
ബ്ലോഗെഴുത്ത് കാലത്താണ് നർമ്മരസങ്ങളിലൂടെ ജീവിതാനുഭവങ്ങൾ കുറിച്ചിരുന്ന, അയൽനാട്ടുകാരനായ സിദ്ധിക്കയെ (സിദ്ധീഖ് തൊഴിയൂർ ) അടുത്തറിയുന്നത്. എഴുത്തിന്റെ മർമ്മം നിരന്തരമായ പരിശ്രമങ്ങളിലൂടെ സ്വായത്തമാക്കിയതായി ബോധ്യപ്പെട്ടു ഈ നോവലിലൂടെ. ഇരുണ്ട ഒരു കോണിലിരുത്തിയ ജീവിതങ്ങൾ, വരണ്ട കണ്ണുകളിലും തിളക്കമില്ലാത്ത, ദ്രവിച്ച വാക്കുകളിലും വളരെ പതിഞ്ഞ സ്വരത്തിലുള്ള ചില ആത്മഗീതങ്ങൾ. പ്രവാസജീവിതത്തിനിടയിൽ കണ്ടുമുട്ടിയ നമ്മുടെ തൊട്ടടുത്ത് നിന്ന് അപ്രത്യക്ഷമായ ജീവിതങ്ങൾ, ഇവിടെ ഈ നോവലിലൂടെ വീണ്ടും നമ്മുടെ മുന്നിൽ പ്രകാശിക്കുന്നു.
“പ്രവാസികളുടെ കൂടാരം” –
ഒരു ജയിൽ മതിലിനകത്തെ മരവിപ്പിച്ച നിശബ്ദതയെ മറികടന്നുകൊണ്ട് വായനക്കാരൻ്റെ ഹൃദയത്തിലേക്ക് കടന്നിറങ്ങുന്ന, പാതകത്തിൽ നിന്ന് പാപമുക്തിയിലേക്കും തെറ്റിൽ നിന്ന് തിരിഞ്ഞുള്ള തിരിച്ചറിവിലേക്കും തുറങ്കിലടക്കപ്പെട്ട മനുഷ്യരുടെ നിലവിളിച്ചുകൊണ്ടുള്ള ആത്മസാക്ഷ്യത്തിന്റെ ശബ്ദമാണ്.
ഹൈദ്രാസ്, ശെൽവൻ, അലിഖാൻ, അയ്യൂബ്… നമുക്കെല്ലാവർക്കും പരിചിതരാണവർ. നമ്മുടെ സമകാലിക ജീവിതത്തിൻ്റെ ഇരുണ്ട മറവിലെവിടെയോനിന്ന് നമ്മളെ നോക്കുന്ന കണ്ണുകൾ. ഇവിടെ കാണുന്നത് പ്രതീക്ഷയുടെ വെട്ടം നോക്കുന്ന കണ്ണുകൾ മാത്രമല്ല, തെറ്റുകൾ ചുമന്നുവെച്ച് ശിക്ഷ ഏറ്റുവാങ്ങുന്ന പല മനുഷ്യരും — അവർക്കുള്ളിൽ ആരും കാണാത്തൊരു ദൈവത്തിൻ്റെ പതിയെ പറയുന്ന വാക്കുകളും, ആ വാക്കുകൾ കൃതിയിലെ ഭാഷയെ മാത്രം കുറിക്കാനല്ല; കഥാപാത്രങ്ങളുടെ മനഃസ്ഥിതിയെ അടയാളപ്പെടുത്താനാണ്. കൂടെ അനുഭവങ്ങളിലൂടെ സ്വയം ആർജിച്ചെടുത്ത മനുഷ്യത്വത്തിൻ്റെ ഭാഷകളായ് മാറുന്നത് വായനയിലൂടെ കഥാഗതിയിൽ ബോധ്യപ്പെടുത്തുകത്തന്നെ ചെയ്യും.
നോവലിന്റെ പശ്ചാത്തലം ജയിൽ ആണെങ്കിലും, അകപ്പെട്ടവരുടെ ആത്മാവിന് തുറന്ന് പാടാൻ ശ്രമിക്കുന്ന ഇടമായ് ജയിൽ മാറുന്നു. പാപബോധത്തിന്റെ ഇടനാഴികളിലൂടെയുള്ള ഒരു കുത്തനെയുള്ള കയറ്റങ്ങൾ ഓരോ അദ്ധ്യായങ്ങളിൽ വ്യക്തമായി വരച്ചിടുന്നുണ്ട് എഴുത്തുകാരൻ.
ഇവിടെ മനുഷ്യൻ കുഴഞ്ഞുവീഴുന്നത് മാത്രമല്ല, നിവർന്നു നിന്ന് നേരെനോക്കുന്നത് എങ്ങനെയെന്നും കാണുന്നു. ഒടുവിൽ, ഒരു പ്രതീക്ഷ നമുക്കുമുണ്ട് എന്ന് നിശ്ശബ്ദമായി പറഞ്ഞുനിൽക്കുന്ന ഓരോ കഥാപാത്രങ്ങളും വെറുമൊരു കഥയുടെ ഭാഗമല്ല, കഥാപാത്രങ്ങളുടെ (നമ്മുടെയും) ആത്മാവിന്റെ തപസ്സാണെന്ന് പറയാതെ പറഞ്ഞുവെക്കുന്നു.
ഇത് വായിക്കുമ്പോൾ, നാം ഒരു നോവൽ വായിക്കുന്നില്ല, പകരം വരച്ചുവെച്ച ജീവിതങ്ങളുടെ ഉള്ളിലേക്ക് നമ്മൾ ഒരുനിഴലായി അതിശയോക്തിക്ക് ഒട്ടുംവക നൽകാതെ കയറിയപോകുന്നത് പോലെ ലളിതവും സുന്ദരവുമായ ഭാഷയിലൂടെ അനുഭവിപ്പിക്കുന്നു. ഈ കൃതി അനുവാചകരിൽ കാത്തിരിപ്പ് ബാക്കിവെച്ച്, മനുഷ്യന്റെ അകത്തളങ്ങളിൽ നിന്നുള്ള വാക്കുകളുടെ നിലവിളിയായ് ഒരു ഉമിത്തീപോലെ നീറിപടരുന്ന നോവായ് അനുഭവിപ്പിക്കും എന്നുറപ്പ്. പ്രവാസികളുടെ കൂടാരം പരക്കെ വായിക്കപ്പെടുകയും ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്യട്ടെ!
പ്രവാസികളുടെ കൂടാരം (നോവൽ)
സിദ്ധീഖ് തൊഴിയൂർ
പ്രസാധനം: ബ്ലൂറോസ് വൺ
വില: 200 രൂപ








