നീ

നിനക്കൊപ്പം ഈ പുഴയ്ക്കരുകിൽ
നിലാവ് കായാൻ
കൊതിയാണെനിക്ക്
നിന്നെ തിരഞ്ഞ് തിരഞ്ഞ് ഞാൻ എപ്പോഴോ
എന്നെ മറന്നു
ഇപ്പോൾ ഞാൻ
എന്നെ തന്നെ തിരയുകയാണ്.

നീ എന്ന തുള്ളിയിൽ
എത്ര മഴക്കാലങ്ങൾ
നീ എന്ന പൂവിൽ
എത്ര വസന്തങ്ങൾ
നീ എന്ന പുഴയിൽ
എത്ര പുളിനങ്ങൾ
നീ എന്ന കാറ്റിൽ
എത്ര പൂവുകളുടെ ചുംബനങ്ങൾ..!

മഴ പുഴയുടെ ഉടലിനോട്
ചേരുന്ന നിമിഷം
അവളുടെ അഴകളവുകളുടെ
വടിവുകളിൽ തലോടുമ്പോൾ
നിലാവ് ഒരു നീല ഉടയാട
ചാർത്തുന്ന ചടങ്ങുണ്ട്
കാണേണ്ടത് തന്നെ.

അതിന്, ഈ പുഴക്കരയിൽ
പൂവുകളുടെ ചുംബനം
തേടി അലയുന്ന കാറ്റിനൊപ്പം
ഇത്തിരി നേരം
ഇരിക്കണം.
ആ കാഴ്ചകൾക്ക്
നമ്മുക്കൊരുമിച്ച്
സാക്ഷികളാകാം…
അതിനാണ്,
ഞാൻ നിന്നേയും
ഒപ്പം എന്നേയും തിരയുന്നത്