പച്ചയിരുട്ട്

സ്വമരണത്തെ നോക്കി
പുല്ലാംകുഴലിലൊഴുകുന്ന
ഒരാളെയെന്നോണം,
ഇളംവെയിലിനെ
കൊഞ്ഞനംകുത്തി രസിക്കാറുള്ള
കുരുവി ,
പതിവുപോലെ
ചെമ്പരത്തിച്ചാർത്തിൽ
ഇരിപ്പുറപ്പിക്കും.
ചൂളം കുത്തും.
ഇല്ലാതായ ദാഹത്തിൽ നിന്നും
കൊത്തിയെടുത്ത ഒരു തുള്ളി
അതിൻ്റെ കൊക്കിൽ
ഒട്ടിനിൽക്കും.
അതിനു ചുറ്റും
കാറ്റ്
ഒരു തപ്തഗാനം മൂളി മേയും.

എഴുതി വച്ച കവിതകളുടെ
ചോട്ടിൽ നിന്ന്
കഷ്ടപ്പെട്ട് ഒരീച്ച,
സൂര്യനിലേക്ക്
വൃഥാ പറന്നു പൊങ്ങും.

മഹാപ്രസ്ഥാനത്തിൻ്റെ വഴിയിൽ
കൊടും കാട്ടിൽ
ഒറ്റയാൻ
സ്വപ്നങ്ങളെ
മെതിച്ച് മലയേറും.

പ്രളയം
ജലരാശിയിൽ
ചരിത്രമെഴുതാനിരിക്കും.
നശ്വരതയുടെ
മഹാസൗന്ദര്യത്തിൽ
മുങ്ങിനിവർന്ന അക്ഷരങ്ങൾ
കുമിളപൊട്ടി വിടരും.

പറക്കുന്ന പൂക്കളിൽ നിന്ന്
മരിച്ച അരുവികളുടെ
പാട്ടൊഴുകും.
ബാവുളിൻ്റെ പാട്ടിലെ
ആൽമരം
നിമിഷം പ്രതി
ആകാശം മൂടും.

മരങ്ങൾക്കു മുകളിൽ
നിന്ന് പച്ചനിറച്ചാറ്
താഴേയ്ക്കൊഴുകും.
മുകൾത്തട്ടിൽ ഇളംനിറം
അടിത്തട്ടിൽ കടുംനിറം
എന്നിങ്ങനെ
ഇലകളുടെ മതിൽകെട്ടുയരും.

അതു വകഞ്ഞ്
ഉള്ളിലേക്കുള്ളിലേക്ക്
നൂഴുന്ന
സൂചിമുഖി,
പാട്ടും
തേനും
ഒളിച്ചു പാർക്കുന്ന
പുലരികളുടെ കൂട്ടിലെത്തും.

ചിലപ്പോൾ
ഇലകളും കുഞ്ഞുങ്ങളും
അമ്മമാരെയോ
ശത്രുക്കളെയോ
കബളിപ്പിക്കാനെന്നോണം
പരസ്പരം നിറം മാറിയണിയും.
എന്നിട്ട്
പുകേറപിടിച്ച
പാതകച്ചുവരിൽ
നിറങ്ങൾ പൂശും.
കറുത്ത വേരുകൾ
നിന്നെ ബന്ധങ്ങളുടെ
ആലിംഗനങ്ങളിൽ നിന്നടർത്തും
നെഞ്ഞോടടുപ്പിക്കും.

ഒരു പാട്ട് മാത്രം
ഇലത്തുമ്പിൽ
നിൻ്റെ മുക്കുത്തിപ്പൊന്നെരിക്കും.
മഞ്ഞമുളയിലെ
ഋജുരേഖകളത്രേ,
വരയ്ക്കപ്പെട്ടവയിൽ
ഏറ്റവും മനോഹരചിത്രമെന്ന്
നിസഹായരായ
പാലറ്റും തൂലികയും
നാണിക്കും.

വീഞ്ഞിൻ മണമുള്ള
കാറ്റുകൾ പിറക്കുന്നത്
ഇലത്തുമ്പുകളിലാണെന്ന്,
ആരോ
ലഹരി പൊതിഞ്ഞ്
പയ്യെ പറയും

മുള്ളൻ പായലിനുള്ളിൽ
വെള്ളിക്കിരീടമൊളിപ്പിച്ച്
കാത്തിരിക്കുന്ന
മാനത്തുകണ്ണിയുടെ
രഹസ്യങ്ങളിൽ ചിലത്,
നമ്മുടെ സൗഹൃദം
പങ്കുവയ്ക്കുന്ന നേരമണയും.

ഈ പകലൊരുക്കങ്ങൾ
ചിത്രാംഗദൻ്റെ തൂലികയാൽ
എഴുതപ്പെട്ടതെന്ന്
ശരിയായി തിരിച്ചറിയപ്പെടും.

Note:
ഈച്ചകൾ സൂര്യനു നേരെ പറന്നുയർന്ന്
സ്വയം കരിഞ്ഞു വീഴും.
മരണമടുത്ത കാട്ടാന കാടുകൾ കടന്ന് നടന്നകലും.
മുങ്ങിമരിച്ച ശരീരങ്ങൾ ഉയർത്തുമ്പോൾ
അവ പച്ചമുള്ളമ്പായലിൽ പൊതിഞ്ഞു കാണപ്പെടും.
ചിത്രാംഗദൻ എന്ന ഗന്ധർവൻ വരയ്ക്കുന്ന ചിത്രങ്ങൾ യാഥാർത്ഥ്യമായി ഭവിക്കും.

അകാലത്തിൽ മരിച്ച പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു പള്ളിപ്പാടിനുള്ള കണ്ണീരാണ് ഇക്കവിത
കവിയും ചലച്ചിത്ര സംവിധായകനുമായ രാ. പ്രസാദ് , ആലപ്പുഴ ജില്ലയിൽ തകഴി സ്വദേശിയാണ്. ഇല, കടൽ ഒരു കുമിള ,മേഘമൽഹാർ, പ്രേമത്തിന്റെ സുവിശേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരണി എന്ന ചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മണ്ണെഴുത്ത് മാസികയുടെ പത്രാധിപരാണ്.