വായനക്കാർ ക്ഷമിക്കണം. കഥയുടെ അലങ്കാര കൽപ്പനകളോ കെട്ടുപാടുകളോ ഇല്ലാതെ ഒരു ഗൃഹനാഥന്റെ ആത്മഗതം അതുപോലെ പകർത്തുകയാണ്.
വായന മുറിയുടെ പിറകുവശത്തുള്ള ജനവാതിൽ ഇനി തുറക്കരുതെന്നു ഭാര്യക്ക് ഞാൻ കർശന നിർദ്ദേശം കൊടുത്തു. അവരുടെ ചോദ്യചിഹ്നത്തിലുള്ള നോട്ടത്തെ അവഗണിച്ച് മകൻ കേൾക്കാനായി ഉച്ചത്തിൽ വിശദീകരിക്കുകയും ചെയ്തു.
‘സുമേ, മുഴുവൻ കാട് കേറി കിടക്കുകയാണ്. പറമ്പിൽ നിന്ന് ഒരു ചേര ചുമരിലൂടെ ഇഴഞ്ഞു കേറി ജനലിലൂടെ അകത്തേക്ക് തലയിട്ടു. ഞാൻ തുരത്തിയത് കൊണ്ട് അകത്തു കയറിയില്ല.’
നുണ പറയുന്നത് എനിക്കിഷ്ടമല്ല. തുന്നാരൻ കുരുവിക്ക് വേണ്ടി ഞാനാദ്യമായി സുമയോടും അനുമോനോടും ഒരു കളവു പറഞ്ഞിരുന്നു. നിരുപദ്രകാരമായ നുണ സദുദ്ദേശത്തിനു വേണ്ടി പറയാമെന്നു ഏതോ പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് വീടിനു പടിഞ്ഞാറ് ഭാഗത്തുള്ള വാഴക്കൂട്ടത്തിൽ ഒരു തുന്നാരൻ കുടുംബത്തെ കണ്ടത്. ഒരു വാഴയിലയുടെ അറ്റത്ത് രണ്ടു പകുതിയേയും കൂട്ടി തുന്നി സഞ്ചി രൂപത്തിലാക്കി അതിൽ പഞ്ഞിയും മറ്റും നിറച്ച് ആൺ പക്ഷി ഒരു വീടുണ്ടാക്കിയിരിക്കുന്നു.
വായനാ മുറിയുടെ ജനലിലൂടെ നോക്കിയാൽ കൂടിന്റെ പ്രവേശന ദ്വാരം വ്യക്തമായി കാണാം. വാഴയിലകൾ കൂടിനു മുകളിൽ കുടയായി നിവർന്ന കൂടിനെ വെയിലിൽ നിന്നും രക്ഷിക്കുന്നു. കൂടിന്റെ കവാടം താഴെ നിന്നും കാണാതിരിക്കവണ്ണം ഇലയുടെ ബാക്കി ഭാഗം സ്ഥിതിചെയ്യുന്നു.
ഇണചേർന്ന് സല്ലപിക്കുന്ന രണ്ട് തുന്നാരൻമാരെയാണ് ആദ്യം കണ്ടത്.
രണ്ടിനെയും കൂടെ ആ വാഴക്കൂട്ടത്തിൽ സ്ഥിരമായി കണ്ടപ്പോൾ ഞാൻ വെറുതെ ശ്രദ്ധിക്കാൻ തുടങ്ങി.
നെറ്റിയിൽ കുങ്കുമം തേച്ച ഈ തവിട്ടു പക്ഷികൾ അറിയാതെ എന്റെ സമയം മോഷ്ടിച്ചെടുക്കുവാൻ തുടങ്ങി. ഈണത്തിൽ പാടി സൂചി കൊക്കുകൾ ഉരുമ്മിയുള്ള അവരുടെ പ്രണയ പ്രകടനങ്ങൾ മധ്യവയസ്കനായ എന്നിൽ എന്റെയും സുമയുടെയും മധുവിധു നാളിന്റെ വികാരഭരിതമായ ഓർമ്മകൾ ഉണർത്തിയതിൽ അത്ഭുതമില്ല. പെട്ടെന്ന് എന്റെ മനസ്സിലേക്ക് കടന്നുവന്നത് ആ നാളുകളിൽ തറവാട്ടിലെ ആൾ തിരക്കുകളിൽ സ്വയം മറന്ന് കാട്ടിക്കൂട്ടിയ ഞങ്ങളുടെ ചില പെരുമാറ്റങ്ങളാണ്. ചുറ്റുപാടുകൾ ആലോചിക്കാതെ സ്വയം തൊട്ടുതൊട്ടു നടന്നതും…. വെറുതെ ചിരിച്ചുല്ലസിച്ച്…
എനിക്കറിയാം എല്ലാരും ഇങ്ങനെയൊക്കെത്തന്നെയായിരിക്കും ആ കുറച്ചു ദിവസങ്ങളിൽ. പിന്നെ എപ്പോഴെങ്കിലും ആ ഓർമ്മകൾ ഇതുപോലെ മനസ്സിലേക്ക് കടന്നു വന്ന് ഒരു ചിരി സമ്മാനിച്ച് കടന്നു പോവുകയും ചെയ്യും.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ പെൺപക്ഷി കൂട്ടിൽ നിന്നും പുറത്തിറങ്ങാതായി. പിന്നൊരു ദിവസം കൂട്ടിനുപുറത്തേക്ക്. സൂര്യവെളിച്ചത്തിന്റെ മഞ്ഞപ്പിലേക്ക് രണ്ട് കുഞ്ഞി പക്ഷികളുടെ ചുവന്ന നെറ്റിയും നേർത്ത ചുണ്ടുകളും പ്രത്യക്ഷപെട്ടു.
അച്ഛൻ പക്ഷി തീറ്റയുമായി വരുമ്പോൾ കൂട്ടിലേക്ക് നേരെ പറന്നു വരില്ല. വാഴയുടെ അടുത്ത് പടർന്ന് നിൽക്കുന്ന ഇരൂൾ മരത്തിന്റെ കൊമ്പിൽ ആദ്യം വന്നിരിക്കും. അവിടെ കുറച്ചുനേരം വിശ്രമിച്ച് ശത്രുക്കളാരും ചുറ്റുവട്ടത്തില്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷം പെട്ടെന്ന്കൂട്ടിലേക്ക് കയറും. ഏതെങ്കിലും വലിയ പക്ഷിയോ, അണ്ണാറനോ കൂട്ടിനടുത്തേയ്ക്കു വന്നാൽ ഒച്ചയുണ്ടാക്കി അച്ഛൻ പക്ഷി അവയെ ദൂരേക്ക് പായിക്കും.
ചിലപ്പോൾ തുന്നാരന്റെ സഹായത്തിന് പൂത്താങ്കിരി പക്ഷികളുമുണ്ടാവും. ഒരു കാക്ക കള്ള നോട്ടവുമായി കൂടിനെ ചുറ്റിപറ്റി നിൽക്കുന്നത് കണ്ടതു മുതൽ അച്ഛൻ പക്ഷിയില്ലാത്ത നേരങ്ങളിൽ കൂടിന്റെ കാവൽക്കാരൻ ഞാനായി.
കാക്കയുടെ കള്ള നോട്ടത്തെപ്പറ്റി കൂട്ടിനുള്ളിൽ കുട്ടികളെ നോക്കി കഴിയുന്ന അമ്മ പക്ഷിയുടെ ആത്മഗതം: ‘കൂടുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ ഈ വീട്ടുപറമ്പിലെ വാഴകയ്യ് അതിന് തിരഞ്ഞെടുത്തത് ഈ വീട്ടിലെ സൗഹൃതാന്തരീക്ഷം കണ്ടിട്ടാണ്. ഞങ്ങളുടെ കൂട്ടിനുള്ളിൽ നിന്നും വീടിന്റെ പിറകു വശത്തുള്ള ജനലിലൂടെ നോക്കിയാൽ വായനാമുറിയും സെന്റെർ ഹാളും വ്യക്തമായി കാണാം.
ഇത്ര സ്നേഹത്തിൽ കഴിയുന്ന മനുഷ്യർ ഇപ്പോഴുമുണ്ടല്ലോ’ എന്ന് ഞാനെന്റെ ഭർത്താവിനോട് അത്ഭുതപ്പെടുകയും ചെയ്തു.
ഒഴിവുസമയങ്ങളിലെല്ലാം ഗൃഹനാഥ വായനാ മുറിയുടെ ജനലരികിൽ വന്നു നിന്ന് ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത് ഞങ്ങളറിഞ്ഞു. സാധാരണഗതിയിൽ മനുഷ്യരുടെ ശ്രദ്ധയിൽ പെട്ടു എന്ന് തോന്നിയാൽ ഉടനെ കൂടു മാറുകയാണ് ഞങ്ങളുടെ രീതി. പക്ഷെ എന്തോ ഒരു സുരക്ഷിത ബോധം ഇവിടെ അനുഭവപെട്ടതിനാൽ കൂടുമാറ്റത്തെ കുറിച്ച് ഞങ്ങൾ ആലോചിച്ചതേയില്ല.
കൂടിനെ ആക്രമിക്കാൻ കാക്കകൾ വരുമ്പോൾ അവയെ തുരത്തി ഗൃഹനാഥൻ രക്ഷകനാകുന്നതും ഞങ്ങൾക്കാശ്വാസമായി. ഗൃഹനാഥൻ ഓഫീസിലേക്കും അവരുടെ മകൻ സ്കൂളിലേക്കും പോയിക്കഴിഞ്ഞാൽ ഒരു ബൈക്കുകാരന്റെ കള്ളനോട്ടം ആ വീട്ടിലേക്കു വീഴുന്നത് എന്നെയും ഭർത്താവിനേയും ദുഃഖിതരാക്കി. ഈ മനുഷ്യരുടെ ഒരു കാര്യം എന്ന് വ്യാകുലപ്പെട്ടു. സന്തുഷ്ടമായ ആ കൂടുവീട്ടിലേക്ക് കാക്കയ്ക്ക് കയറാനാവല്ലേയെന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.
ഞാൻ കുഞ്ഞുങ്ങൾക്ക് തീറ്റകൊടുത്ത് കൊണ്ടിരുന്ന ഒരു ഉച്ചക്ക് ഭർത്താവ് എന്റെ അടുത്തേക്ക് ദൃതിപെട്ട് പറന്നു വന്നു.
‘ഒരു രസം കാണണമെങ്കിൽ വീട്ടിനുള്ളിലേക്ക് നോക്ക്.’
വീട്ടിനുള്ളിൽ ഗൃഹനായികയും പിന്നെ ആ കള്ളൻ ബൈക്ക്കാരനും മാത്രം. അങ്ങനെയൊരവസ്ഥയിൽ ഒളിഞ്ഞു നോട്ടം തെറ്റാണെന്നറിയാം. എങ്കിലും ആകാംഷ യടക്കാനാവാത്തതു കൊണ്ട് ഞങ്ങൾ നിശബ്ദരായി വീട്ടിനുള്ളിലെ ദൃശ്യങ്ങളിലേക്കു കണ്ണുനട്ടു.
വളരെ സ്വാതന്ത്ര്യത്തോടെ ചിരിച്ചുല്ലസിച്ച് അവൻ ഗൃഹനായികയുടെ കയ്യിൽ പിടിച്ചിരിക്കുന്നു. ഞാൻ പ്രാർത്ഥിച്ചു കൊണ്ടി രുന്നു. ദൈവമേ അവരുടെയുള്ളിൽ അരുതായ്മകളൊന്നും തോന്നല്ലേ. ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു. ചെറുപ്പക്കാരനിൽ നിന്നും കൈ തിരിമ്പിയെടുത്ത സ്ത്രീ കോപത്താൽ ചുവന്ന മുഖവുമായി അയാൾക്കു നേരെ ശബ്ദമുയർത്തി. അവൻ അനുനയവുമായി വീണ്ടുമടുത്തപ്പോൾ സ്ത്രീ വീണ്ടും പുലിയായി. കുനിഞ്ഞ ശിരസ്സുമായി ചെറുപ്പക്കാരൻ വീട്ടിൽ നിന്നുമിറങ്ങി ബൈക്കിൽ കയറി ഓടിച്ചുപോയി. ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമനുഭവിച്ച ദിവസം ഇന്നാണ്.
കഥകൾ ഒന്നും അറിയാതെ നിഷ്കളങ്കതയോടെ ഗൃഹനായകൻ ആത്മഗതം തുടരുന്നു.
പക്ഷെ എന്റെ അഞ്ചാം ക്ലാസുകാരൻ മകന്റെ കുരുത്തക്കേടിൽ നിന്ന് ആർക്കാണ് തുന്നാരൻ കുടുംബത്തെ രക്ഷിക്കാനാവുക.
അവന്റെ കല്ലേറിൽ നിന്ന് ആരാണ് തുന്നാരൻ കിളികളെ രക്ഷിക്കുക. ഈ ഭയമാണ് വായനമുറയിലെ പടിഞ്ഞാറൻ കാറ്റിനെ വേണ്ടെന്നു വെച്ചുകൊണ്ട് ജനലിന്റെ കുറ്റിയിടുന്നതിനും നുണ പറയുന്നതിനും എന്നെ പ്രേരിപ്പിച്ചത്.
വൈകുന്നേരം ഓഫീസില് നിന്നും വന്ന് ചായകുടി കഴിഞ്ഞു ചാരിയിട്ട വായനാമുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കടന്ന ഞാൻ പരിഭ്രമിച്ചു പോയി. ഒട്ടും കാണാൻ ഇഷ്ട്ടപ്പെടാത്ത കാര്യം. ഞാൻ അടച്ചിട്ട ജനവാതിൽ തുറന്ന് പുറത്തേക്ക്, തുന്നാരൻ കൂടു വീക്ഷിച്ചുകൊണ്ടു മകൻ നിൽക്കുന്നു.
കണ്ടതും അവൻ ധൃതിയിൽ വാതിലടച്ച് പുറത്തേക്കോടാൻ ശ്രമിച്ചു. അവന്റെ കള്ളലക്ഷണം അവൻ തുന്നാരനെ കണ്ടു പിടിച്ചിരിക്കുന്നു എന്ന് വിളിച്ചു പറയുന്നുണ്ട്.
“എന്താ അനു അവിടെ” എനിക്ക് നല്ല ദേഷ്യം വന്നത് ശബ്ദത്തെ ഭാരമുള്ളതാക്കി.
‘ഒന്നുമില്ല’ നിസ്സാര ഭാവത്തിൽ എന്നെ ഒഴിവാക്കിക്കൊണ്ട് പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും അവനെ ഞാൻ പിടിച്ചുവച്ചു.
എന്റെ ചോദ്യം ചെയ്യലിനവസാനം അവൻ മനസ്സ് തുറന്നു.
‘വാഴയിൽ ഒരു പക്ഷിക്കൂട്’ അതിൽ രണ്ടു കുട്ടികളും അവരെന്റെ ഫ്രണ്ടണ്സാ…. അച്ഛനില്ലാത്ത എല്ലാ നേരത്തും ഞാനിവിടെ വന്നു നിന്ന് അവരോട് വർത്തമാനം പറയലുണ്ട്. സ്കൂളീന്ന് ടീച്ചർ പാടിത്തന്ന പുതിയ പാട്ടുകളും അവരെ കേൾപ്പിക്കും അപ്പൊ അവരും തീരിച്ചു പാട്ടുപാടിത്തരും.
അവൻ വിക്കി കൊണ്ട്തുടർന്നു.
‘അച്ഛൻ കണ്ടാൽ പക്ഷികൾ കൂട് വിട്ട് പോയാലോ എന്ന് വിചാരിച്ചാ ഞാൻ അച്ഛനോട് പറയാതിരുന്നത്. മനുഷ്യരെ പക്ഷികൾ ക്കിഷ്ടമല്ലായെന്ന് ഞാന് ബുക്കിൽ വായിച്ചിട്ടുണ്ട്.
തേങ്ങുന്ന മകന്റെ മൂർധാവിൽ ഞാൻ അമർത്തി ചുംബിച്ചു. മകന്റെ നിറഞ്ഞ കണ്ണിൽ ചിരിപടരുന്നതും അവന്റെ നനുത്ത ചുണ്ടിൽ തുന്നാരന്റെ പാട്ടുണരുന്നതും അപ്പോൾ ഞാനറിഞ്ഞു.
ഞങ്ങളുടെ കലഹം കേട്ട് അടുക്കളയിൽ നിന്ന് മുറിയിലേക്ക് വന്ന സുമയും അനുവിനൊപ്പം എന്റെ ശരീരത്തിലേക്ക് ഒട്ടിനിന്നു. എന്നെ അമർ ത്തിപ്പിടിച്ച് സുമ എന്തിനാണ് കരയുന്നത് ….?