നീല വേരുകൾ

പെയ്യുവാൻ
പാകത്തിൽ
ഉരുണ്ടുകൂടിയ മേഘങ്ങളിൽ
നോക്കൂ,
എത്ര തീവേനലുകളാണതിൽ!

മുറ്റത്തടർന്ന
മഞ്ഞ മന്ദാരത്തിന്റെ
ഇതളുകളിലേക്ക്
നോക്കൂ,
ചിത്രശലഭങ്ങളെഴുതിയ
എത്ര കവിതകളാണിതിൽ!

സന്ധ്യ
യാത്ര ചോദിക്കുന്ന,
ഇല്ലിത്തലപ്പുകൾ കണ്ണുപൊത്തുന്ന,
കാവിലേക്കുള്ള
ഇടവഴിയിലേക്ക്
നോക്കൂ,
എത്ര സുന്ദരമായ
തുടിക്കുന്ന പേടികളാണതിൽ!

പുല്ലരിഞ്ഞ് കെട്ടി
പുള്ളിപ്പാവാട തുമ്പിലെ
നനഞ്ഞ ജീവിതം പിഴിയുന്ന
അവളുടെ കണ്ണുകളിലേക്ക്
നോക്കൂ ,
എത്ര കാത്തിരിപ്പുകളാണതിൽ!

മഴയോടൊപ്പം
ഇടിയും മിന്നലും കാറ്റും
ചോർന്നൊലിക്കുന്ന
മണ്ണടുപ്പിലേക്ക്
നോക്കൂ
എത്ര ജന്മങ്ങളിലേക്കുള്ള
വിശപ്പുകളാണതിൽ!

ആടിക്കുഴഞ്ഞ്
വേച്ച് വേച്ച്
പടികയറുന്ന
രാത്രിയുടെ ചുഴിയിലേക്ക്
നോക്കൂ,
ശ്വാസം മുട്ടി മരിച്ച
എത്ര നക്ഷത്രങ്ങളുടെ
നീല വേരുകളാണിതിൽ!

കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയിൽ ജനിച്ചു. കത്തുന്ന പച്ചമരങ്ങൾക്കിടയിൽ, മുറിവുകളുടെ വസന്തം, രക്തകാണ്ഡം, തീക്കുനിക്കവിതകൾ എന്നീ കവിതാസമാഹാരങ്ങളും 'തെക്കില, യുപ്പില, തീക്കുനി' എന്ന ഓർമ്മക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.