നിലാവിന്റെ വെട്ടിത്തിളക്കം, കാമുകിയുടെ സൗന്ദര്യം

“ജലം ഒരു തടാകത്തിൽ നിശ്ചലം കെട്ടി നില്ക്കുകയാണെങ്കിൽ പഴകി ചേറു നിറയും. ഇളകിയൊഴുകുമ്പോൾ അത് തെളിയുന്നു. അലയുന്ന മനുഷ്യനും ഇതേ പോലെത്തന്നെ. “
(മക്കയിലേക്കുള്ള പാത – മുഹമ്മദ് അസദ്.)

കറിവേപ്പിലക്ക് വെള്ളമൊഴിച്ചു, കൂട്ടിലെ കോഴികൾക്ക് തീറ്റ നല്കി, മാവിൻ തൈക്ക് വളമിട്ട്, മുയലിന് കാബേജ് നല്കി വിശ്രമ ദിനങ്ങൾ പിന്നിടുമ്പോൾ നിറയുന്ന ആവാസ ധാതുക്കൾ തരുന്ന ബലത്തിൽ കാഴ്ച, രുചി, സ്പർശം, ഗന്ധം, ശബ്ദം ഞാൻ തിരിച്ചറിയുന്നു. ഇത് അടിയറവ് പറയാത്ത മാനുഷികമായ അടുപ്പം. ചുറ്റുപാടിന്റെ ലോഹ്യം തിരസ്ക്കരിച്ചു തടിച്ചു കൊഴുക്കുമ്പോൾ അന്യാധീനപ്പെടുന്ന വ്യാകുലതയിലാണല്ലോ സമാനമനസ്സുകൾ കൂടിച്ചേരുക. അത് ഏകഭാഷണമല്ല. അതിലൂടെ മാനസിക സംഘർഷങ്ങൾക്ക് അയവ് ലഭിക്കുന്നു. കൂടിച്ചേരൽ ധൈഷണിക പരിസരം ബലം വെയ്ക്കാനും മൂർച്ച വെക്കാനും ഉപകരിക്കുമെന്നാണ് ചങ്ങാതിമാരിൽ പലരോടും വർത്തമാനം പറയുമ്പോഴുള്ള അനുഭവം. സംഭാഷണം ഒരേ ഭാഷക്കാർ തന്നെയാവണം എന്നില്ല. വീടും കുടുംബവും ഉള്ള ഏതൊരാൾക്കും ഉൽക്കണ്ഠയും പ്രാരാബ്ദവും ഉണ്ടാവും. കൂടെ ജോലി ചെയ്ത അറബി, സുഡാനി, പാക്കിസ്ഥാനി, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കക്കാർ തന്ന അനുഭവം അതാകുന്നു. അത് മനസ്സിലാക്കാൻ പി.എച്ച്.ഡി. ഒന്നും ആവശ്യമില്ല, നല്ല മനുഷ്യപ്പറ്റ് മതി. മാറിയ ലോകത്തിൽ, ലോക ഭയത്തിൽ, മുയൽ ഭീതിയിലുള്ളവരുടെ സമാന്തരാഘാതങ്ങൾ വിസ്തരിക്കുന്നില്ല. മനോനിലയുടെ തീക്കളം തണുപ്പിക്കുന്നതിൽ പ്രകൃതി സഹവാസത്തിനു വലിയ പങ്കുണ്ട്. വാചാലതയില്ല, ഏറ്റുവാങ്ങലും നിറയലുമായി ഈണം മാത്രം!.

അദൃശ്യതയിലേക്ക് കൈമലർത്തി വിജനതയിലേക്ക് പ്രാർത്ഥനയുമായി നില്ക്കുന്ന ചെങ്കുത്തായക്കുന്നും അലതല്ലുന്ന കടലും പച്ച കാർപ്പെറ്റ് ഇട്ടതു പോലെ പരന്നുകിടക്കുന്ന താഴ് വരയും പ്രവാസ ബാച്ചിലർ ജീവിതത്തിൽ എന്നും ചങ്ങാതിയായി കൂടെ നിന്നു. അനാഗരിക ഗ്രാമങ്ങളിലെ വഴിയടയാളങ്ങൾ ജീവിക്കാൻ ത്രാണി തന്നു. അപ്പോഴൊക്കെ ഓർക്കുന്ന പേരാണ് മസനോബു ഫുക്കുവോക്ക. അദ്ദേഹംപറഞ്ഞു:

“കേവലമായൊരുകൃഷി രീതിയല്ല പ്രകൃതി കൃഷി. ഈ ഭൂമിയിൽ മനുഷ്യരായി തുടർന്നുo നിലനില്ക്കാൻ വേണ്ടി അവശേഷിച്ചിട്ടുള്ള ഒരേയൊരു പാതയാണത്.ആ വെളിച്ചം അണയാൻ അനുവദിച്ചു കൂടാ. “

അപ്പോഴൊക്കെ അടുത്തുള്ളവന്റെ വിളി പോലെ ബേപ്പൂർ സുൽത്താൻ ബഷീർ പറയും.

” എഡ ബഡുക്കൂസേ
രണ്ടു കൈയും വിടർത്തി പറയ്
പ്രപഞ്ചങ്ങളുടെ സൃഷ്ടാവേ സലാം .”

വാക്കുകളിലെ തീച്ചൂടിൽ പിടഞ്ഞ ഷെൽവിയുടെ കവിതകൾ എന്റെ ഒറ്റയാൻ ജീവിതത്തിന് പച്ചയുള്ള പുരാതന ഗന്ധം തിരിച്ചു നല്കി. ഹൃദയത്തിൽ തൊട്ട എഴുത്ത് നിർത്തിപ്പൊരിച്ചപ്പോൾ വരികൾ മൂളി നടന്നു.

” മരിച്ച വൃക്ഷത്തിന്റെ തല ചായ്ച്
ഒരന്യഗൃഹ യാത്ര ചെയ്യവേ, നീയോർത്തുവോ
എൻ നിഴൽ പൂഴ്ന്ന തമസ്സിന്നഗാത താഴ് വര
ഞാനറിഞ്ഞുവോ
മെഴുകുമാംസമുടലുരുകി
സർപ്പമായ് പുളഞ്ഞു കൊത്തുന്ന സ്നേഹ വേദന. “

വാടക വീടിന്റെ ഏകാന്തത അടയാത്ത മീൻകണ്ണായി, കത്തുന്ന വീടായി, വണ്ടിക്കാള ജന്മമായി രൂപം മാറുന്നു. എത്ര നീന്തിയാലും മുന്നിലും പിന്നിലും ജലം. കുന്നിൽ തേങ്ങാപ്പൂള് മുറിച്ചിട്ടതുപോലെ ചന്ദ്രൻ. തെളിയുന്ന ചിത്രം, ശബ്ദം, കഥാപാത്രം മനസ്സിൽക്കയറ്റി വെളിച്ചപ്പാടാകുമ്പോൾ രൂപകങ്ങളുടെ കുത്തിയൊലിപ്പ് വിശദീകരിച്ചാലും തീരില്ല. ദീർഘകാലം പ്രിയപ്പെട്ട ചങ്ങാതിയായി ജീവിച്ച ടി.വി. കൊച്ചുബാവയുടെ വരികൾ ചേർത്തുപിടിക്കട്ടെ.

“ആന്തര സംഘർഷമാണ് ഒരു നല്ല കൃതിയുടെ അടിവളം. അതിനോട് നമ്മൾ ചേർത്തു വെക്കുകയാണ് ഭാവനയെ, വാക്കുകളെ. ഈ വാക്കുകൾ, ഭാഷ കിട്ടുന്നതാവട്ടെ നമ്മുടെ വായനാ ജീവിത പരിസരത്തു നിന്നും പഠന ജീവിത നിരീക്ഷണങ്ങളിൽ നിന്നുമാണ്. ഭാവനയെ വാക്കുകൾ കൊണ്ട് പുതുക്കിപ്പണിയുക എന്ന പരമപ്രധാനമായ മറ്റൊരു സംഘട്ടനവും എഴുത്തുകാരന് നേരിടേണ്ടതായുണ്ട്. സൂക്ഷ്മമായും ജാഗ്രത്തായും നേരിടേണ്ടതാണ് ഭാഷ. നിത്യജീവിതത്തിൽ അല്ലെങ്കിൽ മൂന്നുപേർ കൂടിച്ചേരുമ്പോൾ ഉപയോഗിക്കുന്ന ഭാഷയല്ല, അതേ ആളുകൾ സദസ്സിലും വേദിയിലുമാകുമ്പോൾ ഉപയോഗിക്കേണ്ടത്. വേദിക്കും സദസ്സിനുമിടയിൽ അദൃശ്യമായ ഒരു കടലുണ്ട്. ഇതിനെ നമ്മൾ നികത്തേണ്ടത് തിരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിച്ചു കൊണ്ടാണ്. “

എന്നാൽ ബാവ പറഞ്ഞതു പോലെയുള്ള നിരീക്ഷണം കൊണ്ടു നടക്കുന്നവർ കുറവാണ്. തിരക്കിൽ, വേഗത്തിൽ ഒഴുകിപ്പോവുമ്പോൾ വ്യക്തിത്വം നിലനിർത്തുക എളുപ്പമല്ല.

കെട്ടടങ്ങുന്നതും കൊത്തിനുറുക്കുന്ന പരവേശവും പേപിടിച്ചു അലയുമ്പോൾ ഉണക്ക് പടരുന്നത് ആരും അറിയുന്നില്ല. എന്നാലും കാറ്റിനു മണം നല്കാനായി കാത്തു നില്ക്കുന്ന പൂവിലുണ്ട് പ്രേമാഭ്യർത്ഥന. കാത് കുളിർപ്പിക്കുന്ന പ്രേമ ഗാനത്തിലുണ്ട് സ്നേഹം കൊതിച്ചുള്ള കാത്തിരിപ്പ്. ഉള്ളിലെ കിനാവിലുണ്ട് പച്ചപ്പുള്ളി കലർന്ന മഴവില്ല്. കടലുപ്പിലുണ്ട് ഭൂമിക്കുള്ള നമോവാകം. യാത്ര കരയിപ്പിച്ച രാത്രിയോടൊപ്പം ജലരഹിത അമ്ല നേരം കലരുമ്പോൾ ഭാഷയുടെ ആകാശം ഞാൻ തേടുന്നു. കടലിടുക്കിലെ ജലത്തിലിറങ്ങി കാല് നനച്ചു സൂര്യനെ നോക്കുന്നു.

നിലാവിന്റെ വെട്ടിത്തിളക്കത്തിൽ കാമുകിയുടെ സൗന്ദര്യം ഖലീൽ ജിബ്രാന്റെ ‘ഒരു കാമുകന്റെ വിലാപം ‘ എന്ന കവിത എനിക്കു തന്നു.

“എന്റെ മധുരമനോജ്ഞമായ നക്ഷത്രമേ
നീയെവിടെയാണ്!
ജീവിതത്തിന്റെ അജ്ഞത
അതിന്റെ മാറിലേക്കെന്നെ
വലവീശി പിടിച്ചിരിക്കുന്നു.
ദു:ഖമെന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു.
വായുവിലേക്കു നീ നിന്റെ ചിരിതൂവുക;
അതെന്നിലെത്തി, എനിക്കു പുനർജ്ജനികളാവും.
നിന്നിലെ മൃദൂഷ്മളമായ പരിമളങ്ങൾ
നീ കാറ്റിലേക്കു പറക്കുക,
അവയെന്നിലെത്തി, എന്നെ പരിപാലിക്കും.
നീയെവിടെയാണെന്റെ പ്രിയപ്പെട്ടവളേ,
ഓ, എത്ര മഹത്തരമാണു പ്രണയം !
ഞാനെത്ര ചെറുതും….!!!”

ഞാനത് ഗ്ലാസ്സിലൊഴിച്ച ബീറിൽ പകർത്തുന്നു. അതിൽ നിന്ന് ഗോതമ്പ് പാടം, വിയർത്തൊലിച്ച മനുഷ്യർ ഇറങ്ങി വരുന്നു. അവൾ തീക്കാറ്റിൽ പൊള്ളിയ മുഖവുമായി ചുംബിക്കാൻ വരുന്നു. കാലുകളിൽ മഞ്ഞിന്റെ പാദസരം. അവൾ ജലാശയത്തിലിറങ്ങുന്നു. ചിറകിളക്കി നീന്തുന്നു. അതിലൂടെ ചൂണ്ടുവിരലുപോലൊരു വഴി, വഴിപോലെ ആകാശം, ആകാശം പോലെ മനസ്സ്. അതു നട്ടുവളർത്തിയ മുറ്റത്തെ മരം പ്രേമിയുടെ അടയാളം. ബാക്കി വീരഗാഥകളൊക്കെ പൊയ് വാക്ക്.

അഭയ വരാന്ത തേടിയ എരപ്പാളിക്ക് ദൈവം നല്കിയ പേരാണ് സൂഫി. കവിതയിലെ നഗ്നതയുമായി സൂഫികൾ കാലം തെറ്റിച്ചു പാടുന്നു. സൂര്യനിൽ നിന്ന് നൃത്തം പരിശീലിക്കുന്നു. സംസാരിക്കുന്ന വിളക്കുമായി കവലയിൽ നില്ക്കുന്നു. നോക്കി, അളന്ന്, കുറുക്കി അനുരാഗത്തിന്റെ നീരാഴി. ദൈവമേ, ഏത് മഴ കുടയില്ലാത്തവരെ തണുപ്പിക്കും! പുഴ ഓരോരുത്തരുടെ വാക്കുകൾ എത്ര കാലം സമുദ്രത്തിലേക്ക് ഒഴുക്കും! സൂര്യൻ വജ്രസൂചി കൊണ്ട് തുന്നിയ ഉറുമാൽ എനിക്കുള്ള പാരിതോഷികം.

വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.