പച്ചത്തുരുത്തിൽ നിന്നങ്ങേക്കരയിലേ –
ക്കേറെയുണ്ടിനിയും പറക്കാൻ
ഇന്നലെ താണുവന്നീ മരച്ചില്ലയിൽ
ചേക്കയേറുന്നതിൻ മുന്നേ
ആയിരം കാതങ്ങൾ താണ്ടിയപോൽ ചെറു-
ഗാത്രം തളർച്ചയിൽ വീഴ്കെ
പച്ചത്തണൽ വിരി, മഞ്ഞിൻകണം കുടി
നീരും പകുത്തിളവേൽക്കെ
ആദിമസൂര്യപ്രകാശം നുകർന്നതി –
ന്നോർമ്മത്തെളിച്ചം പടർന്നൂ….
ഏകാന്ത നീലവിഹായസ്സിലേക്കാത്മ-
നൊമ്പരം പേറിപ്പറക്കാൻ
സ്നേഹപാഥേയം മതി, കിനാത്തെല്ലുകൾ –
ക്കോരോ തുരുത്തിലും ചെയ്യാൻ
മേഘമായ് നീ വെൺചിറകിലേക്കാകാശ-
നീലാഭ ചേരുംവരേയ്ക്കും
കൂട്ടുപോന്നേക്കുക നിശ്ശബ്ദമായ് മാഞ്ഞു-
തീർന്നില്ല പച്ചക്കിനാക്കൾ….