നിഴലുകൾ പറഞ്ഞ സ്വകാര്യങ്ങൾ

തുലാവർഷമഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിലാണ് അമ്മയുടെ തുടയിടുക്കുകളിൽ തൊട്ടുരുമി കൊഴുത്ത ദ്രാവകത്തിനൊപ്പം  പ്രകൃതിയുടെ ശബ്ദങ്ങളിലേക്ക് സ്വന്തം നിലവിളിയുടെ ശബ്ദവുമായി അവളെത്തിയത്. അച്ഛന്റെ കൈകളിൽ കിടന്ന് കുഞ്ഞിക്കണ്ണ് തുറന്ന് നാവ് നൊട്ടി നുണയുമ്പോഴാണ് കാതിൽ അനുവാദം ചോദിക്കാതെ നന്ദിനി എന്ന് നീ വിളിക്കപ്പെടും എന്ന് അനുവാദം ചോദിക്കാതെ പേരിടൽ നടന്നത്.

അടുപ്പിൽ തീയൂതുന്നതിനോപ്പം മുലയൂട്ടുന്ന അമ്മയുടെ മാറിടത്തിന്റെ നിഴൽ കണ്ടിട്ടാണ് അയലത്തെ സത്യേട്ടൻ ഒരു ശൃംഗാര ചിരിയോടെ അമ്മയെ ബലമായി പുണർന്നത്. അതിന് ശേഷം പല തവണ സത്യേട്ടന്റെ നിഴൽ അമ്മയുടെ ശരീരത്തിലമരുന്നത് ചുമരിലെ നിഴൽകാഴ്ചയായി കാണാറുണ്ട്. മനംമറിക്കുന്ന ഗന്ധത്തോടൊപ്പം മുറ്റത്തെ നിലാവെളിച്ചത്തിൽ പതിയുന്ന ചുവടുറയ്ക്കാത്ത നിഴലുകളിൽ നിന്നാണ് അച്ഛന്റെ വരവ് നന്ദിനി അറിയാറ്. ഉമ്മറത്ത് കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്ക് ഉറയ്ക്കാത്ത കാലുകൾ കൊണ്ട് മറിച്ചിട്ട് അസംഭ്യം വർഷിച്ചു കൊണ്ട് കടന്നു വരുന്ന അച്ഛനെ പ്രാകി കൊണ്ട് അമ്മ സ്വീകരിക്കുന്നത്, നിലാവെളിച്ചത്തിന്റെ സൗന്ദര്യം നശിപ്പിച്ചു കൊണ്ട് നന്ദിനിയുടെ കാതിൽ പതിയും.

ഉച്ചവെയിൽ ചാഞ്ഞുകിടന്ന ഒരു വൈകുന്നേരത്തിലെപ്പോഴോ അമ്പലത്തിലേക്കുളള യാത്രയ്ക്ക് കൂട്ടിനായി മാവിൽ നിഴലിനൊപ്പം പറ്റി ചേർന്ന് കിടന്ന മുല്ലവള്ളിയിൽ നിന്ന് പൂക്കൾ അടർത്തിയെടുത്തു കൊണ്ട് നിന്നപ്പോഴാണ് അത് സംഭവിച്ചത്. പാവാടത്തുമ്പിനിടയിലൂടെ ഊർന്നിറങ്ങിയ രക്തതുള്ളികൾ കൈയ്യിൽ നിന്നും ചിതറിവീണ മുല്ലപ്പൂക്കളിൽ ചുവന്ന ചിത്രങ്ങൾ വരച്ചപ്പോഴാണ് താനും ഒരു പെണ്ണായെന്ന് നന്ദിനി തിരിച്ചറിഞ്ഞത്. പ്രകൃതിയെന്ന ശില്പി തന്റെ ശരീരവും ഭംഗിയായി കൊത്തിയെടുക്കാൻ തുടങ്ങിയെന്ന് വേലിപടർപ്പിനിടയിലൂടെ കാണുന്ന പൂവാലൻ നിഴലുകൾ പറഞ്ഞു തന്നു. ആ നിഴലുകളെ അവഗണിക്കുമ്പോഴും ചിലപ്പോഴൊക്കെ ചിന്നി തെറിച്ച് വീഴുന്ന ഒരു നോട്ടം മറ്റൊരു നിഴലായി നന്ദിനിയെ തേടിയെത്തും. ആ നോട്ടത്തിലെ പ്രണയം തിരിച്ചറിഞ്ഞപ്പോഴാണ് സ്വന്തം നിഴലിന്റെ അഴകും അളവും നന്ദിനി ശ്രദ്ധയോടെ കാണാൻ തുടങ്ങിയത്.

വാകമരത്തിന്റെ പൂക്കൾ വീണ് കിടക്കുന്ന മരച്ചോട്ടിൽ നിന്നാണ് സെയ്താലിക്കയുടെ മകൾ സുഹറയെ വിഷം തീണ്ടിയെന്ന് പറഞ്ഞ് ആളുകൾ എടുത്തോടിയത്. മേത്തന്മാർക്കുണ്ടോ സർപ്പത്തിൽ വിശ്വാസം? ഇപ്പൊ കണ്ടില്ലേ? കാഴ്ചക്കാരിലാരോ അത് പറഞ്ഞപ്പോൾ താൻ മറന്നാലും എല്ലാ ആയില്യം നാളിലും പാലും നൂറും കഴിപ്പിക്കാൻ പുത്തനല്ലെങ്കിലും ചില്ലറ നോട്ടുകൾ അമ്പലത്തിൽ പോകുന്ന തന്റെ കൈയ്യിൽ വെച്ച് തരുന്ന സുഹറയെ നന്ദിനി ഓർത്തു പോയി. ആ നിഷ്കളങ്കതയ്ക്ക് നേരെ ചീറ്റാൻ ഇഴഞ്ഞു നടക്കുന്ന സർപ്പങ്ങൾ എത്തില്ലെന്ന് നന്ദിനി ഉറച്ചു വിശ്വസിച്ചു. ആശുപത്രിയിൽ എത്തും മുൻപേ മരിച്ച തന്റെ മകളുടെ ചുണ്ടിലും കഴുത്തിലും കണ്ട മുറിവുകൾ സർപ്പ കോപമല്ലെന്ന് ഉറച്ച് വിശ്വസിച്ച് വാകമരത്തിന്റെ നിഴലുകൾക്കിടയിലെവിടെയോ പതിയിരിക്കുന്ന കാമപിശാചിനെ തേടി സെയ്താലിക്ക ഒരു ഭ്രാന്തനെ പോലെ അലഞ്ഞ് നടന്നു. സെയ്താലിക്കയോടൊപ്പം വൈരാഗ്യത്തോടെ താനും ആ കാമ പിശാചിനെ കുറെ നാൾ തിരഞ്ഞു നടന്നു.

പളളിക്കൂടം വിട്ട് പുസ്തകങ്ങൾ നെഞ്ചോട് ചേർത്ത് വേരുകൾ പടർന്നിറങ്ങുന്ന നാട്ടുവഴിയിലൂടെ നാണത്തിൽ പൊതിഞ്ഞ ചിരിയുമായി  നടന്നു വന്നപ്പോളാണ് പ്രണയത്തിന്റെ ചൂടറിഞ്ഞ ആദ്യ ചുംബനം കിട്ടിയത്. ചുംബനത്തിന്റെ ചൂടും സ്നേഹവും അറിഞ്ഞപ്പോഴാണ് മറതീർത്ത ഇലകളുടെ നിഴലിനോട് സ്നേഹം തോന്നിയത്. പിന്നീട് പ്രണയ മർമ്മരങ്ങൾ നിറഞ്ഞ കത്തുകളിലെ അക്ഷരങ്ങളിൽ ചേർത്തുവെച്ച ചുവന്ന വലിയ പൊട്ടും മുല്ലപ്പൂക്കളും നന്ദിനിയുടെ മനസ്സിൽ പ്രണയക്കടൽ തീർത്തു.വിനോദെന്ന ആ ചെറുപ്പക്കാരൻ നന്ദിനിക്ക് ഒരിക്കലും ഒരു വിനോദമായിരുന്നില്ല.

പള്ളിക്കൂടത്തിലേക്കുള്ള വഴിയിലുള്ള കൃഷ്ണക്ഷേത്രത്തിന് മുന്നിൽ വെച്ച് അമ്പലത്തിലെ പൂജാരി നീട്ടുന്ന തിളങ്ങുന്ന നീലക്കടലാസ്സിൽ പൊതിഞ്ഞ ചോക്ളേറ്റ് കൂട്ടുകാരി ആലീസ് കൈ നീട്ടി വാങ്ങുമ്പോൾ അവളുടെ നെറ്റിയിൽ പൂജാരി കൊടുക്കുന്ന ചുംബനത്തിന് ഒരച്ഛന്റെ വാത്സല്യമായിരുന്നെന്ന് അവരുടെ നിഴലുകളുടെ സാമ്യം പറഞ്ഞു തന്നു. അവളുടെ കഴുത്തിലെ മാലയിൽ കിടന്ന് ക്രിസ്തുവും ഗുരുവായൂരപ്പനും പരസ്പരം വിശേഷങ്ങൾ പങ്കിട്ടു.

മരണത്തിന്റെ കരിനിഴൽ വീണൊരു നാളിൽ, തന്നെ മനപൂർവ്വം  പട്ടിണിക്കിട്ട് ഉറക്കാൻ വിട്ടിട്ട് അന്നാദ്യമായി അച്ഛൻ പറഞ്ഞ അസഭ്യങ്ങൾക്ക് മറുത്തൊന്നും പറയാതെ, പ്രാകാതെ വിഷം ചേർത്ത പഴങ്കഞ്ഞി അച്ഛന് അമ്മ വിളമ്പി കൊടുത്തു. അച്ഛനുള്ള കഞ്ഞിക്ക് വിഷവും ഉപ്പും പാകമാണോന്ന് അമ്മയും പരീക്ഷിച്ചിരിക്കും. സർക്കാർ വക ശ്മശാനത്തിൽ കത്തി തീരാൻ ആ ശരീരങ്ങളെ പറഞ്ഞയക്കുമ്പോൾ സന്ധ്യയുടെ നിഴൽ വീണു തുടങ്ങിയിരുന്നു. ഒറ്റയ്ക്കായി പോയ പെണ്ണിന് സഹായങ്ങളുമായി നിരവധി നിഴലുകൾ രാത്രികളിൽ വാതിലിൽ മുട്ടാറുണ്ടെന്നറിഞ്ഞപ്പോഴാണ് സരസ്വതി ടീച്ചർ നന്ദിനിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. സ്വന്തം വീട്ടിലെ പട്ടിണി പോലും മാറ്റാതെ നന്ദിനിയെ സഹായിക്കാൻ എത്തിയ നിഴലുകൾ സരസ്വതി ടീച്ചറെ മനസ്സിൽ ഉറക്കെ ശപിച്ചു കൊണ്ട്  വാനോളം പുകഴ്ത്തി. ടീച്ചർ നൽകിയ സ്നേഹത്തിന്റെ നിഴലിൽ നിന്നാണ് മാതൃത്വത്തിന്റെ നിർവചനത്തിന് പ്രസവിക്കാതെയും അമ്മയാകാം എന്നും അർത്ഥമുണ്ടെന്ന് മനസ്സിലായത്. ആ വീടിന്റെ ഇടനാഴിയിൽ സ്വന്തം നിഴൽ കണ്ട് ഉറക്കെ വായിച്ച് പഠിച്ചാണ് നന്ദിനി പിന്നീട് ഒരു അദ്ധ്യാപികയായി ജോലി നേടിയത്.

നന്ദിനിയെ തനിക്ക് തരുമോന്ന് ചോദിക്കാൻ വിനോദ് നേരിയ ലജ്ജയോടെ ടീച്ചറെ കാത്ത് നിന്നത് മുറ്റത്തെ ചെമ്പകചോട്ടിൽ സുഗന്ധങ്ങളുടെ നിഴലിലാണ്. വിനോദിന്റെ തലയിലും കവിളിലും വാത്സല്യത്തോടെ തലോടി തന്നെ നോക്കി ടീച്ചർ ചിരിച്ചപ്പോൾ മനസ്സിൽ ആശ്വാസത്തിന്റെ നിഴലുകൾ നിറഞ്ഞു നിന്നു. മനസ്സിലെ പ്രണയപ്പാച്ചിൽ ഓടിച്ചിരുന്ന വാഹനത്തിന്റെ വേഗതയിലേക്കും പടർന്നപ്പോൾ വിനോദ് ഒറ്റക്കാലില്ലാത്ത നിഴൽ രൂപമായി. മുട്ടുകൾക്ക് താഴെ ശൂന്യമായ കാലിന്റെ നിഴല് കാണാതെ വിങ്ങിക്കരയുന്ന വിനോദിന്റെ കണ്ണുകളിലേക്ക് നന്ദിനി പ്രണയപൂർവ്വം നോക്കി. അവളുടെ കണ്ണുകളിൽ നിന്ന് വിനോദിനൊരു മാറാവ്യാധിയുടെ നിഴൽ രൂപം കിട്ടി. ഒരു ചികിത്സകൊണ്ടും മാറരുതെന്ന് ആഗ്രഹിക്കുന്ന മാറാവ്യാധിയുടെ നിഴൽ. എണ്ണിയാൽ തീരാത്ത നിമിഷങ്ങൾക്ക് തങ്ങളുടെ പ്രണയത്തെ വിട്ടുകൊടുത്ത് ദൈവങ്ങൾ നെയ്തെടുത്ത പ്രണയത്തിന്റെ പാലത്തിൽ ഒറ്റ നിഴലായി വിനോദും നന്ദിനിയും പുണർന്നു നിന്നു. ഒറ്റക്കാലിൽ നിന്ന് നിറഞ്ഞ കണ്ണുകളുമായി അവളെ ചേർത്ത് പിടിച്ച് ചുംബനങ്ങൾ കൊണ്ടൊരു പേമാരി തീർക്കുമ്പോൾ കണ്ണ് നനയാത്ത പ്രണയികളെ കാണാത്ത നക്ഷത്രങ്ങളും മേഘക്കീറിനുള്ളിൽ ഒളിച്ചിരുന്ന നിലാവും ചേർന്ന് അവർക്ക് ചുറ്റും നിർത്താതെ പറയുന്ന രഹസ്യങ്ങളുമായി വിശുദ്ധ പ്രണയത്തിന്റെ നിഴലുകൾ ഒരുക്കി.

മിന്നാമിന്നികൾ എന്നോട് പറഞ്ഞത് എന്ന ഓർമ്മ പുസ്തകവും നിലാവിൽ ഒരു പ്രണയ ശലഭം എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു. അദ്ധ്യാപികയും സ്വതന്ത്ര മാധ്യമ പ്രവർത്തകയുമാണ്. ഇടപ്പള്ളി സ്വദേശി