നീലക്കണ്ണാടി

ഒടുക്കം,
മരണക്കട്ടിലിൽ നിന്ന്
എന്നെ നിവർത്തി
ഖബറിലേക്ക് കിടത്തുന്നതിന് മുമ്പ്
എന്റെ അലമാര
ഒന്ന് പരിശോധിക്കണേ…

വേഗയാത്രകളിലേക്ക്
തിടുക്കമോടെ എടുത്തണിയാൻ
ചുളിവ് നിവർത്തിത്തൂക്കിയിട്ട
എന്റുടയാടകൾ…

പാതി വായിച്ചു മടക്കിയ
സ്നേഹപ്പുസ്തകങ്ങൾ…
യാത്രാകുറിപ്പുകൾ,
ചുരുട്ടിവച്ച ബസ് ടിക്കറ്റുകൾ.
കവിതയെന്ന പേരിൽ
വടിവില്ലാത്ത അക്ഷരത്തെറ്റുകൾ.
കടബാധ്യതയുടെ സാക്ഷിപത്രമായ
മുഷിഞ്ഞൊരു കടലാസുതുണ്ട്.
മഷി തീർന്നൊരു പേന
ഉറക്കക്കറുപ്പിലേക്കുള്ള
മാന്ത്രിക ഗുളികകൾ…

നിധി പോലെ സൂക്ഷിച്ച
വർണ്ണനൂലുകൾ, മറിച്ചു നോക്കാത്ത
ലോക ക്‌ളാസ്സിക്കുകൾ.
ക്ലാവു പിടിച്ച ഫോട്ടോ ആൽബങ്ങൾ…

പലവിധ കിറുക്കുകളുടെയും
വലിയൊരു ഗോഡൗണായി
അക്കാണും അലമാരയെ നിങ്ങൾ
വിവർത്തനം ചെയ്യുന്നതിന് മുമ്പ്
അതിനു മുമ്പിലുള്ള നീലക്കണ്ണാടി
അഴിച്ചു മാറ്റുക.

അല്ലെങ്കിൽ, ചലനമറ്റ ഈയുള്ളവന്റെ
ജീവചരിത്രം അവതരിപ്പിക്കാൻ
കണ്ണാടിക്കുള്ളിൽ നിന്നും
ഇതേ മുഖഛായയുള്ളൊരാൾ
നിങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടേക്കാം!

കോഴിക്കോട് സ്വദേശി. ഇപ്പോൾ സൗദി അറേബ്യ , റിയാദിൽ ജോലി ചെയ്യുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ നഗരക്കൊയ്ത്ത് (കഥകൾ), ബത്ഹയിലേക്കുള്ള വഴി (കഥകൾ), മാണിക്യത്തുരുത്ത് (കഥകൾ) കടൽദൂരം (കവിതകൾ), പ്രിയപ്പെട്ടൊരാൾ (നോവൽ ) .