ആത്മാവ് ദൂരെയല്ല

m k harikumar_thasrak.com
ആത്മാവ് നമ്മെ അറിയിക്കാതെ ഈ ശരീരത്തില്‍ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്. മനസ്സുതന്നെ അവ്യക്തമാണ്. ചിലപ്പോള്‍ മനസ്സ് ഇല്ല എന്ന് തോന്നും. സ്ഥിരമായ മനസ്സ് ഇല്ലല്ലോ. നമ്മോട് എങ്ങനെ ലോകം പെരുമാറുന്നുവോ അതിനനുസരിച്ച് മനസ്സ് ഉണ്ടാകുകയാണ്. എങ്ങനെ വേണമെങ്കിലും അത് പരിവര്‍ത്തനം ചെയ്യപ്പെടാം. നമുക്ക് നേരെ വരുന്ന അസ്ത്രങ്ങളിലാണ് നമ്മുടെ മനസ്സിന്‍റെ ജാതകമിരിക്കുന്നത്. അതുകൊണ്ട് നമുക്ക് സ്വയം നന്നാകാന്‍ പ്രയാസമാണ്. നന്നായി പ്രയത്നിച്ചാലേ പുറത്തുനിന്നുള്ള പ്രകോപനങ്ങളില്‍ നിന്ന് വിടുതല്‍ നേടി സ്വന്തം മനസ്സിനെ കാണാനാകൂ.
എന്നാല്‍ അങ്ങനെ തേടിയാല്‍ മനസ്സ് ശൂന്യതയില്‍ ചെന്ന് ചേരും. ഒന്നുമില്ലാത്ത ഒരവസ്ഥ. പ്രണയവും, സ്നേഹവും ഉണ്ടാകുന്നത് രൂപങ്ങള്‍ മൂലമാണ്.
ഒരു പ്രത്യേക രൂപത്തോടാണ് നമുക്ക് പ്രണയം. അത് മനുഷ്യനാകട്ടെ, കലയാകട്ടെ, വസ്ത്രമാകട്ടെ രൂപത്തെ പറ്റി നമുക്ക് മുന്‍ വിധിയുണ്ട്. ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണമെന്ന് ധാരണയുണ്ട്. അതേ നാം സ്വീകരിക്കൂ.
ഒരു നോവല്‍ എങ്ങനെ വേണമെന്നതാണ് മുന്‍വിധി. നോവല്‍ വായിക്കുമ്പോള്‍ അതിന്‍റെ രൂപത്തെയാണ് യഥാര്‍ത്ഥത്തില്‍ വായിക്കുന്നത്.
ആ രൂപം നമ്മുടെ പരിചിതമായ, അല്ലെങ്കില്‍ മുന്‍കൂട്ടി സങ്കല്‍പ്പിച്ചിട്ടുള്ള രീതിയിലല്ലെങ്കില്‍ വായനക്ക് തടസ്സമുണ്ടാകും. എത്ര വലിയ അനുഭവവും ആശയുമാണെങ്കിലും രൂപത്തിലേ നിലനില്‍ക്കൂ രൂപത്തിന്‍റെ ചട്ടകൂടിനു പുറത്തുപോയാല്‍ വായിക്കുന്ന വന്‍രൂപത്തെപ്പറ്റി വിലപിച്ചു കുഴഞ്ഞുവീഴും.
സങ്കല്പിതമായ രൂപത്തെയാണ് നാം വായിച്ചുകൊണ്ടി രിക്കുന്നത്. പ്രണയിക്കുന്നവനെയും നാം രൂപമായി ദര്‍ശിക്കുന്നു. അവര്‍ നമ്മുടെ സങ്കൽപ്പത്തിലുള്ള ഒരു രൂപമാണ്.
  ആ രൂപം തകര്‍ന്നാല്‍ പ്രണയം ഇല്ലാതാകും. അവര്‍ പ്രതീക്ഷിച്ചതിനെ വിപരീതമായി കാണപ്പെട്ടാല്‍ പ്രണയത്തിനാധാരമായ മനസ്സ് നശിക്കും. കാമുകി എന്നത് രൂപത്തെ പറ്റിയുള്ള സങ്കൽപ്പത്തില്‍ അധിഷ്ഠിതമാണ്.
അവര്‍ ആ സങ്കൽപ്പത്തെയാണ് തൃപ്തിപെടുത്തേണ്ടത്. അങ്ങനെയല്ലാതായാല്‍ അവളെ വെറുക്കും. നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ട രൂപത്തിന്‍റെ ശാസനയിലും നിബന്ധനയിലുമാണ് നാം ജീവിച്ചു പോകുന്നത്. അപ്പോ നമുക്കും യതാര്‍ത്ഥ മനസ്സും ഇഷ്ടവും എവിടെയാണ്. നമുക്ക് ഒരു യഥാര്‍ത്യമുണ്ടോ?
യഥാര്‍ത്യങ്ങള്‍ ഇല്ലാതാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ധര്‍മ്മപുത്രര്‍ ഏത്ര തന്നെ ഉയര്‍ന്നാലും, അതിനു ധൃതരാഷ്ട്രരും ശകുനിയും വേണം. ധര്‍മ്മപുത്രരുടെ ധർമ്മത്തെ നിലനിര്‍ത്താന്‍ അവര്‍ സംഭാവന ചെയ്യുണ്ട്. ധൃതരാഷ്ട്രരും ശകുനിയും ധര്‍മ്മപുത്രരെ സ്നേഹിച്ചാല്‍ അതോടെ അയാളുടെ ധര്‍മ്മം അവതാളത്തിലാകും . ധൃതരാഷ്ട്രര്‍ ധര്‍മ്മാനുസാരിയായാല്‍ പിന്നെ ധര്‍മ്മപുത്രരില്ല. അയാളുടെ ഉയരം കുറയും. ധൃതരാഷ്ട്രര്‍ക്ക് ധര്‍മ്മം ഉണ്ടാകാന്‍ പാടില്ലെന്നുണ്ടോ?
അയാളുടെ മനസും ഉണ്ടായി വരുന്നതാണ്. പല പ്രകോപനങ്ങള്‍ അയാളെ രൂപപ്പെടുത്തുകയായിരുന്നു. അയാൾ പിന്തുടരുന്ന രൂപബോധം മാറിയാല്‍ അയാളുടെ മനസ്സ് മാറും. ആരാണ് സ്വധര്‍മത്തില്‍ ശക്തനെന്നത് തര്‍ക്ക വിഷയമാണ്. ധര്‍മ്മപുത്രര്‍ക്ക് ധര്‍മ്മം സൂക്ഷിക്കുന്നതില്‍ നല്ല ശേഷിയുണ്ടെങ്കില്‍, ധൃതരാഷ്ട്രര്‍ക്ക് തന്‍റെ പുത്ര സ്നേഹവും മറ്റുള്ളവരില്‍ നിന്ന് സ്വയം ഒളിപ്പിക്കാനുള്ള കഴിവുമുണ്ട്.
ഇതില്‍ ആരുടെ ഗുണമാണ് കൂടുതല്‍ ശക്തിയാര്‍ജിച്ചിട്ടുള്ളത്? സ്വധര്‍മത്തില്‍ ധര്‍മ്മപുത്രര്‍ പിന്നോക്കം പോയിട്ടുണ്ടെങ്കില്‍ ധൃതരാഷ്ട്രര്‍ ജയിച്ചു എന്നാണര്‍ത്ഥം.
ഒറ്റക്ക് ധര്‍മ്മപുത്രര്‍ വിജയിക്കുന്നില്ല. അയാളുടെ രൂപം ബോധത്തിന്‍റെ ഘടനയെ നിര്‍ണ്ണയിക്കുന്ന വസ്തുക്കളായി തൊട്ടടുത്ത് ധൃതരാഷ്ട്രരും മറ്റുമുണ്ടു. ദൂരെയുള്ള ഒരാത്മാവിനെ തേടി വെറുതെ അലയുന്നതിലും നല്ലത് സഹജീവി സ്നേഹമാണ്. സഹായം ചോദിച്ചു വരുന്നവരെ കണ്ടാല്‍ വാതില്‍ അടക്കുന്നത് സുരക്ഷിതനാണെന്ന് ധരിക്കുന്നവന്‍ വിജയിച്ചു എന്ന് പറയാനാവില്ല. അവര്‍ സ്വന്തം മിഥ്യയെയാണ് നിര്‍ണ്ണയിക്കുന്നത്. അവന് എന്ത് ആത്മാവാണുള്ളത്. സന്യാസിക്ക് പ്രത്യേകമായ ഒരാത്മാവുമില്ല. നിര്‍ഗുണനാണെങ്കില്‍, അയാള്‍ സമൂഹത്തിന് വേണ്ടാത്തവനാണ്. ആത്മാവ് വേറെയെങ്ങുമല്ല ഉള്ളത്, വളരെ അടുത്താണ്. കൈകൊണ്ട് തൊടാവുന്ന ദൂരത്ത്.
നമ്മുടെ ഉള്ളില്‍ സ്നേഹത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും പരോപകാരത്തിന്‍റെയും വിശുദ്ധ സ്മരണകളുടെയും കാരുണ്യത്തിന്‍റെയും രേഖകള്‍ കൂട്ടിമുട്ടുന്ന ഇടം തന്നെയാനുള്ളത്. ഇതാണ് ആത്മാവ്.
അത് ദൂരെയല്ല, അടുത്താണ്, ഇതാണ് ഉപനിഷത്ത്.
സ്നേഹരാഗങ്ങളുടെ കടല്‍ ഒരാളില്‍ ഉണ്ടായിരിക്കുന്നത് നമ്മെ ആത്മാവുള്ളവരാക്കുന്നു. പുറമെ കാണുന്നത് യാഥാർത്യമെ അല്ല. വീണ്ടും മായയുടെ മറ്റൊരു സൂചന വരുന്നു. അകമേയാണ് നമ്മുടെ അസംഖ്യം ജീവിതങ്ങള്‍. സഹസ്രകോടി ജീവജാലങ്ങള്‍ക്കിടയില്‍ ഇല്ലാത്ത രഹസ്യ, ആന്തര ജീവിതം ആനന്തമറിയുന്നില്ല. സങ്കല്‍പങ്ങളിലാണ് അതുള്ളത്. ജീവിക്കാന്‍ മോഹിച്ചതിന്‍റെ, മനസ്സുകൊണ്ട് സ്വയം അളന്നതിന്‍റെ വിഭ്രമമായ കാഴ്ചകളുടെ ഭാവനാധിഷ്ഠിത ജീവിതമാണത്. അതാണ് നമ്മള്‍ എന്ന മായിക യാതാര്‍ഥ്യം.
m k harikumar_thasrak.com
ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങൾ, അഹംബോധത്തിന്റെ സർഗാത്മകത, നവാദ്വൈതം, പ്രണയാഗ്നിയുമായി കാഫ്ക തുടങ്ങിയവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി എൻഡോവ്മെന്റ് പുരസ്കാരം നേടി. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശി.