ഉത്തരാധുനിക എഴുത്തുകാരിൽ ശ്രദ്ധേയനാണ് ശ്രീ. സുരേഷ് പേരിശ്ശേരി. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അവതരിപ്പിക്കുന്നതാണ് സുരേഷ് പേരിശ്ശേരിയുടെ “നിറങ്ങൾ നഷ്ടപ്പെടുമ്പോൾ” എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും. ഓരോ മനുഷ്യനും കഥകളുടെ സാഗരമാണെന്ന് അദ്ദേഹം ഊന്നിപ്പറയുകയാണ് തന്റെ കഥകളിലൂടെ ചെയ്യുന്നത്. മനുഷ്യമനസ്സും അവന്റെ ചിന്തകളുടെ വിവിധ അർത്ഥതലങ്ങളും അസ്ഥിരതകളും ഇതിലെ ഓരോ കഥകളിലും കഥാകൃത്ത് അതിസൂക്ഷ്മം ആഖ്യാനം ചെയ്യുന്നു. അവതാരികകാരനായ ബാബു കുഴിമറ്റവും ഇതേക്കുറിച്ച് ഇപ്രകാരം പറയുന്നു: “പ്രവചനാതീതവും അസ്ഥിരവും വ്യത്യസ്തവുമായ മനുഷ്യമനസ്സിന്റെ വിവിധ തലങ്ങളിലുള്ള വികാരവിചാരധാരകൾ തന്നെയാണ് എല്ലാ കഥകളുടെയും ഭാവതലം.” പല തരത്തിലുള്ള വർണ്ണങ്ങൾ തേടുന്നവരുടെ കഥകളാണെന്ന് ആമുഖമായി കഥാകൃത്തും പറയുന്നുണ്ട്.
‘കഥ വിൽക്കുന്നവൾ’, ‘നിറങ്ങൾ നഷ്ടപ്പെടുമ്പോൾ’, ‘കൗമാരവന്ധകി’, ‘പുഴുക്കൾ’, ‘പത്രം’, ‘പീലിത്താഴ്‌വര’, ‘അധഃകൃതൻ’, ‘ഓട്ടക്കാശ്’, ‘അവധൂതന്റെ ചിരി’, ‘മഴഗദ്ഗദങ്ങൾ’, ‘പാപികളുടെ വിലാപങ്ങൾ’, ‘പക്ഷിക്കുഞ്ഞും കട്ടുറുമ്പും’, ‘ഒറ്റിക്കുറു’, ‘കാലൻകൊല്ലിമലയിലെ ദൈവം’ എന്നിങ്ങനെ പതിനാലു കഥകളാണ് ഈ കഥാസമാഹാരത്തിലുള്ളത്. വാർധക്യസഹജമായ അവശതകൾ അനുഭവിക്കുന്ന വൃദ്ധൻ മുതൽ അധഃസ്ഥിതവർഗ്ഗങ്ങളിലാകപ്പെട്ടവർ അനുഭവിക്കുന്ന കഷ്ടതകളുടെയും ദുരിതങ്ങളുടെയും കഥയാണ് “നിറങ്ങൾ നഷ്ടപ്പെടുമ്പോൾ” എന്ന കഥാസമാഹാരത്തിലൂടെ കഥാകൃത്ത് പറയുന്നത്. കൈകാര്യം ചെയ്യുന്ന ഓരോ വിഷയവും വളരെ തീവ്രതയോടും അതിശക്തവുമായാണ് കഥാകൃത്ത് ആഖ്യാനം ചെയ്യുന്നത്. അനുവാചകഹൃദയത്തിൽ സ്ഥാനം നേടുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ പാത്രസൃഷ്ടിയെ ഒന്നുകൂടി മികച്ചതാക്കുന്നു. അതുപോലെ വായനക്കാരനെ അതിവേഗം വായിക്കാൻ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ആഖ്യാനശൈലിയും കഥാപശ്ചാത്തലവും.
വാർധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലുമനുഭവിക്കുന്ന അവറാച്ചൻ, ദാരിദ്ര്യവും വിശപ്പും മൂലം കഥകൾ വിൽക്കുന്ന സുഹ്റ, ജീവിതത്തിന്റെ വർണ്ണങ്ങൾ മനസ്സിലാക്കുന്ന സേതു, ശരീരവിൽപ്പനക്കാരിയായി മാറിയ മായ, വൃദ്ധനായ രാമഭദ്രൻ… തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ അനുവാചകഹൃദയത്തിൽ തിളങ്ങി നിൽക്കുന്നു. വൃദ്ധനും പഴയ ഡി. ജി. പി.യുമായ അവറാച്ചനും ചക്രക്കസേരയിൽ ജീവിതം തള്ളിനീക്കുന്ന രാമഭദ്രനും ഇരുധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളാണ്. വാർധക്യത്തിന്റെ തന്നെ രണ്ടു വ്യത്യസ്തധാരകൾ കഥാകൃത്ത് ഈ സമാഹാരത്തിൽ അനാവൃതമാക്കുന്നു. കത്തിനു പിന്നിലെ കഥയന്വേഷിച്ചുപോകുന്ന നോവലിസ്റ്റിന്റെ കഥയാണ് ‘പീലിത്താഴ്‌വര’യിൽ കഥാകൃത്ത് ആവിഷ്കരിക്കുന്നത്. സ്നേഹം ശരീരത്തിനപ്പുറമുള്ള തിരിച്ചറിയലുകളാണെന്ന് അദ്ദേഹം പറയുന്നു. ഓരോ കഥാസന്ദർഭങ്ങളും വായനക്കാരന്റെ മനസ്സിലെ നേർചിത്രങ്ങളായി രൂപാന്തരപ്പെടുന്നു.
ജാതീയമായ ഉച്ചനീചത്വങ്ങളുടെ കഥയും കഥാകൃത്ത് പറയുന്നുണ്ട്. സമകാലികസമൂഹത്തിൽ അവ ഏറെ പ്രസക്തങ്ങളാണ്. ജാതിചിന്തമൂലം മനുഷ്യൻ അപകർഷതാബോധമുള്ളവനായി തീരുന്നതും അതവന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതെപ്രകാരമെന്നുമൊക്കെ അദ്ദേഹം തന്റെ കഥയിലൂടെ കാണിച്ചുതരുന്നു. അധഃസ്ഥിതവർഗ്ഗങ്ങളിലാകപ്പെട്ടവരുടെ ദുരിതപൂർണ്ണമായ ജീവിതത്തിൽ അവരെ കരകയറ്റാൻ അവതാരമോ ദൈവമോ ഒക്കെ തന്നെ വേണ്ടിവരുന്നു. താഴ്ന്നവന്റെ ജാതിയെയും സംസ്കാരത്തെയും കുറ്റപ്പെടുത്തുകയും അവനുമേൽ അധികാരത്തിന്റെ ചാട്ടവാറടികൾ ചൊരിയുകയും ചെയ്യുന്ന ഉയർന്നവനുമേലുള്ള വിമർശനത്തിന്റെ ചെറുശരങ്ങൾ കഥയിൽ ദർശിക്കാം. അതുപോലെ സ്ത്രീസുരക്ഷയുടെ ആവശ്യകത പ്രതിപാദിക്കുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. മായ, മാലതി തുടങ്ങി ഉശിരുള്ള സ്ത്രീകഥാപാത്രങ്ങളും കഥാകൃത്തിന്റെ പാത്രസൃഷ്‌ടിയെ അനശ്വരമാക്കുന്നു. അപ്പൂപ്പൻതാടിപോലെ പാറിപ്പറക്കുന്ന മനുഷ്യമനസ്സുകളുടെ കഥ വ്യത്യസ്തതലങ്ങളിൽ തനിമയോടെ കഥാകൃത്ത് അവതരിപ്പിക്കുന്നു. സമൂഹത്തിൽ സത്യവും നന്മയും മരിച്ചിട്ടില്ലെന്ന് പറയുന്ന കഥാകൃത്ത് പ്രതീക്ഷയുടെ പുതുനാമ്പുകൾ അനുവാചകനും വാഗ്ദാനം ചെയ്യുന്നു.
ചുരുക്കത്തിൽ “നിറങ്ങൾ നഷ്ടപ്പെടുമ്പോൾ” എന്ന കഥാസമാഹാരത്തിലെ എല്ലാ കഥകൾക്കും അതിന്റേതായ സമകാലികപ്രസക്തിയുണ്ടെന്ന് നിസ്സംശയം പറയാം. ആഖ്യാനത്തിൽ ഓരോ കഥകളും ഒന്നിനൊന്നു മികച്ചതാണ്. “കാലമെന്ന സാക്ഷിയുടെ കണ്ണുകളിൽ കൂടിയാണ് പല കഥകളുടെയും സഞ്ചാരപഥം” എന്നിങ്ങനെയാണ് അവതാരികകാരൻ കഥകളെക്കുറിച്ച് പറയുന്നത്. അനുവാചകനെ ചിന്തിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രചിത്രീകരണം അഭിനന്ദാർഹമാംവിധം സുരേഷ് പേരിശ്ശേരി നടത്തിയിരിക്കുന്നു. പ്രകൃതിയെ ചേർത്തുനിർത്തുന്ന രീതിയിലുള്ള ആഖ്യാനം പല കഥകളിലും കാണാവുന്നതാണ്. അതുപോലെ വാർധക്യത്തിന്റെ പരാധീനതകളെ കഥാകൃത്ത് തീർത്തും വ്യക്തമായി അവതരിപ്പിക്കുന്നു. ബലാത്സംഗ – പീഡനകഥകൾ തീവ്രവും ശക്തവുമായ രീതിയിൽ കഥാകൃത്ത് തന്റെ കഥകളിൽ ആവിഷ്കരിക്കുന്നു. ശിഥിലമായ കുടുംബബന്ധങ്ങളും അദ്ദേഹം തന്റെ കഥകളിലൂടെ വരച്ചിടുന്നു. അത് തികച്ചും പുതുതലമുറയുടെ പ്രതിഫലനമാണ്. ശക്തമായ ഭാഷയിൽ കഥാകൃത്ത് ഇതിലെ ഓരോ കഥകളും അവതരിപ്പിക്കുന്നു. അതിനനുയോജ്യമായ ശീർഷകം നൽകുകയും വായനയ്ക്ക് അവ പ്രചോദനമായി മാറുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഇതിലെ കഥകൾ വായനക്കാരന്റെ ഹൃദയത്തിൽ സ്ഥാനം പിടിക്കുമെന്നും നല്ല വായനാനുഭവം നൽകുമെന്നും തീർച്ചയാണ്.
നിറങ്ങൾ നഷ്ടപ്പെടുമ്പോൾ ( ചെറുകഥകൾ )
സുരേഷ് പേരിശ്ശേരി
ലോഗോസ്
വില : 160 രൂപ