- നീലിച്ച സ്വപ്നങ്ങളുടെ ചിറകിൽ
ചരിഞ്ഞുറങ്ങുന്ന രാത്രിയിലാണ്
നീലിച്ച സ്വപ്നങ്ങൾ എന്നിൽ
സ്വസ്ഥതയോടടുക്കുന്നത്…
ഒരു മിടിപ്പിന്റെ ശബ്ദത്തിനപ്പുറം
എന്നിൽ ഒന്നും തന്നെ
അവശേഷിക്കാത്ത
ഒരു പകൽ മുഴുവനും
എന്തിനോടൊക്കെയോ
സമരസപ്പെടുന്ന, ഞാൻ
എന്നെ ഉപേക്ഷിക്കുന്ന
നേരങ്ങളാണത്……
കയറി ചെല്ലേണ്ടുന്ന
ഇടങ്ങൾ ഇനിയുമിനിയും
പുനർജനിക്കുന്നുണ്ടെന്ന കുറേ
ഓർമപ്പെടുത്തലുകലുകളും …..
എന്നിലെ ഏതാണ്ട് എല്ലാ
നിർബന്ധബുദ്ധികളും
നീരാവി പോലുറഞ്ഞു പോകുന്നതും
യാമങ്ങൾ
നീണ്ടു നിൽക്കുന്ന
ആ സ്വപ്ന
ഭാഷണങ്ങളിലാവണം…
പിന്നീടൊരു ഞെട്ടിപ്പിടച്ചിലിൽ
എന്നിൽ നിന്ന് ഊർന്നിറങ്ങുന്ന
ജീവനെ പിന്നെയും നീ
നിന്റെ നേർത്ത വിരലുകളിലേക്ക്
കോർത്തിടണം.
2. കൊളുത്തുകൾ
എത്തിനോക്കിയത്
നീ പറഞ്ഞ ഇരുട്ടിലേക്കാണ്.
അറ്റുപോകുന്ന വേദനകളുടെ
പുകച്ചിലിനുള്ളിൽ
അടക്കിനിർത്തിയ
നിൻ്റെ ശ്വാസങ്ങൾ…
തിരിച്ചറിയപ്പെടാത്ത
നിൻ്റെ വാക്കുകൾ,
വേർതിരിച്ചെടുക്കാനാവാത്ത
അർത്ഥസമസ്യകൾ,
പിന്നെയും വലിച്ചടുപ്പിക്കുന്ന
രൂക്ഷഗന്ധങ്ങൾ…
വരണ്ട പുഴകളുടെ,
ഉതിർന്ന പൂക്കളുടെ,
കെട്ടുപോയ വിളക്കുതിരിയുടെ,
കട്ടപിടിച്ച രക്തത്തിൻ്റെ,
മുറുക്കി വലിച്ചുകൊണ്ടിരിക്കുന്ന
ചങ്ങലകൊളുത്തുകൾ.
പുറത്തു കടക്കാനാവാതെ
നാളെയില്ലാതെ
ചുഴികളിലേക്ക്
നീ,
പിന്നെയും പിന്നെയും
അകപ്പെടുന്നതാവണം.
3. വരയ്ക്കാൻ പഠിക്കുന്നവൾ
എനിക്കുറപ്പായിരുന്നു
ഇന്നലെ രാത്രിയിലെ
സ്വപ്നത്തിൽ വാൻഗോഗ്
തന്നെയാണ് വന്നത്
ഞാനും വേദനയ്ക്കിടയിലെ
വിഭ്രാന്തിയിൽ കുറേ ചിത്രങ്ങൾ
പകുതി വരച്ചുവെക്കാറുണ്ടെന്ന്
ഒരു പക്ഷേ അറിഞ്ഞുവന്നതാവണം
പൂർണ്ണതയെന്ന
വാക്കിനോടുള്ള
അനിഷ്ടമാണ് നിറങ്ങൾ
എന്നിൽ ഏറ്റവും കുറവിൽ
കാണുന്നതെന്ന്
മനസിലാക്കിയിട്ടുണ്ടാവോ?
അതോ കാടിറങ്ങി പോയ
സ്വപ്നങ്ങളെ ഒട്ടിച്ചു വെക്കാറുള്ള
ആകാശങ്ങളാണെൻ്റത്ന്ന്
അറിഞ്ഞിട്ടാവുമോ?
എന്നിട്ടും ആ മനുഷ്യനെന്നെ
എണ്ണചായ ചിത്രങ്ങൾ
പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയത്
എന്തിനായിരിക്കും
‘എനിക്കിതൊന്നും തന്നെവേണ്ട
പ്രണയത്തിൻ്റെ
അത്യുന്നതമായ നിങ്ങളുടെ
ത്യാഗത്തിന് പകരം വെക്കാൻ
എൻ്റെ ചെവി തരട്ടെ’
എന്ന എൻ്റെ ചോദ്യത്തിന്…
അയാളൊരു വാക്കു പോലും
മിണ്ടാതങ്ങ് തിരിച്ചുപോയി