നിരാസങ്ങളുടെ യുഗങ്ങൾ

ത്രേതായുഗം

വിഷ്ണു യാത്രയിലായിരുന്നു! അന്ത്യമില്ലാത്ത യാത്ര. അനന്തമായ യാത്ര… ഓരോ യാത്രയുടെ തുടക്കവും ഒരവതാരമായിരുന്നു. തുടക്കമേ പാടുള്ളു. ഒടുക്കം മനസ്സ് ശൂന്യമാകും. സരയു പിന്നെയും കണ്ണീർ പുഴയൊഴുക്കും. വേടൻ അമ്പുകൾക്ക് മൂർച്ചയേറ്റാൻ രാകികൊണ്ടേയിരിക്കും. ത്രേതായുഗത്തിന്റെയും പിന്നാലെ വന്ന ദ്വാപരയുഗത്തിന്റെയും അനിവാര്യത!

കലിയുഗത്തിൽ അണുവിന് പ്രാധാന്യം കൂടും, അദ്വൈതം ദ്വൈതത്തിനു വഴിമാറും. ആധുനിക യുഗത്തിൽ സാമൂഹികമാധ്യമത്തിൽ അക്ഷരങ്ങൾ ചിതറി വീണുകൊണ്ടേയിരിക്കും! യുഗങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും ഈ കഥ തുടങ്ങുന്നത് ത്രേതായുഗത്തിൽ.രംഗം പഞ്ചവടി.

സീതാസമേതനായി രാമൻ കൊട്ടാരം വിട്ടിറങ്ങിയല്ലോ. അച്ഛന്റെ ആജ്ഞയോ ഇളയമ്മയുടെ അത്യാഗ്രഹമോ അതോ മന്ഥരയുടെ കൊട്ടാര വിപ്ലവമോ കാരണം…? എന്തായാലും വനവാസം കൂടിയേ തീരൂ. ഭൂമിയുടെ ഭ്രമണം നിലയ്ക്കാം, സൂര്യന്റെ ഉദയദിശ മാറാം. പക്ഷെ, ആർഷഭാരതപുണ്യ ഭൂമിയിൽ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും സ്ഥാനചലനം സംഭവിക്കുകയില്ല!

ത്രേതായുഗത്തിൽ വിഷ്ണു രാമനാണല്ലോ! പതിനാല് വർഷം കാട്ടിൽ പോകേണ്ട ആവശ്യവുമുണ്ട്. രാവണവധമാണ് അവതാരലക്ഷ്യം. ഓരോ കരുക്കൾ ചേരുംപടി ചേർന്നാലേ വധം സാധ്യമാകൂ. അങ്ങനെയാണ് ചിത്രത്തിൽ ശൂർപ്പണഖ പ്രത്യക്ഷയാകുന്നത്. ഏകപതീവ്രതയായ വൈദേഹിക്ക് പ്രത്യേകം ഡയലോഗുകൾ വരുന്നില്ല. കാറ്റ്പോലെ അരൂപം, നിലാവ്പോലെ നിർമലം, കിനാവ്പോലെ സുന്ദരം, കടല്പോലെ ആഴം, ഇതാണ് സീത. മണ്ണിൽ മുളച്ച്, മണ്ണിലേക്ക് തിരികെ പോയവൾ! എന്നിട്ടും ലക്ഷ്മണരേഖ കവച്ചുവയ്ക്കാൻ ആർജവം കാണിച്ചവൾ. വല്ലാത്തൊരു സീത!

നമുക്ക് അവതാര പുരുഷനിലേക്ക് വരാം. കണ്ടാൽ സുന്ദരൻ, കോമള വദനം. നീലോൽപലനയനൻ… നീലാകാശത്തിന്റെ ചാരുതയാർന്ന ശരീരനിറം, തോളറ്റം നീണ്ട മുടി കറുത്തു ചുരുണ്ടു വിളങ്ങി ഒഴുകി, സരയുവിലെ ഓളങ്ങൾ പോലെ! ഹോ… എത്ര സുന്ദരമീ വദനാരവിന്ദം! ശൂർപ്പണഖ ആദ്യദർശനത്തിൽ തന്നെ അനുരാഗപരവശയായി.

അവളോ… വേപഥുപൂണ്ട ഗാത്രം, വിഹ്വലമാർന്ന് ഇരുണ്ടകണ്ണുകൾ, പരുപരുത്ത ശരീരം, മനസ്സ്, സ്വരം! അതുകൊണ്ട്തന്നെ ധർമ്മാധർമബോധം നശിച്ചവൾ മനസ്സിനെ നിയന്ത്രണമില്ലാത്ത പട്ടംപോലെ അയച്ചുവിട്ടു.

നിരാസ ഭാവത്തെ ക്ഷമിക്കാത്തവൾ, ക്ഷമയേ കൈകാര്യം ചെയ്യാൻ അറിയാത്തവൾ, അവൾ അസുരദേവത, ആദിദ്രാവിഡ ശക്തി!

കണ്ടാലോ,
“കുന്നുമ്മലയും കേറിവരുന്ന ചിലമ്പൊരുക്കം… പൊന്നും മിന്നും കണ്മണി പൊന്മണി”, ശൂർപ്പണഖ!*
പഞ്ചവടിയിൽ വന്നു, രാമനെ കണ്ടു, അവൾ കീഴടങ്ങി. ഒട്ടും വൈകിയില്ല. രാമന്റെ സമീപം ചെന്നവൾ മന്ത്രിച്ചില്ല, വ്രീളാവിവശയായില്ല, അനുരാഗിണി നമ്രശിരസ്ക്കയുമായില്ല, കാൽനഖം കൊണ്ടു മണ്ണിൽ വരച്ചുമില്ല. നേരെ ചൊവ്വേ കാര്യം പറഞ്ഞു,

“ദശരഥ നന്ദനാ, ഞാൻ ദശമുഖ സോദരി. നിന്റെ പിതാവിനുള്ള ഭൗതിക സുഖത്തേക്കാൾ ഞാൻ മൂല്യം കല്പിക്കുന്നത്, എന്റെ സോദരന്റെ ദശമുഖ പ്രതിഭയെ ആണ്, എങ്കിലും നിന്റെ നീലഛവിയുള്ള ഏകമുഖം എന്നെ മഥിക്കുന്നു. പ്രാണേശ്വരാ, ഞാനിതാ, എന്നെ നിന്നിലർപ്പിക്കുന്നു. എന്നെ നിൻ മാറിലെ വനപുഷ്പമാക്കൂ, രാമാ “.

ധാർഷ്ട്യം തുളുമ്പുന്ന സ്വരം തീവ്രമായിരുന്നു. അവനോ? അവതാര മൂർത്തിയാണ്, രാക്ഷസനിഗ്രഹത്തിന് കാനനവാസം അത്യന്താപേക്ഷിതം. തുടക്കം, ഒരു പെൺജന്മത്തെ അപമാനിച്ചുകൊണ്ടു തന്നെ. നിയോഗം!

ശേഷം, പ്രകാശം. ശാന്തമുഖൻ മൊഴിഞ്ഞു,

“ഞാൻ ഏകപത്നീവ്രതം ശപഥം ചെയ്തവൻ. വേറെ പെൺക്കൊടികളിൽ ഉത്തേജനം ഇല്ലാത്തവൻ. നിന്നെ വേൾക്കാൻ വയ്യ, പെൺക്കിടാവേ. എന്റെ അനുജൻ, ലക്ഷ്മണൻ. കണ്ടാലെന്നെക്കാൾ കേമൻ. പോരാത്തതിന് ഭാര്യ കൂടെയല്ല താമസം, മുട്ടിനോക്കൂ “.

കേട്ടപാതി കേൾക്കാത്തപാതി, മൂത്തുമ്മ അയാളെയും ചെന്നു തട്ടി. ഇളയവന് മൂപ്പും ക്ഷമയും കുറയും. അരുതാത്തതേ ചെയ്യൂ. അവൻ പെണ്ണിന്റെ മൂക്കും മുലയും അറത്തു, അവളെ അപമാനിച്ചു!
നിരാസം! ആദികവിയുടെ ഒരു സ്ത്രീ കഥാപാത്രത്തിനേറ്റ അടിയുടെ പരിണിതഫലമല്ലേ രാമരാവണ യുദ്ധം…! പുരുഷന്റെ നിരാസം, സഹിക്കാൻ പറ്റില്ല. പാടില്ലാത്രേ!

പിന്നെ നടന്നത് സീതാപഹരണം, ഒഴിച്ചുകൂടാനാവാത്ത യുദ്ധം, വധം… നിരാസത്തിന്റെ ഫലം മരണമത്രേ!

രാവണവധത്തിന് ശേഷവും നിരാസത്തിന്റെ പരിണത ഫലമുണ്ടായി. സീതയെ വസുന്ധര തിരികെ വിളിച്ചു. രാമൻ സരയുവിൽ മുങ്ങി, ഒരു തരം ശുദ്ധികലശം തന്നെ.

ത്രേതായുഗം അങ്ങനെ ഒടുങ്ങി. ശൂർപ്പണഖയുടെ തീരാവ്യഥകൾ മാത്രം അനന്തമായ രേഖ പോലെ നീണ്ടു.

ഇനി ദ്വാപരയുഗത്തിൽ, അവൾക്ക് രാധയാകാം, വിഷ്ണുവിനെ കാത്തിരിക്കാം! ശാപഫലം അനുഭവിക്കാം…

ദ്വാപരയുഗം –

രാധ… ശൂർപ്പണഖയുടെ അവതാരമാവാം… പക്ഷെ രൂപം മാറി, കഥ മാറി. യുഗവും മാറി. ത്രേതായുഗത്തിലെ പെണ്ണിന്റെ ആത്മാവ് ദ്വാപരയുഗത്തിലെത്തിയപ്പോൾ രതിയിൽ അധിഷ്ഠിതമായ പെണ്ണിന്റെ കാമന ആത്മാനുരാഗമായി.

കാളിന്ദിയും യമുനയും സാക്ഷി.

എന്നാണ് താൻ ശ്യാമവർണ്ണനെ ആദ്യമായ് കണ്ടത്? അവൻ കാലിയെ മേച്ചു നടന്നപ്പോഴോ, അതോ ഗോപികമാരുമൊത്ത് അവൻ കണ്ണാരംപൊത്തി കളിക്കുമ്പോഴോ? അവന്റെ മുന്നിൽ വരാതിരിക്കാൻ പലപ്പോഴും ശ്രദ്ധിച്ചു. ആരാധനയായിരുന്നു, പക്ഷെ അവനെ ഏകനായി കാണാനും പ്രയാസം. ദൈവമല്ലേ, കൂടെ വൃന്ദങ്ങളനേകം…

എന്റെ കണ്ണാ, നിന്നെ ഞാൻ മാറിനിന്ന് കാണാം. ഓർമ്മയുണ്ടോ നിനക്ക്? കാളിന്ദിയിൽ കാളിയസർപ്പം കുളിച്ചു പുളക്കുയ്മ്പോൾ, വിഷമയമായ കാളിന്ദിയെ രക്ഷിക്കാൻ നീ കാളിയന്റെ തലയിൽ ചവിട്ടി നൃത്തമാടിയപ്പോൾ, ഒരു നിമിഷം, ഒരുനിമിഷം മാത്രം നിന്റെ നീലമിഴികൾ എന്നെ ഉഴിഞ്ഞില്ലേ?
നവനീതചോരനെന്ന് പേരുകേട്ട നീയന്നെന്റെ മനവും കവർന്നല്ലോ, കണ്ണാ…അന്നേ ഞാനൊരു നിലാവായി, കനവായി ഒഴുകി. നിന്നിലെത്താനുള്ള ദൂരം എന്നും ഒരു യുഗമായിരുന്നുവല്ലോ കണ്ണാ! വൃന്ദാവനത്തിൽ, യമുനാ തീരത്ത് നീലക്കടമ്പിന്റെ ചോട്ടിലെത്രയോ നാൾ, കണ്ണാ നിന്നെയുമോർത്തു ഞാൻ തോരാമഴയായീ…
നിൻ പദനിസ്വനം കേൾക്കുവാനെത്രയോ രാവുകളുറങ്ങാതെ തൂവൽകിടക്ക വിയർത്തുനനഞ്ഞൂ, കണ്ണാ…
യമുനയറിഞ്ഞു, ഗോകുലം മുഴുവനുമറിഞ്ഞു, എനിക്കു നിന്നോടുള്ള അനുരാഗം, ഇല്ലേ? നീയോ കണ്ണാ… നീയറിഞ്ഞുവോ?

ഗോവർദ്ധനഗിരിയെ ചൂണ്ടുവിരലാൽ താങ്ങിനിർത്തി നീ, ഗോകുലവാസികൾ എല്ലാവരും ഒരുകുടക്കീഴിൽ എന്നവണ്ണം കുന്നിനടിയിൽ, നിന്റെ സംരക്ഷണത്തിൽ! മുരളീധരാ, അന്നു നിന്റെ അധരപുടത്തിൽ ഒളിഞ്ഞിരുന്ന പുഞ്ചിരി ആർക്കു വേണ്ടിയായിരുന്നു? ഒരിക്കലെങ്കിലും നീ വായിക്കുന്നൊരു മണിവേണുവാകാൻ കൊതിച്ചിരുന്നുവല്ലോ, അന്നേ ഞാൻ കണ്ണാ. എന്നിട്ട് നീയോ…?

എന്റെ ആത്മഗതങ്ങളൊടുങ്ങട്ടെ മാധവാ, നീ മഥുരയിൽ താമസമല്ലോ. ഞാനീ കടമ്പിന്റെ ചോട്ടിൽ, നീയെനിക്കേകിയ മുരളിക തലോടി തീർന്നോളാം! കോടക്കാർവർണ്ണന്റെ കോലക്കുഴലല്ലേയെൻ കയ്യിൽ
ഇനിയീ വൃന്ദാവനത്തിൽ, ഞാനെരിഞ്ഞുതീർന്നോളാം. നിന്റെ അവതാര ലക്ഷ്യം ഞാനല്ലല്ലോ കണ്ണാ. കംസവധം കഴിഞ്ഞു, രാക്ഷസന്മാരും അസുരന്മാരും നിന്നെയെതിർത്ത രാഷ്ട്രനേതാക്കളും മണ്ണിലടിഞ്ഞുവല്ലോ. യുദ്ധവും കഴിഞ്ഞു, ഇനി വേണ്ടത് സമാധാനം മാത്രം.

യമുനയിലെ തെളിനീരിൽ രാധ അവളുടെ ഛായ കണ്ടു, ചുളിവുണ്ട്. ചുണ്ടിലൊരു ചിരി വിടർന്നു. നരകേറിയ മുടി പതുക്കെ പിറകിൽനിന്നും വകഞ്ഞു മാറിലേക്കിട്ടു. അവൻ തലോടിയ അവളുടെ മുടിയിഴകൾ! വിരലുകളാൽ അവൾ മുടികോതി. അറിയാതെയൊരു പുഞ്ചിരി. കണ്ണുകൾ ഇടറിയോ?

കൃഷ്ണാ, നീ എവിടെ…
നിന്റെ പീലിത്തിരുമുടി കൊഴിഞ്ഞുവോ?
നിന്റെ മുഖാരവിന്ദം വാടിത്തളർന്നുവോ
നീലമിഴികൾ തളർന്നുവോ
നിന്റെ യൗവനകാമനകളുറങ്ങിയോ
കൃഷ്ണാ, നീയെന്നെയോർക്കുന്നുവോ…

ഞാനീയൊറ്റമരത്തിന്നു കീഴേ ഇപ്പോഴുമിരിക്കുന്നു, വാർദ്ധക്യത്തിന്റെ നിഴലിൽ, നിന്നെയും കാത്ത്…
നാരായണാ നീയിനി കലിയുഗത്തിൽ അവതരിക്കൂ. കലികാലത്തിന്റെ ഒടുക്കം ആധുനികകാലമാവും സംഭവിക്കുക. ഇൻഫർമേഷൻ ടെക്നോളജിയിൽ ഒരു വിപ്ലവം വരുന്നേരം മൊബൈലിൽ എഫ്ബി പോസ്റ്റുമായി വരാം.

അങ്ങനെ പ്രണയത്തിന്റെ ഏകാന്ത തുരുത്തിലേക്ക് രാധ യാത്രതുടങ്ങി. അങ്ങേ ധ്രുവത്തിൽ നിന്നും നവനീതകണ്ണനും. അവനെന്നും യാത്രയിലായിരുന്നുവല്ലോ. ആകാശഗംഗയിലൂടെ, അവതാരങ്ങളിലൂടെ…
ദ്വാപരയുഗം പ്രളയത്തിലൊടുങ്ങി. അവന്റെ വംശവും! ഗുരുവായൂർ പുരേശനെ കാണാൻ ഗോപികമാരായിരങ്ങൾ ഇന്നും വരി നിൽപ്പുണ്ട്. രാധ, രാധ മാത്രം യമുനാതീരത്ത്, വേണുവിൽ ലയിച്ച് ഓർമ്മയെ തഴുകി …
ധീരസമീരെ യമുനാതീരേ
വസതിവനേ വനമാലീ…

കലിയുഗം –

രാധ പാതിയുറക്കത്തിലായിരുന്നു. മൊബൈൽ കുറേ നേരമായിക്കാണും റിംഗ് ചെയ്യുന്നു. അവൾ അലസമായി കാൾ അറ്റന്റ് ചെയ്തു. സീതയാണ്. ഇന്ന് സ്പെഷ്യൽ ക്ലാസുണ്ട്, വൈകുന്നേരം ഡാൻസ്ക്ലാസ്സിൽ വരില്ലെന്ന്.

നാശം, രാധയ്ക്ക്‌ വല്ലാതെ ദേഷ്യം വന്നു, മുഖംകറുത്തു. അവൾ അങ്ങനെയാണ്, ദേഷ്യം വന്നാലും ആവേശം തോന്നിയാലും കറുക്കും. അവൾ മൊബൈലിൽ വാട്സ്ആപ്പ് നോക്കി, പുതിയ മെസ്സേജുകൾ ഏറെയുണ്ട്. വരുൺ രാത്രി മുംബൈയിലേക്ക് പറക്കുന്നു. കൂടെ സീതയും! അവളുടെ സ്പെഷ്യൽ ക്ലാസ്. ദേഷ്യം തോന്നി, ആരോടോ. വിഷ്ണുവിന് ആശ്വാസമായിക്കാണും. അവളുടെ മുഖം പിന്നെയും കറുത്തു. ഓ, വിഷ്ണുവിന്റെ കുറെയധികം ടെക്സ്റ്റുകൾ ഉണ്ട്, അറിയാതൊരു ചിരി ചുണ്ടിലൂറി. വിഷ്ണു!
വിളിച്ചേക്കാം, അല്ലെങ്കിൽ ചെക്കന്റെ ദിവസം പോയിക്കിട്ടും, ഓർത്തപ്പോൾ അവൾക്ക് ചിരി വീണ്ടും പൊട്ടി.
ആദ്യത്തെ റിങ്ങിൽ തന്നെ അവൻ എടുത്തു.
‘ഹലോ, ആ വിഷ്ണു നീ എവിടെയാ…?
അവളുടെ സ്വരത്തിലറിയാതെ ഒരു തീക്ഷണത കടന്നുവന്നു. ഉള്ളിലെവിടെയോ ഒരു കടലിരമ്പി, ഒറ്റപ്പെട്ട ഒരു കൊതുമ്പുവള്ളത്തിൽ ഒറ്റയ്ക്ക്, വിഷ്ണു!
“ഓഫീസിൽ പോകുന്നു, രാധാ. ഇന്ന് വൈകിട്ട് വരട്ടെ? എനിക്ക് കാണണം, കാണാതെവയ്യാ, നിന്നെ”, അവന്റെ സ്വരത്തിൽ യമുനയുടെ ഓളങ്ങൾ.
അവൾ കുളിർന്നു വിറച്ചു. കാൽവിരലുകളിൽ നിന്നും ഇഴഞ്ഞു കയറിയ ഉന്മാദം എവിടെയോ കുടിയേറി. മനസ്സിൽ മൂളി, ‘രതി സുഖസാരേ ഗതമഭി സാരേ… മദനമനോഹര വേഷം…’, അറിയാതെ ചുണ്ടിലൊരീണം വിടർന്നു.
“നീ വാ, എന്താണ് നിനക്കായി ഒരുക്കേണ്ടത്? നാളെ അവധിയെടുക്കൂ. വരുമ്പോൾ ഒരു ബോട്ടിൽ ജിൻ കരുതിക്കോളൂ… ജിൻ ആൻഡ് ടോണിക്ക്, അ ഗുഡ് കോമ്പിനേഷൻ, വിഷ്ണൂ”. അവൾ ചിരിച്ചു, സരയുവിലെ ഓളങ്ങളും ചിരിച്ചു. അവന്റെ സ്വരത്തിൽ ആവേശം കയറിയത് അവളിലേക്കും പടർന്നു, സരയൂ നദിയുടെ കാണാക്കായങ്ങളിലേക്കിന്ന് രാത്രി യാത്രയാകും, നീ വിഷ്ണൂ! അവിടെവച്ചു നിന്റെ ആത്മാവിനെ ഞാൻ തിരിച്ചെടുക്കും. അവൾക്കാവേശം കയറി. കിടക്കയിൽ നിന്നും ചാടിയിറങ്ങി. ബാത്‌റൂമിലേക്കവൾ ഒഴുകി…
നിമിഷങ്ങളും വഴിമാറിയൊഴുകി. പകലോനു പോകാൻ തിടുക്കമായി. രാധ നിറഞ്ഞുതുളുമ്പി, നിലാവുപോലെ.

രാത്രി ഏഴുമണി കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടുകേട്ടു. ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു രാധ, വിഷ്ണുവിനായി.

“കുറ്റിയിട്ടിട്ടില്ല, വരൂ…” അവൾ ഉച്ചത്തിൽ പറഞ്ഞു.

അവൻ കടന്നു വന്നു, കിനാവ് പോലെ. ഓളപ്പരപ്പിലൂടൊഴുകുന്ന കടലാസ്സ് തോണിപോലെ. കണ്ണുകളിലെ തിളക്കം അവന്റെ ചുണ്ടിലും കണ്ടു. രാധ ചിരിച്ചു. ജിൻ കുപ്പിയോടൊപ്പം വേറെയെന്തൊക്കെയോ കയ്യിലുണ്ടായിരുന്നു. അവൻ അതെല്ലാം ഡൈനിങ്‌ ടേബിളിൽ വച്ചു. ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളത്തിന്റെ കുപ്പിയെടുത്തു അവനുനേരെ നീട്ടി, രാധ. അവനത് അവളുടെ വിരലുകളോടെ കോരിയെടുത്തു ചുണ്ടിൽവച്ചു. തണുപ്പിന്റെ പിണരുകൾ അവന്റെ തൊണ്ടയിലൂടോഴുകുന്നത് അവൾ നോക്കിനിന്നു.

കുടിച്ചു മതിവന്നപ്പോൾ അവൻ കുപ്പി ടേബിളിൽ വച്ചു. അവൾ അവന്റെ തോളിൽ പിടിച്ചടുപ്പിച്ചു, മനസ്സ് മനസ്സിലുരസി… വിഷ്ണൂ… അവൾ മന്ത്രിച്ചു.
“ഉം…”
പോ, പോയ്‌ ഫ്രഷ് ആകൂ. മുറിയിൽ ഉടുക്കാൻ ഒരു മുണ്ട് വച്ചിട്ടുണ്ട്. കുളിമുറിയിൽ സോപ്പും ടവലും ഉണ്ട്. പോ…”, അവളുടെ സ്വരത്തിലെ തിരതള്ളലിൽ അവനൊഴുകി. അവളുടെ അരക്കെട്ടിൽ കൈ ചേർത്തു പിടിച്ച് അവൻ അവളുടെ തോളിൽ ഒരുനിമിഷം തലചായ്ച്ചു. അവന്റെ നിശ്വാസത്തിന് കാറ്റിന്റെ കുളിര്, പഞ്ചവടിയിലെ സൗഗന്ധികപ്പൂക്കളുടെ ഉന്മദഗന്ധം, രാമന്റെ ഗന്ധം!

രാധ അവനെ തള്ളിമാറ്റി, ക്ഷമയോടെ ശാസിച്ചു, “പോയ്‌ കുളിച്ചു വരൂ, വിഷ്ണു. ഞാൻ അത്താഴം ഒരുക്കട്ടെ”.
അവൻ പോയി. അപ്പോഴേക്കും അവൾ ടേബിളിൽ ഭക്ഷണം നിരത്തി വച്ചു, അവനിഷ്ടമുള്ള പാവയ്ക്ക വറുത്തത്, മുളകുകൊണ്ടാട്ടം, പുളിയിഞ്ചി, പാവയ്ക്കാസാമ്പാർ… ഇത് ചപ്പാത്തിക്ക് നല്ല കൂട്ടാണത്രെ. അവന്റെ അഭിരുചികൾ!

അവൾ ചിരിച്ചു. ഇന്ന് രാത്രി അവനുവേണ്ടി കയ്പിന്റെയും എരിവിന്റെയും പുളിയുടെയും വിഭവങ്ങൾ… ഒപ്പം കാട്ടുമുല്ലകൾ വിതറിയൊരുക്കിയ തന്റെ കിടക്കയിൽ, മധുപാനത്തിനൊടുവിൽ അവനൊരു ട്രീറ്റ്.
സമയം ഇഴയാതെ നീങ്ങി. വിഷ്ണു കുളിമുറിയിൽ നിന്നുമിറങ്ങി. രാധ പ്ലേറ്റുകൾ നിരത്തിയപ്പോഴേക്കും അവൻ വന്നിരുന്നു. അവൾ വിളമ്പി, രണ്ടുപേർക്കും. അവനു നല്ല വിശപ്പുണ്ടായിരുന്നു.

കഴിച്ചുതീർന്ന് പാത്രം മെഴുക്കാൻ അവനും കൂടി. എല്ലാം ഒതുക്കിവച്ച് കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു, ഉറങ്ങണ്ടേ.., അവന്റെ കണ്ണുകളിൽ കുസൃതിയുടെ തിരയിളക്കം…
“പിന്നെ വേണ്ടേ…”. അവൾ വിഷ്ണുവിനെ നയിച്ചു, കിടപ്പറയിലേക്ക്. അവിടെ അവൻ അക്ഷമയോടെ കട്ടിലിൽ ഇരുന്നു. ശ്യാമവർണ്ണന്റെ കുസൃതികൾ, തുടങ്ങി. ഉടയാടകൾ ഓരോന്നായി അവൻ അഴിച്ചുമാറ്റി. നീൾവിരൽതുമ്പുകളിൽ നിന്നും അവളുടെ മേലാകെ കവിതകൾ ഇഴഞ്ഞുതുടങ്ങി, കാളിയനെ പോലെ! അവൾ പുളഞ്ഞു.

നാവുനീട്ടിയവൾ കിതച്ചു. കണ്ണുകൾ കൂർത്തു, ദംഷ്ട്രങ്ങൾ നീണ്ടു വന്നു. യുഗാന്തരങ്ങളായലഞ്ഞു നടന്ന അസംതൃപ്തിയുടെയും അശാന്തിയുടെയും ആത്മാവ് ഇവിടെ നിർവൃതി തേടുന്നു, കലിയുഗത്തിൽ! പുരുഷന്റെ വേർപ്പിൽ, ജീവനിൽ. രാധ വലിച്ചെടുത്തു ഓരോ തുള്ളിയും, അവനിൽ നിന്നും. അവന്റെ ആത്മാവ് ഒഴിഞ്ഞ കൂടുപോലെയായി. കാലുവിടർത്തിയവൻ മലർന്നു കിടന്നു. വിയർപ്പൊഴുകിയൊഴുകി പടർന്നു, അവന്റെ നെറ്റിയിൽ നിന്നും… അവനു മോക്ഷമായി!

അവന്റെ മുടിയിഴകളിൽ തെരുപിടിച്ചു രാധ പറഞ്ഞു,
“വിഷ്ണു, ഇനി നമ്മൾതമ്മിൽ കാണില്ല. ഈ ജന്മത്തിലെ നിന്റെ അവതാരലക്ഷ്യം കഴിഞ്ഞു വിഷ്ണു. ഇനി നിന്നിൽ നിന്നും എനിക്കൊന്നും കിട്ടാനില്ല. ഞാനൊരു യാത്രയ്ക്കൊരുങ്ങുന്നു, യുഗങ്ങളായി ഞാൻ തേടിയതെല്ലാം ശൂന്യമായി… ഒരിക്കലും ചേരാത്ത രണ്ടുജന്മങ്ങൾ, വിഷ്ണു… ഞാനും നീയും. ഞാനിവിടെ ഒടുങ്ങട്ടെ വിഷ്ണു. നിന്റെ യാത്ര ഒരിക്കലും തീരില്ല. പോകൂ, ഇനിയൊരിക്കലും കാണാതിരിക്കട്ടെ.

അവളുടെ സ്വരത്തിലെ നിസംഗത അവനെ അസ്വസ്ഥനാക്കി. ഒഴിഞ്ഞ കണ്ണുമായി വിഷ്ണുവിനെ നോക്കി. ശൂർപ്പണഖ ചിരിച്ചു, പൊട്ടിപ്പൊട്ടി ചിരിച്ചു. കഴിഞ്ഞു. ജന്മങ്ങളായുള്ള സ്ത്രീയുടെ അന്വേഷണം കഴിഞ്ഞു. അർത്ഥമൊഴിഞ്ഞു. ഇനി ശൂന്യത മാത്രം!

വിഷ്ണു ഇറങ്ങി നടന്നു, പുതിയൊരു അവതാരത്തിലേക്ക്, നിരാസത്തിന്റെ പുതിയ അനുഭവത്തിലേക്ക്…
ഒന്നാവുക എന്ന ദൗത്യം തുടക്കമോ ഒടുക്കമോ? യുഗങ്ങൾ നിർവചിച്ചപ്പോഴേ യാത്ര തുടങ്ങിയിരുന്നു. അവസാനിക്കാൻ പാടില്ലാത്രേ…!

അധ്യാപകനായി 30 വർഷമായി ല്സോത്തോയിൽ ജീവിച്ചു. Rhodes University യിൽ നിന്നും maths എഡ്യൂക്കേഷനിൽ 2016 ൽ PhD എടുത്തു. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ Seliba Sa Boithuto (Self Learning Center) എന്ന സ്ഥാപനത്തിനു കീഴിൽ, ipips (Durham University) മായി ചേർന്നു പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പഠന ശേഷിയെ കുറിച്ച് റിസർച്ച് ചെയുന്നു. താമസം Maseru വിൽ. ജനിച്ചതും വളർന്നതും പഠിച്ചതും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ.