നെരുദാ..
നിന്നെ ഞാനിപ്പോൾ വായിക്കാറേയില്ല
ഞാനൊരു കടലാണ്
വറ്റിവരണ്ട കടൽ
സമുദ്രധ്യാനങ്ങളാൽ
വിളയിച്ചെടുത്ത
സ്വപ്നമുത്തുകളെ വിഴുങ്ങി
പ്രാണനൊടുക്കിയ ചിപ്പികളുടെ
ശവപ്പറമ്പ്.
പവിഴപ്പുറ്റുകൾ
നെയ്തെടുത്ത
നിറം പിടിച്ചതെന്നാകിലും
ജീവനില്ലാത്ത സ്വപ്നങ്ങൾ…
കടൽ
വറ്റിയുറഞ്ഞുപോയ
ഒരു കുന്നോളം ഉപ്പുണ്ട്…,
ഇനിയുമൊരു
സ്നേഹത്തിന്റെയലിവിന്
വിട്ടുകൊടുക്കാതെ
ഞാനൊളിപ്പിച്ച പരലുകൾ…
നിന്റെ വാക്കുകളോ
പ്രണയം പോലെ
നുരഞ്ഞ്
കടൽ പോലെ തുളുമ്പിയത്
നെരുദാ…..
ഇനി ഞാൻ നിന്നെ വായിക്കുകയേയില്ല….
വാക്കുകളിൽ നിന്നും
തുളുമ്പിയിറങ്ങിയ
കടൽചുംബനങ്ങളാൽ
മൊഴിമുത്തൊഴിഞ്ഞ
ചിപ്പികളുടെ നെഞ്ചിൽ
പിന്നെയുമൊരു
സമുദ്രഹൃദയം മിടിച്ചാലോ
ആ കടലലിവിൽ
അവസാനത്തെ പരലും
അലിഞ്ഞവസാനിച്ചാലോ?
കണ്ണീരിന്നുപ്പുനുകർന്നാശ്വസിക്കാൻ
എനിക്കു കരയണം
ചിലപ്പോഴെങ്കിലും.
സഫാ…
വാക്കുകളായി വന്നെന്നെ
തീപ്പിടിപ്പിക്കല്ലേ നീ
ഒരു ശിശിരത്തിൽ
മരവിച്ച വിരലുകളാൽ
തഴുകിത്തഴുകി
തണുപ്പിച്ച ഒരു കനലുണ്ട്
ഇനിയൊരു
തീ നാളത്തിലുമെരിഞ്ഞ്
ചാരമാക്കാനാവാതെ
ഞാൻ പേറുന്ന
നിരാസക്തിയുടെ
ഒരു കരിത്തുണ്ട്.
സഫാ ..
‘തൊട്ടു പോവുകിൽ
തീനാമ്പായി പടർന്നേറും’
നിന്റെ
പ്രണയപ്പേച്ചുകൾ വേണ്ടെനിക്കിനി
ആ
കരിത്തുണ്ടൊരു
കനൽത്തരിയായി
ജ്വലിപ്പിച്ചതിന്റെ
ചൂടു പകർന്നുഷ്ണിക്കണമെനിക്ക്
ചിലപ്പോഴെങ്കിലും
ഇനി,
നിന്റെ കണ്ണുകൾ..
ഞാനതിലേക്ക് നോക്കാറേയില്ല..
ഉദയവും
അസ്തമനവുമില്ലാത്ത
രണ്ട് പ്രണയ സമുദ്രങ്ങൾ…
ഒരു
വരാലിനെപ്പോലെ
ഞാനതിലേക്കൊഴുകി മറഞ്ഞാലോ.