ചേന്നൻ തമ്പ്രാൻ
മങ്ങാട്ട് മന ഇല്ലം.
ആശ്രമം തപാലാപ്പീസ്
ഇത് നേത്യാരമ്മയുടെ കഥയാണ് .
ചേന്നൻ തമ്പ്രാൻ്റെയും.
ഒരുപക്ഷേ,നിങ്ങൾ കേട്ടിട്ടുള്ള നേത്യാരമ്മ ചരിത്രവും, ഐതിഹ്യങ്ങളുമല്ലാത്ത ഏതോ താളിയോലകളിൽ കഴിഞ്ഞ ഒന്നര ശതാബ്ദങ്ങളായി കാലദോഷങ്ങളിൽപ്പിണഞ്ഞ നഷ്ടവചനങ്ങളുടെ പൊടിപിടിച്ച് പുസ്തകത്താളുകളിലിടമേശാതെ എവിടെയോ കരഞ്ഞു തളർന്നു കിടക്കുന്നുണ്ടാവാം. പക്ഷേ, അതിൻ്റെ കൈവഴികൾ പാരമ്പര്യത്തിൻ്റെ നൂലുകളിൽ കോർത്ത് വള്ളുവനാട്ടിൽ ആശ്രമം പാതയവസാനിക്കുന്ന മങ്ങാട്ടു മനയിൽ, വരവീണയെന്ന തരുണീമണിയായി സർവ്വാധികാരിണിയായി ഇപ്പോഴും വാണരുളുന്നു.
വാണരുളുന്നു എന്നു പറഞ്ഞതിൽ തെറ്റിദ്ധാരണ വേണ്ട. പള്ളിപ്പാട്ടില്ലത്തെ പ്രതാപശാലി നാരായണൻ മൂസു മുതൽ ശാസ്താകോവിലിലെ എമ്പ്രാന്തിരി വാസുദേവപ്പോറ്റി വരെ, എന്തിന് അടിയാത്തി ചിരുതക്കുട്ടീടെ ചെറുമകൻ കുമരേശൻ പോലും നേത്യാരമ്മയുടെ കാവിൽപ്പുറപ്പാടിൻ്റെ അന്നനട കണ്ട് സായൂജ്യമടയാൻ ഒളിഞ്ഞും തെളിഞ്ഞും അവിടവിടെ നിഴലാട്ടം നടത്തുന്നവരാണ്.
ശനിയാഴ്ചകളിൽ അസ്തമന സൂര്യൻ ചെമ്മൺപാതകളിൽ സിന്ദൂരമണിയിക്കുന്ന അനഘവേളകളിൽ മുന്താണിയിൽ കസവു പാകിയ സെറ്റുചേലയുടുത്ത്, നിതംബവടിവിനെ തൊട്ടുതലോടുന്ന കേശ കേദാരത്തിന് മാറ്റുകൂട്ടുവാൻ വിടരാത്ത മുല്ലമൊട്ടുമാലകളുടെ തൊങ്ങൽ ചാർത്തി, അരക്കെട്ടിനെ മറയ്ക്കുന്ന സെറ്റുചേലയ്ക്കു മുകളിൽ അസ്തമനസൂര്യൻ്റെ അധരങ്ങളൊപ്പുന്ന തങ്കമുത്തുമണികളുള്ള അരയില കെട്ടി, നേത്യാരമ്മ അന്നനടത്താളത്തിലൊഴുകി വരുമ്പോൾ ആ ദൃശ്യലയത്തിൻ്റെ പുറപ്പാടു പകരുന്ന തീർത്ഥവും നിവേദ്യവും നുകരാൻ ഒരു കപ്പ് ചായയും മോന്തി, ദോശക്കുറുപ്പിൻ്റെ ഓലച്ചായപ്പീടികയുടെ തൂണും ചാരി നന്തുണിയാശാനും മൂത്തേടത്തു വാര്യരും പിന്നെ കളിഭ്രാന്തൻ ഇക്കോണൻ നായരുടെ കത്തിവേഷവുമൊക്കെ ഉച്ഛ്വാസങ്ങളുടെ ദീർഘഗതി നിയന്ത്രിക്കാനാവാതെ നിത്യവുമവിടെ നിർന്നിമേഷരായി കാത്തു നിൽക്കുന്നുണ്ടാവും.
കർണ്ണികാരങ്ങളുതിർത്ത സ്വർണ്ണ മുത്തുകൾ, കാഞ്ചനക്കൊലുസിട്ട പാദശോഭയെ മറയ്ക്കുന്ന ചേലഞ്ഞുമ്പിൻ്റെ ദിവ്യസ്പർശനമേൽക്കാൻ പതിവുപോലെ ഇന്നും പാതയോരത്തുണ്ട്. കോവിലിൻ്റെ മതിൽക്കെട്ടിനകത്ത് കൂറ്റൻ അരയാലിനു സമീപം ഊട്ടുപുരയും, അതിനു മുകളിൽ രാജമാളികയും. മാളികപ്പുരയിലെ വടക്കേ ജാലകം തുറന്നാൽ ഊട്ടുപുരയിൽ നിന്നുമുയരുന്ന പുകമറയ്ക്കിടയിലൂടെ കാണാനാവുന്ന നേത്യാരമ്മ, ബലിദർശനത്തിനിടെ ശാസ്താവിൻ്റെ നിവേദ്യം വാങ്ങാനെത്തുന്ന സാക്ഷാൽ വെളയിടത്തു ദേവി തന്നെയാണെന്നാണ് കളിയാട്ടക്കാരൻ തൂനാട്ടപ്പൻ്റെ ഭാഷ്യം.
“അടുത്ത് വന്നാരു വെളിച്ചങ്ങട്ട്
ഒഴുകണ പോലാണേ… ഹാവൂ…!
രാവുണ്ണിമാരാരുടെ വാദം തെറ്റാനിടയില്ല. കാരണം, ശ്രീകോവിലിനു മുമ്പിൽ നേത്യാരമ്മ തൊഴുകൈയുമായി നിലയുറപ്പിച്ചപ്പോൾ അഷ്ടപദി പാടിനിന്ന മാരാരുടെ ഇടയ്ക്ക ‘മദമൃദു കോകില മന്ദഗതി’ യായി അവസ്ഥാന്തരം വന്ന നുണയല്ലാത്ത കഥയും നർമ്മഭാഷണത്തിനിടെ പിന്നീട് ഒരുപാട് ‘ഗജ കേസരികൾ’ ചർച്ച ചെയ്തതാണ്.
നൂറ്റാണ്ടുകൾക്ക്മുമ്പ് സ്ത്രീലമ്പടന്മാരായ നമ്പൂരാക്കൻമാരും, പ്രഭുക്കൻമാരുമൊക്കെ നേത്യാരമ്മയെ സ്വപ്നം കണ്ടാൽ അവരുടെ വസ്തുവകകളും, ധനധാന്യങ്ങും പിന്നെ നേത്യാരമ്മയ്ക്കു സ്വന്തമെന്ന പാരമ്പര്യ രീതികളൊക്കെ ഇന്നു പിന്തള്ളപ്പെട്ടിരിക്കുന്നു. എങ്കിലും നേർക്കുനേരെ നിന്നു വീരത്വം പറയുവാൻ പ്രഭുക്കന്മാർ ഒന്നു മടിക്കുന്നു. കാരണം, ആകാരവടിവിൻ്റെ വിവർണ്ണത പോലെതന്നെ അവരുടെ കണ്ണുകളിലെ തീഷ്ണതയ്ക്ക് മുൻപിലും ആരും അടിപതറിപ്പോവും.
നേത്യാരമ്മയ്ക്കു നേരെയുള്ള അടങ്ങാത്ത കോപവും പ്രതിഷേധവും അസൂയയുമെല്ലാം അവർ പ്രകടിപ്പിക്കുന്നത് ചേന്നനോടായിരിക്കും. കാരണം, നേത്യാരമ്മയുടെ സന്തതസഹചാരിയായി ഒരു പതിനഞ്ചടി പുറകിൽ അവരുടെ സഞ്ചാരപഥങ്ങളിലെപ്പോഴും ചേന്നനുമുണ്ടാവും. അത് കാലങ്ങളായി ചേന്നൻ അനുവർത്തിച്ച് വരുന്ന ഒരു കീഴ്വഴക്കമാണ്. ചേന്നനില്ലെങ്കിൽ ഒരു പക്ഷേ നേത്യാരമ്മ ആഴ്ചയിലൊരിക്കൽ കോവിലിലേയ്ക്കുള്ള പ്രയാണം വരെ ഒഴിവാക്കിക്കളഞ്ഞേക്കും. പണമോ മറ്റു ദ്രവ്യങ്ങളോ, ഭക്ഷണമോ കൈമുതലില്ലാത്ത ഈ ദാസ്യവൃത്തിയിൽ ചേന്നൻ പരിപൂർണ്ണ സംതൃപ്തനായിരുന്നു താനും.
സ്ത്രീകൾ മുലക്കച്ച കെട്ടുന്നത് പോലെ മുട്ടൊക്കും നീളത്തിൽ ഒറ്റമുണ്ടുടുത്ത്, വെളുത്തതോർത്ത് മുണ്ട് ഇടത് തോളിലിട്ട്, ഇടതു കൈനെഞ്ചോടു ചേർത്ത് ചുരുട്ടിപ്പിടിച്ച് വലതു കൈ നടതാളത്തിനൊപ്പം വേഗത്തിൽ വീശിയാണ് ചേന്നൻ്റെ അനുയാത്ര. ചേന്നൻ, അടിയാത്തി കോതച്ചെറുമിയുടെ സന്തതിയാണെങ്കിലും ഉപനയനം കഴിയാത്ത ഒരു നമ്പൂതിരിയാണെന്നാണ് സ്വയം വിശ്വസിക്കുന്നത്. അതിനും കാരണമുണ്ട്. കോതച്ചെറുമിക്ക് അമ്പേറ്റുമനയിലെ ശിവശങ്കരൻ നമ്പൂതിരിയിൽ നിന്നുണ്ടായ പുത്രനാണത്രേ ചേന്നൻ. സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ വിപ്ളവവീര്യമേൽപ്പിക്കാതെ കോതച്ചെറുമി ചേന്നനെ സ്വജാതിയിൽ തന്നെ വളർത്തി. കൂരയ്ക്കുള്ളിൽ നിലത്ത് പനയോല വിരിച്ച് അന്തിയുറങ്ങുമ്പോഴും, കോതച്ചെറുമി നിധിയായി കിട്ടിയ ചേന്നനെ ചെറു കട്ടിലിൽ പുൽപ്പായ വിരിച്ച് അതിലാണുറക്കിയിരുന്നത്. വല്യോൻ ചോതിയുടെ പാടപ്പണിക്കിടയിലെ ഭർത്സനാദികളെ ഭയന്ന് ചേറും ചെളിയുമേൽക്കാതെ കോത ചേന്നനെ വളർത്തിക്കൊണ്ടേയിരുന്നു.
തൻ്റെ വരേണ്യവർഗ്ഗപ്പിറവി അല്പം അഭിമാനത്തോടെ തന്നെയാണ് ചേന്നൻ നോക്കിക്കണ്ടത്. ‘ശ്ശി നേരായി ,വേഗങ്ങട് പോണം” തുടങ്ങിയ അനുകരണ പദപ്രയോഗങ്ങളാൽ സമ്പുഷ്ടമായിരുന്നു ചേന്നൻ്റെ ഭാഷാനിഖണ്ഡു.
കാലഭേദങ്ങൾക്കിടയിലെപ്പൊഴോ ഒരു കർക്കിടക മാസരാത്രിയിൽ തീരാമഴകൾ ഉപനയന മന്ത്രങ്ങളുച്ചരിച്ചൂറിച്ചിരിച്ച ഏതോ യാമത്തിൽ പകൽ വെളിച്ചമെത്താൽ മടിച്ച ചെറ്റക്കുടിലിൽ നിന്ന് കോതച്ചെറുമിയെ ഏറ്റുവാങ്ങി മരണദൂതൻ പതുക്കെ നടന്നുപോയി. ചെറുകട്ടിലിലെ പുൽപ്പായിൽ കൂർക്കം വലിച്ചുറങ്ങിയുണർന്ന ചേന്നൻ കരിയട്ട വളഞ്ഞത് പോലെ താഴെ പനയോലയിൽ ചത്തു കിടക്കുന്ന കോതയെക്കണ്ട് നടുങ്ങി.
അങ്ങനെ ചേന്നൻ അനാഥനായി.
ശാസ്താകോവിലിലെ നേദ്യച്ചോറും, ഊട്ടുപുരയിലെ നിറച്ചൂണുമൊക്കെയായി പച്ചപിടിച്ച ചേന്നൻ ഒരിക്കലും ഒരു പണിക്കും പോവില്ലെന്ന് ആ നാളുകളിൽത്തന്നെ പ്രതിജ്ഞയെടുത്തിരുന്നു. നേത്യാരമ്മയുടെ കാവലാൾ പണിക്കുമേലുള്ള ഒരു തടസങ്ങളെയും അതിജീവിക്കാൻ ചുരുക്കത്തിൽ ചേന്നൻ ഒരുക്കമായിരുന്നില്ല എന്നു സാരം.
കോവിൽപ്പാതയ്ക്കരിക്കിലെ ദോശക്കുറുപ്പിൻ്റെ ചായപ്പീടികയ്ക്കു മുമ്പിലൂടെ തനിച്ചു നടകൊള്ളുമ്പോൾ ചിലപ്പോൾ കനിവോടെ അദ്ദേഹം ചേന്നനെ വിളിച്ച് പരിപ്പുവടയും, ചായയും നൽകും. (ഇത് ദോശക്കുറുപ്പിന് നേത്യാരമ്മയുടെ ചില രഹസ്യ സംഗതികളുടെ വിവരണം കേട്ടാസ്വദിക്കാനാണെന്ന് ഒരു ചെറുപക്ഷ മൊഴിയുണ്ട്.)
“നാണല് ലോടാ ന്ക്ക് അവൾടെ മൂടും താങ്ങി പെഴയ്ക്കാൻ …. ന്ന് ല്ലേലും മുപ്പ് ന്ക്കല്ലേ? അറിയ്യോ… നെൻ്റെ അച്ഛൻ നമ്പൂരി കറ തീർന്ന ആഢ്യനാണേ… “
അച്ഛനായ ആഢ്യൻ നമ്പൂരിക്ക് അടിയാത്തിപ്പെണ്ണിനെ പെഴപ്പിക്കാമെങ്കിൽ, ആഢ്യൻ്റെ മകൻ താങ്ങുന്ന തമ്പ്രാട്ടിയുടെ മൂടിനെന്താണാവോ കുഴപ്പം? അത് ചോദിക്കാൻ ചേന്നന് ധൈര്യമുണ്ടായില്ല.
ചോദ്യത്തെ അവൻ ഒരു പച്ചച്ചിരിയിൽ ഒതുക്കിക്കളയും. എന്നിട്ട് പറയും.
“പെഴച്ചു പോട്ടെ തമ്പ്രാ…’
“ങാ പെഴയ്ക്കാതെ നോയ്ക്യാ ന്ക്ക് കൊള്ളാം.” മറുപടി പറയാതെ ചേന്നൻ നടക്കും.
നടന്നു പോയാലും ഇടക്കിടെ ചേന്നൻ തിരിഞ്ഞു നോക്കും. വെറും നോട്ടമല്ല., ഒറ്റത്തിരിയലും, നോട്ടവുമാണ്. തൻ്റെ സുരക്ഷിത വലയത്തിനു മേലുള്ള ഈ കരുതലാവാം ചേന്നനെ ചേന്നനാക്കുന്നത്.
“ശിവശങ്കരൻ്റെ നോട്ടം ല്ലേ ത്… ? കട്ടുണ്ടായാങ്ങനെ ണ്ടാവണം”.
ഈ കളിയാക്കലിലും പരിഹാസങ്ങളിലുമൊന്നും ചേന്നൻ ഒരിക്കലും ചൂളാറില്ല. ഇത്തരം ദൂഷണങ്ങളെ ചേന്നൻ അഭിമാനത്തോടെ തന്നെ സ്വീകരിച്ചിരുന്നു. വീണ്ടും, നന്തുണിയാശാൻ്റെയും, മൂത്തേടത്തു വാര്യരുടെയും, ഇക്കോണൻ നായരുടെയുമെല്ലാം മനവും തനുവും കാത്ത ശനിയാഴ്ച വന്നെത്തി. പാതയോരത്തുകൂടിയുള്ള നേത്യാരമ്മയുടെ സഞ്ചാര ദർശനത്തിനായി അവർ അവിടവിടെ താളം കൊണ്ടു നിന്നു. അസ്തമനത്തിനവസാനം ശ്യാമവർണ്ണമായ പാതയോരത്ത് കർണ്ണികാര മുത്തുകൾ മാത്രം നിരാശ കൈവെടിഞ്ഞില്ല. രാവുണ്ണിമാരാരുടെ ഇടയ്ക്കയുടെ ദ്രുതതാളം കാറ്റിൻ്റെ നേരിയ ഗതിക്കൊപ്പം അകലെ’ ഉയരുന്നുണ്ട്.
ഏറെ വൈകിയാണ് ഇന്നു നേത്യാരമ്മ മനയിറങ്ങി പടിപ്പുര വാതിൽക്കലെത്തിയത്. പടിപ്പുരയ്ക്ക് പുറത്ത് ചേന്നൻ കാത്തു നിൽക്കുന്നുണ്ട്. യാത്ര പറഞ്ഞു പോവുന്ന അന്തിവെട്ട പ്രഭയിൽ നേത്യാരമ്മയെ കണ്ടപ്പോൾ ശൂന്യതയിൽ വെളയിടത്തു ഭഗവതി ഒഴുകിയെത്തുന്നതു പോലെ ഒരു മാത്ര ചേന്നന്ന് തോന്നി. നേത്യാരമ്മയുടെ സഞ്ചാരഗതിക്ക് കൺകളുഴിയാൻ കാത്തു നിന്നവർ പതുങ്ങിയെത്തുന്ന ഇരുളിനെ ശപിച്ച് നിരാശരായി മടങ്ങി. കോണകവള്ളി പുറത്താട്ടി, മാനം നോക്കി നടക്കുന്ന ഇക്കോണൻ നായരുടെ മുറുമുറുപ്പ് ഇരുളിൽ അനാഥമായി പ്രതിധ്വനിച്ചു.
“വ് ക്കടെ ഹുങ്ക് ന്ന് ടക്കണം.”
മുറതെറ്റാതെയുള്ള നിത്യക്രമണത്തിനിടെ, ഇന്ന് ചേന്നൻ ചോദിച്ചു.
“ശ്ശി വൈകീലോ…? ചുറ്റുവിളക്കിലെ തിരിതെളി കഴിയും എത്തുമ്പോ… തമ്പ്രാട്ടി കേക്ക്വണുണ്ടാവ്വോ?”
നേത്യാരമ്മ മറുപടി പറഞ്ഞില്ല.
കുറെ ദിവസങ്ങളായുള്ള നേത്യാരമ്മയുടെ ഈ നിസംഗത ചേന്നൻ ശ്രദ്ധിക്കുന്നുണ്ട്. എല്ലാമറിയുന്ന ചേന്നൻ ഇതിൻ്റെ കാരണവുമറിയുന്നു. കാലങ്ങളായി, നേത്യാരമ്മയ്ക്ക് മാടശ്ശേരി വാര്യത്തെ ഇളയ തമ്പിയോട് ആരാധന തുടങ്ങിയിട്ട്. നാലു വർഷം മുമ്പ്, ശാസ്താകോവിലിൽ വച്ച് കണ്ടപ്പോൾ മുതൽ തമ്പിയുടെ തലയെടുപ്പിലും, ആകാരഭംഗിയിലും,വിനയഭാഷണത്തിലുമെല്ലാം നേത്യാരമ്മയുടെ മനസ്സുടക്കി. പല വേളകളിലും പ്രണയപൂർവ്വങ്ങളായ നോട്ടമെറിഞ്ഞ്, തമ്പിയുടെ മനമറിയാൻ അവർ കാത്തു. പക്ഷേ മങ്ങാട്ടു മനയിലെ പാരമ്പര്യ ശാസ്ത്രമറിയുന്ന ഇളയതമ്പി നേത്യാരമ്മയെ ഗൗനിച്ചതേയില്ല.
ഇക്കഴിഞ്ഞ മകരത്തിൽ നേത്യാരമ്മയുടെ അനുരാഗ പൗർണ്ണമിയെ നിഷ്പ്രഭമാക്കി മുണ്ടൂർ മനയിലെ ലക്ഷ്മിക്കുഞ്ഞിന് തമ്പിപുടവ കൊടുത്തു. നേത്യാരമ്മ ദുഃഖിതയാണ്. വർഷങ്ങളായി മനസ്സിൽ മുള പൊട്ടി നിന്ന മൂകപ്രണയത്തിൻ്റെ അടർന്ന വല്ലികൾ പെട്ടെന്നണഞ്ഞ പുതുമഴത്തുള്ളികളുതിർത്ത കല്ലോലങ്ങളിൽ ‘
അമ്പലപ്പൊയ്കയിലെ പായൽപ്പരപ്പുകൾക്കൊപ്പം ഒഴുകിയകലുന്നത് മൗനമായി അവർ നോക്കി നിന്നു. എങ്കിലും, അടങ്ങാത്ത മോഹങ്ങളുടെ കനലടക്കാൻ, എന്നെങ്കിലുമെത്തിച്ചേർന്നേക്കാവുന്ന ആ ഹൃദയതാരകത്തിനായി ഇരുളിൻ്റെ അറപ്പുര വാതിലുകൾ അവർപകുതി ചാരുന്നു, നിശബ്ദമായ പാദചലനങ്ങളെ തൊട്ടുതലോടുന്നു.
കോവിലിൽ ദീപാരാധന നട തുറന്നു കഴിഞ്ഞിരുന്നു. ആൾത്തിരക്കൊഴിഞ്ഞ ശ്രീകോവിലിനു മുന്നിൽ ശരണധ്വനികളുടെ അടക്കിയ മന്ത്രണങ്ങൾ മാത്രം. മരോട്ടിയിൽ തെളിഞ്ഞ ചുറ്റുവിളക്കുകളിൽ അനന്തതയിലടയിരിക്കുന്ന മൗനമാർന്ന ഇരുൾ വട്ടമിടുന്നു. കൽവിളക്കിന് ചാരെ തൊഴുകൈയുമായി നിന്നത് ശ്രീകോവിലിനുള്ളിലെ അഭൗമവിഗ്രഹത്തിൻ്റെ പ്രതിരൂപമാണെന്നു തോന്നി. പ്രദക്ഷിണവഴിക്കു ചാരെ ഇക്കോണൻ നായരുടെയും, കുറുപ്പന്മാരുടെയും അടക്കിപ്പിടിച്ച സംസാരം കേൾക്കാം. വ്യക്തമായില്ല. മനസിലേയ്ക്കലയടിച്ചു വരുന്ന തിരമാലകളെ ശരണമരത്തിനു ചുവട്ടിലെ വിളക്കിൽ നെയ്യായി അർപ്പിക്കുകയായിരുന്നു അവരപ്പോൾ. പ്രദക്ഷിണം മൂന്നാം വട്ടം തുടരുമ്പോഴും, ചേന്നൻ്റെ കാലടി ശബ്ദം പുറകിൽ നേത്യാരമ്മയ്ക്കു കേൾക്കാം. ഇടയ്ക്കിടെ പുറം തിരിഞ്ഞു നോക്കി, ഇവിടെയും അയാൾ നേത്യാരമ്മയ്ക്ക് ലക്ഷ്മണരേഖ തീർക്കുന്നുണ്ടാവുമോ…!
“ന്ക്കടീ വ് ടെ ..” ശബ്ദം കേട്ടത് നാഗത്തറയ്ക്കു പുറകിലെ ഇരുളിൽ നിന്നായിരുന്നു.
നേത്യാരമ്മ നിന്നു. ഇരുളിലേയ്ക്ക് ഭയപ്പാടില്ലാതെ, ഇമചിമ്മാതെ നോക്കി.
ഇക്കോണൻ നായരും, കുറുപ്പന്മാരും, കൂടെ പരിചിത മുഖങ്ങളുള്ള നാലഞ്ചു നായന്മാരും മാർഗ്ഗതടസ്സം പോലെ നേത്യാരമ്മയ്ക്കു മുമ്പിൽ…!
“ന്തടീ നോയ്ക്കി പേടിപ്പ്ക്കണെ..? ഹോ ഒരു കെട്ടിലമമ്മ…”
ഇമ്മണ്ണുനായരുടെ പരിഹാസവാക്കുകൾക്ക് അകമ്പടിയായി കുറുപ്പന്മാരുടെ പൊട്ടിച്ചിരി ഉയർന്നു. നായന്മാർ അല്പം ഭീതിയോടെ നേത്യാരമ്മയെ നോക്കി നിന്നു.
“നായരെ വഴിമാറ്… നേര്യേറി… ന്ക്ക് ല്ലത്തെത്തണം.i”
“ങ്ങനെ പോയാപ്പറ്റ്വോ ൻ്റെ തമ്പ്രാട്ടീ …. നെൻ്റെയീ പുലയാട്ട് നിർത്തിക്ക്യാമ്പറ്റ്വോന്ന് ങ്ങള് ന്നു നോക്കട്ടെ…വ് ടെ കൊറച്ച് ആണുങ്ങള് ള്ളപ്പോ നീ വ് ന് മാത്രം പാ വിരിച്ചാ ങ്ങന്യാ? ല്ലേടാ കുറുപ്പേ .” കുറുപ്പന്മാരുടെ കൂട്ടച്ചിരി വീണ്ടുമുയർന്നു.
ഇതിനിടെ ആളുകൾ ഓടിക്കൂടി കഴിഞ്ഞിരുന്നു. നായരുടേയും, കുറുപ്പന്മാരുടെയും അസഭ്യവർഷങ്ങൾക്കിടയിൽ ചേന്നനെ ഇടക്കുറുപ്പ് മുഖത്തടിച്ചുവീഴ്ത്തി. എമ്പ്രാന്തിരിയും, മൂസും, പിഷാരടിയുമൊക്കെ നേരിയ ഭയപ്പാടോടെ ഒളിഞ്ഞുമാറി. എങ്കിലും സംഭവവികാസങ്ങൾ അണുവിട മാറാതെ അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
”കർക്കിടത്തിലെ പുലപ്പേടി വേണ്ടംല്ലോ വ്ക്ക്.. കൂടെ ങ്ങ് കൂട്ട്യേക്ക് ല്ലേ.. നെൻ്റെ പാരമ്പര്യം വ്ടെ കാട്ട്യ .. തുണിയുരിയും ങ്ങള് “
സമയമേറിയിരിക്കുന്നു. നായരുടെ ക്ഷോഭം തെല്ലൊന്നടങ്ങി. കൂട്ടം കൂടി നിന്നവർ നേത്യാരമ്മയ്ക്ക് വഴിമാറി. പക്ഷേ നേത്യാരമ്മ അനങ്ങിയില്ല. ഇക്കോണൻ നായരെ ഇമചിമ്മാതെ തീ പാറുന്ന കണ്ണുകളോടെ അവർ നോക്കി.
നോട്ടം സഹിക്കാനാവാതെ കോപമടങ്ങിയ നായർ തലതാഴ്ത്തി.
“ടോ നായരെ…” ശബ്ദം നേത്യാരമ്മയിൽ നിന്നായിരുന്നു.
കോവിൽത്തളം നിശബ്ദമായി. ഏവരും അത്ഭുതത്തോടെ, ചെറുമികൾ കൗതുകത്തോടെ നേത്യാരമ്മയെ നോക്കുന്നു. വടക്കുനിന്നൊഴുകി വന്ന ചെറുകാറ്റ് ശരണമരത്തിൻ്റെ ഇലത്തളിരുകളിലേയ്ക്ക് ചേക്കേറി. നടയടപ്പിൻ്റെ ശംഖനാദം മുഴുമിക്കാതെ നിന്നു. കാലങ്ങൾ തീർക്കാതെ രാവുണ്ണിമാരാരുടെ ഇടയ്ക്ക താളം വെടിഞ്ഞു.
“ടോ നായരേ… അരങ്ങാട്ടു മ്യാലിലെ കാളിക്കുട്ടീടെ ഓലപ്പുര വാതിലില് നെൻ്റെ കോണകം കണ്ടതും, പേറ്റ് നോവ് വന്ന കാളിക്കുട്ടീനെ നീ കുഞ്ഞനോൻ്റെ തലേല് കെട്ടിവച്ചതും വ്ടെ ആരും മറന്നിട്ടില്യ … വേണ്ട … കുളിക്കടവില് മറഞ്ഞിരുന്ന് പുരയില കാർത്യാനിടെ റ്വ്ക്കയുരിഞ്ഞത് വ്ടെ പറയ്ണോ?.
തെരണ്ടാലൊളിച്ചു നടക്കണ ചെറുമികൾടെ നാവനങ്ങ്യാ നെൻ്റെo, കോവിലില് സർവ്വാധികാര്യം നോക്കണ ചെല മേനൻ മാര്ടേം തൊലിയുരിയും… കുറുപ്പാ നെൻ്റെ മനേലെ യീ നായര്ടെ നാട്ടു കഥ കേക്കണോ ന്ക്ക്?
ൻ്റെ വയലില് അമ്പതു പറേടെ വഹ ന്നും ഊട്ട് പുരേട്ട് വരണ് ല്ലേ…. ൻ്റെ അടിയാന്മാരട വഹ വേറെ…. ത്ക്കെ ങ്ങട്ടാ പോണേന്ന് ഞാൻ പറയണോ ..? ന്നിട്ട് കോവിലില് അടിയാൻ വന്നാ കലശം… നാണ് ണ്ടോ..?”
ഭൂമി പിളർന്ന്, അതിലേയ്ക്ക് താണുപോവാനൊരുങ്ങുന്ന ഇക്കോണൻ നായർ നേത്യാരമ്മയ്ക്കു മുന്നിൽ തൊഴുകൈയോടെ ഇരുന്നു. അതുവരെ പൊട്ടിച്ചിരി കൊണ്ട കുറുപ്പന്മാർ നായരെ നോക്കി പല്ലിറുമ്മി . ചെറുമികൾ നേത്യാരമ്മയ്ക്ക് ആരാധനയുടെ നോട്ടമെറിഞ്ഞു. നായർ ഭവനങ്ങളിലെ ചില താത്ക്കാലിക കെട്ടിലമ്മമാർ ഇരുളിലേയക്ക് മുഖമൊളിച്ചു.
കോവിൽത്തളവും, പരിസരവും ഒന്നു കൂടി നിശബ്മായി. മരോട്ടിവിളക്കുകൾ കണ്ണടച്ച് പുക പരത്തി. കൽവിളക്കിലെ തിരികൾ മാത്രം ഒന്നുകൂടി ഉജ്ജ്വലമായതു പോലെ. നാട്ടുപ്രമാണിമാർ കാൺകെ നേത്യാരമ്മ ചേന്നൻ്റെ കൈ പിടിച്ച് അതിവേഗം കൽവിളക്കിനു മുമ്പിലേയ്ക്ക് നടന്നു.
നെയ്ത്തിരി നാളത്തിന് മുകളിൽ മനസ്സർപ്പിച്ച അവരുടെ വാക്കുകൾ കേൾക്കാൻ കാലങ്ങളുടെ അനന്തദർശി ശ്രീകോവിലിനുള്ളിൽ നിന്നും പുറത്തേയ്ക്ക് ഒഴുകി വന്നു. നിശബ്ദതയ്ക്കു നിറവേകാൻ ഒരു മണിയൊച്ച മുഴങ്ങി. ഇടയ്ക്കയും, ശംഖും അസമയത്തുതിർത്ത അവിശ്വസനീയമായ നാദബ്രഹ്മത്തിൽ മരോട്ടിവിളക്കുകൾ വീണ്ടും തെളിഞ്ഞു .
പിറ്റേന്നു നിർമ്മാല്യ പൂജയ്ക്കു ശേഷം, പാരമ്പര്യമായി നേത്യാരമ്മയിലേയ്ക്കെത്തിയ വേളിപ്പുടവ ചേന്നൻ നേത്യാരമ്മയ്ക്കു കൈമാറി. പരസ്പരം മാലയണിഞ്ഞ അവരെ എമ്പ്രാന്തിരി അനുഗ്രഹിച്ചു. നേത്യാരമ്മയുടെ ചിലവിൽ ഊട്ടുപുരയിൽ നടന്ന നിറസദ്യയിൽ പതിവുപോലെ ചേന്നൻ വയറു നിറച്ച് ആഹാരം കഴിച്ചു.
പുതുതായി കിട്ടിയ പദവി അധികഭാരമായി ചേന്നനു തോന്നിയില്ല. മാത്രമല്ല, ചേന്നൻ്റെ മനസിനെ അലട്ടിക്കൊണ്ടിരുന്ന ഒരു തീരാവ്യസനത്തിനും ഇന്നു പരിഹാരമായിരിക്കുന്നു.
ചേന്നൻ സ്വയം ആശ്വസിച്ചു. “തല ചായ്ക്യാൻ ത്തിരി ടം പോരെ ന് ക്ക്…”
നേത്യാരമ്മയുടെയും, ചേന്നൻ്റെയും വേളി നാടാകെ ദിവസങ്ങളോളം ചർച്ച ചെയ്തു. പ്രഭുക്കന്മാർ ഒത്തു കൂടുമ്പോൾ ഒരു ശ്മശാനമൂകത പടർന്നു. കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറഞ്ഞതുപോലെ ചിലർ ഇക്കോണൻ നായരെ പഴിക്കുകയും, മറ്റു ചിലർ നേത്യാരമ്മയെ വാരസ്ത്രീ വരെയാക്കി അധിക്ഷേപിക്കുകയും ചെയ്തു.
“തമ്പ്രാട്ടി വ് രുടെ ചെവിട്ടുകുറ്റിയ്ക്കല്ലേ അടിച്ചേ… ” കുമരേശനും, കൂട്ടരും നേത്യാരമ്മയെ വർണ്ണിച്ചു കൊണ്ടേയിരുന്നു.
ചേന്നനാകട്ടെ, വല്ലാത്ത പ്രതിസന്ധിയിലാണിപ്പോൾ. ഊണും, ഉറക്കവുമായി ചേന്നനു മുമ്പിലൂടെ ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. ഇടയ്ക്ക് തൊടിയിലാകെ നടന്ന് അടുക്കളക്കാരി ഉണ്ണു നീലിക്ക് കുറെ വിറകറുത്തു കൊടുക്കും. പുറത്തെ കാഴ്ചകളും, വാർത്തകളുമറിയാൻ ആഗ്രഹമുണ്ടെങ്കിലും, ശനിയാഴച ഇരുവരും ചേർന്നുള്ള കോവിൽ യാത്ര ഒഴിച്ച് പുറത്തേയ്ക്ക് പോവാൻ ചേന്നനെ നേത്യാരമ്മ അനുവദിച്ചിരുന്നില്ല.
അത്താഴം കഴിഞ്ഞാൽ, ഗോവണിത്തളത്തിൽ പുല്ലുപായ് വിരിച്ച് ചുരുണ്ടു കൂടി അവിടെയുറങ്ങും. ഒരു ചെറു ശബ്ദം കേട്ടാൽ ഉണർന്നെണീറ്റ് കാതു കൂർപ്പിക്കും. സത്യത്തിൽ നേത്യാരമ്മയുടെ ഒരു കാവലാൾ മാത്രമായിരുന്നു ചേന്നൻ. അത് തന്നെയായിരുന്നു ചേന്നന്ന് ആനന്ദപ്രദവും.
നേത്യാരമ്മയുടെ പള്ളിയറവാതിൽ പ്രതീക്ഷയുടെ കിഴക്കിനെ കാത്ത് കിടക്കുകയാണ്. കൊയ്തൊഴിഞ്ഞ വയലുകളിലെ വരിനെൽത്തലപ്പുകൾ കാറ്റിൻ്റെ ഉന്മാദത്തെ തഴുകി സ്വീകരിക്കുന്നു. തൻ്റെ കുരുന്നുകൾ പത്തായപ്പുരയിലെത്തില്ലെന്നറിഞ്ഞിട്ടും…! പക്ഷേ, അനാഥത്വം പേറുന്നവരിലേയ്ക്കുള്ള ദേവസ്പർശം പോലെ, എപ്പോഴോ ഒഴുകിയെത്തിയ വേനൽമഴയിൽ കുളിരണിഞ്ഞ വരിനെൽപ്പരപ്പുകൾ അജ്ഞാതമായ സ്നേഹവായ്പിൽ കരഞ്ഞു.
“ന്തേ.. കര് യ് ണെ … ?” മഴയുടെ താളത്തിനൊത്ത് അടക്കിപ്പിടിച്ച ആ മന്ത്രണത്തിന് മൗനമായിരുന്നു മറുപടി.
എപ്പോഴോ മനസിൽ കുറിച്ചു.
“ന് ക്ക് നിശ്ചയ ണ്ടാർന്നു പ്പോഴെങ്കിലും വരൂന്ന്…” നടന താളങ്ങൾക്കിടെ ഉദ്യാനത്തിലെ ഒരായിരം കതിർ മണികളെ തഴുകിത്തലോടുന്ന മഴയോട് വരിനെൽച്ചെടി മന്ത്രിച്ചു .
“ചേറിൻ്റെ മണം ണ്ട്…” പക്ഷേ മഴ നിശബ്ദതയിലേയ്ക്ക് പതുക്കെപ്പതുക്കെ തോർന്നവസാനിച്ചു.
നേർത്ത ആലസ്യത്തിനിടയിൽ വീണ്ടും..
“പൂണൂല്…കണ്ടീല… ?”
അകലുന്ന മഴയുടെ കാൽപാദങ്ങൾ മൊഴിഞ്ഞു.
“അരയിലുണ്ടേ…. ങ്ങട്ട്… സൗകര്യാച്ചാൽ… “
“ങും…. രസികൻ…. “
കൊലുസിട്ട ചിരി, മയക്കത്തിൻ്റെ നനുത്ത ആലസ്യത്തിലേയ്ക്ക് വഴുതി വീഴുമ്പോഴും അകന്നു പോവുന്ന ഒരു കാലടി ശബ്ദം നേതാരമ്മ കേൾക്കുന്നുണ്ടായിരുന്നു. പുലർച്ചെ ഏറെ വൈകിയാണ് നേത്യാരമ്മ ഉണർന്നത്. ഉണ്ണുനീലി രണ്ടുമൂന്നാവർത്തി വന്നു നോക്കി. ചേന്നനും ഉറക്കമുണർന്നിട്ടില്ല.
പിന്നീട് പലപ്പോഴും പൊള്ളുന്ന വയൽവരമ്പുകൾ താണ്ടി ചീവീടുകളുടെ മർമ്മരങ്ങൾക്കൊപ്പം നേത്യാരമ്മയെ തഴുകിയുറക്കാൻ രാത്രിയുടെ വേനൽമഴ എത്തിക്കൊണ്ടിരുന്നു. കാലാന്തരത്തിൽ മഴ മേഘങ്ങൾ വഴിമാറി, ആകാശം വയൽപ്പരപ്പുകളെ മഞ്ഞിൻ്റെ കരിമ്പടമണിയിച്ചപ്പോൾ ശാസ്താകോവിലിൽ വൃശ്ചികപ്പൂരത്തിൻ്റെ കൊടിയിറക്കം ആരംഭിച്ചിരുന്നു. ആറാട്ടുവഴിയിൽ അമ്പത്തിയൊന്നു മേളക്കാരുടെ ത്രിപുട കൊഴുക്കുമ്പോൾ, മങ്ങാട്ടുമനയിലെ പള്ളിയറയിൽ നിന്നും ഒരു കൈക്കുഞ്ഞിൻ്റെ ആദ്യ നിശ്വാസം ഒരു ചെറു നോവായി ഉയർന്നുപൊങ്ങി.
അപ്പോൾ മാടശ്ശേരിവാര്യത്തെ ഇളയ തമ്പി ഏതോ ദു:സ്വപ്നദർശനത്തിൻ്റെ ഭീതിയിൽ ഗാഢമായ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ചേന്നനു സന്തോഷമായി. പള്ളിയറയിൽ നിന്നും ഇടക്കിടെ ഉയരുന്ന കുഞ്ഞിൻ്റെ കരച്ചിലും, അകമ്പടിയായെത്തുന്ന താരാട്ടുമൊക്കെ കേൾക്കാൻ അവൻ ഉറക്കമിളച്ചു കാത്തിരുന്നു. ചേന്നൻ്റെ ദൃഷ്ടിയിൽ ശാസ്താകോവിലിലെ സ്വയംഭൂ ദേവൻ്റെ അനുഗ്രഹമാണ് ഈ കുഞ്ഞ്. പേറുരക്ഷയ്ക്കു വന്ന കുഞ്ഞോലിത്തള്ള കുഞ്ഞിനെ ഇളവെയിലേറ്റാൻ പുറത്തേയ്ക്ക് കൊണ്ടുവരുമ്പോൾ ചേന്നൻ വന്ന് താളത്തിൽ പതുക്കെ കാതിൽ വിളിക്കും…
“അയ്യപ്പാ.. ..! ” ഈ വിളി ഒളിഞ്ഞും, തെളിഞ്ഞും നേത്യാരമ്മ കേൾക്കുന്നുണ്ടെങ്കിലും അവർ പണ്ടേ മനസിലുറപ്പിച്ച പേര് കുഞ്ഞു തമ്പി എന്നു തന്നെയാണ്.
“കണ്ടില്ലേ ശരിക്കങ്ങട്ട് നോയ്ക്യേ…. കുഞ്ഞു തമ്പി തന്നെ…!’
“കേട്ടോ മങ്ങാട്ടുമനേലെ നേത്യാരമ്മേടെ കുഞ്ഞ് ചേന്നൻ്റെ തനിപ്പകർപ്പാന്നു… !”
“ചേന്നൻ ആള് കൊള്ളാലോ … ഭാഗ്യവാൻ… ” ഊറിച്ചിരിച്ച ദോശക്കുറുപ്പിനെ ഇക്കോണൻ നായർ തടുത്തു.
“ടി വരയ്ടാൻ വരട്ടെൻ്റെ കുറുപ്പേ … മാടശ്ശേരിക്ക് പോയ നായമ്മാര് വന്നിട്ട് പോരെ വ് ള് ടെ കേമം വിളമ്പല് …
വ് ര് വരട്ടെ…. ” പക്ഷേ നൂലുകെട്ടറിയിക്കാൻ ചെന്ന നായന്മാർക്ക് മുമ്പിൽ നിന്ന് മാടശേരി വാരിയത്തെ ഇളയ തമ്പി കത്തി.
“ദുഷിപ്പ് പറയാൻ വന്ന നൊൻ്റെ യൊക്കെ കഴ്ത്തില് വാളാ ങ്ങട്ട് വയ്ക്കണ്ടെ….മാടശ്ശേരിത്തമ്പിക്ക് രാത്രിസഞ്ചാരല്ലാന്ന് ആഒരുമ്പെട്ടോളട് ടുത്തു പറയാനാ പ്പൊ നെൻ്റെ ക്കെ കഴുത്തെട്ക്കാത്തെ… പൊക്കോണം ൻ്റെ വാര്യത്തിന്ന്…! “
വാർത്തയറിഞ്ഞ് നേത്യാരമ്മ ഏറെ നേരം മൗനമായി കിഴക്കേ വയലോരത്തേയ്ക്ക് നോക്കി നിന്നു. കണ്ണിണയിൽ നിന്നും നനവായിറങ്ങിയ മൗന മുത്തുകൾക്ക് അവർ സ്വപ്നങ്ങളുടെയോ, വാക്കുകളുടെയോ രൂപഭംഗി നൽകിയില്ല.
മനസ്സിൽപ്പതിഞ്ഞ വേനൽമഴ അറപ്പുരയിലെവിടെയോ കുളിരായി പെയ്യുന്നത് നേത്യാരമ്മ കേട്ടു . നൂലുകെട്ടിന് കുഞ്ഞിനെ കുളിപ്പിച്ച് കഞ്ഞോലിത്തള്ളയിൽ നിന്നും വാങ്ങുമ്പോൾ, അതുവരെ അനുഭവിക്കാത്ത ഒരു നിർവൃതി ആദ്യമായ് നേത്യാരമ്മ അറിഞ്ഞു. അത് കടലോളമായി മൂർദ്ധാവിൽ ചൊരിഞ്ഞപ്പോൾ മനസ്സുറപ്പിച്ചു.
ണ്ട്…. ചേറിൻ്റെ മണം….!
അഞ്ചു തിരിയിട്ട വിളക്കിനു മുമ്പിൽ ചമ്രം പടിഞ്ഞിരിക്കുന്ന ചേന്നൻ്റെ മടിയിലേയ്ക്ക് നേത്യാരമ്മ കുഞ്ഞിനെ കിടത്തി. എന്നിട്ട് പറഞ്ഞു.
“ങ്ങട്ട് വിളിച്ചോള്… “
ദീപധൂപമാല്യാദികളാൽ മുഖരിതമായ കോവിലിൻ്റെ അകത്തളത്തിൽ ചെണ്ടയും ഇടയ്ക്കയും ഇടകലർന്ന താളലയത്തിൽ അടഞ്ഞ ശ്രീകോവിലിനുള്ളിലേയ്ക്ക് ഉപനാമാക്ഷരമായി ചേന്നൻ്റെ വിളിയൊച്ചയെത്തി.
“അയ്യപ്പാ……. !”
നേത്യാരമ്മ ചിരിച്ചു. അറപ്പുരയിലൊളിച്ചിരുന്ന വേനൽമഴ ആ ചിരിയിൽ പങ്കു ചേർന്നു. മഴയ്ക്കായി തുറന്ന പള്ളിയറയുടെ കിഴക്കേ വാതിൽ നേത്യാരമ്മ അടച്ചു. അത്താഴം കഴിഞ്ഞ് ഏറെപ്പരതിയിട്ടും, ഗോവണിത്തളത്തിൽ ചേർത്തു വച്ചിരുന്ന പുൽപ്പായ ചേന്നനു കണ്ടു കിട്ടിയില്ല. തളത്തിൽ നിന്നും പള്ളിയറയിലേയ്ക്കുള്ള വടക്കേ വാതിൽ ആരോ തുറന്നിട്ടിരിക്കുന്നു !
നേത്യാരമ്മ തിരുത്തിയെഴുതി സ്ഥാപിച്ച മങ്ങാട്ടു മനയുടെ വിലാസപ്പലക ഇരുട്ടിൽ പടിപ്പുരയിൽ നിന്ന് ആരോ വായിച്ചെടുക്കുന്നു.
ചേന്നൻ തമ്പ്രാൻ
മങ്ങാട്ടു മന ഇല്ലം
ആശ്രമം തപാലാപ്പീസ്.