നിശ്ചലനം

ജീവിച്ച് കൊതി തീരാതെ
ആത്മഹത്യ ചെയ്തയാൾ
മരണത്തിൽ നിന്ന്
സ്വപ്നത്തിലേക്ക് കണ്ണുതുറന്നു

പ്രിയപ്പെട്ടവരുടെ കൈകളിൽ തൂങ്ങി
മഞ്ഞെന്നോ മഴയെന്നോ
ഇരുട്ടെന്നോ നിഴലെന്നോ
വെളിച്ചമെന്നോ തിരിച്ചറിയാതെ
അപരിചിത വഴിയിൽ നടന്നു

കഴുകന്മാർക്കും മുകളിൽ
ശലഭങ്ങൾക്കൊപ്പം
മേഘങ്ങൾക്കിടയിൽ
നനഞ്ഞു പറന്നു

കടൽ നീലയും ആഴവും കുടിച്ച്‌
മീനുകൾക്കൊപ്പം ചിറകേറി നീന്തി
ഉപ്പിൽ രതി ദാഹിച്ചു വിശന്നു

രക്തം വാർന്ന് തീർന്നയാൾ
മൃതിയിലേക്ക് കണ്ണുകളടച്ചു

കിനാവിലെ പങ്കുകാർ
ഉറുമ്പുകൾ
ഉടലിലേക്ക് വരിയിട്ടു.

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .