നീലക്കടലിൽ നിലാവ് പെയ്യുമ്പോൾ…

“എന്റെ മാലാഖയ്ക്ക്…

ദൈവമെന്ന് പേരുള്ള ഒരെഴുത്തുകാരൻ എന്നോ എഴുതിവച്ച ഒരു പ്രണയകഥയിൽ രണ്ട് കഥാപാത്രങ്ങളുണ്ട്…, പരസ്പരം കണ്ടുമുട്ടാൻ ഏറെ വൈകിപ്പോയ രണ്ടുപേർ…!

എങ്കിലും, പരിഭവങ്ങളേതുമില്ലാതെ, ഒരുപക്ഷേ നഷ്ടപ്പെട്ടുപോയ ദിനങ്ങളിൽ നൽകിയേക്കുമായിരുന്ന സ്നേഹത്തിന്റെ നൂറിരട്ടി വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് പങ്കുവച്ചവർ. സന്തോഷത്തിലും സങ്കടത്തിലും കൂടെയുണ്ടാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് വെറുതെ, വെറുതെ ആശിച്ചു പോയ രണ്ടുപേർ. ഈ ജൻമത്തിലൊരിക്കലും ഒന്നിച്ചൊരു ജീവിതം സ്വപ്നം കാണാൻ പോലും കഴിയില്ല എന്നറിഞ്ഞിട്ടും അത്രമേൽ പ്രാണന്റെ പ്രാണനായി പരസ്പരം ഇഷ്ടപ്പെട്ടുപോയവർ. ഇണപിരിഞ്ഞ പക്ഷികളെപ്പോലെ രണ്ടു ദിക്കുകളിൽ, രണ്ടു കൂടുകളിലായിപ്പോയവർ.

വെറുതെ ആകാശം നോക്കിയിരിക്കുമ്പോൾ അറിയാതെയെങ്കിലും അവർ രണ്ടുപേരും മോഹിക്കാറുണ്ട്, തന്റെ ഇണക്കിളി ഈ ആകാശച്ചെരുവിലൂടെ പറന്നുവരുമെന്ന്; വിശാലമായ ആകാശത്തിന്റെ അനന്തതയിലേയ്ക്ക് പറന്നുയരാമെന്ന്… ദൈവത്തിന്റെ പറുദീസയിലെ ആകാശം മുട്ടുന്ന ആൽമരക്കൊമ്പിൽ കൂടുകൂട്ടാമെന്ന്… ആ കൂട്ടിൽ ഇണക്കിളിയുടെ നെഞ്ചിലെ ചൂടേറ്റ് ചേർന്നുറങ്ങാമെന്ന്…! അവർ സ്വപ്നം കണ്ടോട്ടെ, അല്ലേ…?

അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ള ആ എഴുത്തുകാരൻ അവർക്കായി മാത്രം ഒരധ്യായം എഴുതി വച്ചിട്ടുണ്ടെങ്കിലോ? നിറയെ സ്വപ്നങ്ങൾ പൂക്കുന്ന താഴ്വരകളിലെവിടെയോ അവർക്ക് മാത്രമായി, പ്രണയിക്കാൻ ഒരു നനുത്ത സായന്തനം കരുതി വച്ചിട്ടുണ്ടെങ്കിലോ…! അവർ സ്വപ്നം കണ്ടോട്ടെ…, അവർ പ്രണയിച്ചോട്ടെ…., അല്ലേ…?

അവരുടെ പ്രണയം കണ്ട് ആ എഴുത്തുകാരന് പോലും പശ്ചാത്താപം തോന്നണം, എന്തുകൊണ്ടാണ് അവരെ കൂട്ടിമുട്ടിക്കാൻ ഇത്ര വൈകിയതെന്ന്. അവരുടെ പ്രണയത്തിന്റെ മനോഹാരിത കണ്ട്, എഴുതിയതൊന്നാകെ മാറ്റിയെഴുതാൻ ആ വിരലുകൾ പോലും കൊതിക്കണം.

നിനക്കറിയാമോ, ആ രണ്ട് കഥാപാത്രങ്ങളിലൊരാൾ ഞാനാണ്…! പാതിയെഴുതിയ ആ പ്രണയകഥ വായിച്ച് ഞാനൊരിക്കൽ ആ എഴുത്തുകാരനോട് ചോദിച്ചു…, ജീവിതപ്രാരബ്ധങ്ങളുടെ കൂട്ടിൽ, ഒരു കുടുംബത്തിന്റെ അതിരുകൾക്കുള്ളിൽ ബന്ധനസ്ഥനായ ഞാനിനിയെങ്ങനെ എന്റെയാ ഇണക്കിളിയെ തിരിച്ചറിയും…?

അപ്പോൾ, അയാൾ പറഞ്ഞു; ‘കണ്ണുകളിൽ മിന്നൽക്കൊടിയും പൂവമ്പുകളുമായി അവൾ വരും…! തിരികെ, അവൾക്ക് നിന്റെ മനസ്സ് നൽകുക… നിറയെ സ്നേഹം നൽകുക… അവളുടെ ദു:ഖങ്ങളെ നിന്റേതാക്കുക… അവളുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾക്ക് നീ കാരണമാകുക…!

തീർച്ചയായും അവൾ നിന്നെയും കണ്ടെത്തും, തിരിച്ചറിയും, പ്രണയത്തിന്റെ മാധുര്യം പകർന്നു തരും. ആ പ്രണയോപഹാരം നിശ്ചിന്തനായി നീ സ്വീകരിക്കുക… അവളുടെ ആത്മാവിൽ നീ വസിക്കുക, നിന്റെ ആത്മാവിൽ അവളേയും കുടിയിരുത്തുക…’

ഒടുവിൽ ഞാൻ കണ്ടെത്തി, ആ മാലാഖയെ… കടൽനീലം അതിരിട്ട പച്ചത്തുരുത്തുകളിലൊന്നിൽ…! അങ്ങനെ, ദൈവമെന്ന് പേരുള്ള ആ എഴുത്തുകാരന്റെ തൂലികത്തുമ്പിൽ നിന്നും പിറന്നുവീണ പ്രണയകഥയിലെ ആ രണ്ട് കഥാപാത്രങ്ങൾ…!! അവർ പരസ്പരം കണ്ടെത്തിയിരിക്കുന്നു…”

രണ്ട്

അന്ന് വൈകിട്ട് ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുകയായിരുന്നു. മാനത്തെ മഴമേഘങ്ങൾ വീടിനുള്ളിലും കൂടുകൂട്ടിയതുപോലെ തോന്നി.

എന്താണ് സംഭവം എന്ന് ആംഗ്യഭാഷയിൽ മകളോട് ചോദിച്ചപ്പോൾ, അറിയില്ല എന്ന് അവൾ കൈമലർത്തി. കൂടുതൽ ചികയാൻ നിൽക്കാതെ ഞാൻ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് ചായ കുടിക്കാനിരുന്നപ്പോഴും ശ്രീമതിയുടെ മുഖത്ത് ഭാവമാറ്റമില്ല എന്ന് ഞാൻ കണ്ടു.

ചായകുടി കഴിഞ്ഞ്, കുട്ടികളുടെ സ്കൂൾ വിശേഷങ്ങൾ കേട്ട് അവരുടെ കൂടെ കുറച്ചു നേരമിരുന്നു. അപ്പോഴേയ്ക്കും “കിന്നരിച്ചോണ്ടിരിക്കാതെ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക് പിള്ളേരെ…” എന്ന് കൽപ്പന വന്നു. ഞങ്ങൾ, അച്ഛനും മക്കളും പരസ്പരമൊന്നു നോക്കി, പുറത്തേയ്ക്കു ചാടിയ ചിരിയമർത്തി ഗൌരവത്തിലായി.

“പോ, പോയിരുന്ന് പഠിക്ക്…” എന്ന് മക്കളോട് പറഞ്ഞ് ഞാൻ മെല്ലെ മുറിയിലേക്ക് നടന്നു.

വാട്സാപ്പ് മെസേജുകൾ നോക്കുന്നതിനിടയിൽ, പുറത്ത് ചുറ്റിക്കറങ്ങി നിന്നിരുന്ന കനത്ത കാറ്റും മഴയും മുറിക്കുള്ളിലേയ്ക്ക് കടന്നു വന്നത് ഞാനറിഞ്ഞു. എന്റെ കൈയിൽ നിന്നും മൊബൈൽ ഫോൺ ബലമായി പിടിച്ചു വാങ്ങിക്കൊണ്ട് അവൾ ആദ്യത്തെ ചോദ്യമെയ്തു…

“ആരാ ഈ മാലാഖ…?”

ഞാനൊന്നമ്പരന്നു. പെട്ടെന്ന് കാര്യം മനസ്സിലാകാതെ ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി. “ആര്…?”

“ഈ മാലാഖ ആരാണെന്ന്…?”

“ഏത് മാലാഖ…?”

“ഞാനൊന്നുമറിയില്ല എന്നാണോ നിങ്ങൾ വിചാരിച്ചത്…? കുറച്ചു നാളുകളായി ഞാൻ കാണുന്നുണ്ട്, മൊത്തത്തിൽ ഒരു കള്ളത്തരം…”

“നിനക്കെന്താ ഭ്രാന്തായോ…?”

“അതെ. എനിക്കാണല്ലോ ഭ്രാന്ത്. ഇല്ലെങ്കിലും പറഞ്ഞുപറഞ്ഞ് നിങ്ങളെന്നെ ഭ്രാന്തിയാക്കും…”

അവളുടെ കണ്ണുകളിൽ നിന്നും വർഷപാതം ആരംഭിച്ചു കഴിഞ്ഞു. സത്യത്തിൽ എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു. എങ്കിലും പരമാവധി അത് പ്രകടമാക്കാതെ, പ്രയാസപ്പെട്ട് ശാന്തത കൈവരുത്താൻ ശ്രമിച്ചുകൊണ്ട് ഞാനവൾക്ക് അഭിമുഖമായിരുന്നു, “നീ കാര്യം പറയ്…”

“നിങ്ങളാർക്കെഴുതിയ പ്രേമലേഖനാ അത്…?”

അപ്പോഴാണ് എനിക്ക് കാര്യം പൂർണ്ണമായും മനസ്സിലായത്. കഴിഞ്ഞ ദിവസം ഞാൻ കുത്തിക്കുറിച്ച പേപ്പറുകൾ അവൾ വായിച്ചിരിക്കുന്നു. എനിക്ക് ചിരി പൊട്ടി. അവളെ ഒന്നുകൂടി പ്രകോപിപ്പിക്കണം എന്ന ലക്ഷ്യത്തോടെ തന്നെ ഞാൻ പറഞ്ഞു, “ഓ… അതാണോ… ഓഫീസിലുള്ള എന്റെ ഒരു കൂട്ടുകാരിക്ക് കൊടുക്കാൻ വേണ്ടി എഴുതിയതാ… പോയപ്പോ എടുക്കാൻ മറന്നു…”

ഇടിയും മിന്നലും കാറ്റും മഴയും കുറച്ചു നേരം നീണ്ടു നിന്നു. ഇടയ്ക്ക് ഒന്നുരണ്ടു തവണ കുട്ടികൾ വാതിൽക്കൽ വന്നെത്തി നോക്കിയപ്പോൾ, കുഴപ്പമൊന്നുമില്ല എന്ന് ആംഗ്യഭാഷയിൽ പറഞ്ഞ് അവരെ സമാധാനിപ്പിച്ചു വിട്ടു. എല്ലാം ഒട്ടൊന്നു ശമിച്ചെന്നു തോന്നിയപ്പോൾ, കട്ടിലിൽ കമിഴ്ന്നു കിടന്ന് കരയുന്ന അവളുടെ തോളിൽ ഞാൻ മെല്ലെ തൊട്ടു. അവളുടെ പ്രതിഷേധം ദുർബലമായി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ മഴ ഏതാണ്ട് പൂർണ്ണമായി തോർന്നു.

“ഡീ…”

“ഉം…”

“അതാർക്കും പ്രേമലേഖനമെഴുതിയതൊന്നുമല്ല…”

“പിന്നെ…?” ദേഷ്യത്തോടെ അവൾ മുഖമുയർത്തി.

“എന്തെങ്കിലുമൊന്ന് എഴുതിയിട്ട് നാലു വർഷമായി. മനസ്സിലൊരു ത്രെഡ് തോന്നിയപ്പോൾ വെറുതെയൊന്ന് ശ്രമിച്ചു നോക്കിയതാ…”

“ഉവ്വ… എനിക്കൊന്നും മനസ്സിലാവില്ലല്ലോ. എന്നെ പറ്റിക്കാൻ എളുപ്പമാണല്ലോ…”

“എന്റെ പെണ്ണേ സത്യമായിട്ടും…”

വലിയ സംഭവമൊന്നുമല്ലെങ്കിലും എന്റെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചിട്ട് നാലു വർഷം കഴിഞ്ഞിരുന്നു. ഈ നാലു വർഷത്തിനിടയിൽ കുറച്ചു പാട്ടുകളെഴുതി എന്നതല്ലാതെ നീണ്ടതൊന്നുമെഴുതാൻ കഴിയാതെ റൈറ്റേഴ്സ് ബ്ലോക്കിൽ പെട്ട് ഉഴലുകയായിരുന്നു ഞാൻ. എന്തൊക്കെയോ എഴുതണമെന്നുണ്ട്, പക്ഷേ ഒന്നിനും സാധിക്കാത്ത അവസ്ഥ. എഴുത്തുകാരനാവാൻ മോഹിച്ച ഒരാളെ സംബന്ധിച്ച് അത്തരമൊരവസ്ഥ സൃഷ്ടിക്കുന്ന മാനസിക സംഘർഷം ആരോട് പറഞ്ഞാലാണ് മനസ്സിലാവുക…!

എന്റെ ഭാര്യയും ഒട്ടും വ്യത്യസ്തയായിരുന്നില്ല. ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും അത്ര വിശ്വസനീയമായി അവൾക്ക് തോന്നിയില്ല.

“എന്നിട്ടിപ്പോ പാട്ടൊക്കെ നിർത്തി പ്രേമലേഖനമെഴുത്താണോ പണി…?” അവൾ പിന്തിരിയാനുള്ള ഭാവുമുണ്ടായിരുന്നില്ല.

ഞാൻ പരമാവധി മനസംയമനം പാലിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ദേഷ്യപ്പെട്ടു പോയാൽ പിന്നെ ആകെ മൂഡോഫ് ആകും. കുറച്ചു നാളുകളായി സ്വരുക്കൂട്ടിക്കൊണ്ടുവന്ന എഴുതാനുള്ള ആ മാനസികാവസ്ഥ മുഴുവൻ നഷ്ടമാകും.

“എന്താ എഴുതുന്നതെന്ന് ചോദിച്ചാൽ… മനസ്സിൽ തോന്നിയത് എഴുതി എന്നേയുള്ളൂ. എഴുതി വരുമ്പോൾ അത് ചിലപ്പോൾ കഥയാകാം, ചിലപ്പോൾ ഒരു നോവലാകാം…” അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“നിങ്ങളുടെ ഈ കള്ളക്കളി എന്നെങ്കിലും ഞാൻ കണ്ടുപിടിക്കും. യൂട്യൂബില് ഞാൻ കണ്ടതാ… നാൽപ്പത് വയസ്സ് കഴിയുമ്പോഴാ പുതിയ ഓരോ ഇളക്കങ്ങൾ തുടങ്ങുന്നത്… രണ്ട് പിള്ളേരുടെ കാര്യമെങ്കിലും ഓർക്കണം…”

അവൾ ചാടിത്തുള്ളി ഇറങ്ങിപ്പോയി. മഴ പെയ്തൊഴിഞ്ഞതു പോലെ മുറി ശാന്തമായി. പക്ഷേ മനസ്സിൽ അസ്വസ്ഥത തളം കെട്ടിത്തുടങ്ങിയിരുന്നു.

എഴുത്തും വായനയുമൊക്കെ ഒരു ദുശ്ശീലമെന്നതുപോലെ ശീലമായിത്തീർന്ന, തീർത്തും സാധാരണക്കാരായ ചില മനുഷ്യരുണ്ട്; ഒട്ടും മനക്കട്ടിയില്ലാത്ത ചിലർ…! മറ്റ് പല ആഗ്രഹങ്ങളും മാറ്റി വച്ച് അവർ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് ഇറങ്ങിപ്പോകും. ആർത്തിയോടെ വായിക്കും. കാലക്രമത്തിലെപ്പോഴെങ്കിലും അതിശക്തമായ ഒരു മോഹത്തള്ളലിൽ അവരും എന്തെങ്കിലുമൊക്കെ എഴുതാൻ ശ്രമിക്കും. പിന്നെ അതൊക്കെയൊന്ന് വെളിച്ചം കാണിക്കാനുള്ള വെപ്രാളമാണ്. ആദ്യമൊക്കെ മുഖപുസ്തകത്തിലെ എഴുത്തുകൂട്ടങ്ങളിൽ. പിന്നെ വാരികകളുടെ അഡ്രസ്സും, ഇമെയിൽ ഐഡിയും തപ്പിപ്പിടിച്ച് അയയ്ക്കാൻ തുടങ്ങും.

ചിലപ്പോൾ മറുപടി കിട്ടും, “താങ്കളുടെ രചന പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു”. ഖേദം…! ഭൂരിഭാഗം മെയിലുകൾക്കും യാതൊരു മറുപടിയും കിട്ടിയെന്നു തന്നെ വരില്ല.

ചിലരൊക്കെ അതോടെ നിർത്തും. പക്ഷേ അപ്പോഴും ചിലർ സ്വന്തം നിലയിൽ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള സ്വപ്നവുമായി മുന്നോട്ടു പോകും. ഭാഗ്യവും പ്രതിഭയുമുള്ള ചിലരൊക്കെ രക്ഷപെടും. ചിലരൊക്കെ പ്രസാധകരുടെ കബളിപ്പിക്കലിൽപ്പെട്ട് ചാമ്പലായ സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി കാലം കഴിക്കും. ചിലർക്കെങ്കിലും അപ്പോഴും അവരുടെയുള്ളിലെ ആ സ്വപ്നങ്ങളുടെ കനൽ കെട്ടിട്ടുണ്ടാവില്ല.

ആ കനലൊന്ന് ചികഞ്ഞ്, ഒന്നുകൂടി ഊതിക്കത്തിച്ചെടുക്കാനുള്ള ഒരു ശ്രമമാണ് ഇപ്പോൾ ഭാര്യയുടെ അവിശ്വാസപ്രമേയത്തിൽ കുടുങ്ങിയിരിക്കുന്നത്. പ്രിയപ്പെട്ട വായനക്കാരാ / വായനക്കാരീ, നിങ്ങളെങ്കിലും വിശ്വസിക്കണം… സത്യമായും, ഞാനെഴുതിയ ആ വരികൾ പൂർണ്ണമായും എന്റെ ഭാവന മാത്രമാണ്. എന്റെ ഭാര്യ ആരോപിക്കുന്നത് പോലെ ഈ നാൽപ്പത്തിരണ്ടാമത്തെ വയസ്സിൽ ഞാൻ മറ്റാർക്കെങ്കിലും എഴുതിയ പ്രേമലേഖനമായിരുന്നില്ല അത്.

അതിജീവനത്തിനുള്ള ഒരു ശ്രമം മാത്രമാണത്. ഞാനെഴുതുന്നത് ആരൊക്കെ വായിച്ചാലുമില്ലെങ്കിലും ഇനിയും എഴുതണമെന്ന് എന്റെ മനസ്സിൽ തോന്നിപ്പിച്ചുകൊണ്ട് കടന്നുവന്ന അവളെ ഞാനറിയാതെ പ്രണയിച്ചുപോയി എന്നത് സത്യമാണ്. പൂത്തുലഞ്ഞു നിൽക്കുന്ന ഒരു കഥയായിരുന്നു അവൾ…!

എന്റെ പ്രിയപ്പെട്ട ഭാര്യേ…, നീ ക്ഷമിക്കുക. വിഹിതമല്ലെങ്കിലും തൽക്കാലം എനിക്കീ പ്രണയം തുടർന്നേ പറ്റൂ. എനിക്കിത് എഴുതി പൂർത്തിയാക്കാൻ അവളുടെ സഹായം കൂടിയേ കഴിയൂ…!

മൂന്ന്

“എന്റെ മാലാഖയ്ക്ക്,

കുറച്ചു ദിവസങ്ങൾ കൊണ്ട് കുറേ വർഷങ്ങളുടെ സ്നേഹം പകർന്നു നൽകിയതിന് നന്ദി എന്നല്ലാതെ മറ്റെന്ത് പറയാൻ! നിന്നോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ എത്രയേറെ സന്തോഷിച്ചിരുന്നുവെന്ന് നിനക്കറിയില്ല. നിന്റെ സ്നേഹസല്ലാപങ്ങൾ എന്റെ മനസ്സിനെ എത്രമാത്രം ശാന്തമാക്കിയിരുന്നുവെന്നും നിനക്കറിയില്ല. നീ എനിക്ക് സ്നേഹമായിരുന്നു, സമാധാനമായിരുന്നു, പ്രതീക്ഷകളായിരുന്നു, സന്തോഷമായിരുന്നു… അതുകൊണ്ടുതന്നെയാണ് നിന്നെ ഞാൻ പരിധികൾ കൽപ്പിക്കാതെ സ്നേഹിച്ചതും.

ഈ ലോകത്തിന്റെ, സമൂഹത്തിന്റെ നിയമങ്ങൾ എന്തൊക്കെ പരിധികളും പരിമിതികളും കൽപ്പിച്ചാലും, പ്രിയപ്പെട്ടവളേ…. നീ അറിയണം, എന്റെ സ്നേഹത്തിന് ആ നിയമങ്ങളും പരിധികളും ഒരിക്കലും ബാധകമല്ല. എന്റെ സ്നേഹം നിന്നെ ചുറ്റി വരിഞ്ഞ് വീർപ്പുമുട്ടിച്ചുകൊണ്ടേയിരിക്കും. പുറത്തു കടക്കണം എന്ന് നീ ആഗ്രഹിച്ചാൽ പോലും എന്റെ പ്രണയത്തെ നിഷേധിച്ച് നിനക്ക് മുന്നോട്ട് പോകുവാനാകില്ല. കാരണം, എന്റെ പ്രണയം ഈ നടുക്കടലിലും നിനക്കായ് മാത്രം പൂത്തുലഞ്ഞതാണ്.

അതുകൊണ്ട്…. എന്റെ സ്നേഹത്തെ നിതാന്തമായ സ്നേഹത്തോടെ തന്നെ സ്വീകരിക്കുക. എന്റെ ശരീരവും ആത്മാവും നിന്റെ സ്നേഹം കൊതിക്കുന്നു… പ്രിയപ്പെട്ടവളേ, നിനക്കറിയില്ല നീയെത്ര മാത്രം എന്നെ മോഹിപ്പിക്കുന്നുവെന്ന്. പ്രണയം ആത്മാവിൽ മാത്രമല്ല പൂവിടുന്നതെന്നും പൂർണ്ണമാകുന്നതെന്നും നീ മനസ്സിലാക്കുക. ഒരിളം കാറ്റായി എന്നിലെ പ്രണയത്തെ ഉണർത്തിയ പെണ്ണേ, എന്റെ പ്രണയം ഒരു കൊടുങ്കാറ്റായി നിന്നിൽ നിറയുമ്പോൾ നീ അറിയും, നീയെന്നെ എത്രമേൽ സ്നേഹിച്ചിരുന്നുവെന്ന്, ഞാനും നിന്നെ എത്രമേൽ സ്നേഹിച്ചിരുന്നുവെന്ന്…!

എന്റെ ചുംബനങ്ങൾ നിഷേധിക്കാതിരിക്കുക. ആ ചുംബനങ്ങൾ നിനക്ക് പറഞ്ഞുതരും, എന്റെ പ്രണയം എത്ര തീവ്രമാണെന്ന്. എന്റെ ആലിംഗനങ്ങളിൽ നിന്നും നീ ഒഴിഞ്ഞുമാറാതിരിക്കുക. അവ നിനക്ക് പറഞ്ഞുതരും, എന്റെ പ്രണയം എത്രമാത്രം സുഗന്ധപൂരിതമാണെന്ന്. പ്രിയപ്പെട്ടവളേ, നീ അവയെല്ലാം സ്വീകരിച്ച്, പകരം, പ്രണയത്തിന്റെ തിരയിളക്കം നിറഞ്ഞ നിന്റെ കടാക്ഷങ്ങൾ എനിക്ക് സമ്മാനിക്കുക. പ്രണയത്തിന്റെ മധു നിറച്ച ചുടുചുംബനങ്ങൾ പങ്കുവയ്ക്കുക. ധൃതഗതിയിൽ സ്പന്ദിക്കുന്ന നിന്റെ ഹൃദയതാളം എനിക്ക് കേൾക്കാനാകും വിധം പ്രണയപൂർവ്വം എന്നെ നിന്റെ നെഞ്ചോട് ചേർത്ത് പുണരുക…”

നാല്

കഴിഞ്ഞ ഒരു വർഷത്തോളമായി അവളെന്റെ കൂടെയുണ്ട്; എന്റെയുള്ളിൽ…! അവളുടെ സൌന്ദര്യം, അവളുടെ പ്രണയം, അവളുടെ ജീവിതം… അത് മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ. എന്റെ സ്വന്തം ജീവിതം ജീവിക്കുവാൻ ഞാൻ മറന്നുപോയിരുന്നു.

ഒരവിഹിതമെന്നതു പോലെ ആയിത്തീർന്നിരുന്നു ഞങ്ങളുടെ ബന്ധം. എന്റെ ഇത്തരം രീതികളിലും എഴുത്തിന്റെ ശൈലിയിലുമൊക്കെ ഭാര്യ അസ്വസ്ഥയാവുകയും ഇടയ്ക്കിടെ വഴക്കുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു.

പിന്നെപ്പിന്നെ, എന്റെ ഭ്രാന്ത് കൂടിക്കൂടി വന്നപ്പോൾ അവൾ അതിനോട് താദാത്മ്യം പ്രാപിച്ചുവെന്ന് തോന്നി. ഞാനെഴുതിയതൊക്കെയും ഒരു നെടുവീർപ്പോടെ അവൾ വായിച്ചുകൊണ്ടിരുന്നു.

ഇടയ്ക്കെപ്പോഴോ അവൾ വീണ്ടും സംശയാലുവായി, “മുമ്പ് നിങ്ങൾ മാലിയിലെ സ്കൂളിൽ ജോലി ചെയ്തോണ്ടിരുന്നപ്പോ, ഒരു ദിവസം അവിടത്തെ ഒരു നഴ്സിനെ പരിചയപ്പെടുത്തിയത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. അവളല്ലേ ഇത്…?”

ഞാൻ വെറുതെ ചിരിച്ചു. അതവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചുവെന്നു തോന്നി. അല്ലെന്നു പറഞ്ഞാലും അവൾ വിശ്വസിക്കാൻ പോകുന്നില്ല എന്നെനിക്കറിയാം. എങ്കിലും അവളെ ആശ്വസിപ്പിക്കാൻ വേണ്ടിയെന്നോണം ഞാൻ പറഞ്ഞു, “എന്റെ പൊന്നേ… ഇതൊക്കെ വെറും കഥയല്ലേ…!”

“ഇതാണോ കഥ…? ആദ്യവുമില്ല, അവസാനവുമില്ല. ആർക്കുമാർക്കും പേരു പോലുമില്ല. കുറേ പ്രേമലേഖനങ്ങൾ മാത്രം. ഇതൊക്കെ നിങ്ങൾ ആ പെണ്ണിന് എഴുതിയതായിരിക്കും…” അവൾ ഒരു യുദ്ധത്തിനുള്ള പുറപ്പാടായിരുന്നു.

പക്ഷേ ഞാൻ കൂടുതൽ ആത്മവിശ്വാസമുള്ളവനായിക്കഴിഞ്ഞിരുന്നു. ആ പ്രേമലേഖനങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ഒരു നോവൽ എന്റെ മനസ്സിൽ അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ഇതൾ വിടർത്തിക്കഴിഞ്ഞിരുന്നു. വെട്ടിയും, തിരുത്തിയും, സ്വപ്നം കണ്ടും ഞാനെഴുതിക്കൊണ്ടേയിരുന്നു…

ഒരു വെളുപ്പാൻ കാലത്ത് ഉറക്കത്തിനിടയിലെപ്പോഴോ അവൾ ചോദിച്ചു, “അവസാനം എല്ലാ ആണുങ്ങളേയും പോലെ തന്നെ നിങ്ങളും അവളെ പറ്റിക്കും, ഉപേക്ഷിക്കും… അല്ലേ…? സത്യം പറയ്… അവളെ നിങ്ങൾ എന്തു ചെയ്യാൻ പോകുവാ…?”

എന്റെ കണ്ണുകളിലൂറിക്കൂടിയ വന്യമായ ഒരു തിളക്കം ആ ഇരുട്ടിൽ അവൾ കണ്ടില്ല. “അവളെ ഞാൻ കൊല്ലട്ടെ…?”

എന്റെ സ്വരത്തിന്റെ തീക്ഷ്ണത അവളെ വല്ലാതെ പേടിപ്പിച്ചുവെന്ന് തോന്നി. ഇരുട്ടിൽ, പേടിച്ചരണ്ടതുപോലെ അവളെന്നെ ഇറുകെ കെട്ടിപ്പിടിച്ചു, “വേണ്ട… ആരേയും കൊല്ലണ്ട. എവിടെയെങ്കിലും പോയി ജീവിച്ചോട്ടെ. എന്റെ ജീവിതം തട്ടിപ്പറിക്കാൻ വരാതിരുന്നാൽ മതി…”

സത്യത്തിൽ എനിക്കും നിശ്ചയമുണ്ടായിരുന്നില്ല, എന്റെ കഥാനായികയുടെ ജീവിതം എങ്ങനെയായിത്തീരുമെന്ന്. എന്നാൽ ഒരു കാര്യം മാത്രം എനിക്കുറപ്പുണ്ടായിരുന്നു, അവളെ ഒരിക്കലും എന്റെ ജീവിതത്തിൽ നിന്നും ഇറക്കി വിടാൻ എനിക്ക് കഴിയില്ല എന്ന്… !

ഞാൻ അവളുടെ ജീവിതം എഴുതുകയായിരുന്നു; അല്ല, ഞങ്ങളുടെ ജീവിതം എഴുതുകയായിരുന്നു. ഈ പ്രണയ കഥ എന്നും അപൂർണ്ണമായിത്തന്നെ തുടർന്നേക്കാമെന്നും എനിക്കറിയാം. പക്ഷേ അപൂർണ്ണതയിൽ പോലും പൂർണ്ണത കണ്ടെത്തിയ രണ്ടു പേരുടെ കഥയാകുമ്പോൾ എനിക്ക് സംശയമേതുമില്ല, ഈ കഥയുടെ അവസാനം ആരംഭത്തിലേയ്ക്കുള്ള ചൂണ്ടുപലക മാത്രമാണെന്ന്…

അഞ്ച്

നീലക്കടലിൽ നിലാവ് പെയ്തിറങ്ങിയ ഒരു രാത്രിയിൽ, കടലും കരയും അടങ്ങാത്ത പ്രണയത്തോടെ വീണ്ടും വീണ്ടും പരസ്പരം പുൽകിയ ഏതോ ഒരു യാമത്തിൽ… അന്നാദ്യമായി ഞാനവളെ ചുംബിച്ചു! നനുത്ത ഇളം കാറ്റിൽ എന്റെ മുഖത്തേയ്ക്ക് പാറിവീണ അവളുടെ മുടിയിഴകൾ മെല്ലെയൊതുക്കി വച്ച്, നിലാവ് വീണ് തിളങ്ങുന്ന അവളുടെ മുഖം കൈകളിൽ കോരിയെടുത്ത്, ഏറ്റവും പവിത്രമായ ഒരു കർമ്മം അനുഷ്ഠിക്കുന്നതുപോലെ എന്റെ പ്രണയം അവളുടെ അധരങ്ങളെ സ്പർശിച്ചു…

ഞങ്ങളുടെ ആദ്യത്തെ ആ പ്രണയോപഹാരത്തിന് കണ്ണുനീരിന്റെ ഉപ്പ് രസമായിരുന്നു. കരയുടെ നെഞ്ചിലേയ്ക്ക് പടർന്നു കയറിയ കടൽ അവിടെ ബാക്കി വച്ചു പോകുന്ന ഉപ്പുരുചി പോലെ…! കടൽക്കരയിലെ ആ ജോളി*യിൽ ഞങ്ങളങ്ങനെ എത്ര നേരം ഇരുന്നു എന്നോർമ്മയില്ല. അവളെ എന്റെ നെഞ്ചോടടുക്കിപ്പിടിച്ച്, അവളുടെ നെറുകയിൽ എന്റെ ചുണ്ടുകൾ ചേർത്തുവച്ച് ഒന്നും മിണ്ടാതെ ഞാനിരിക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയിറങ്ങിയ കണ്ണുനീർ എന്റെ നെഞ്ചാകെ പടരുന്നുണ്ടായിരുന്നു.

അങ്ങകലെ കടലിൽ, മിന്നാമിന്നികൾ പാറിക്കളിക്കുന്നതു പോലെ, മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള വെളിച്ചം കാണാമായിരുന്നു. പ്രതീക്ഷകളുടെ ഭാരമേതുമില്ലാതെ, തികച്ചും നിസ്സംഗമായി കടൽപ്പരപ്പിൽ പൊന്തിക്കിടക്കുന്ന ആ ബോട്ടുകളെപ്പോലെ തന്നെയാണ് അതിലെ മനുഷ്യരുമെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പ്രണയവും കുടുംബവുമൊന്നും ദ്വീപ് നിവാസികൾക്ക് ഒരിക്കലും ഒരു ബന്ധനമായിരുന്നില്ലെന്ന് ഇവിടെയെത്തിയ നാൾ മുതൽ ഞാൻ കാണുന്നതാണ്.

രാത്രി വളരെയേറെ വൈകിയിട്ടുണ്ടാവണം. കടൽക്കാറ്റിന് തണുപ്പ് കൂടിക്കൂടി വന്നു. സമയമെത്രയെന്ന് നോക്കാൻ പോലും മനസ്സ് മടിച്ചു. ഇടയ്ക്കെപ്പോഴൊക്കെയോ എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവളെന്നെ ചുംബനങ്ങൾ കൊണ്ട് മൂടി. അപ്പോഴൊക്കെയും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടേയിരുന്നു…

“സമയമൊരുപാടായി…” മുഖത്ത് ചാലിട്ടൊഴുകിയ എന്റെ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

“എനിക്ക് വയ്യ… നിന്നെ പിരിയാൻ…” വാശിയെടുക്കുന്ന ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഞാനവളുടെ കൈകൾ ചേർത്തു പിടിച്ചു.

“എടാ… നീയിങ്ങനെ പറയാതെ. ഞാനും തളർന്നു പോകും. നാളെ രാവിലെ ആറരയ്ക്ക് ബോട്ട് വരും… എനിക്ക് പോവാതിരിക്കാൻ പറ്റില്ലല്ലോ…” അവളെഴുന്നേറ്റു, “വാ… റൂമിലേയ്ക്ക് പോകാം…”

തിരമാലകളിൽ ചാഞ്ചാടുന്ന ഒരു ബോട്ട് കണക്കെ എന്റെ മനസ്സും ആടിയുലയുകയായിരുന്നു. ഞാനും മെല്ലെയെഴുന്നേറ്റു. കടലിൽ അങ്ങിങ്ങായി ആടിക്കളിക്കുന്ന പ്രകാശത്തിന്റെ ചെറിയ പൊട്ടുകളെ ഞാനൊരിക്കൽക്കൂടി നോക്കി; അവളുടെ കണ്ണുകളിലേയ്ക്കും.

കടലാഴങ്ങളൊളിപ്പിച്ചുവച്ച ആ കണ്ണുകളിൽ വീണ്ടും നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല. അവളെ ചേർത്തുപിടിച്ച് നെറ്റിയിലും കണ്ണുകളിലും കവിളുകളിലും ഞാൻ തുരുതുരെ ചുംബിച്ചു. അവളെന്നെ ബലമായി അടർത്തി മാറ്റിയ ശേഷം എന്റെ കൈയിൽ പിടിച്ചുവലിച്ച് മുന്നോട്ട് നടന്നു; അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഞാനവളുടെ പിറകേയും.

പഞ്ചാരമണൽത്തരികൾ നിറഞ്ഞു കിടക്കുന്ന വഴിയുടെ അങ്ങേയറ്റത്താണ് ഞങ്ങളുടെ രണ്ടുപേരുടേയും റൂമുകൾ. ഒന്നും മിണ്ടാതെ, എന്നാൽ മനസ്സിൽ ആഴക്കടലോളം സങ്കടങ്ങൾ പങ്കുവച്ചുകൊണ്ട് ഞങ്ങൾ നടന്നു. ദ്വീപ് ശാന്തമായുറങ്ങുകയാണ്…

കടലിരമ്പം ഞങ്ങളെ പിന്തുടർന്നുകൊണ്ടേയിരുന്നു. അല്ല… സത്യത്തിൽ ആ കടലിരമ്പത്തിനുള്ളിൽ തന്നെയാണ് ഞങ്ങളെപ്പോഴും. കടലിനു നടുവിലുള്ള ഈ തുരുത്തിൽ എവിടെ നിന്നാലും കടലിരമ്പം കേൾക്കാം. അതേ കേൾക്കാനുള്ളൂ. ബാക്കിയെല്ലാം അതിനുള്ളിൽ വിലയം പ്രാപിക്കുന്ന മഹാനിശ്ശബ്ദതകൾ മാത്രം…! ചിലപ്പോൾ പ്രതീക്ഷകളുടെ, മോഹങ്ങളുടെ നേർത്ത തരംഗങ്ങൾ പോലെ. മറ്റു ചിലപ്പോൾ മോഹഭംഗങ്ങളുടെ ആർത്തലയ്ക്കൽ പോലെ… ഇവിടെ എല്ലാം കടലാണ്! നാലുചുറ്റിലും വിവിധഭാവങ്ങളുള്ള കടൽ…

ഞങ്ങളുടെയുള്ളിലും ഒരു കടൽ ആർത്തിരമ്പുന്നുണ്ടായിരുന്നു; തീരത്തുള്ള പാറക്കൂട്ടങ്ങളിൽ തലതല്ലി ചിതറിത്തെറിക്കുന്നുണ്ടായിരുന്നു. നേരം വെളുക്കുമ്പോൾ ഞങ്ങൾ തമ്മിൽ പിരിയാൻ പോകുകയാണ്… ഇനിയെന്നെങ്കിലും തമ്മിൽ കാണാനാകുമെന്ന് യാതൊരുറപ്പുമില്ലാത്ത വേർപിരിയൽ…

ആ രാത്രി ഞങ്ങൾ രണ്ടുപേരും ഉറങ്ങിയില്ല. ഞങ്ങൾ താമസിച്ചിരുന്ന അടുത്തടുത്തുള്ള രണ്ട് ചെറിയ വീടുകളുടെ മുന്നിലിട്ടിരുന്ന ജോളി*കളിലൊന്നിൽ ഞങ്ങളിരുന്നു. ഒരിക്കലും പര്സപരം വിടുവിച്ചു പോകുവാൻ കഴിയാത്ത വിധം ഞാനവളുടേയും അവളെന്റേയും കൈകളിൽ മുറുകെപ്പിടിച്ചു.

എന്റെ കണ്ണുകളിലേയ്ക്ക് നോക്കി അവൾ ചോദിച്ചു, “ടാ… നീയന്ന് പറഞ്ഞില്ലേ… എനിക്കു വേണ്ടി ഒരു പാട്ടെഴുതുന്നുണ്ടെന്ന്… എനിക്കതൊന്ന് പാടിത്തര്വോ…?”

കടലിൽ നിന്നും കയറി വന്ന ഒരു മത്സ്യകന്യകയാണവളെന്ന് എനിക്കു തോന്നി. അവളുടെ സ്വരം ചിലമ്പിച്ചിരുന്നു. നീർമണികൾ തുളുമ്പിത്തുടങ്ങിയ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കാൻ ഞാനശക്തനായിരുന്നു. ഞാൻ മെല്ലെ കണ്ണുകളടച്ചു.

“പ്ലീസ്…” എന്റെ ചെവിയ്ക്കരികിൽ അവളുടെ ചുണ്ടുകൾ സ്പർശിച്ചു, “എനിക്കു വേണ്ടി… ഇനിയൊരിക്കലും എനിക്കു വേണ്ടിയൊന്നു പാടാൻ നിനക്ക് കഴിഞ്ഞില്ലെങ്കിലോ…!”

വീണ്ടും നെഞ്ചിനുള്ളിൽ ഒരു കടൽ ആർത്തലച്ചു കരഞ്ഞു. കണ്ണുകൾ നിറഞ്ഞുവന്നു. എന്റെ കണ്ണുനീർ ചൂണ്ടുവിരലാൽ തുടച്ച്, അവളെന്റെ കണ്ണുകളിൽ മെല്ലെ ചുംബിച്ചു.

“എന്റെ ചെക്കാ…” അവൾ വിളിച്ചു.

“ഉം…” ഉള്ളിലെ സങ്കടക്കടലിൽ നിലകിട്ടാതെ ഞാൻ മൂളി.

“പ്ലീസ്… ഒരു തവണ… എനിക്ക് കേൾക്കണം. നിന്റെ ശബ്ദത്തിൽ…” മുഖമെന്റെ നെഞ്ചോട് ചേർത്തുവച്ച്, ഇരു കൈകൾ കൊണ്ടും എന്നെ മുറുകെപ്പുണർന്ന് അവൾ വീണ്ടും കെഞ്ചി, “ടാ… പ്ലീസ്…”

പാടാനറിയില്ലെങ്കിലും അവൾക്കു വേണ്ടി പാടാതിരിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം, ആ വരികൾ ഞാനവൾക്കു വേണ്ടി എഴുതിയതാണ്, അവൾക്കു വേണ്ടി മാത്രം…!

ഞാനവളെ ഇറുകെ പുണർന്നു. നെറുകയിൽ ഉമ്മ വച്ചു. അവളുടെ കാതിൽ എന്റെ ചുണ്ടുകൾ ചേർത്തുവച്ച് ഞാൻ മെല്ലെ മൂളി…

“പുലരി പൂക്കുന്ന ചേലിൽ നിന്റെയീ
കവിള് ചോക്കുന്ന കാലം…
കരിങ്കൂവളപ്പൂമിഴികൾ രണ്ടും
കവിതയെഴുതും നേരം…”

എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് കക്കാട് ജനിച്ചു. "രാമർമുടി" (നോവൽ - ലോഗോസ് ബുക്സ്), "സ്വപ്നം പൂക്കുന്ന കാലം" (നാടകം - കിൻഡിൽ എഡീഷൻ) എന്നിവയാണ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രചനകൾ. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്