നീർക്കുമിള

നേരം വെളുത്തിട്ടില്ല. ഫോണിന്റെ റിംഗ് കേട്ടാണ് വിനു ഉറക്കമുണർന്നത്.  പന്ത്രണ്ടു വർഷമായി താമസിക്കുന്ന ആ കുടുസുമുറിയിൽ ഫോണിന്റെ റിംഗ് വളരെ ഗാംഭീര്യത്തോടെ തന്നെ മുഴങ്ങി കേൾക്കാമായിരുന്നു. ഉറക്കച്ചടവിൽ റിങ്‌ കേട്ടയുടൻ ഞെട്ടിയെഴുന്നേറ്റു. സ്വല്പം ഭയത്തോടെയാണ് ഫോണിന്റെ അടുക്കലേക്ക് ചെന്നത്. ഫോൺ എടുക്കണോ എന്നൊരു ആശങ്കയുണ്ട്. അച്ഛന് തീരെ വയ്യാതെയായ വിവരം അമ്മയിന്നലെ വിളിച്ചപ്പോൾ പറഞ്ഞതാണ് ഓർമയിൽ മുഴുവനും.

ഹൃദയമിടിപ്പ് കൂടിയിട്ടുണ്ട്… ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ട് തോന്നുന്നതുപോലെ… ഭയന്നിരുന്നിട്ട് കാര്യമില്ല… ഫോണെടുക്കാം. വരുന്നത് വരട്ടെയെന്ന് കരുതി ഫോണെടുത്തു.

“അമ്മയാണെടാ… നി എഴുന്നേറ്റില്ലായിരുന്നോ… ഇവിടെ മണി പത്തു കഴിഞ്ഞല്ലോ…!?”.

ഫോണിന്റെ മറുവശം അമ്മയായിരുന്നു. അമ്മയുടെ എടുത്തടിച്ച ചോദ്യം കേട്ടതോടെ മനസിനൊരു സ്വസ്ഥത തോന്നി.

അമ്മയെന്താ ഈ നേരത്ത്‌  വിളിക്കാത്തതാണല്ലോയെന്ന് ചോദിക്കാനാണ് മനസ്സിൽ വന്നത്. പക്ഷെ ചോദിക്കാൻ കഴിഞ്ഞില്ല. അമ്മയ്ക്ക് മകനെ വിളിക്കാൻ സമയം നിശ്ചയികണോ എന്ന മറുപടി കേൾക്കേണ്ട എന്നു കരുതി തന്നെയാണ് ഒന്നും മിണ്ടാതെ ‘നേരം വെളുക്കുന്നതേയുള്ളൂ’ എന്ന് പറഞ്ഞു മാത്രം നിർത്തിയത്.

“നി എന്താ ഒന്നും മിണ്ടാത്തെ..?” അച്ഛന് സാരില്ല്യ… ഇപ്പോ നല്ല ഭേദ്‌ണ്ട്.. അമ്മിപ്പോ വിളിച്ചതേയ് നമ്മടെ വേലപ്പൻ ചേട്ടൻ അനക്കൊരു പെണ്ണിന്റെ കാര്യം പറഞ്ഞത് ഏകദേശം ശരിയായെക്കണ്.. നാളെ ഓര് പെണ്ണു കാണാൻ ചെല്ലാൻ പറഞ്ഞേക്കണ്.. അത് പറയ്യാനാ നിന്നെ രാവിലേം തന്നെ വിളിച്ചെ..”

അമ്മേടെ സംസാരം കേട്ടതും മനസ്സിൽ ചെറിയൊരു കുളിർമഴ പെയ്തപോലെ ഒരു അനുഭവം. അമ്മയോട് എന്ത് പറയണമെന്നറിയതെ… ഉം എന്നൊന്ന് മൂളി.

“അമ്മ : എന്ത്യേ നി ഒന്നും പറഞ്ഞില്ല. അനക്കിത് ഇഷ്ട്ടായില്ല്യാന്നുണ്ടോ..?”

“ന്റെ കാര്യങ്ങളെല്ലാം അമ്മയ്ക്കറിയാലോ..  ന്റെ ബാധ്യതകളും പ്രാരാബ്ധങ്ങളുമെല്ലാം.. അല്ലിപ്പൊ നാളെങ്ങനെയാ പെണ്ണു കാണാൻ പോണേ..” അവരോട് എന്റെ കാര്യമെല്ലാം പറഞ്ഞിട്ടുണ്ടോയെന്ന് പറഞ്ഞു തീർന്നതും അമ്മയുടെ മറുപടി വന്നു…

“പിന്നില്ലാതെ ഇയ്യ് ഗൾഫിലാന്ന് ഓർക്കറിയാം.. ഓരോട് വേലപ്പൻ എല്ലാം പറഞ്ഞേക്കണ്.. അന്റെ ജോലിയും ഇയ്യ് ഗൾഫിലാന്നും അറിഞ്ഞതാ അവരിക്ക് ഈ ബന്ധത്തോട്‌ താല്പര്യം.. നാളെ  ഞാനും അന്റെ എളേമ്മേം കൂടി പെണ്ണുകാണാന്ന് വിചാരിച്ചിരിക്ക്ണ്. പിന്നിന്റെ ബാധ്യതേട കാര്യോക്കവരെ അറിയിക്കണ്ടവശ്യമില്ലാന്ന്. ഓൾ വെറും കയ്യോടെ കേറി വരില്ലല്ലോ ഈ കുടുമ്മത്തെക്ക്. അപ്പൊ ഇന്റെ എല്ലാ ബാധ്യതേം തീർക്കാവുന്നുള്ളൂ.. ഇയ്യ് കൂടുതലൊന്നും പറയാൻ നിക്കണ്ട. എനിക്കിപ്പോ പ്രായായി വരുവാ. ഇവിടെ ജോലി ഞാൻ ഒറ്റക്ക് ചെയ്താലും തീരണില്ല്യാ. എനിക്കൊരു കൈ സഹായി വേണം എന്തായാലും. ശരി എന്ന. ഇയ്യ് ചെന്നു കിടന്നോളിൻ..” എന്നു പറഞ്ഞ്‌  അമ്മ ഫോണ് കട്ട് ചെയ്തു.

ഇതു കേട്ടതോടെ തലയിലൊരു ഭാരം വന്നു വീണ പോലെയായിരുന്നു. പിന്നീടുറങ്ങാനും കഴിഞ്ഞില്ല..

താനൊരു പ്രവാസിയാണ്. പന്ത്രണ്ടു വർഷക്കാലമായി ഇവിടെ ജോലി നോക്കിയിട്ടും അധികമൊന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. പെങ്ങളെ കെട്ടിച്ചയച്ചതും കൊച്ചു വീട് നിർമിച്ചതും അച്ഛന്റെ ചികിത്സയൊക്കെ ആയി കുറെയധികം കടങ്ങളുള്ള ഒരു പ്രാരാബ്ധക്കാരൻ മാത്രമാണ് താൻ. ഈ ജന്മം മുഴുവൻ ഈ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ടാലും വീട്ടാൻ കഴിയാത്തത്ര കടങ്ങളുണ്ട്. കെട്ടിയാലും കെട്ടിയ പെണ്ണിനെ നാട്ടിൽ നിർത്തുവാനെ തനിക്ക് കഴിയുകയുള്ളു. പിന്നെന്തിനാണ് ഒരുത്തിയെ തന്റെ വീട്ടിലെ ജോലിക്കാരിയായി മാത്രം കൊണ്ടുവരുന്നത്. എത്ര ആഗ്രഹങ്ങളോടെയും സന്തോഷത്തോടെയുമായിരിക്കും ഒരു പെണ്ണ് കെട്ടിയ വീട്ടിലേക്ക് കടന്നുവരുന്നത്.

വിനുവിന് മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. അടുത്ത നിമിഷം തന്നെ അമ്മയെ വിളിച്ചു.

“ആഹ്‌ട… എന്തായിട ഇയ്യ് വിളിച്ചേ…”

“അമ്മേ ആ കല്യാണക്കാര്യം വിട്ടേക്ക്… അത് നോക്കണ്ടമ്മേ.. നിങ്ങള് പെണ്ണുകാണാനായി അവിടേക്ക് പോകണ്ട. വേലപ്പൻ മാമനോട് പറഞ്ഞേക്ക് അവരോട് മുടക്ക് പറഞ്ഞോളൂ എന്ന്.”

‘അതെന്തായിട അനക്കീ കല്യാണക്കാര്യം ഇഷ്ടപ്പെട്ടില്ലായെന്ന്ണ്ടോ…? പെണ്ണ് നല്ല സുന്നരിയാന്നാ വേലപ്പൻ വന്നു പറഞ്ഞത്. ആവശ്യത്തിന് സാമ്പത്തികവുമുള്ളോരാന്നാ പറയണത്. പിന്ന പെണ്ണിന് പടിപ്പിത്തിരി കുറവാ. അതിന് നുമക്കെന്തിനാ പഠിച്ച ഓള്. പെണ്ണായാൽ വീട്ടിൽ ഇരുന്നാപോരെ. എന്നെ സഹായിച്ചാൽ മതിയല്ലോ ഇടക്ക് കിടപ്പിലായ അച്ഛനേം നോക്കി ഈ വീട് നോക്കിയാൽ പോരെ ഓൾക്ക് . നല്ല സുഹിച്ചോൾക്കീടെ കഴിയാലോ …”

അമ്മേടെ സംസാരം കേട്ടപ്പോൾ വിനുവിന് സങ്കടം ഇരട്ടിച്ചു.

“അമ്മേ എത്ര പ്രതീക്ഷയോടെയായിരിക്കുമമ്മേ ഒരു പെണ്ണ് മ്മ്‌ടെ വീട്ടിൽ വന്നു കയറുന്നത്. ആ വീട്ടിൽ അവൾക്കൊരു സന്തോഷം ഇല്ലെങ്കി അതൊരു നരകമായിരിക്ക്ല്ലേ…. ഓളാഗ്രഹിക്കണ ഒരു ജീവിതം കൊടുക്കാൻ പറ്റിലേൽ അവളെന്നെ ശപിക്കുലേ ….”

“മ്മ്‌ടെ മാളൂട്ടിനെ നമ്മൾ ഒരു വീട്ടിലേക്ക് കെട്ടിച്ചയച്ചതല്ലേ…  ഓളെ അവരൊരു ജോലിക്കാരിയായി മാത്രം കണ്ടാൽ നമ്ക്കത് സഹിക്കാൻ പറ്റോ. ഓളെ എത്ര കഷ്ടപ്പെട്ടാ കെട്ടിച്ചയച്ചത് അതുപോലെ തന്നേര്ക്കില്ലേ എല്ലാ പെണ്ണിന്റെ വീട്ടിലും. അമ്മെന്താ ഒന്നും പറയാത്തെ..?”

“ഞാനെന്ത് പറയാനാ ഇന്നോട്..? നിനക്കിപ്പോ പത്തു മുപ്പത്തിയഞ്ചു കഴിഞ്ഞു പ്രായം. മ്മ്‌ടെ വീട്ടിലേക്കും ഒരുത്തി കേറി വരണ്ടായോ. അപ്പുറത്തെ ശാന്തേടെ മോന്റെ കല്യാണം ഉറച്ചേക്കണ്. ഓൻ നിന്നെക്കാൾ നന്നേ ചെറുപ്പമല്ലേ..?”

“അതൊക്കെ ശരിയാമ്മേ… പക്ഷേങ്കില് അവരെല്ലാം പോലെയല്ലല്ലോ എന്റെ അവസ്ഥ.. കുടുംബം നോക്കാൻ തന്നെ പെടാപ്പാട് പെടുവാ…” ഇതെല്ലം പറഞ്ഞതും വിനു വിങ്ങിപ്പൊട്ടി.. പക്ഷെ ഇതെല്ലാം പറയുമ്പോളും ഒരിക്കൽ പോലും വിനു തന്റെ പ്രാരാബ്ധങ്ങളെ ഓർത്തു ശപിച്ചട്ടില്ല. കാരണം അവനറിയാം അതെല്ലാം തൻറെ കുടുംബത്തിന് വേണ്ടിയാണെന്ന്.

ഇങ്ങേ തലയ്ക്കെ അമ്മ ‘സാരില്ല്യ’ എന്നു പറഞ്ഞു  ഫോണ് വെച്ചു.

‘അമ്മ ഒന്നും പറയാതെ ഫോണ് വച്ചതിൽ വളരെയധികം വിഷമമാണ് വിനുവിനുണ്ടായത്. തന്റെ അവസ്ഥ ആരെങ്കിലും ഒന്ന് മനസിലാക്കിയിരുന്നെങ്കിൽ…… തനിക്കിപ്പോൾ ജീവിതമൊരു മടുപ്പായി കഴിഞ്ഞിരിക്കുന്നു. പണിയെടുക്കുന്ന ഒരു യന്ത്രം മാത്രമായിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും ആശ്വസിക്കാം കുടുംബത്തിന് വേണ്ടിയാണല്ലോ എന്നോർത്ത്…..

എങ്കിലും അമ്മയുടെ ആ കല്യാണാലോചന കുറച്ചു നേരമെങ്കിലുമൊരു സന്തോഷം തന്നു മനസിന്… ഒരു പെണ്ണിനെയൊക്കെ എന്നാണാവോ ജീവിതത്തിലേക്ക് കൊണ്ടരാനാവുക. എന്നു പറഞ്ഞു തീർന്നതും അവന്റെ അലാറമടിക്കുവാൻ  തുടങ്ങി.

“വെയ്ക്ക് അപ്പ്….. വെയ്ക്ക് അപ്പ്‌…….. വെയ്ക്ക് അപ്പ്‌…….വെയ്ക്ക് അപ്പ്‌……….”

എറണാകുളം ജില്ലയിൽ എടവനക്കാട് സ്വദേശിനിയാണ്. കേരള മീഡിയ അക്കാഡമിയിലെ ജേർണലിസം വിദ്യാർത്ഥിനിയാണ്. ഡിഗ്രി പഠനം മഹാരാജാസിൽ ആയിരുന്നു.