകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വായനക്കാരന് അതിനാലാകണം അവയെ ഹൃദയത്തിലേക്ക് സ്വീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് . പക്ഷേ, മനുഷ്യന് കഥ പറയാന്‍ തുടങ്ങിയിട്ടേത്രയോ നൂറ്റാണ്ടുകള്‍ ആകുന്നു. ഇപ്പൊഴും കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പറയാത്തതോ എഴുതാത്തതോ ആയ ഒരു കഥകളും പുതുതായി ഉണ്ടാകുന്നുമില്ല. എന്നാല്‍ത്തന്നെ ഓരോ കഥകളും ഓരോ കാലത്തിലും അതാത് കാലത്തിന്റെ പുറംചട്ടയില്‍ കുറിക്കപ്പെടുന്നതിനാല് പുതുമയുള്ളതും വേറിട്ടതും ആയി തോന്നുന്നു. ഇത് കഥയുടെ കഴിവല്ല മറിച്ചു കഥാകാരന്റെ കഴിവായി വിലയിരുത്തേണ്ടതുണ്ട്. കഥകള്‍ക്ക് മനുഷ്യന്റെ എല്ലാ വികാരങ്ങളെയും ഉണര്‍ത്താനും ഉല്ലസിപ്പിക്കാനും ഉള്ള കഴിവുണ്ട്. അതെങ്ങനെ സന്നിവേശിപ്പിക്കണം എന്നതിലാണ് കഥാകാരന്റെ കഴിവ് ഒളിഞ്ഞിരിക്കുന്നത്. കഥകള്‍ വായിച്ചു കരയുന്നവരും ചിരിക്കുന്നവരും വിഷാദിക്കുന്നവരും കോപിക്കുന്നവരും പ്രണയത്തിലാകുന്നവരും കാമം ഉണരുന്നവരും ഭയക്കുന്നവരും ഒക്കെ ഉണ്ട് . കഥകള്‍ വായിച്ചു പുസ്തകം വലിച്ചെറിയുന്നവരും ഉണ്ട് . മനുഷ്യ വികാരങ്ങളെ അറിയാനും കാണാനും പ്രതിഫലിപ്പിക്കാനും എഴുത്തുകാരന് ശ്രമിക്കുന്നിടത്ത് വിജയപരാജയങ്ങള്‍ സ്വാഭാവികമാണ്. പക്ഷേ നമുക്ക് നഷ്ടമാകുന്ന വായനാശീലം, എഴുത്തിന്റെ സ്വാഭാവികമായ നൈസര്‍ഗ്ഗികതയെ നിശ്ചേഷ്ടമാക്കിക്കളയുന്നത് എഴുത്തുകാര്‍ മനസ്സിലാക്കുന്നിടത്താണ് അവര്‍ക്ക് വിജയിക്കാനാകുക. മലയാളകഥകളില്‍ എന്തുകൊണ്ടാണ് ചില എഴുത്തുകാര്‍ മാത്രം ഇന്നും ആദരിക്കപ്പെടുകയും വായിക്കപ്പെടുകയും ഓര്‍മ്മിക്കപ്പെടുകയും ഒക്കെ ചെയ്യുന്നത്. അവര്‍ എഴുതിയിട്ട വരികള്‍ കാലം ഇത്ര കഴിഞ്ഞും വായനക്കാരനെ മേല്‍പ്പറഞ്ഞ വിവിധങ്ങളായ മാനുഷിക വികാരങ്ങള്‍ വേട്ടയാടുന്നതിനാല്‍ മാത്രമാണത്. അടുത്തിടെ ZEE TV യുടെ ഒരു ഒന്‍പതു എപ്പിസോഡുകള്‍ കാണുകയുണ്ടായി. പ്രിയ എഴുത്തുകാരന് എം. ടി യുടെ ഒന്‍പതു കഥകള്‍ മലയാള സിനിമയിലെ പ്രഗല്ഭരായ അഭിനേതാക്കള്‍ അഭിനയിച്ചു എന്നതിനപ്പുറം ആ കഥകളുടെ ചിത്രീകരണം മനസ്സില്‍ ആഴത്തില്‍ പതിയുന്ന വിധത്തില്‍ അവതരിപ്പിച്ചു എന്നു തന്നെ പറയാം. ആ കഥകള്‍ വായിച്ചിട്ടുള്ളതില്‍ നിന്നും ഒട്ടും വ്യതിചലിക്കാതെ അതേപോലെ ആവിഷ്കരിക്കുക മൂലം സിനിമാവത്കരണം എന്ന കച്ചവട സാധ്യത അതില്‍ നിന്നും അകന്നു നിന്നപ്പോള്‍ കഥകള്‍ എത്ര ഹൃദ്യമായി എന്നു പറഞ്ഞറിയിക്കാന്‍ കഴിയില്ല.
എല്ലാ നാട്ടിലും കഥകള്‍ ഉണ്ട്. മലയാളിക്കെന്നല്ല മനുഷ്യര്‍ എവിടെയെല്ലാം ഉണ്ടോ അവിടെയൊക്കെ കഥകളും ഉണ്ട്. ഇത്തരം കഥകള്‍ ഭാഷയും ദേശവും കടന്നുപോകുകയും എല്ലാ മനുഷ്യര്‍ക്കും വായിക്കാന്‍ കഴിയുകയും ചെയ്യുന്നത് എത്ര സന്തോഷകരമായ അനുഭവമായിരിക്കും. ഇക്കാലത്ത് അധികം അത്തരം വായനാ സന്തോഷം ലഭ്യമാണോ എന്നറിയില്ല. കാരണം വര്‍ദ്ധിച്ചു വരുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ തന്നെ വായിച്ചു തീരുന്നില്ല അപ്പോള്‍ എങ്ങനെയാകും ഒരു വായനക്കാരന് അന്യഭാഷയുടെ വായനയെ സമീപിക്കാന്‍ കഴിയുക. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കാലത്തിനെ അടയാളപ്പെടുത്തുന്ന കഥകള്‍ അധികം വായിക്കപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന പഞ്ചാബികളുടെ കുറേയേറെ കഥകള്‍ ഡോ. ഹര്ഭജന് സിംഗ് സമാഹരിക്കുകയും അതിനെ നാഷണല്‍ ബുക്ക് ട്രസ്റ്റ് പി കെ മണിയിലൂടെ മലയാളത്തിലും മൊഴിമാറ്റം നല്കി സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുന്ന കാഴ്ച വര്‍ഷങ്ങള്‍ക്കിപ്പുറം അത് വായിക്കാന്‍ കഴിയുമ്പോള്‍ അടക്കി വയ്ക്കാന്‍ കഴിയുന്നതല്ല. ഇന്ത്യാ പാകിസ്ഥാന് വിഭജനം പഞ്ചാബില്‍ നല്കിയ മുറിവുകള്‍ ഈ കഥകളുടെ ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു. ഹിന്ദുക്കള്‍, മുസ്ലീംങ്ങള്‍, സിക്കുകാര്‍ ഇങ്ങനെ മൂന്നു ജനതയുടെ ആത്മസംഘര്‍ഷങ്ങളുടെ , വിഭജനമുറിവുകളുടെ, കാഴ്ചപ്പാടുകളുടെ ഒക്കെ ഒരു സമ്മിശ്രക്കാഴ്ചയാണ് ഈ പുസ്തകത്തിന്റെ കാതലായ അംശം. ജീവിതത്തെ പച്ചയായി ആവിഷ്കരിക്കുന്ന, പ്രതിഫലിപ്പിക്കുന്ന ഈ കഥകളില്‍ കൂടി കടന്നുപോകുമ്പോള്‍ മനുഷ്യര്‍ എന്തൊക്കെ അനുഭവിച്ചിരുന്നു എന്നത് നമുക്ക് ഒരു വായന മാത്രമായി നില്ക്കും എന്നൊരു വിരോധാഭാസം കൂടിയുണ്ട് . ഗ്രാമീണ ജീവിതത്തിന്റെ ശരി തെറ്റുകള്‍ , വിശ്വാസങ്ങള്‍ , കാഴ്ചപ്പാടുകള്‍ എന്നിവയെ മനസ്സിലാക്കാന്‍ കഴിയുന്ന എഴുത്തുകള്‍ ആണ് പഴയകാല സാഹിത്യങ്ങള്‍ എന്നത് തര്ക്കമാറ്റ വസ്തുതയാണ്. അന്യം നിന്നുപോയ ചില കാഴ്ചകള്‍ ആയി, നോസ്റ്റാള്‍ജിയ ആയി ഇന്നനുഭവിക്കാന്‍ കഴിയാതെ ഓര്‍ക്കാന്‍ മാത്രം കഴിയുന്ന ഗ്രാമങ്ങളുടെ ജീവിതമറിയാനായി അതുകൊണ്ടു തന്നെ പഴയകാല സാഹിത്യം വളരെ ഉപകാരപ്പെടുന്നതാണ് . മുറിവേറ്റ മനുഷ്യരുടെ ജീവിതം മാത്രമല്ല ഗ്രാമീണതയുടെ സരളതയും ഈ കഥകളില്‍ നിറഞ്ഞു നില്ക്കുന്നു.
പദാനുപദ തര്‍ജ്ജമകള്‍ വിരസതയുണ്ടാക്കുന്ന കാഴ്ചകള്‍ നമുക്ക് വായനാനുഭവം ആകും. ചില രസികന്മാര് ആകട്ടെ തര്‍ജ്ജമയില്‍ പ്രാദേശിക ഭാഷ കടമെടുത്ത് വായനക്കാരെ മറ്റൊരു ദേശമോ ഭാഷയോ അല്ല ഇവിടെ എന്റെ മുന്നില്‍ നടക്കുന്ന ഒന്നാണിത് എന്നു ദ്യോതിപ്പിക്കാന്‍ സാധിപ്പിക്കുന്ന വിധം മൊഴിമാറ്റം ചെയ്യാറുണ്ട്. പി.കെ. മണി എന്ന എഴുത്തുകാരന് ഇവിടെ അത്തരമൊരു സമീപനം ആണ് മൊഴിമാറ്റത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. വായനയെ അത് രസിപ്പിക്കുന്നുണ്ട് . അരോചകമായേക്കാവുന്ന അന്യദേശത്തിന്റെ പരിതസ്ഥിതികളെ അതിനാല്‍ത്തന്നെ അനുഭവേദ്യമായ ഒന്നാക്കാന്‍ എഴുത്തുകാരന് കഴിഞ്ഞു . ഇതും ഒരു നല്ല അനുഭവവും വഴിക്കാഴ്ചയുമാണ്. തീര്‍ച്ചയായും പഴയതൊക്കെ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും , നല്ല കഥകള്‍ തേടുന്നവര്‍ക്കും നല്ലൊരു വിരുന്നാണ് ഈ പുസ്തകം എന്നു പറയാന്‍ ആഗ്രഹിക്കുന്നു. വായനയുടെ ലോകത്തില്‍ ഓരോ മനുഷ്യരും വ്യത്യസ്ഥര്‍ ആയതിനാല്‍ വായനയില്‍ മുന്‍വിധികള്‍ ഇല്ലാതെ സമീപിക്കുന്നവര്‍ക്ക് ആസ്വാദ്യകരമാകും എന്നു കരുതുന്നു.
പഞ്ചാബി കഥകള്‍ (കഥാ സമാഹാരം)
സമ്പാദകന്‍: ഡോ: ഹര്ഭജന് സിംഗ്
വിവര്‍ത്തനം: പി കെ മണി
നാഷണല്‍ ബുക്ക് ട്രസ്റ്റ് (1970)
വില: 16 രൂപ