നൈനിറ്റാളിലെ മഞ്ഞ്

എം. ടിയുടെ “മഞ്ഞിലൂടെയുള്ള യാത്രയ്ക്കിടയിലാണ് നൈനിറ്റാലിനെ കുറിച്ച് ആദ്യമറിയുന്നത്, പിന്നെ അവളെ നേരിൽ കാണണമെന്ന അമിതമായി ആഗ്രഹിച്ചു. ഒടുവിൽ ഒരു നിയോഗം പോലെ ഹരിദ്വാർ യാത്രയ്ക്കിടയിൽ അവിടെയെത്തി. നൈനിറ്റാലിന്റെ ഭൂപ്രകൃതിയ്ക്ക് ഒരു പ്രത്യേകതയുണ്ട്, ആരെയും ആകർഷിക്കും, മടങ്ങാൻ നേരം മറക്കാൻ കഴിയാത്ത വിധം അവൾ അവരിലേക്ക് ആഴ്ന്നിറങ്ങി കഴിഞ്ഞിരിക്കും. അവിടെയെത്തിയത് മുതൽ ഞാൻ പോലുമറിയാതെ എന്തിനോ വേണ്ടി എന്റെ മനസ്സ്‌ വിറകൊള്ളുന്നുണ്ടായിരുന്നു. ആ താഴ്വാരങ്ങളിൽ എവിടെയെങ്കിലും “മഞ്ഞിലെ” വിമലടീച്ചർ, സുധീർ കുമാർ മിശ്രയെ കാത്തിരിക്കുന്നുണ്ടാവുമെന്ന ചിന്തയാവാം അതിന് പിന്നിൽ.

വൈകുന്നേരത്തോടുകൂടിയാണ് അവിടെയെത്തിയത്, ഒളിഞ്ഞും തെളിഞ്ഞും എത്തുന്ന പുകമഞ്ഞു കാഴ്ചകൾക്ക്‌ മങ്ങലേല്പിച്ചുകൊണ്ടിരുന്നു. വളരെ നേരത്തെതന്നെ പകലിനെ അവസാനിപ്പിച്ചു കൊണ്ട് കോടമഞ്ഞു ഇരുട്ടിനൊപ്പം അവിടെയാകെ നിറഞ്ഞു.

ഒക്ടോബർ മാസത്തിലെ പൗർണമിയായിരുന്നു അന്ന്. ഒന്ന് മയങ്ങിയുണർന്നപ്പോൾ വകഞ്ഞുമാറിയ ജനൽ വിരിക്കിടയിലൂടെ നിലാവ് അകത്തേയ്ക്ക് വിരുന്നുവരുന്ന കാഴ്ച കണ്ടു. ജാലകം തുറന്നതും തണുത്ത വായു എന്നെ വന്നു കെട്ടിപിടിച്ചു. നൈനിറ്റാലിന്റെ രാത്രികാഴ്ച ആസ്വദിക്കുന്നതിനായി ഞാൻ ബാൽക്കണിയിലേക്കിറങ്ങി. തോളിലൂടെ ചുറ്റിയിരുന്ന ഷാളിനെവകവയ്ക്കാതെ തണുപ്പ് ഓരോ രോമാകൂപങ്ങളേയും തൊട്ടുണർത്തികൊണ്ട് ശരീരത്തെയാകെ പൊതിഞ്ഞു പിടിച്ചു. ദൂരെ മലകൾക്ക് മുകളിൽ ചിരിച്ചു നിൽക്കുന്ന ചന്ദ്രനെ മറയ്ക്കാനെന്ന പോലെ കരിമേഘങ്ങൾ പാറി നടക്കുന്നു. മുന്നിലെ മരങ്ങളിൽ പഴുത്തു നിൽക്കുന്ന ഓറഞ്ചുകൾ നിലാവിൽ തിളങ്ങി. ആ വെള്ളിവെളിച്ചത്തിനിടയിലൂടെ മഞ്ഞുതുള്ളികൾ ഇറ്റിറ്റുവീഴുന്ന സുന്ദരമായ കാഴ്ചയും നോക്കിനിന്നു. എണ്ണമറ്റ നേർത്ത ശബ്ദങ്ങൾ, അവയ്ക്കൊരു താളവും സംഗീതവുമുണ്ടായിരുന്നു.

ഇലകളിൽ തങ്ങിനിൽക്കുന്ന മഞ്ഞുതുള്ളികളിൽ ആയിരം സൂര്യന്മാരെ പ്രതിഫലിപ്പിച്ചു കൊണ്ട് പ്രഭാതരശ്മികൾ ആ പുലരിയെ വീണ്ടും മനോഹരിയാക്കി. വെയിൽ മൂത്തപ്പോൾ മലയിടുക്കുകളിലൂടെ കുണുങ്ങി വരുന്ന മഞ്ഞുരുകിയ നീർചാലുകൾ വ്യക്തമായി

കോടമഞ്ഞിന്റെ പുതപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന സുന്ദരിയാണ് നൈനിറ്റാൾ. അവിടെയെല്ലാം പാറി നടക്കുന്ന ഇളം മഞ്ഞ്, ആകാശം മലയിടുക്കുകളിലേക്ക് വിരുന്നുവരുന്നതാണോ അതോ പുകമഞ്ഞു ആകാശത്തേയ്ക്ക് പറന്നുയരുന്നതാണോ, എന്തോ അറിയില്ല, ആ അപൂർവ കാഴ്ചയും, കുളിരുകോരുന്ന ശീതവുമേറ്റ് നിന്നപ്പോൾ മഞ്ഞിലെ കഥാപാത്രങ്ങൾ ഓരോരുത്തരായി ഉള്ളിൽ നിറഞ്ഞു.

കോടമഞ്ഞു പുതച്ചു കിടക്കുന്ന വമ്പൻ മലകളുടെ താഴെയായി ശാന്തമായി കെട്ടികിടക്കുന്ന വിശാലമായ പച്ചജലാശയം, അതിലൂടെ തുഴയെറിഞ്ഞു ഓളങ്ങൾ തീർത്തു കൊണ്ട് ചലിക്കുന്ന കുഞ്ഞു ബോട്ടുകൾ. അതിനൊരു വശത്തായി സതിദേവിയുടെ കണ്ണ് പ്രതിഷ്ഠയുള്ള നൈനാദേവിക്ഷേത്രം, അവിടെ ശബ്ദിച്ചു കൊണ്ടിരിക്കുന്ന കൂറ്റൻ കുടമണികൾ. ഈ കാഴ്ചകളൊന്നുമറിയാതെ പ്രണയപാതയിലൂടെ കൈവിരലുകൾ കോർത്തിണക്കി നടക്കുന്ന കമിതാക്കൾ. മഞ്ഞുമഴയിൽ തടാകത്തിൽ ജനിക്കുന്ന നീർകുമിളകൾ എന്റെ സ്വപ്നങ്ങൾ പോലെ ചിന്നിചിതറി കൊണ്ടിരുന്നു. ഓർമ്മകളിൽ നിന്ന് ചികഞ്ഞെടുത്ത എന്റെ ജീവിതത്തിലെ സുന്ദരനിമിഷങ്ങളുടെ വിരലുകളിൽ എന്റെ വിരലുകൾ കോർത്തു. അവളുടെ വിരിമാറിലൂടെ വായനയിലൂടെ ആത്മാവിൽ പതിഞ്ഞു പോയ വിമലടീച്ചറെയും തേടി ഞാനിറങ്ങി.

ആ ജലാശയത്തിലെ കല്പടവുകളിൽ കൊത്തിപ്പെറുക്കി നിൽക്കുന്ന അരയന്നങ്ങൾ, അവയെ നോക്കി മൗനമായി നിൽക്കുന്നവർ, അവർക്കിടയിലേക്ക് ഇടയിലേക്ക് ഞാനിറങ്ങി.

കഴിഞ്ഞ കാലത്തിലെവിടെയോ ജീവിച്ചു മരിച്ചുപോയ എന്റെ സുന്ദര രാവുകളെ ഓർമ്മയിലേക്ക് ചികഞ്ഞെടുത്തുകൊണ്ട്, വെള്ളാരം കണ്ണുകളുള്ള ബോട്ടുകാരൻ ബുദ്ദുവിനെയും കൂട്ടി ഞാനും ബോട്ട് യാത്ര ചെയ്തു. നിശ്ചലമായിരുന്ന തടാകത്തിലൂടെ സഞ്ചരിക്കുന്ന കളിവള്ളങ്ങളിലേതിലെങ്കിലും ടീച്ചർ ഉണ്ടാകുമെന്ന് കരുതി.

അമ്പലത്തിനകത്തെ കൂറ്റൻ പൈൻമരത്തിനു ചുറ്റും ക്യാമറയും തൂക്കി നടക്കുന്ന സഞ്ചാരികൾക്കിടയിലൂടെ ഞാൻ അലഞ്ഞു നടന്നു.

അന്തരീക്ഷത്തിന്റെ മാറിലേക്ക് തറച്ചു നിൽക്കുന്ന ഒടിഞ്ഞ അസ്ത്രം പോലുളള പാറകെട്ടിന്റെ ചുവട്ടിൽ മരണത്തെ വരവേൽക്കാനായി ഒരുങ്ങി നിൽക്കുന്ന സർദാർജിയുടെ അടുത്ത് നിൽക്കുന്ന സ്ത്രീയിലേക്ക് പ്രതീക്ഷയോടെ നോക്കി.

നൈനാദേവിയുടെ കൂറ്റൻ കുടമണികൾ കൂട്ടത്തോടെ മുഴക്കുന്നവരിൽ കാണുമെന്നുള്ള പ്രതീക്ഷയും മങ്ങി.

ലവേഴ്സ് പാത്തിലൂടെ സുധീർ കുമാർ മിശ്രയുടെ കയ്യും പിടിച്ചു നടക്കുന്ന വിമല ടീച്ചറെമാത്രം ആ പ്രണയ പാതയിലെങ്ങും കണ്ടില്ല. എന്നും ഓർമ്മിക്കാനുള്ള ഒരുരാത്രി മാത്രം ജീവിച്ചിട്ട്, ശിഷ്ടകാലം മുഴുവനും ആ സുന്ദര രാത്രിയെയും, അവനോടൊപ്പം ചുറ്റി നടന്ന സ്ഥലങ്ങളെയും താലോലിച്ചു ജീവിക്കുന്ന വിമല ടീച്ചറെ തേടിയിറങ്ങിയ എന്റെ മനസ്സ് മഞ്ഞിറങ്ങിയ മറ്റൊരു താഴ് വരയായി മാറി. ഇളം കാറ്റ് ചെറു ഓളങ്ങൾ തീർക്കുന്ന തടാകത്തിലെ കല്പടവുകളിൽ വച്ചു ഒരു വിറയലോടെ ഞാൻ തിരിച്ചറിയുകയായിരുന്നു, അന്ന് നഷ്ടപ്പെട്ടത് എന്റെ ജീവിതമായിരുന്നു. അവിടെ “ഇനിമുതൽ ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷതലപ്പുകളുമില്ല. മഞ്ഞിന്റെ നിറമുള്ള ജാലകങ്ങളും, മങ്ങിയ കണ്ണാടിച്ചില്ലുകളും മാത്രം.”

താടാകത്തിലെ ചലനമില്ലാത്ത ജലം പോലെ കാലത്തിനു മീതെ പെയ്തുകൊണ്ടിരിക്കുന്ന കോടമഞ്ഞിനുള്ളിൽ തടവിലാക്കപ്പെട്ട വിമലടീച്ചർ അത് ഞാൻ, ഞാൻ തന്നെയായിരുന്നു, കൊഴിഞ്ഞു പോയ സ്വപ്നങ്ങളും പേറിയുള്ള എന്റെ കാത്തിരിപ്പാണ്, ഇനിയും തളിർക്കുമെന്നും, പൂമൊട്ടു പൂവായി വിരിയുമെന്നുള്ള വൃഥാവിലുള്ള പ്രതീക്ഷയാണ്.

ഗവണ്മെന്റ് സെക്രെട്ടറിയേറ്റിൽ ജോലി ചെയ്യുന്നു, വനിത സാഹിതി നടത്തിയ ചെറുകഥ മത്സരത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്..