നേർച്ചത്തടികൾ

കുന്നുകളെ കരിമ്പച്ച പുതപ്പിച്ച
മുളങ്കാടുകൾക്കിടയിൽ
ഇംഫാൽ താഴ്‌വരയിൽ
സൗഹൃദോദ്യാനം തീർത്ത്,
മെയ്തിയും കുക്കിയും തീർത്ത
സ്നേഹത്തണലൊരുക്കിയിരുന്നു, ഞങ്ങൾ…

വിടർന്നുതളിരിട്ട ബാല്യത്തിലും
ശിഖരങ്ങൾ വാനിലേക്കുയർന്ന കൗമാരത്തിലും
പടർന്നുപന്തലിച്ച യൗവനത്തിലും
വേരുകൾ മണ്ണിന്നാഴങ്ങളിൽ
ആലിംഗനങ്ങൾ തീർത്ത്, നൃത്തംവെച്ചിരുന്നു…

ലോക്താക് ജലാശയത്തിൽ
നിഴലുകളാൽ
ആകാശച്ചിത്രങ്ങൾ തീർത്ത്  
സ്വപ്‌നങ്ങൾ പങ്കുവെച്ചിരുന്നു…

ഉടയോർ ചമഞ്ഞെത്തിയവർ
മേൽമണ്ണിനെ മുറിച്ചെടുത്ത്
മതിലുകൾ തീർത്തപ്പൊഴും
അടിമണ്ണറിഞ്ഞ കരളുറപ്പിൽ
പൂത്തുലഞ്ഞ്,
വാനിൽ സുഗന്ധമെറിഞ്ഞിരുന്നു…

വഴിയോരങ്ങളിൽ തണലൊരുക്കിക്കൊണ്ട്
ആര്യവേപ്പുകളുമെത്തിയപ്പോൾ  
സാംഗായ് മാനുകൾ
തണൽതേടി വരാതായി!

കാട്ടുവള്ളികളുടെ തൊലിയുരിച്ച്,
പുതിയ തോരണങ്ങളണിയിച്ചപ്പോൾ  
വെറുപ്പിന്റെ അക്ഷരമാലകൾ
സംശയചിഹ്നങ്ങൾ വരച്ച്,
ഉടലിലേക്കാഞ്ഞുകയറി…

വേർതിരിവിന്റെ അടയാളനാമങ്ങൾ
ആണിയടിച്ചുറപ്പിച്ച്
എതിർവൃക്ഷങ്ങളാക്കി പരസ്പരമകറ്റി!

പേരുകൾ അടയാളങ്ങളായപ്പോൾ
‘വംശവെറിയുടെ നാട്ടുതീ’യെത്തി
സ്നേഹത്തടാകത്തിൽ പുകച്ചുതുപ്പി.

പേരുനൽകി വേർതിരിച്ചവർക്ക്
ചെകുത്താന്റെ രൂപമാണെന്നത്
തളിരിലകളിലെ
അടഞ്ഞുപോയ കണ്ണുകളിൽ
തെളിഞ്ഞതേയില്ല!

ഓർമപ്പൂക്കളെ പിറകിലേക്കെടുത്ത്,
പൊള്ളിയ ശിഖരങ്ങളാൽ
തലോടുവാനടുത്തപ്പോൾ
കുഞ്ഞുതൈകളൊക്കെയും
കയറ്റുമതിക്കുള്ള പാക്കറ്റുകളിലേക്ക്
പറിച്ചുനടപ്പെട്ടിരുന്നു!

നീരുവറ്റിയ ഉടലിലിപ്പോൾ,
‘നേർച്ചത്തടിയായ കാട്ടുമര’മെന്നെഴുതിയ
പുതിയ ഫലകം തൂങ്ങിയാടുന്നുണ്ട് –
‘ദേവനാഗരിയിലെഴുതിയത് !’

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.