നില തെറ്റിയവൾ

കാലുറപ്പില്ലാതെ
പതറുമ്പോഴാണ്
നിലയുറപ്പിനു വേണ്ടി
നാം ഊന്നുവടി പിടിക്കാറുള്ളത്.

പുഴയും കടലും
കാടും ചുമന്ന്
ഓടുന്ന ഭൂമിയുടെ
സമനില തെറ്റാതിരിക്കാൻ
ഈശ്വരൻ പിടിപ്പിച്ച
ഊന്നുവടികളാണ്
മാമലകൾ .

അത് കൊണ്ടാകണം,
യന്ത്ര കൈകൾ ഉപയോഗിച്ച്
മണ്ണിൽ കുത്തിവെച്ച കുന്നുകൾ
മനുഷ്യർ
കീറി മുറിക്കുമ്പോൾ
ഇടക്കൊക്കെ ഭൂമി
നിലതെറ്റി വിറച്ച് വീഴുന്നത്.

അത് കൊണ്ടാകണം,
പുഴകളെ തേടി
മലയിറങ്ങി വന്നിരുന്ന
നീരരുവികൾ
ഗിരി നിരകളിൽ
തപസ്സിരിക്കുന്നതും,
ഹരിത വേഷമണിഞ്ഞ്
ചമഞ്ഞൊരുങ്ങി നൃത്തമാടിയ
പ്രകൃതി
വിവസ്ത്രയായ്
വിരസമായ്
വിധിക്കാത്തു കിടക്കുന്നതും.

തൃശൂർ ജില്ലയിലെ പുലിക്കണ്ണി സ്വദേശി. അദ്ധ്യാപകനാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നവമാധ്യമങ്ങളിലും കവിത എഴുതാറുണ്ട്.