നിരന്തരം യുദ്ധത്തിലാണ്

ദാരിദ്ര്യത്തിനും സമൃദ്ധിയ്ക്കുമായി
അക്ഷരങ്ങളെ പകുത്ത് വയ്ക്കുമ്പോഴാണ്
ഇലകളില്ലാത്തൊരു ചില്ലയുടെ അവകാശം
തേനീച്ചകൾ കടമായി ചോദിച്ചത്.

അടർന്നു വീണ
മൂന്ന് പഴുത്തിലകൾ കൂട്ടിത്തുന്നി
ചോണനുറുമ്പുകൾ അപ്പോഴും
വാസസ്ഥലം ഒരുക്കുന്ന തിരക്കിലായിരുന്നു.

കിടപ്പാടമില്ലാത്തവർ
“സ്റ്റേ ഹോം” എന്ന വാക്കുകളുടെ
അർത്ഥം തേടി ഇന്നും
തെരുവിൽ അലഞ്ഞു തിരിയുന്നുണ്ട്.

അവകാശമായിരുന്നിട്ടും
ഭിക്ഷ പോലെ എറിഞ്ഞു കിട്ടുന്ന
പൊതിച്ചോറിൽ
ജനാധിപത്യം തിരയരുതെന്ന്
അവരോടാരോ കയർക്കുന്നു.

പതിവുപോലെ ഇക്കൊല്ലവും
പട്ടയമേളകളുണ്ടെന്ന്
ചോറ് പൊതിഞ്ഞു കൊണ്ടുവന്ന
പത്രത്താളിൽ നിന്നും
ആരോ വായിച്ച് ചൊല്ലി.

ജെ സി ബി പോലെ ഇരുളിൽ
തന്നെ ഉഴുതു മറിക്കുവാനെത്തുന്ന
കൈകളെ ഭയന്ന്
കണ്ണടയ്ക്കുവാനാകാത്ത
പെൺകണ്മണികൾ
സൂര്യനെ മാത്രം ധ്യാനിക്കുന്നു.

എന്നും ഞങ്ങൾ മാത്രം
മരിച്ചു വീഴുന്ന ഈ യുദ്ധം
വാർത്തകളിൽ നിറയാറില്ലെങ്കിലും
ഇന്നും ഞങ്ങൾ പതിവ് യുദ്ധത്തിലാണ്.

കോട്ടയം സ്വദേശി. നീണ്ടകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്നു. ഇപ്പോൾ നാട്ടിൽ പെയിന്റിംഗ് പ്രൊജക്റ്റ് കോൺട്രാക്ടർ.