“നല്ല പെണ്ണാടാ”
പുറത്ത് മഴ തകൃതിയായി പെയ്യുന്നു. കിണറ്റിങ്കരയിലെ ഓവിൽ നിന്ന് ഒരു തവള എത്തി നോക്കി.
“വെളുത്ത് സുന്ദരി” ഞാൻ ചൂടുള്ള കട്ടൻ ഊതിക്കുടിക്കുവാണ്. മഴ പെയ്യുന്നു, തണുവുണ്ട്, പിന്നെന്തിനാണീ ഫാനിട്ട് കറക്കുന്നതെന്നാലോചിച്ചു.
“നല്ല തറവാട് ” മുറ്റത്ത് തളം കെട്ടി വീഴുന്ന വെള്ളം അൽപ്പായുസ്സുള്ള നീർപ്പോളകളെ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.
“അതിന്റെ അമ്മാവന്മാരൊക്ക പുറത്താ. നമുക്കൊന്ന് പോയി കാണാം” അമ്മ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ കട്ടൻ കുടിച്ച് ഗ്ലാസ് കൈമാറി. എന്റെ ഭാവശൂന്യമായ ഇരിപ്പ് കണ്ട് അമ്മ സോഫയിലിരുന്ന അച്ഛനെ നോക്കി. ഓവിൽ നിന്ന് തവള പുറത്ത് ചാടിയോടി.
നാട്ടിലെത്തിയിട്ട് ഒരുമാസം തികഞ്ഞില്ല. അതിനു മുന്നേ അമ്മ പിറുപിറുത്ത് തുടങ്ങിയിരുന്നു. പുറത്ത് മഴ കനത്തു. അമ്മയുടെ സ്വരവും.
ഒന്ന് പോയി കാണെടാ. കാണ്, കാണ്, കാണ്… വാക്കുകൾ ജ്വലിച്ച് തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
“നാളെപ്പോകാം ” അമ്മയ്ക്ക് സന്തോഷമായി. മഴ നിന്നു.
അച്ഛൻ പത്രം മടക്കി ഗ്ലാസെടുത്ത് കട്ടൻ നോക്കി വ്യാകുലപ്പെട്ടിരുന്നു.
‘പെണ്ണുകാണൽ’. ആത്മഗതം അട്ടഹാസം പൊഴിച്ചു. കെഞ്ചുക്കിയിൽ സുഹൃത്തുക്കളുടൊപ്പം സ്ഥിരം സന്ദർശിക്കാറുണ്ടായിരുന്ന ലീഗലൈസ്ഡ് ബ്രോത്തൽ പെട്ടന്നോർമ്മ വന്നു.കാണാം, ഇഷ്ടപ്പെട്ടാൽ വിലപ്പറഞ്ഞ് ഉറപ്പിക്കാം. നിമിഷങ്ങൾക്കൊണ്ട് ലഭിച്ച അധികാരം ആ ശരീരത്തിൽ പ്രയോഗിക്കാം. ശേഷം മനുഷ്യ ശരീരത്തിലെ പലതരം അംഗവാസനകളെയും പേറിയ കിടക്ക വിട്ടെഴുന്നേറ്റ് പുറത്ത് കടക്കാം. മാനസികമായും ശരീരരികമായും.
വൈകിട്ട് തന്നെ അടുത്ത കുറച്ച് ബന്ധു ജനങ്ങളെ നാളത്തേയ്ക്ക് അച്ഛൻ റെഡിയാക്കി നിർത്തി. എല്ലാവരും ഉത്സാഹിതരായി. വല്യച്ഛനും കൊച്ചച്ഛനും വൈകിട്ടെത്തി ചില തീരുമാനങ്ങൾ എടുക്കേണ്ടതായുണ്ട് എന്ന് പറഞ്ഞ് സംസാരം തുടങ്ങി. അമ്മ കട്ടൻ തിളപ്പിച്ച് അവർക്ക് കൊടുത്തു.
“ഇനീപ്പോ ഈ കട്ടൻകുടിയൊക്കെ ഒഴിവാക്കാലോ” അതു പറഞ്ഞ് വല്യച്ഛൻ എന്നെ നോക്കി മറ്റ് രണ്ട് പേരോടൊപ്പമിരുന്ന് ചിരിച്ചു.
“എനിക്ക് കട്ടനാ ഇഷ്ടം ” ഞാൻ പറഞ്ഞു .
അമ്മയത് കേട്ടില്ലെന്ന് നടിച്ചു. അച്ഛൻ മുഖം കോട്ടിച്ച് എന്റെ നേർക്ക് അൽപ്പനേരം നോക്കി ചിരിച്ചിരുന്നു.
ഒരു നീർകുമിള മുന്നിലൂടെ പറന്നകന്നപ്പോൾ അച്ഛൻ ഗ്ലാസെടുത്ത് ഒരറപ്പോടെ കട്ടനിലേയ്ക്ക് നോക്കി, എന്നിട്ട് മോന്തി.
കൊച്ചച്ഛന്റെ ഇളയമോൾ നന്ദിനി സോപ്പ് പതപ്പിച്ച ഗ്ലാസിൽ വട്ടക്കമ്പി മുക്കി കുമിളകൾ പറപ്പിക്കുകയാണ്. അതിലൊരെണ്ണം മാത്രം താഴെ വീണ് പൊട്ടാതെ മുറിക്കുള്ളിലൂടെ പാറി നടന്നു.
സുഹൃത്തുക്കളിൽ ചിലർ രാത്രി കോൺഫറൻസ് കാളിൽ വിവരം ആരാഞ്ഞു വിളിച്ചു.
“എന്തുവാഡേയ്, പ്രേമിച്ചേ കെട്ടൂ എന്നൊക്കെ കൊറേ തള്ള് തള്ളിയല്ലോ” രാഹുൽ ചോദിച്ചു.
“ഡാ അപ്പൊ മറ്റേയാ പെണ്ണോ.? നീ ഡേറ്റ് ചെയ്യാറുള്ളത്”. എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ മറ്റൊരാൾ ചോദിച്ചു
‘ഡേയ്റ്റ് ചെയ്യാറുണ്ടായിരുന്ന ‘ആ പെണ്ണ് ” ഒരണുനിമിഷം അവളെ സ്മരിച്ചു. യാത്ര പറഞ്ഞ് പോരുമ്പോൾ അവളുടെ വലത്തേ ഉള്ളം കയ്യിൽ ഒരരിമ്പാറ കിളിച്ചിരുന്നത് കണ്ടതോർമ്മിച്ചു.
“അത് നടക്കൂല്ലടാ. കൂടെ നടത്തിയാൽ നാട്ടുകാർ അയ്യേന്ന് പറയും പോലും. അത് വിടേണ്ടി വരും, ചിലപ്പോൾ ” എല്ലാവരും നിശബ്ദരായി.
“ഇതിപ്പോ നാളെ വീട്ടുകാരെ കൂട്ടി പെണ്ണുപിടിക്കാൻ പോണ ഫീലാ” ഞാനെന്റെ ഇടത്തെ കയ്യിലെ അരിമ്പാറ കിള്ളിക്കൊണ്ട് പറഞ്ഞു നിർത്തി.
ആകാശത്ത് നക്ഷത്രങ്ങളെ അനുകരിച്ച് മിന്നിപ്പാറിയ നീർകുമിളകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇടി മുഴങ്ങി. മഴ പെയ്തു. അതറിയാതെ, പതിവ് തെറ്റിക്കാതെ പ്രഭാതം ഉണർന്നു.
അവരുടെ വീടിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ ഇടനിലക്കാരൻ ആദ്യം ചാടിയിറങ്ങി. ചില്ലിനിടയിലൂടെ മുഖംകോട്ടി എന്നെ നോക്കി ചിരിച്ചു. ഞാൻ ഇറങ്ങിയപ്പോൾ ഉമ്മറനടേൽ കുമിളകൾ ഊതിപ്പറപ്പിച്ച് ഒരു കൊച്ചുകുട്ടി നിന്നിരുന്നു. ഇറങ്ങിയ വഴിക്ക് ഒരു കുമിള കണ്ണിൽ വന്ന് തട്ടി. നീറ്റൽ വക വെയ്ക്കാതെ ഞാൻ ക്ഷണം സ്വീകരിച്ച് അകത്തു കയറി.
പഴയ തറവാടാണ്. എന്നാൽ അത്രതന്നെ പഴയതല്ലതാനും. ഏറിയാൽ അമ്പത് അറുപതു കൊല്ലം പഴക്കം കാണും. എനിക്ക് എങ്ങനെയും പെണ്ണിനെ കണ്ട് വീടണയണം എന്നേ ഉണ്ടായിരുന്നുള്ളു. മനസ്സ് വേറെവിടൊക്കെയോ ആയിരുന്നു.
പെണ്ണിന്റെ അമ്മാവൻ അമ്മായി വല്യച്ഛൻ വല്യമ്മ കൊച്ചച്ഛൻ കുഞ്ഞമ്മ അവരുടെ മക്കൾ മക്കളുടെ മക്കൾ എന്നിങ്ങനെയായി ഒരു സന്നാഹം തന്നെ ഉണ്ടായിരുന്നു. പലരും പലയാവർത്തി പലതും ചോദിച്ചു. ഉത്തരങ്ങൾ കേട്ട് മുഖം വിടർത്തി ചിരിച്ചു. സംശയിച്ച് ചിരിച്ചു. എങ്കോണിച്ച് ചിരിച്ചു.
അതിനിടയിൽ ആരോ പാലൊഴിച്ച ചായ കൊണ്ടുവന്നു. പാൽചായയുടെ നിറം അച്ഛനെ ഏതോ മനോരാജ്യത്ത് എത്തിച്ചു.
വല്യച്ഛൻ എന്റെ മുഖത്തേയ്ക്ക് നോക്കി. ഞാൻ ചായയെടുത്ത് ഒന്ന് മൊത്തി തിരികെ വച്ചു.
“പാല്പായസം എടുക്കട്ടേ” വേണ്ടന്ന് ഞാൻ തലയാട്ടി. അമ്മ എന്നെ കണ്ണുരുട്ടി നോക്കി. അച്ഛൻ പാൽ മിട്ടായി നുണഞ്ഞ് കണ്ണ് ചിമ്മി.
“എന്നാൽ നമുക്ക് പെണ്ണിനെ കാണാം” പെണ്ണിന്റെ അച്ഛൻ എല്ലാവരോടുമായി ചോദിച്ചു. എല്ലാവരും പരസ്പരം നോക്കി തലയാട്ടി.
“അകത്തേക്ക് വരൂ. അവിടാകുമ്പോ സൗകര്യപ്രദമാകും ” പെണ്ണിന്റെ അച്ഛൻ ക്ഷണിച്ചു. ഞാൻ വേഗം എഴുന്നേറ്റു. എല്ലാവരും കൂടെയെഴുന്നേറ്റു.
“കണ്ടില്ലേ അവന് ധൃതിയായി” കൊച്ചച്ഛന്റെ വിരസമായ ഫലിതം കേട്ട് എല്ലാവരും കുലുങ്ങി ചിരിച്ചു.
നടുത്തളത്തിൽ പലയിടങ്ങളിലായി ചട്ടികളിൽ ചെടി നിറച്ചു വച്ചിരുന്നു. എല്ലാവരും പെണ്ണിനെ കാത്ത് നിന്നു. പടിഞ്ഞാറ്റെ കതക് തുറന്ന് രണ്ട് സ്ത്രീകൾ വേഷാഭരണവിധാനങ്ങളോടെയും അലങ്കാരങ്ങളോടെയും രണ്ട് വശങ്ങളായി നിന്ന് ആനയിച്ച് കൊണ്ടുവന്നു.
കൊച്ചച്ഛൻ എന്നെ നോക്കി കണ്ണിറുക്കി. അമ്മ കണ്ണുകൊണ്ട് ‘ഒറ്റനോട്ടത്തിൽ എങ്ങനുണ്ട് ‘ എന്നർത്ഥം വച്ചു ചോദിച്ചു.
ഞാൻ പെണ്ണിനെ നോക്കി അന്ധാളിച്ച് നിന്നു.
നന്നായിട്ട് ഒരുക്കിയിരുന്നു. പുറമെ പട്ട് ചുറ്റിയിരുന്നു. നെറ്റിയിൽ ചന്ദനക്കുറി ചാർത്തിയിട്ടുണ്ട്. കഴുത്തിൽ പുത്തൻപുതിയൊരു പ്ലാസ്റ്റിക് കയർ കെട്ടിയിട്ടുണ്ട്. അവർ ആ കയറിന്റെ അറ്റം നടുത്തളത്തിൽ ഒരു തൂണിൽ കെട്ടി.
എല്ലാവരുടെയും ദൃഷ്ടി അങ്ങോട്ടാണ്. അച്ഛൻ എന്നെ നോക്കി അങ്ങടുത്തേക്ക് ചെല്ലാൻ പറഞ്ഞു. എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. അതുകണ്ട് വല്യച്ഛൻ മുന്നോട്ട് ചെന്ന് മൊത്തത്തിൽ ചുറ്റി നിരീക്ഷിച്ചു.
വാലിൽ പിടിച്ച് പൊക്കി സൂക്ഷമതയോടെ നോക്കി, പറഞ്ഞു.
“കന്നിയാ ” എല്ലാവരും അതിൽ വലിയൊരാശ്വസം കണ്ടു. വല്യച്ഛൻ കുനിഞ്ഞ് അകിട് നിരീക്ഷിച്ചു, പിടിച്ചു നോക്കി പരിശോധിച്ചു.
“കൊള്ളാം. ദീനമൊന്നുമില്ല.” എല്ലാവരും പരസ്പരം നോക്കി നിർനിമേഷരായി നിന്നു .
“എന്ത് കിട്ടുമെന്നാണ് നിങ്ങൾ പറയുന്നത്” അച്ഛൻ ചോദിച്ചു.
“ഒരിരുപത്തിയഞ്ചിൽ കുറയാതെ കിട്ടും ” പെണ്ണിന്റെ വല്യച്ഛൻ പറഞ്ഞു.
“അങ്ങനെ ഞഞ്ഞാപിഞ്ഞാ പറഞ്ഞാൽ പോരാ. ഞങ്ങൾ മുപ്പത്താണ് പ്രതീക്ഷിച്ചത്. പിന്നെ ഈ ഇടനിലക്കാരൻ നമ്മുടെ സ്വന്തം കക്ഷിയാ. നിങ്ങൾ പറ്റിക്കില്ല, നല്ല ജാതി, എന്നൊക്കെ ഇങ്ങേര് പറഞ്ഞതുകൊണ്ടു കൂടിയാ ഇറങ്ങി തിരിച്ചത്. ” വല്യമ്മാവൻ കടുപ്പിച്ചു പറഞ്ഞു.
“അളിയാ ” അച്ഛൻ വല്യമ്മാവനെ തടഞ്ഞു .
“ഞങ്ങൾക്ക് ഇഷ്ടായി. അല്ലെ അമ്മിണി.” അച്ഛൻ അമ്മയെ നോക്കി. അമ്മ തലയാട്ടി മുരണ്ടു.
“ഇരുപത്തിയഞ്ച് ലിറ്റർ. അത് മതി. ഞങ്ങൾക്ക് ഒത്തിരി അത്യാർത്തി ഇല്ലാട്ടോ. നിങ്ങളെ വിശ്വസിക്കുകയാണ്. ആർക്കും എതിരഭിപ്രായം ഇല്ലെങ്കിൽ നമുക്കിത് ഉറപ്പിക്കാം.”
“ഡാ കിഴങ്ങാ, നീ കണ്ടുപിടിച്ചായിരുന്നല്ലോ ഒന്നിനെ. ഇതിന്റെ ഏഴയലത്ത് കൊണ്ട് കെട്ടാൻ കൊള്ളുവോ. അമേരിക്കയിൽ പഠിച്ചെന്ന് പറഞ്ഞിട്ടെന്തുവാ കാര്യം. വാങ്ങുമ്പോ മൂടും മുലയും മാത്രം നോക്കിയാൽ പോരാ കറവ കൂടി നോക്കണം. മനസ്സിലായോ”.. വായ പൊളിച്ചു നിന്ന എന്നെ പിന്നിൽ നിന്ന് തോണ്ടി കൊച്ചച്ഛൻ സ്വകാര്യം പറഞ്ഞു
ഞാൻ നിന്ന് തലയാട്ടി.
അവർ കയറഴിച്ച് വന്നപോലെ തന്നെ അതിനെ കൊണ്ടുപോയി. എനിക്കെന്തോ പറയണമെന്നുണ്ടായിരുന്നു. പക്ഷെ നാവനങ്ങിയില്ല. കനമില്ലാത്ത ഒരു വെയിൽ വന്ന് അവിടെ ചാരി നിന്നു.
“എങ്കിൽപിന്നെ വെയിൽ മൂക്കുന്നതിനു മുന്നേ ഇറങ്ങിയേക്കുവല്ലേ ” വല്യച്ഛൻ പറഞ്ഞു.
വരുന്ന വൃശ്ചികത്തിലേയ്ക്ക് പറഞ്ഞുറപ്പിച്ച് എല്ലാവരും ഇറങ്ങി. ഞാൻ കാറിൽ ചെന്നിരുന്നു.
ഒരു നീർകുമിള വണ്ടിക്കുള്ളിലേയ്ക്ക് ഇരച്ചു കയറി. ഞാൻ വാതിൽ അടച്ചു. കുമിള എങ്ങും തട്ടാതെയും പൊട്ടാതെയും വണ്ടിക്കുള്ളിൽ നാലുപാടും പറന്ന് നടന്നു.
അമ്മ എന്നെ പിന്നിൽ നിന്ന് തോണ്ടി ചോദിച്ചു “ഇരുന്നൂറ്റിയമ്പത് പവനും അമ്പത് ലക്ഷം രൂപയും. ഇഷ്ടായോ”
നീർകുമിള എന്റെ മടിയിൽ വന്ന് തട്ടിപ്പൊട്ടി. ഞാൻ അമ്മയെ നോക്കി തലയാട്ടി, മുഖം കോട്ടി ചിരിച്ചു.