നോക്കിനിൽക്കെ ഇല്ലാതാവുന്നവർ

ഞാൻ മരിച്ചപ്പോൾ
പലരും പലയിടത്തായിരുന്നു
തിരക്കിലായിരുന്നു

അമ്മ പെൻഷൻ വാങ്ങാൻ
അച്ഛൻ പച്ചക്കറി വാങ്ങാൻ

ഭർത്താവ് സ്റ്റോക്ക് മാർക്കറ്റിലും
മകൾ കാർട്ടൂണിലും

എന്നെ വേണ്ടാത്ത
ഓരോരുത്തരുടേയും
ലോകങ്ങൾ

ഞാൻ സ്കൂളിലായിരുന്നു
8 എയിലെ മലയാളം ക്ളാസിൽ
‘ഇലഞ്ഞിപ്പൂമണമുള്ള വഴികൾ’
പഠിപ്പിക്കുകയായിരുന്നു
അന്നേരത്ത്
കണ്ണുകളിൽ സാരിയുടുത്ത അമ്മമ്മയും
ചെവിയിലാ ഉറക്കുപാട്ടുകളും
മൂക്കിൽ കാച്ചിയ മോരിൻ്റെ മണവും
മനസിൽ അങ്ങോട്ടുള്ള വഴിയും
ആയിരുന്നു

നെല്ലിമരം  ചാഞ്ഞുക്കിടക്കുന്ന
പായൽ നിറഞ്ഞ കിണറും
പുറകിലെ പശുത്തൊഴുത്തും
അതിനും പുറകിലെ വയലും
വെറുതേയോർത്തു

ക്ളാസ് തീരാൻ
ബെല്ലടിക്കാൻ
അധികനേരമില്ലായിരുന്നു
അപ്പോഴേക്കും
ഞാൻ മരിച്ചുപോയി

പാതിയടഞ്ഞ പാഠപുസ്തകത്തിലെ
വെയിലേറ്റുവാടി മങ്ങിയ
അമ്മമ്മ സ്കൂൾപടിയിറങ്ങി
റോഡിലെത്തിയിരുന്നു

എന്തു രസയാണ്
എന്തെന്തോർമ്മകളുമായാണ്
ഞാനങ്ങ് മരിച്ചുപോയത്.

വയനാട് മീനങ്ങാടി സ്വദേശി, മാധ്യമ പ്രവർത്തക, ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്