നിളയൊഴുകും വഴിനീളെ

ഒഴുകട്ടെ നിള വീണ്ടും ഓളങ്ങൾ ഞൊറിയിട്ട്
ഓരങ്ങളൊക്കെയും പൂത്തിടട്ടേ .
ഒരു നവ സംസ്കൃതി പുലരട്ടെ വീണ്ടുമീ
ഒരുമതൻ മണ്ണിനെ ഊട്ടിയൂട്ടി.

ചന്ദനക്കുന്നിലെ കുളിരുമായ് കുണുകുണെ
കൊഞ്ചിച്ചിരിച്ചു പതഞ്ഞൊഴുകി.
അയ്യനെ തൊഴുവാനോ ആഴിയിലലിയാനോ
ചമ്രവട്ടത്തു നീ മൗനമായി….

നീയൊഴുകും വഴിനീളെ വാനോളമുയരത്തി-
ലെത്ര യശസ്സുകൾ പീലിനീർത്തീ;
ചേലൂറും ചിന്തയാൽ തുള്ളലിൻ ചന്തമായ്
മലയാള മണ്ണിന്റെ ചിരി വിടർത്തി.

വശ്യമോഹിനിയായി ലാസ്യഭാവങ്ങളായ്
കേളീയരങ്ങിനെ തൊട്ടുണർത്തി.
ചൊല്ലിയാട്ടത്തിന്റെ ആട്ടവിളക്കുകൾ
നിന്നിളം കാറ്റിലും ദീപ്തമായി.

മേളപ്പെരുക്കത്തിനീറ്റില്ലമൊക്കെയും
കൊട്ടിക്കരേറിയരങ്ങു തീർത്തു.
പന്തിരുകുലം വാണ മഹിമകളൊക്കെയും
ചിതറിക്കിടക്കുന്നു നിൻ മാറിലായ്.

തീരങ്ങൾ തഴുകുമീ നിളയുടെ പ്രണയത്തിൽ
നിലയ്ക്കാതെ പൂക്കട്ടെ ചെന്തെച്ചികൾ,
തുഞ്ചന്റെ പൈങ്കിളി കിളി കൊഞ്ചും തേന്മൊഴി
മരതകച്ചന്തമായ് നടനമാടി .

സാഹിത്യ നെറുകയിലേറിയ തൂലിക
നിൻ നന്മയേറ്റു പടർന്നതല്ലേ .
ജന്മപാപങ്ങൾതൻ കടവുകൾ താണ്ടുവാൻ
പാപനാശിനിയായി നീയൊഴുകെ.

ഉദകക്രിയകളുമേറ്റുനീ നമ്രയായ്
നാവാമുകുന്ദന്റെ കാൽ തഴുകി .
മാഘ മാസത്തിലെ മകം നാളിലൂർന്നൊരാ
ധീരരക്തങ്ങളുമേറ്റുവാങ്ങി.

പുകൾപെറ്റ തമ്പ്രാന്റെ പൊന്നാന ഗർവോടെ
അടിവെച്ച മണ്ണിലോ അസ്തമയം.
പാലൂട്ടി നീരൂട്ടി നീ പോറ്റും തീരങ്ങൾ
നിന്നുടെയന്ത്യം കുറിച്ചിടുമ്പോൾ .

കോടികൾ തീർത്തൊരാ പ്രൗഢയാം പാലത്തി-
നടിയിൽ നീയടിമയായ് തീർന്നിടാതെ .
പുണ്യപ്രവാഹമായ് നീയൊഴുകീടുക
കാലാന്തരങ്ങളും പിന്നിടുക.

പാലക്കാട് ജില്ലയിൽ മുളയങ്കാവ് സ്വദേശി. പുത്തനങ്ങാടി ജി.എൽ.പി.സ്കൂളിൽ അധ്യാപിക. ആനുകാലികങ്ങളിൽ കവിത, കഥ എഴുതുന്നു.